ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും

online
SHARE

സ്നേഹ, ജോണിനെ പരിചയപ്പെട്ടത് കോവിഡിന്റെ തുടക്ക സമയത്താണ്. ഫേസ്ബുക്കിൽ അപരിചിതമായ  അക്കൗണ്ടിൽ നിന്നു വന്ന ഫ്രണ്ട് റിക്വസ്റ്റിനോടൊപ്പമുള്ള മെസേജിന് ഒരു പ്രത്യേക മധുരം ഉണ്ടായിരുന്നു. വളരെ പക്വതയുള്ള വാക്കുകൾ, ഒരു കുസൃതിക്ക് മറുപടി അയച്ചു. അതാണ് ഇന്നുവരെ എത്തിനിൽക്കുന്ന അടുപ്പത്തിലെത്തിച്ചത്. കോളജിൽ ഒപ്പം പഠിക്കുന്ന ആൺകുട്ടികളിലൊന്നും കാണാത്ത പക്വത, വ്യത്യസ്തമായ ജീവിത വീക്ഷണം, ഒക്കെ ജോണിന്റെ വ്യക്തിത്വത്തിനു മാറ്റു കൂട്ടി. ഏതു പ്രശ്നത്തിനും ജോണിന് ഒരു പരിഹാരം ഉണ്ടാകും. ഈ കോവിഡ് കാലത്ത് ജോണിനെ പരിചയപ്പെട്ടിരുന്നില്ലെങ്കിൽ ഭ്രാന്ത് പിടിച്ചേനെ. കൂടുതലും ചാറ്റിങ്ങാണ് ആശയ വിനിമയോപാധി.  വളരെ കുറച്ച് മാത്രമേ മിണ്ടിയിട്ടുള്ളൂ. പപ്പയും മമ്മിയും ഒക്കെ കേട്ട് വെറുതെ പ്രശ്നമാവണ്ടല്ലോ. ജോണിനും അതേ പ്രശ്നം തന്നെയായിരുന്നു. 

സംസാരിച്ചപ്പോൾ ഒക്കെ സമയം  പോയതറിഞ്ഞതേയില്ല. പ്രായത്തിലും പക്വതയുള്ള ശബ്ദം ; വളരെ റൊമാന്റിക് ആണ്. ജോണിന്റെ വീട് ഏതാണ്ട് രണ്ട് മണിക്കൂർ ദൂരെയുള്ള ഒരു സ്ഥലത്താണ്. ആദ്യം കാണുന്നത് നേരിട്ട് മതി, എന്നാണ് ജോണിന്റെ തീരുമാനം. അതുകൊണ്ട് ഇതുവരെ വിഡിയോ ചാറ്റിങ് ചെയ്തിട്ടില്ല. ഫോട്ടോ മാത്രം കണ്ട് ചാറ്റ് ചെയ്ത ഒരാളുമായി ഇത്ര അടുപ്പത്തിലാകാമെന്ന് സ്നേഹ ഒരിക്കലും വിചാരിച്ചിരുന്നില്ല. രാത്രി 11 മണിയോടടുക്കുന്നു. ഏതാണ്ട് ഈ സമയത്താണ് ജോൺ ഓൺലൈനാവുന്നത്. സ്നേഹ അക്ഷമയായി ജോണിനെ കാത്തിരുന്നു.

സമയം രാത്രി 11 മണിയോടടുക്കുന്നു. മകളും മകനും അവരവരുടെ മുറികളിലേക്ക് കിടക്കാനായി പോയി. ഭാര്യ തലവേദനയായിട്ട് നേരത്തെ തന്നെ കിടന്നു. അയാൾ ബഡ്റൂമിന്റെ അടുത്തുള്ള തന്റെ ഓഫിസിലേക്ക് കടന്നു. മേശപ്പുറത്ത് വച്ചിരിക്കുന്ന വെളിച്ചം ക്രമീകരിക്കാവുന്ന ടേബിൾ ലാമ്പിന്റെ വെളിച്ചം കുറച്ച് വച്ച് അയാൾ ലാപ്ടോപ്പ് ഓണാക്കി.

പുറത്ത് നിന്ന് ചീവീടുകളുടെ ശബ്ദം ഉയരുന്നു. പുറത്തുള്ള ലൈറ്റിൽ ഇടിച്ച് താഴെ വീഴുന്ന ഈയലുകളുടെ എണ്ണം കൂടുന്നു. അയാൾ ഫേസ്ബുക്ക് തുറന്നു. വർഗീസ് മാത്യു, മെയിൽ, അമ്പത്തിയാറ് വയസ്സ്. പ്രൊഫൈൽ പിക്ചറിലേക്ക് അയാൾ നോക്കി. കളർ ചെയ്ത കറപ്പിച്ച മുടി ഒരു വശത്തേക്ക് ചീകിയൊതുക്കിയിട്ടും കഷണ്ടി മറയാത്ത 60 വയസ്സിൽ കൂടുതൽ പ്രായം തോന്നിക്കുന്ന മുഖം. അയാൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ലോഗോഫ് ചെയ്തു. പിന്നെ ജോൺ മാത്യു എന്ന പേരും പാസ്‌വേർഡും ടൈപ്പ്  ചെയ്ത വേറൊരു അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തു. ജോൺ മാത്യു, മെയിൽ, 21 വയസ്സ്. പ്രൊഫൈൽ പിക്ചറിൽ ഇടതിങ്ങിയ മുടി മുഖത്തേക്ക് വീണു കിടക്കുന്നു. മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന ചെറുപ്പക്കാരൻ. അയാൾ മെസ്സേജുകളിലേക്ക് നോക്കി. പ്രതീക്ഷിച്ചതുപോലെ പരിഭവിച്ചുള്ള സ്നേഹയുടെ മെസേജുകൾ. പച്ചനിറമുള്ള വെളിച്ചത്തിൽ സ്നേഹ ഓൺലൈൻ ഉണ്ട്. കാത്തിരുന്നതിൽ ക്ഷമ ചോദിച്ച് മധുര വാക്കുകൾ പൊഴിച്ച് അയാൾ ജോൺ മാത്യു എന്ന സുന്ദരനായ ചെറുപ്പക്കാരനായി മാറുന്നു.

പതിവ് പോലെ തന്നെ സ്നേഹയുമായി ചാറ്റ് ചെയ്ത സമയം പോയതറിഞ്ഞതേയില്ല. സ്നേഹ കിടന്നോളൂ. ഇനി നാളെയാവട്ടെ. ഉറക്കം വരുന്നു. സ്നേഹയോട് ബൈ പറഞ്ഞ് അയാൾ ജോൺ മാത്യു എന്ന തന്റെ മകന്റെ പേരും ഫോട്ടോയുമിട്ട് അപര വ്യക്തിത്വത്തിൽ നിന്ന് ലോഗ് ഓഫ് ചെയ്തു. ബാത്റൂമിൽ പോയി വന്ന്, അടുക്കളയിൽ ചെന്ന് കുറച്ച് വെള്ളവുമെടുത്ത് വന്ന്, അയാൾ വീണ്ടും ഫേസ്ബുക്ക് തുറന്നു. അടുത്ത അപര അക്കൗണ്ടിലേക്ക് അയാൾ ലോഗിൻ ചെയ്തു. പേര് അമൽ, വയസ്സ് 46, ജോലി ജേർണലിസ്റ്റ്. പ്രൊഫൈൽ പടം ആർത്തിരമ്പുന്ന കടൽ. ഇട്ടിരിക്കുന്ന പോസ്റ്റുകളിൽ സാഹിത്യവും ഫിലോസഫിയും തുളുമ്പുന്നു. സുഹൃത്തുക്കളിൽ കൂടുതലും സ്ത്രീകൾ, അമലിന്റെ വ്യക്തിത്വ പ്രഭാവത്തിൽ ആകർഷിക്കപ്പെട്ട പല പ്രായത്തിൽപ്പെട്ടവർ. പലരോടുമുള്ള സംഭാഷണങ്ങൾ വളരെ ഗൗരവമുള്ള വിഷയങ്ങളിൽ തുടങ്ങി പിന്നെ അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ പറ്റുന്ന ഒരു നല്ല സുഹൃത്ത് എന്ന നിലയിലേക്കെത്തുന്ന ബന്ധങ്ങൾ, സംഭാഷണങ്ങൾ.

അയാളുടെ കണ്ണ് ആദ്യം ചെന്നത് പുതിയതായി വന്നിരിക്കുന്ന പ്രൈവറ്റ് മെസേജുകളിലേക്കാണ്. അനുപമ മോഹൻ, മാധ്യമ രംഗത്തെ അറിയപ്പെടുന്ന പേരാണ്. കഴിവിനൊത്ത് സൗന്ദര്യവും. കുറെ മെസേജുകൾ അയച്ചിരുന്നു. ഒന്ന് പരിചയപ്പെടാൻ. കുറച്ചൊന്ന് സല്ലപിക്കാൻ, ഒന്ന് അടുക്കാൻ, പക്ഷെ ഇതുവരെ തിരിച്ചൊരു മെസേജുമില്ല. അയാൾ ഏറെ പ്രതീക്ഷയോടെ മെസേജ് തുറന്നു. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. പരിചയപ്പെടാൻ താൽപര്യവുമില്ല. ഒരു പരിചയവുമില്ലാതെ ഇങ്ങിനെ മെസേജുകൾ അയച്ച് താങ്കൾ എന്നെ ശല്യപ്പെടുത്തുകയാണ്. മേലിൽ എന്നെ ശല്യപ്പെടുത്തിയാൽ തക്കതായ നടപടികൾ എടുക്കുന്നതാണ്.

അയാളുടെ ശരീരമാകെ വിയർത്തു. കണ്ണുകൾ ചുവന്നു. എടുത്തുവച്ചിരുന്ന വെള്ളം മുഴുവൻ കുടിച്ചിട്ടും അയാളുടെ ദാഹം മാറിയില്ല. ഇവൾ ആരെന്നാണ് ഇവളുടെ വിചാരം. ഇവളുടെ അഹങ്കാരം തീർത്തിട്ട് തന്നെ കാര്യം. അയാൾ അവളുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് തലവെട്ടി, നഗ്നയായ ഒരു ഉടലുമായി ചേർത്ത് വച്ചു. പിന്നെ അത് അവൾക്ക് അയച്ചു. അതിന് പുറകെ കുറെ അശ്ലീല വീഡിയോ ക്ലിപ്പുകളും. നാളെ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ ഇവളുടെ നഗ്നത ലോകം  കാണട്ടെ. അയാൾ കിതച്ചു.

ഫേസ്ബുക്കിൽ നിന്ന് ലോഗോഫ് ചെയ്ത അയാൾ കിടക്ക മുറിയിലേക്ക് നടന്നു. മൂടിപ്പുതച്ച് കൂർക്കം വലിച്ചുറങ്ങുന്ന ഭാര്യ. അയാൾ ബാത്റൂമിലേക്ക് കയറി. കണ്ണാടിയിൽ കണ്ട മുഖം അയാളെ പരിഹസിച്ച് ചിരിക്കുന്നു.

തന്റെ  ദേഷ്യവും കാമവുമൊക്കെ ക്ലോസറ്റിലേക്ക് ഒഴുക്കി ഫ്ലഷ് ചെയ്ത അയാൾ പുറത്തിറങ്ങി.  ഭാര്യയുടെ കൂർക്കം വലി ഉയരുന്നു. അയാൾ കിടക്കയിലേക്ക് ചാഞ്ഞു.

ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. വർഗീസ് മാത്യു എന്ന അമ്പത്തിയാറുകാരന്റെ രണ്ട് അവതാരങ്ങൾ മാത്രമാണ് നിങ്ങൾ കണ്ടത്. ഇതുപോലെ എത്രയെത്ര മുഖംമൂടികൾ അണിഞ്ഞ് രാത്രിയുടെ മറപിടിച്ച് ഫേസ്ബുക്കിന്റെ ലോകത്ത്, അയാൾ വല വിരിക്കുന്നുണ്ടാവാം. അയാളുടെ വലയിൽ വീഴുന്നവർ നിങ്ങളുടെ മകളോ, ഭാര്യയോ, പെങ്ങളോ ആവാം. നിഷ്ക്കളങ്കമായ സൗഹൃദത്തിൽ തുടങ്ങി വലിയ അപകടങ്ങളിലേക്ക് അവർ വീണേക്കാം.

അയാളേപ്പോലെ അനവധി ആളുകൾ നിങ്ങളുടെ ഇടയിൽ മറഞ്ഞിരിക്കുന്നു. ഞങ്ങൾ സ്ത്രീകൾക്കുവേണ്ടി നിയമങ്ങൾ ഉണ്ടാക്കി നിങ്ങൾ യഥേഷ്ടം വിലസുന്നു. ഞങ്ങൾ ആക്രമിക്കപ്പെടുമ്പോൾ നിങ്ങൾ ഞങ്ങളുടെ  വേഷത്തേയും ജീവിതശൈലികളേയും കുറ്റപ്പെടുത്തുന്നു. ഞങ്ങളുടെ സുരക്ഷ  ഉറപ്പാക്കുന്നതിനായി ശബ്ദം ഉയർത്തുമ്പോൾ ഫെമിനിച്ചി എന്നു വിളിച്ച് ഞങ്ങളുടെ വായ് മൂടാൻ ശ്രമിക്കുന്നു. രഹസ്യമായും പരസ്യമായും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഞങ്ങളെ അധിക്ഷേപിക്കുന്നു.

വ്യാജ മുഖങ്ങളിലൂടെയും അല്ലാതെയും ഒക്കെ സോഷ്യൽ മീഡിയയുടെ ലോകത്ത് ലൈംഗിക നിരാശ തീർക്കാനിറങ്ങുന്ന  നിങ്ങളോരോരുത്തരും ശ്രദ്ധിച്ച് കേൾക്കുക. നിങ്ങളുടെ പേര് എന്തുമാവട്ടെ, അണിയുന്ന മുഖം മൂടികൾ ഏതുമാവട്ടെ, നിങ്ങൾ വലിയ  കുറ്റവാളികളാണ്. നിർഭയയെ നിഷ്ഠൂരം ബലാൽസംഗം ചെയ്ത കാപാലികർക്കും, ഹത്രാസിലെ കാട്ടാളന്മാർക്കും എല്ലാം ഒരേ മുഖമാണ്, നിങ്ങളുടെ മുഖം !

സ്ത്രീകളെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ചേർത്തു നിർത്തുകയും ചെയ്യുന്ന, അവളുടെ ചിറകുകൾ കൂട്ടിക്കെട്ടാത്ത, അനന്തവിഹായസ്സിൽ അവൾ പറക്കുന്നത് കണ്ട് സന്തോഷിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ പുരുഷൻ. അങ്ങിനെയുള്ള ധാരാളം പുരുഷന്മാർ നമ്മുടെ ചുറ്റുമുണ്ട്. നിങ്ങൾക്കും ചില മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാവും. നിങ്ങളുടെ സൗഹൃദ കൂട്ടായ്മകളിൽ വരുന്ന സ്ത്രീ വിരുദ്ധ സംവാദങ്ങൾക്കും  ലൈംഗികച്ചുവയുള്ള  സംഭാഷണങ്ങൾക്കുമെതിരെ നിങ്ങൾക്ക്  സ്വരമുയർത്താനാവണം. പ്രത്യേകിച്ചൊന്നും പറയാതെ കേട്ടിരിക്കുന്നത് അവരോട് യോജിക്കുന്നതിന് തുല്യമാണ്. മൗനം ഭഞ്ജിക്കുമ്പോൾ നിങ്ങൾ ഒരു പുതിയ തുടക്കം കുറിക്കുക തന്നെയാണ്. അതുവഴി മറ്റനേകം പുരുഷന്മാർക്കും നിങ്ങൾക്ക് ഒരു മാതൃക ആവാൻ കഴിയും.

അതുപോലെ  പ്രിയ സഹോദരിമാരേ, നമുക്കും ശബ്ദമുയർത്താൻ കഴിയണം, സോഷ്യൽ മീഡിയയിൽക്കൂടെയുള്ള ചെറുതും വലുതുമായ എല്ലാ കടന്നുകയറ്റങ്ങളും വെളിച്ചത്തുകൊണ്ടുവരിക എന്ന വലിയൊരു ഉത്തരവാദിത്വം നമ്മളോരോരുത്തരിലും നിക്ഷിപ്തമാണ്. നമ്മുടെ മൗനങ്ങളാണ് പലപ്പോഴും വലിയ കുറ്റവാളികളെ സൃഷ്ടിക്കുന്നത്.

നമ്മുടെ പെൺമക്കളെ പ്രതികരിക്കുവാൻ പഠിപ്പിക്കുക.

നമ്മുടെ സഹോദരിമാർക്കൊപ്പം നിന്ന് അനീതിക്കെതിരേയുള്ള ഓരോ പോരാട്ടങ്ങളിലേയും ഉയർന്ന, ഉറച്ച ശബ്ദമാവാം.ഇത് പുരുഷന്മാർക്ക് എതിരേയുള്ള സ്ത്രീയുടെ സമരമല്ല. പുരുഷനേപ്പോലെ തന്നെ ശുദ്ധവായു ശ്വസിച്ച് സ്വതന്ത്രമായി, നിർഭയം സഞ്ചരിക്കാൻ സ്ത്രീക്കുമാവണം. എന്തുകൊണ്ടെന്നാൽ ഈ ഭൂമി അവളുടേതും കൂടിയാണ്.

MORE IN ORIKKAL ORIDATHU
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.