sections
MORE

പുനർജനി

lonely-woman
SHARE

ജെന്നിഫറിനെ ഞാൻ പരിചയപ്പെടുന്നത് ന്യൂജേഴ്സിയിൽ വച്ചാണ്. ഞങ്ങളുടെ അയൽപക്കമായിരുന്നു ജെന്നിഫറും റോണും.  ജെന്നിഫർ ഞാൻ പരിചയപ്പെട്ടിട്ടുള്ള സ്ത്രീകളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. സമൂഹം സ്ത്രീകൾക്കു വേണ്ടി ഒരുക്കുന്ന ചട്ടകൂടുകളിലൊന്നും പെടാത്ത സ്ത്രീ.  ഫോട്ടോഗ്രഫിയും യാത്രകളുമായിരുന്നു ജെന്നിഫറിന്റെ ജീവിതം. ഫ്രീലാൻഡ് ഫോട്ടോഗ്രഫറായി ജോലി ചെയ്യുന്നതുകൊണ്ട് ഇഷ്ടങ്ങളെല്ലാം ജോലിയുടെ ഭാഗമായി ചെയ്യാൻ ഭാഗ്യം ലഭിച്ച അപൂർവ്വം ആൾക്കാരിലൊരാൾ. റോൺ ഒരു കമ്പനിയിൽ മാർക്കറ്റിംഗ് ഡയറക്ടർ. കുട്ടികളില്ല.

വാരാന്ത്യങ്ങളിൽ ഞാൻ ദോശമാവിനു വേണ്ടി അരിയും ഉഴുന്നും വെവ്വേറെ കുതിർക്കാനിടുകയും ചമ്മന്തിയരക്കാനുള്ള തേങ്ങാപ്പീര വാങ്ങാൻ മറന്നല്ലോ എന്ന് ആകുലപ്പെടുകയും ചെയ്തപ്പോൾ ജെന്നിഫറും റോണും അവരുടെ മോട്ടോർ ബൈക്കിൽ ഗ്രാമങ്ങളുടെ ഉൾവീഥികളിൽ കൂടി സഞ്ചരിച്ച് അതിസുന്ദരമായ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. ജെന്നിഫറിന് ഇന്ത്യൻ ഭക്ഷണത്തോട് വലിയ ഇഷ്ടമായിരുന്നു.

ജെന്നിഫറും ഞാനും മാത്രമായ ഞങ്ങളുടെ ചായ കുടി സമയങ്ങളിൽ ദോശയും ചമ്മന്തിയും കഴിച്ച് ഇതുപോലെ രുചികരമായ ഭക്ഷണം ഉണ്ടാക്കാൻ തനിക്കു കഴിയില്ല എന്ന് ജെന്നിഫറും ഇത്രയും വ്യത്യസ്തങ്ങളായ ചിത്രങ്ങൾ‍ ഒപ്പിയെടുക്കാൻ എനിക്കൊരിക്കലും സാധിക്കയില്ല എന്ന് ഞാനും ഞങ്ങളെ ഇരുവരേയും പ്രോത്സാഹിപ്പിച്ചു. അടുക്കള ഒരിക്കലും ജെന്നിഫറിനെ ആകർഷിച്ചില്ല. പകരം റോൺ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു. പാചകം ചെയ്യാൻ അറിയാത്തതത് ഒരു കുറവായി ജെന്നിഫറിനൊരിക്കലും തോന്നിയില്ല.

ഞങ്ങൾ ന്യൂജേഴ്സിയിൽ നിന്നും ഏതാണ്ട് ആയിരത്തിഎണ്ണൂറ് മൈലുകൾ ദൂരെ ടെക്സസിൽ എത്തിയിട്ടും ഫോൺ വിളികളിലൂടെയും ഫെയ്സ്ബുക്ക് വഴിയും ഞങ്ങളുടെ സൗഹൃദം തുടരുന്നു. വർഷങ്ങൾ മുന്നോട്ട് പോവുന്നതിനനുസരിച്ച് വിളികൾ കുറഞ്ഞെങ്കിലും ഫേസ്ബുക്ക് വഴി ജെന്നിഫറിന്റെ നന്മയുള്ള പടങ്ങൾ  എന്നെത്തേടിയെത്തിക്കൊണ്ടിരിക്കുന്നു.

ഇന്നും കൈയിലൊരു ചായയുമായി ഫേസ്ബുക്കിൽക്കൂടി കടന്നു പൊയ്ക്കൊണ്ടിരുന്നപ്പോൾ പതിവുപോലെ ജെന്നിഫറിന്റെ ഫോട്ടോയിൽ കണ്ണുടക്കി. ഫേസ്ബുക്കിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായിരിക്കും ജെന്നിഫർ  പകർത്തിയ ഓരോ ദൃശ്യവും. അംബര ചുംബികളായ കെട്ടിടങ്ങളോ ടൂറിസ്റ്റുകൾക്ക് ഹരമായ സ്ഥലങ്ങളോ ഒന്നും ജെന്നിഫറിനെ ആകർഷിച്ചില്ല. ജീവിതത്തിനെ വേറൊരു വീക്ഷണ കോണിൽ നിന്നും കാണാൻ പ്രേരിപ്പിക്കുന്ന വിഷയങ്ങളാണ് ജെന്നിഫർ തിരഞ്ഞെടുത്തത്.

ഇന്നത്തെ ചിത്രവും ഒട്ടും വ്യത്യസ്തമല്ല. മേപ്പിൾ മരത്തിന്റെ പച്ചിലകൾക്കിടയിൽ ചുവപ്പും മഞ്ഞയും കലർന്ന നിറങ്ങളോടെ തലയുയർത്തി നിൽക്കുന്ന ഒരില. വരാനിരിക്കുന്ന ശരത് കാല നിറങ്ങളുടെ ഉത്സവം എന്നിലൂടെ തുടങ്ങട്ടെയെന്ന് ഉറക്കെ വിളിച്ചുപറയുന്നതുപോലെ. പടത്തിന്റെ ചുവട്ടിൽ ഒരു ഉദ്ധരണിയുമുണ്ട്. ആകാശത്തിലേക്ക് നോക്കി ജീവിച്ച ശരത്കാലത്തിലെ ഇലയേപ്പോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. വിട പറയേണ്ട സമയമാവുമ്പോൾ ജീവിതമാണ് ഏറ്റവും വലിയ സമ്മാനമെന്ന് ചാരിതാർത്ഥ്യത്തോടെ വിട വാങ്ങാൻ സാധിക്കുന്ന ഇലയേപ്പോലെ ! എന്താണ് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് എന്ന് ജെന്നിഫറിന്റെ ചിത്രങ്ങൾ നമ്മോട് പറയുന്നു.

നാലു വർഷം മുമ്പാണ് ഒരു മോട്ടോർ ബൈക്ക് അപകടത്തിൽ ജെന്നിഫർ മരിച്ചത്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് ജെന്നിഫറിന്റെ മരണ വിവരം അറിയുന്നത്. ഫെയ്സ്ബുക്കിൽ ജെന്നിഫർ തീർത്ത വർണ്ണ വിസ്മയം  ഇഷ്ടപ്പെടുന്നവർക്കുവേണ്ടി ജെന്നിഫറിന്റെ പേജിൽ നിന്നും മുടങ്ങാതെ റോൺ ചിത്രങ്ങളയക്കുന്നു.

ജെന്നിഫർ നിർത്തിയിടത്തു നിന്ന് റോൺ തുടങ്ങുകയായിരുന്നു.  മരണത്തിനെ അതിവിദഗ്ധമായി കബളിപ്പിച്ചുകൊണ്ട് റോണിലൂടെ അവൾ ജീവിക്കുന്നു. ജെന്നിഫറിന്റെ  പാദരക്ഷകളണിഞ്ഞ് അവൾക്കിഷ്ടമുള്ള ഇടങ്ങളിലൂടെ റോൺ സഞ്ചരിക്കുന്നു. അവളുടെ ജീവിത വീക്ഷണവും ചിന്തകളും ഉൾക്കൊണ്ട് ആ നീലക്കണ്ണുകളിലൂടെ റോൺ ലോകത്തെ കാണുന്നു. ആ കാഴ്ചകൾ ഫേസ്ബുക്കിലൂടെ അവളുടെ പ്രിയപ്പെട്ട വരിലേക്കെത്തിക്കുന്നു. അത് അയാളെ ഏറെ ആശ്വസിപ്പിക്കുന്നു.

മരിച്ചയാൾക്കാരുടെ പ്രൊഫൈൽ നീക്കം ചെയ്യാനോ അല്ലെങ്കിൽ മരിച്ചെന്നടയാളപ്പെടുത്തി നിലനിർത്താനോ ഫേസ്ബുക്ക് സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാൽ ജെന്നിഫറിന്റെ പ്രൊഫൈൽ അങ്ങിനെ തന്നെ നിലനിർത്താനാണ് റോൺ താൽപര്യപ്പെട്ടത്. അതു തന്നെയാവും ജെന്നിഫറും ആഗ്രഹിച്ചിട്ടുണ്ടാവുക.

ജെന്നിഫറിന്റെ ജന്മദിനങ്ങളെ ഫേസ്ബുക്ക് എല്ലാവരേയും ഓർമ്മിപ്പിക്കുന്നു. സുഹൃത്തുക്കളുടെ സന്ദേശങ്ങൾക്കെല്ലാം റോൺ മറുപടിയയ്ക്കുന്നു. ഒരു രണ്ടാം ജന്മം പോലെ ജെന്നിഫർ ജീവിക്കുന്നു, റോണിലൂടെ, അവൾ ബാക്കി വച്ച ഓർമ്മകളിലൂടെ, അമർത്യമായ ചിത്രങ്ങളിലൂടെ.

ജീവിതമാണ് ഏറ്റവും വലിയ സമ്മാനമെന്ന് നിരന്തരം ഓർമ്മിപ്പിച്ച്, ശരത്കാലത്തിലെ വർണ്ണാഭമായ ഒടുവിലത്തെ ഇലയേപ്പോലെ വിടവാങ്ങാൻ കൂട്ടാക്കാതെ ജെന്നിഫർ നിറഞ്ഞുനിൽക്കുന്നു.അല്ലെങ്കിൽത്തന്നെ ജീവിതം എവിടെ അവസാനിക്കുന്നുവെന്നും മരണം എവിടെ തുടങ്ങുന്നുവെന്നും ആർക്കാണ് ഉറപ്പിച്ച് പറയാൻ സാധിക്കുന്നത്?

MORE IN ORIKKAL ORIDATHU
SHOW MORE
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA