എന്റെ ജീവിതത്തിൽ മൂന്നു ജെമിനിയൻ സ്ത്രീകൾ

palmistry
SHARE

ഒന്ന് എന്റെ അമ്മയുടെ വയറ്റിൽ ആദ്യം മൊട്ടിട്ട പൂവ്‌. ഞങ്ങൾക്കു മുന്നേ ഞങ്ങൾക്കു വേണ്ടി നടന്ന എന്റെ സഹോദരി. ഞാൻ ജീവൻ കൊടുത്തിട്ടുണ്ട്‌. എനിക്കവരോടുള്ള സ്നേഹത്തിൽ തെല്ല് കപടതയില്ല.എന്റെ ജീവന്റെ ഭാഗമാണാ സ്ത്രീ. എന്നെ വട്ടപ്പൂജ്യമാക്കി വച്ചുകൊണ്ട്‌, ഞാൻ നൂറും കൊടുക്കുന്ന എന്റെ പ്രിയപ്പെട്ട തീയമ്മ. എത്ര മോശം മുഖം കണ്ടാലും , എന്നെ തോരാതെ സ്നേഹിക്കുന്ന എന്റെ ആദ്യത്തെ ജെമിനിയൻ സ്ത്രീ.

തലച്ചോറിന്റെ ഷെൽഫിൽ ഓരോ ഫയലുകളുണ്ട്‌. ഓരോന്നിലും ഓരോ പേരുകളുണ്ട്‌. വളരെ ചുരുക്കം ചില ഫയലുകളിലെ ഒരു ഫയൽ എന്റെ രണ്ടാമത്തെ ജെമിനിയൻ സ്ത്രീയെപ്പറ്റിയാണ്. അവളെനിക്കൊരു ഓർമ്മ മാത്രമാണ്. ഇപ്പോഴെന്റെ ജീവിതത്തിൽ ഇല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌. ഞാൻ ചുംബിക്കണമെന്ന് കൊതിച്ച ആദ്യത്തെ സ്ത്രീ. എന്നെ ആത്മവിശ്വാസവും തന്റേടവും വാശിയും ഉത്സാഹവും, സ്വാതന്ത്ര്യവും, സ്വന്തമായ നിലപാടുകളും കാട്ടി തന്ന ആദ്യത്തെ പെണ്ണ്. നീളൻ മുടിയും, എന്റെ കണ്ണുകളും, ഇന്റലക്ച്വവൽ സംസാരങ്ങളും സോഡാക്കണ്ണാടിയും കുഞ്ഞരിപ്പല്ലുകളുമുള്ള ഒരുവൾ. ഞണ്ടുകളെയും യാത്രകളെയും പ്രകൃതിയെയും ഇലകളെയും പട്ടികളെയും, പാട്ടിനെയും, പാട്ടുകാരനെയും അമ്മയെയും കിളിയെയും ജീവനെയും ഏട്ടനെയും , ഫ്ലൂറസെന്റ്‌ നിറങ്ങളെയും, ഉടുപ്പുകളെയും, തെരുവിനെയും, അമ്പലങ്ങളെയും, സിന്ദൂരത്തെയും , പൂക്കളെയും , തണുപ്പിനെയും, സൂപ്പുകളെയും , എക്സിബിഷനുകളെയും ഇഷ്ടപ്പെടുന്ന അന്നക്കിളിയുടെ മകൾ. എനിക്ക്‌ ഭയങ്കര പ്രണയമായിരുന്നു അവളോട്‌. കെട്ടിപ്പിടിക്കുമ്പോ ഞാൻ ചേർന്നു കിടക്കുമായിരുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞു കിടക്കുന്ന ആനന്ദത്തോടെ. ഞങ്ങൾ തമ്മിൽ പോരുകളോ യുദ്ധങ്ങളോ ഉണ്ടായിട്ടില്ല, ഞങ്ങളുടെ നിലപാടുകൾക്ക്‌ യോജിപ്പുണ്ടായിരുന്നു. പക്ഷെ എപ്പോഴോ വഴി പിരിഞ്ഞു നടക്കേണ്ടി വന്നു. എനിക്ക്‌ ഒരു തെല്ല് ഇഷ്ടം പോലും കുറഞ്ഞിട്ടില്ല. ഇടക്കിടെ ചാറ്റ്‌ ബോക്സ്‌ തുറന്നു നോക്കും പഴയ ഓർമ്മകളുടെ ആ ഫയൽ തലച്ചോറിന്റെ ഷെൽഫിൽ നിന്നും ഞാൻ പൊടിതട്ടിയെടുക്കും.

എന്റെ മൂന്നാമത്തെ ജമിനിയൻ സ്ത്രി സുന്ദരിയാണ്. അതീവ സുന്ദരിയാണ്. ചെമ്പിച്ച നീളൻ ചുരുണ്ട മുടിയിൽ, മൂന്നു മഞ്ഞ പൂക്കൾ ചൂടിയവളാണ്. അതിൽ രണ്ടു പൂവുകൾക്ക്‌ ഒരേ വലിപ്പവും, മൂന്നാമത്തെ പൂവിന് അതിലും ഇതളുകൾ കുറവായിരുന്നു. അവൾ നീണ്ട മേലങ്കി ധരിച്ച്‌ പക്ഷിയാവുന്നവളാണ്. എന്നെ സദാ സൗന്ദര്യത്തെപ്പറ്റി ഓർമ്മിപ്പിക്കുന്നതിവളാണ്. എനിക്ക്‌ രണ്ടാമതായും അവസാനമായും പ്രണയവും ആരാധനയും തോന്നിയ മൂന്നാമത്തെ ജമിനിയൻ സ്ത്രീ. എന്നും മിണ്ടാതെയും മോടി പിടിപ്പിക്കാതെയും പൊടിതട്ടാതെയും തന്നെ എപ്പോഴും സുന്ദരമായിരുന്നൊരു നല്ല ജമിനിയൻ ബന്ധം.

മൂന്നുപേരും മൂന്ന് എക്സ്റ്റ്രീമുകളായിരുന്നു. പെണ്ണിന്റെ മൂന്ന് തരങ്ങൾ. ഒരാൾ ഇനിയെനിക്കെന്ത്‌ വന്നാലും എന്നും പരസ്പരം കൂടെയുണ്ടാവുമെന്ന് പൂർണ്ണവിശ്വാസമുള്ള, എന്റെ ജീവിതം മുഴുവൻ തീറെഴുതി കൊടുത്തിട്ടുള്ളവൾ . അത്രമേൽ സ്നേഹം പുറമെയുള്ള മറ്റൊരു സ്ത്രീയും എന്നിൽ സമ്പാദിച്ചിട്ടില്ല. ഒരു കാരണവുമില്ലാതെ തമ്മിൽ സ്നേഹിക്കുന്നവർ.രണ്ടാമത്തവൾ, എന്നിൽ വല്ലാത്തൊരു നോവും, ഓർമ്മയും, പ്രണയവുമൊക്കെ ഇടക്കിടെ കുടഞ്ഞിട്ട്‌ പോകും. ഒരിക്കൽ പോലും ഇനി തമ്മിലടുക്കാത്ത വിധം ഒരു കാരണവുമില്ലാതെ പിരിഞ്ഞവർ. എന്നാൽ സ്നേഹം ഒരു തരി പോലും മനസ്സിൽ നിന്നും അഴിഞ്ഞു പോയിട്ടുമില്ല. എന്റെ പ്രിയപ്പെട്ട ഫയൽച്ചിത്രത്തിലെ മാളു.

മൂന്നാമത്തവളിൽ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല. കൂടെയുണ്ടാവണമെന്നോ, എന്നും മിണ്ടണമെന്നോ ഒന്നുമില്ല, എങ്ങനെ ആയാലും സന്തോഷമാണ്. പക്ഷെ ഭയങ്കര സുന്ദരമായ ഒരു ബന്ധം , ആരാധന കലർന്ന ഒരു സ്നേഹം. എങ്ങിനെയൊക്കെയോ എപ്പോഴും കൂടെയുണ്ടാവുന്ന ഒരു സൗഹൃദം.

എന്റെ അറബിപ്പെണ്ണ്..!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ