ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ളതെന്ത്?

george-saunders
SHARE

മാസ്ക് മാൻഡേറ്റ് പിൻ‌വലിച്ചിട്ട് രണ്ടു മാസം ആവാറായിരുന്നു. പക്ഷേ, വാഷിംങ്ടൻ ഡിസിയിൽ മ്യൂസിയങ്ങളോ മറ്റ് സ്മാ‍രക മന്ദിരങ്ങളോ എന്തെങ്കിലും സന്ദർശകർക്ക് തുറന്നു കൊടുക്കുന്നുണ്ടോ എന്നൊന്നും ഉറപ്പില്ലായിരുന്നു. എന്തായാലും ഒരു പകൽ കൊണ്ട് പ്രധാന സ്ഥലങ്ങളൊക്കെ കാണിച്ചു ഹോട്ടലിനു മുന്നിൽ തന്നെ തിരിച്ചു കൊണ്ടു വിടുന്ന ‘hop in hop out’ ബസ് ടൂർ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അതു ബുക്ക് ചെയ്തു. വെബ്സൈറ്റിൽ മുപ്പതോളം ലാൻ‌ഡ് മാർക്കുകൾ. ഈ സ്ഥലങ്ങളിൽ എല്ലാം നിർത്തി ചരിത്രം വിശദീകരിക്കലൊന്നും പ്രായോഗികമല്ല എന്നുറപ്പ്. മിക്കവാറും ബസിനകത്ത് ഇരുന്നു കൊണ്ടുളള ചൂണ്ടു വിരൽ സന്ദർശനം ആകാനാണ് സാധ്യത. എന്തായാലും കോവിഡിന്റെ പിടിയിൽ ലോകം അകപ്പെട്ട ഈ നാളുകളിൽ ഇത്രയെങ്കിലും സാധിക്കുന്നത് തന്നെ ഭാഗ്യം എന്നു കരുതിയാൽ മതി. 

“ഒരു കാലത്ത് മുഴുവനായും സമുദ്രത്തിനടിയിലായിരുന്നിടത്താണ് ഇപ്പോൾ ഈ നഗരം നിൽക്കുന്നത്.” അൽപം ഏഷ്യന്‍ ചുവ കലർന്ന ഉച്ചാരണത്തോടെ ബസ് ഡ്രൈവർ ചരിത്രം പറച്ചില്‍ തുടങ്ങിയപ്പോൽ ഞാൻ മനസ്സിൽ കരുതി: ബസ് ഡ്രൈവർ/ഗൈഡിൽ നിന്നു തന്നെ മക്കൾക്ക് അവരുടെ ‘കഴിഞ്ഞ സമ്മറിൽ ഞാൻ ചെയ്തത്’ എന്ന സ്ഥിരം സ്കൂൾ ഉപന്യാസം തുടങ്ങാം! നഗരത്തിലെ എല്ലാ റോഡുകളും നീളുന്ന കേന്ദ്രസ്ഥാനമായ കാപ്പിറ്റോൾ ബിൽഡിംഗിന്റെ ബാരിക്കേഡുകൾക്ക് അരികിൽ നിന്ന് ഫോട്ടൊയെടുത്തു. 8,909,200 പൗണ്ട് കൊണ്ടുണ്ടാക്കിയ രാജ്യത്തെ പാർലമെന്ററി ജനാധിപത്യത്തിന്റെയും കേന്ദ്രസ്ഥാനം. ജോർജ് വാഷിംഗ്ടനെ അടക്കം ചെയ്ത കല്ലറ വേറൊരിടത്താണെകിലും അദ്ദേഹത്തിന്റെ കല്ലറ കാപ്പിറ്റോളിന് അടിയിൽ ഇപ്പോഴും കണ്ട്. സന്ദർശകർക്ക് കാണാൻ അകത്ത് സൗകര്യവുമുണ്ട്. പക്ഷെ, ഈ മഹാമാരിക്കാലത്ത് അകത്തേക്ക് പ്രവേശനം ഇല്ല. ദൂരക്കാഴ്ച്ചകൾ മാത്രം. പാര്‍ലമെന്ററി സമ്പ്രദായത്തെക്കുറിച്ച് മക്കളോട് എന്തോ പറഞ്ഞു വന്നപ്പോഴേക്ക് ബസിൽ തിരിച്ചു കയറാനായി. 

പുറം കാഴ്ച്ചയില്‍ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിനു മുന്നിൽ ചെറിയ കുട്ടികളുമായി വന്ന മാതാപിതാക്കളുടെ നീണ്ട ക്യൂ. വെയിൽ കൊണ്ടു തളർന്ന കുട്ടികൾക്ക് ഇപ്പോഴേ ചരിത്രത്തോട് വെറുപ്പായിക്കാണും. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും, നാഷനൽ ആർക്കൈവ്സും ഒക്കെ കണ്ട് ഒരു ദിവസം മുഴുവൻ ചുറ്റിപ്പറ്റി നിൽക്കാൻ കുട്ടികൾ കുറച്ചു കൂടി മുതിരേണ്ടിയിരിക്കുന്നു. ഈയിടെ കണ്ട ഒരു സിനിമയിൽ മുഗൾ ചക്രവർത്തിയെ സിനിമാ നടനായി തെറ്റിദ്ധരിക്കുന്ന വൃദ്ധനായ ഒരു കഥാപാത്രമുണ്ട്. ചരിത്രം ശരിക്കും പഠിച്ചിട്ടു വരാൻ മറ്റേയാൾ ഉപദേശിക്കുമ്പോൾ വൃദ്ധൻ പറയുന്നുണ്ട് ഈ മരിച്ചു പോയ രാജാക്കന്മാരുടെ കാര്യമൊക്കെ അറിഞ്ഞിട്ട് ഒരു വരൾച്ചയിൽ നിന്ന് വറുതിയിലേക്ക് ജീവൻ പോകാതെ പിടിച്ചു നിർത്താൻ പാടുപെടുന്ന പാവങ്ങൾക്ക് എന്തു കാര്യമെന്ന്. 

വാഷിംഗ്‌ടണിലെ എണ്ണമറ്റ സ്മാരകങ്ങൾ കാണുമ്പോൾ രാഷ്ട്രാധികാരവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്തവർക്ക് ഇതിലെന്തു കാര്യം എന്നു ചിലര്‍ക്കെങ്കിലും ന്യായമായും തോന്നിപ്പോകും. സ്കൂളിൽ യുദ്ധങ്ങളുടെ വർഷങ്ങളും, രാജക്കന്മാരുടെ കടിച്ചാൽ പൊട്ടാത്ത പേരുകളും ഉരുവിട്ടു പഠിക്കുന്ന കുട്ടികൾക്കുണ്ടാവുന്ന അതേ സംശയം. പക്ഷെ, കാണേണ്ടത് തിളങ്ങുന്ന ലിപികളിൽ എഴുതി വച്ചിരിക്കുന്ന ചരിത്ര നായകൻമാരുടെ സ്മാരകങ്ങൾ മാത്രമല്ല. എവിടെയും ഇടം കിട്ടിയില്ലാത്ത, ജീവിതത്തിലും മരണത്തിലും അദൃശ്യരായി നിലകൊണ്ടവര്‍ക്കു നേരെ കൂടിയാണ്. പ്രശസ്തനായ ഒരാളുടെ സെമിത്തേരിയിൽ, പേരു പോലും എഴുതി വച്ചിട്ടില്ലാത്ത, ആർഭാടങ്ങളില്ലാത്ത, സാധാരണ ശവക്കല്ലറകൾക്കു നേരെ കൂടിയാണ്. അല്ലെങ്കിലും മരണത്തെ പോലെ ജനാധിപത്യവാദിയായ മറ്റൊന്നില്ലല്ലൊ. മരണത്തിന്റെ കുഴൽ വിളിയുമായി വന്നിരിക്കുന്ന ഈ പുതിയ വൈറസ് രാഷ്ട്രാതിർത്തികളെയോ, അധികാരത്തേയോ, സമ്പത്തിനെയോ തെല്ലും വക വെക്കാത്തതു പോലെ. 

Lincoln_In_The_Bardo

വാഷിംഗ്ടൺ മെമ്മോറിയലിനു അഭിമുഖമായുളള മൈതാനത്ത് പെട്ടെന്ന് ഒരു പ്രതിഷേധ സമ്മേളനം. റോഡുകളിൽ ചിലത് അടച്ചിരിക്കുന്നു. ശ്രോതാക്കളെ കാത്ത് കിടക്കുന്ന കസേരകളും, മൈക്കും, സ്ടെജും എല്ലാം നാട്ടിലെ പൊതു യോഗങ്ങളെ ഓർമിപ്പിച്ചു. എന്തിനായിരിക്കും ആ മനുഷ്യർ ഇന്നു പ്രതിഷേധിക്കുന്നത്? അല്ലെങ്കിലും മനുഷ്യര്‍ക്ക് പ്രതിഷേധിക്കാന്‍ എന്നാണ് വിഷയങ്ങളില്ലാത്തത്? “വൈറ്റ് ഹൌസ് നമുക്ക് തിരിച്ചു വരവിൽ കാണാം.” ബസിൽ കയറിയപ്പോൾ മുതൽ വൈറ്റ് ഹൌസിനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്ന ഒരു കുടുംബത്തെ ആശ്വസിപ്പിച്ചു കൊണ്ട് ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു.

ആ പ്രതിഷേധ പ്രകടനത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ സ്മാരകത്തിനടുത്തെത്തി. തോമസ് ജെഫേർസണന്റെ സ്മാരകം തടാകത്തിന്റെ മറു ഭാഗത്ത് കാണാം. ആ രണ്ടു ചരിത്ര പുരുഷന്മാർ ഇപ്പോഴും പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ടാവണം. 

“നിരാശയുടെ പർവ്വതത്തിൽ നിന്ന് പ്രതീക്ഷയുടെ ഒരു കല്ല്’ എന്ന കിംഗിന്റെ വാചകം ഈ കോവിഡ് കാലത്തെ മനുഷ്യ പ്രതീക്ഷയുടേതു കൂടിയാണ്. തടാകത്തിന്റെ സ്വാസ്ഥ്യം ഭേദിച്ചു കൊണ്ട് ഒരു മിലിട്ടറി ഹെലികോപ്റ്റര്‍ മുകളിലൂടെ പറന്നു പോയി. കുറച്ചു നേരം ആളുകള്‍ ഭൂമി വിട്ട് ആകാശത്തേക്കു നോക്കി. അധികം വൈകാതെ ആകാശം വീണ്ടും പക്ഷികളുടേതായി. മനുഷ്യര്‍  ഭൂമിയിലേക്കു വന്നു. 

ലിങ്കള്‍ മെമ്മോറിയലിനു മുന്നിലെ കല്‍പ്പടവുകളിലൊന്നില്‍ കുറച്ചു നേരം ഇരുന്നു. വാഷിംഗ്ടൺ മോണ്യുമെന്റിന്റെ ശിഖരം കണ്ടു കൊണ്ട്. ലിങ്കന്റെ പ്രതിമക്കു മുന്നില്‍ ഫോട്ടോയെടുക്കാനുളള തിരക്ക്. അടുത്തുളള വിയറ്റ്നാം യുദ്ധസ്മാരകത്തിൽ അറ്റകുറ്റപ്പണികൾ... തിരിച്ചുളള യാത്രയില്‍, തലസ്ഥാന നഗരിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഗൈഡ്/ഡ്രൈവര്‍ ആവര്‍ത്തിക്കുന്നു. താല്പര്യമുളളവര്‍ക്ക് വേണമെങ്കില്‍ നോട്ട് പുസ്തകത്തില്‍ കുറിച്ചു വെക്കാം. ട്രാഫിക് ജാമില്‍ കുരുങ്ങിയ ബസിലിരുന്ന് ജനലിലൂടെ ചീസ് കെയ്ക്ക് ഫാക്ടറി എന്ന ഭക്ഷണശാല കാണാം. നേരത്തെ വൈറ്റ് ഹൌസിനെക്കുറിച്ച് ആവേശം കൊണ്ട കുടുംബം ഇപ്പോള്‍ ഉച്ച ഭക്ഷണത്തെക്കുറിച്ച് വാചാലരായി. 

തല്‍ക്കാലം ചരിത്രം വെയിലത്തു നില്‍‌ക്കട്ടെ… ബസ് നിന്നു. ഡ്രൈവര്‍ സ്വന്തം കഥയാണ് ഇപ്പോള്‍ പറയുന്നത്.  28 വര്‍ഷം മുന്‍പ് ഈ വാഷിംഗ്ടണ്‍ നഗരത്തില്‍ എത്തിപ്പെട്ട കഥ. ഈ നഗരവും ചരിത്രവും വിട്ടു പോകാനാവാത്ത വിധം തന്നെ ആകര്‍ഷിച്ചതും, ടൂറിസ്റ്റുകളെ നഗരം കാണിക്കുന്ന ജോലി തിരഞ്ഞെടുത്തതും ഒക്കെ പറയുന്നു. കൂട്ടത്തില്‍ ചരിത്രത്തില്‍ പി എച് ഡി നേടിയതിനെക്കുറിച്ചും. താല്പര്യമുളളവര്‍ക്ക് വാങ്ങി വായിക്കാനായി താന്‍ എഴുതിയ പുസ്തകം നീട്ടുന്നു. കിഴിവ് ഉണ്ട്. എന്നെ ഓഥര്‍ എന്നു വിളിച്ചു കളിയാക്കുന്ന മക്കള്‍ ചിരിക്കുന്നു. “അച്ചാ,  ഹി ഈസ് ഓള്‍സോ ആന്‍ ഓഥര്‍!’  

ഡിസിയിൽ നിന്ന് തൊട്ടടുത്തുളള ജോർജ്ടൌണിലെക്കുളള യാത്രയിൽ പെട്ടെന്നാണ് റോഡ് ഇടതൂർന്ന മരങ്ങളും കുളിർമ്മയും പച്ചപ്പും നിറഞ്ഞയിടത്തേക്ക് മാറിയത്. വളഞ്ഞു പുളഞ്ഞ, കയറ്റിറക്കങ്ങൾ നിറഞ്ഞ വഴി. പ്രശസ്തമായ ജോർജ്ടൌൺ യൂണിവേർസിറ്റി കാമ്പസ് കാണണമെന്ന് അദിതിന് ആഗ്രഹം. ജോർജ്ടൌണിൽ പഴമ പുരണ്ടു കിടക്കുന്ന വീടുകളും കടകളും ഉണ്ട്. എക്സർസിസ്റ്റ് എന്ന സിനിമയിലൂടെ പ്രശസ്തമായ പടവുകളുണ്ട്.  അവിടെ കിട്ടുന്ന കപ്പ്കേയ്ക്കുകൾ വളരെ പ്രസിദ്ധമാണെന്ന് ഒരു സുഹൃത്ത് പറഞ്ഞതും മനസ്സിലുണ്ട്. 

എനിക്ക് ഇവിടെയും കാണണമെന്ന് തോന്നുന്നത് ഒരു സെമിത്തേരിയാണ്. അത് പക്ഷേ, സാഹിത്യ പരമായ താല്പര്യമാണ് എന്നു മാത്രം (‘എന്താ ഈയിടെയായി മഹാന്മാരുടെ സെമിത്തേരികളൊന്നും കാണാൻ പോയില്ലേ?’ എന്നാണ് ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം തമാശയായി ചോദിച്ചത്!). 

ജോർജ്ടൌൺ സെമിത്തേരി. 1862-ൽ, പ്രസിഡന്റായിരുന്ന ലിങ്കൺ തന്റെ പതിനൊന്നു വയസ്സുകാരൻ മകനെ അടക്കിയ സെമിത്തേരി. ആ ദിവസം രാത്രി കല്ലറയിലേക്ക് ദുഖം താങ്ങാനാവാതെ ലിങ്കൺ പല തവണ സന്ദർശനം നടത്തിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്.   

ആ ചരിത്ര സംഭവത്തെ ആധാരമാക്കി ജോർജ് സോൻഡേർസ് എഴുതിയ നോവലാണ് ‘ലിങ്കൺ ഇൻ ദ ബാർഡോ’. ചെറിയ പ്രായത്തിലുളള മകന്റെ മരണത്തിൽ തകർന്നു പോയ അച്ചന്റെ ദുഖം ആവിഷ്കരിക്കുന്നയിടത്തു നിന്ന് ആ സെമിത്തേരിയിലെ അനേകം (ചരിത്രപരവും സാങ്കൽപികവുമായ) പ്രേതങ്ങൾക്ക് സോൻഡേർസ് ശബ്ദം കൊടുക്കുന്നതാണ്  ആ നോവലിനെ എന്റെ മനസ്സിൽ പ്രിയങ്കരമാക്കിയത്. സോൻഡേർസിനെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്റെ എഴുത്തിന്റെ സ്വഭാവം തന്നെയാണ്. “ജീവിതത്തിൽ വിലപ്പെട്ടവ നഷ്ടപെട്ടവരേയും, അവകാശങ്ങളില്ലാത്തവരേയും, ഭാഗ്യം കെട്ടവരേയും കുറിച്ച് ജോർജ് സോൻഡേർസിനെ പോലെ ശക്തിയായി എഴുതുന്നവർ അധികമില്ല”- പ്രശസ്ത നിരൂപക മിച്ചിക്കോ കക്കുട്ടാനി ന്യൂയോർക്ക് ടൈംസിൽ കുറിച്ചു. 

പറയത്തക്ക പ്രമേയപരമായ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചെറിയ ചരിത്ര സംഭവത്തെ സോൻഡേർസ് അവതരിപ്പിക്കുന്ന രീതിയാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്. ബാർഡോ എന്നത് തിബത്തന്‍ ബുദ്ധിസമനുസരിച്ച് ജീവിതത്തിനും മരണത്തിനും ഇടക്കുളള അവസ്ഥയാണ്. മരിച്ചയാള്‍ മരണാനന്തര ലോകത്ത് എത്തുന്നതിനു മുന്‍പുളള സമയം ചെലവഴിക്കുന്ന ഒരിടം. ആ ലോകത്തുളള കുറേ പ്രേതാത്മാക്കള്‍ ലിങ്കന്റെ മകന്റെ ശവശരീരം സെമിത്തേരിയിലേയ്ക്ക് കൊണ്ടു വരുന്നതും തുടര്‍ന്ന് രാത്രിയില്‍ ലിങ്കണ്‍ ഒറ്റക്കു വരുന്നതും ഒക്കെ കാണുന്നതും അതിനെക്കുറിച്ച് നടത്തുന്ന സംഭാഷണങ്ങളും ലിങ്കന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പത്രപ്രവര്‍ത്തകരും സെമിത്തേരി ജീവനക്കാരും ഒക്കെ ആ സംഭവത്തെക്കുരിച്ച് എഴുതിയ ചരിത്ര രേഖകളും (സങ്കല്‍പ്പികവും അല്ലാത്തതും) കൂട്ടിക്കലര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. വിരസമായ ഒരു പരീക്ഷണാത്മക നോവല്‍ എന്ന് കേള്‍ക്കുമ്പോള്‍ തോന്നാമെങ്കിലും അസാധാരണമായ വൈകാരിക ശക്തിയുളള നോവലാണിതെന്ന് എടുത്ത് പറയേണ്ടതുണ്ട്. വളരെ ചെറിയ ഒരു ചരിത്ര പ്രമേയം ഒരു മാസ്റ്റര്‍ എഴുത്തുകാരന്‍ തന്റെ ക്രാഫ്റ്റിന്റെ ശക്തി കൊണ്ട് അസാധാരണമായ സാഹിത്യാനുഭവമാക്കി മാറ്റുന്നതിന്റെ ഉദാഹരണമാണ് ഈ നോവല്‍.   

abraham-lincoln-s-letter-to-sons-teacher
എബ്രഹാം ലിങ്കൻ

ലിങ്കന്റെ മകനെ കൂടാതെ 166 പ്രേതങ്ങളാണ് ബാർഡോയിലുളളത്. അവരിൽ താൻ മരിച്ചുവെന്നു തിരിച്ചറിയുന്നവരും അല്ലാത്തവരുമുണ്ട്. ആദ്യരാത്രിയിൽ ഫാൻ പൊട്ടി താഴെ വീണു മരിച്ചയാളും, ജീവിതത്തിൽ ഇന്നു വരെ പ്രണയം എന്തെന്നറിയാതെ മരിച്ചു പോയ ചെറുപ്പക്കാരനും ബാത്തിംഗ് സ്യൂട്ടിൽ മരിച്ചു പോയയാളും, തന്റെ യജമാനൻമാരാൽ നിരന്തരം പീഡിപ്പിക്കപ്പെട്ട്  ബാർഡോയിൽ പോലും ശബ്ദമില്ലാതായിപ്പോയ നിർഭാഗ്യവതിയും ഒക്കെ ഉണ്ട്. 

ജീവിതം മുഴുവൻ അറിവു നേടാൻ പ്രയത്നിച്ച അടിമയായ വിത്സൺ ഒടുവിൽ എത്ര വിദ്യാഭ്യാസം നേടിയാലും അടിമ എന്ന നിലയിൽ നിന്ന് തനിക്ക് ഒരു തരത്തിലുളള മോചനവും ബഹുമാനവും നേടിത്തരാൻ കഴിയില്ലെന്ന് തിരിച്ചറിയുന്നു. മരണം മാത്രമാണ് പോംവഴി എന്ന നിസ്സഹായതയിലെക്ക് ആഴ്ന്നു പോകുന്നു. 

അങ്ങനെ ജീവിതത്തിൽ യാതൊരു തരത്തിലും ഗതി കിട്ടാത മരിച്ചു പോയവരെയും, ചരിത്ര പ്രസിദ്ധനായ  ഒരു ഭരണാധികാരിയേയും മകനേയും ജീവിതത്തിന്റേയും മരണത്തിന്റെയും നടുക്കുളള ബാർഡോയിൽ കൊണു നിർത്തി സംസാരിപ്പിക്കുക വഴി മരണത്തിന്റെ അധീശത്വം നോവലിസ്റ്റ് നമ്മെ ഓർമിപ്പിക്കുന്നു. ചരിത്രം രേഖപ്പെടുത്തപ്പെട്ടവരുടേടേയും അല്ലാത്തവരുടേയും കൂടിയാണെന്ന് സൂചിപ്പിക്കുന്നു. അഥവാ, അങ്ങനെ വിശ്വസിക്കാനാണ് ഈ സന്ദർശന വേളയിൽ എനിക്കു തോന്നുന്നത്. ഈ ലോകത്തില്‍ ജീവിച്ചു മരിച്ച ഒട്ടു മുക്കാല്‍ മനുഷ്യരും അതു പോലെ ഏതോ ബാര്‍ഡോയില്‍ കുടുങ്ങി പോകുന്നു. വിരില്ലിലെണ്ണാവുന്നവര്‍ക്കു മാത്രം അതിനപ്പുറത്തുളള ലിഖിത ചരിത്രത്തിന്റെ സ്മാരക മന്ദിരങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നു. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS