മുന്തിരിയും പാറകളും

grapes
SHARE

കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തിൽ, മരപ്പന്തലുകളിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന മുന്തിരിക്കുലകളായിരുന്നു മനസ്സിൽ. പക്ഷേ, ഈ മുന്തിരിത്തോട്ടത്തിൽ നിലത്തു നിന്നും മുകളിലേക്ക് വളരുന്ന സാധാരണ തരം ചെടികളായിരുന്നു. കുന്നിൻ ചെരുവിൽ. കമ്പി വേലികൊണ്ട് അതിരുകെട്ടി നിർത്തിയ, കണ്ണെത്താത്ത ദൂരത്തോളം പടർന്നു കിടക്കുന്ന തോട്ടം. താഴ്‌വാരത്തിൽ ചുരുക്കം വീടുകൾ. അതിനുമപ്പുറം മലനിരകൾ ആകാശവുമായി സന്ധിക്കുന്നു. 

അൽപം മാറി വീഞ്ഞു രുചിച്ചു നോക്കാനും, വാങ്ങാനും ഒക്കെ സൗകര്യമുളള കെട്ടിടം. ‘120 വർഷങ്ങളായി ഞങ്ങളുടെ കുടുംബം നടത്തുന്ന ബിസിനസ് ആണ്’ ഏപ്രണും, ഗ്ലൗസും ധരിച്ച് വൈൻ കൗണ്ടറിൽ നിൽക്കുന്ന സ്ത്രീ അഭിമാനം കൊണ്ടു. ‘പീനോ, ഷാർഡണി, മെർലോ, കാബെർനെ...’ വീഞ്ഞുകളെക്കുറിച്ച് അവർ വാചാലയായി: “വൈനും മനുഷ്യരെ പോലെയാണ്. ഓരോന്നിനും ഓരോ സ്വഭാവം.” തോട്ടത്തിലെ മിക്ക സാഹചര്യത്തിലും വളർന്നു കായ്ക്കുന്ന കാബെർനെ, വിദഗ്ദർക്ക് അത്ര താൽപര്യമില്ലാത്ത മെർലോ, പീനോയെക്കുറിച്ച് പറഞ്ഞു വന്നപ്പോൾ അവരുടെ കണ്ണുകൾ തിളങ്ങി. “മൃദുവായ തൊലിയാണ്. വളരെ കൃത്യമായ സാഹചര്യങ്ങൾ ഒത്തു വന്നാലേ വളരുകയുള്ളൂ. കുഞ്ഞുങ്ങളെ നോക്കുന്നതു പോലെ പരിചരിക്കണം. പക്ഷേ, രുചിയും അതു പോലെ വിശിഷ്ടം...” അവർ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു. 

ചില മനുഷ്യർ വീഞ്ഞിനെ പറ്റി ആവേശഭരിതരാവുന്നു. മറ്റ് ചിലർ വാക്കുകളെക്കുറിച്ചും. അതെന്തായാലും ജീവിതത്തിൽ ആവേശം കൊള്ളാൻ എന്തെങ്കിലുമൊക്കെ ഉണ്ടാവുക എന്നതാണ് കാര്യം. വൈൻ രുചിച്ചു നോക്കാൻ മുൻ‌കൂട്ടി അപ്പൊയിന്റ്മെന്റ് എടുക്കണമായിരുന്നു എന്നത് ഞങ്ങളെ നിരാശരാക്കി. വൈൻ കുപ്പികൾ വിൽപ്പനക്ക് വച്ചിരിക്കുന്നിയിടത്തേക്ക് നീങ്ങി. കുട്ടികൾ വലിയ താല്പര്യമില്ലാത്തതു പോലെ ഹാളിൽ ചുറ്റിപ്പറ്റി നിന്നു.

പുറത്തെ മേശകളിലൊന്നിനു ചുറ്റും ഞങ്ങൾ ഇരുന്നു. മത്സരിച്ച്, മാറി മാറി ഗ്ലാസുകളിലെ വീഞ്ഞു കുടിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്ന രണ്ട് സ്ത്രീകൾ അൽപം മാറിയുളള മേശക്കു ചുറ്റും. അതിനടുത്ത് വീഞ്ഞുഗ്ലാസുകൾ തൊട്ടു പോലും നോക്കാതെ, ദൈവത്തിൽ നിന്നുളള ഏതോ സന്ദേശം കാത്തിട്ടെന്ന പോലെ ഇരിക്കുന്ന വൃദ്ധ ദമ്പതികൾ.        

rock-us

ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. മുന്തിരിത്തോട്ടം, വീഞ്ഞ്, താഴ‍‌്‍വാരം, ആകാശം – ഒരു ബിബ്ബ്ലിക്കൽ അന്തരീക്ഷം പോലെ തോന്നി. Grapes of wrath എന്ന സ്റ്റൈൻബെക്കിന്റെ നോവലിന് ആ ശീർഷകം നിർദ്ദേശിച്ചത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. മുന്തിരികൾ മെതിച്ച് ക്രോധാവിഷ്ടനായി നിൽക്കുന്ന ദൈവം ക്രിസ്ത്യൻ കലയിൽ സാധാരണമാണ്. അല്ലെങ്കിലും wrath എന്ന ഇംഗ്ലീഷ് വാക്കിലെ ക്രോധം സാധാരണക്കാരുടേതല്ല. അമാനുഷികമോ, ദൈവികമോ ആണ്. വെർണർ ഹെർസോർഗിന്റെ അഗ്വാർ സിനിമയിലേതു പോലെ.

 സ്റ്റൈൻബെക്കിന്റെ നോവൽ പക്ഷേ ഒരു പലായനത്തിന്റെ കഥയാണ്. കൃഷി നാശവും പട്ടിണിയും കാരണം ഒക്ലഹോമയിലെ നഷ്ടസ്വർഗത്തിൽ നിന്ന് ‘സ്വർണം’ തേടി കലിഫോർണിയയിലെക്ക് കുടിയേറാൻ നിർബന്ധിതരായവരുടെ ദുരന്തകഥ. ആ നോവലിലെ മുന്തിരിക്കുലകൾ രോഷത്തിന്റേതാണ്. ഗ്രെയ്റ്റ് ഡിപ്രഷനോടും ഡസ്റ്റ് ബൌളിനോടുമുളള നോവലിസ്റ്റിന്റെ അക്ഷര കലാപം. ("I want to put a tag of shame on the greedy bastards who are responsible for this [the Great Depression and its effects“). ‘സ്ഥാനം തെറ്റിയ വസ്തുക്കളിൽ‘ ആനന്ദ് എഴുതിയല്ലോ. വെളിപാട് പുസ്തകത്തിലെ ദൈവകോപം തന്നെയാണ് സ്റ്റൈൻബെക്ക് ആവിഷ്ക്കരിക്കാൻ ശ്രമിച്ചതെന്ന് “ഭൂമിയിലെ മുന്തിരി പഴുത്തിരിക്കുകയാൽ നിന്റെ മൂർച്ചയുളള കോങ്കത്തി അയച്ച് മുന്തിരി വള്ളിയുടെ കുല അറുക്കുക എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ദൂതൻ കോങ്കത്തി ഭൂമിയിലേക്ക് എറിഞ്ഞു. ഭൂമിയിലെ മുന്തിരിക്കുല അറുത്തു. ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. ചക്ക് നഗരത്തിനു പുറത്ത് വച്ച് മെതിച്ചു. ചക്കിൽ നിന്ന് രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.” 

ഒരു ഒഴിവു ദിവസം വീഞ്ഞു രുചിക്കാൻ വന്നിരിക്കുന്നവർക്ക് ഓർക്കാൻ പറ്റിയ കഥയല്ല സ്റ്റൈൻബെക്കിന്റെ നോവൽ. രോഷത്തിന്റെ മുന്തിരിക്കുലകളുടെ നോവലിസ്റ്റിന് നൊബേൽ സമ്മാനം കിട്ടി. മഹത്തായ അമേരിക്കൻ നോവലുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. സകല സ്കൂൾ, കോളജ് ക്ലാസ് മുറുകളിലും നിരന്തരം പഠിപ്പിക്കുന്നു. ഒറ്റവർഷത്തിൽ നാലു ലക്ഷത്തിലധികം കോപ്പികൾ വിറ്റു പോയി. കുടിയേറ്റ കർഷകരെ മോശമായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് ചില സംസ്ഥാനങ്ങൾ പുസ്തകം നിരോധിച്ചു. പ്രമുഖ സാഹിത്യാധ്യാപകനും നോവലിസ്റ്റുമായ ജോൺ ഗാർഡ്നർ, പക്ഷേ, സ്റ്റൈൻബെക്കിന് കലിഫോർണിയ കർഷകരെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും നോവൽ വൻ പരാജയമാണെന്നും തുറന്നടിച്ചു.

ഫോക്നർക്കോ, ഫിറ്റ്സ്ജെറാൾഡിനോ ഉളള സ്ഥാനം നല്ല വായനക്കാർ സ്റ്റൈൻബെക്കിനു കൊടുത്തിട്ടില്ലെങ്കിൽ അതിനുളള കാരണം ‘രോഷത്തിന്റെ മുന്തിരിക്കുലകളുടെ’ സോദ്ദേശ സാഹിത്യ സ്വഭാവമാണെന്നു തോന്നുന്നു. പക്ഷേ തന്റെ ചുറ്റുപാടുകളിലെ രാഷ്ട്രീയ-സാമുഹിക കെടുതികളോടുളള പ്രതികാരമായി പിറവിയെടുക്കുന്ന അത്തരം കലസൃഷ്ടികൾ ഒരു അനിവാര്യതയാണ്. അവ സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കിയാലും ഇല്ലെങ്കിലും. പാവപ്പെട്ടവന്റെ രോഷത്തെക്കുറിച്ച് ജെയിംസ് ബാൾഡ്‌വിൻ മറ്റൊരവസരത്തിൽ എഴുതിയല്ലോ “ അവകാശങ്ങളില്ലാത്തവന്റെ രോഷം പലപ്പോഴും നിഷ്ഫലമാണ്. പക്ഷേ അത് നൂറു ശതമാനം അനിവാര്യമാണ്.” ( the fury of the unentitled is fruitless but it’s absolutely inevitable). 

പുറം കാഴചകളും നോക്കി വർത്തമാനം പറഞ്ഞിരുന്ന ഞങ്ങളുടെ അടുത്തേക്ക് ഉടമസ്ഥ വന്നു. “പ്രായ പൂർത്തിയാവാത്തവരുമായി ഈ റസ്റ്ററന്റിൽ എന്നല്ല ഈ ചുറ്റുവട്ടത്തു തന്നെ പ്രവേശിക്കാൻ പാടില്ലെന്നാണ് നിയമം. അതു കൊണ്ട്...” അവരെ മുഴുമിപ്പിക്കാൻ വിടാതെ ഞങ്ങൾ എഴുന്നേറ്റു. തിരിച്ച് കാർ നിർത്തിയിടത്തേക്ക് നടക്കുമ്പോൾ വെയിലിന് കാഠിന്യം കൂടിയതു പോലെ തോന്നി. രാത്രിയാകാൻ ഇനിയും സമയം കിടക്കുന്നു. ഒരു വൈകുന്നേരം മുഴുവൻ വീഞ്ഞിടത്തിൽ ചെലവഴിക്കാൻ ശ്രമിച്ചത് നടന്നില്ല. ഇനി? ഫോണുകളിൽ സമീപത്തുളള മറ്റ് ആകർഷണങ്ങൾ തിരയുന്ന തിരക്കിലായി ഞങ്ങൾ എല്ലാവരും.... 

*******

അരമണിക്കൂറിനകം വൈൻ‌യാർഡിനടുത്തുളള ഒരു നാഷനൽ പാർക്കിൽ എത്തപ്പെട്ടു. കൂടാരമടിച്ച് രാത്രി ആളുകൾ ചെലവഴിക്കുന്ന വിശാലമായ പാർക്ക്. പൈൻ മരങ്ങളുടെ ധാരാളിത്തം. മരപ്പലക കൊണ്ട് കെട്ടിയുണ്ടാക്കിയ ഓഫീസിൽ അന്വേഷിച്ചപ്പോൾ ഒരു ഭൂപടം കിട്ടി. വെളളച്ചാട്ടവും പ്രസിദ്ധമായ ഒരു പാറയും ചുറ്റുവട്ടത്തു നടന്നു ചെല്ലാവുന്നിടത്തുണ്ട്.

ഭൂപടരേഖകളും, വഴികാട്ടികളും നോക്കി നടന്നു. കൂട്ടിൽ മുന്നിൽ ആവേശത്തോടെ. അന്തരീക്ഷം മാറിയത് പെട്ടെന്നായിരുന്നു. കാട്ടു വഴികൾ, വള്ളികൾ, നീർച്ചോലകൾ. ഇടുങ്ങിയ കുത്തനെയുളള കയറ്റം. ട്രെക്കിംഗിനു പറ്റിയ സന്നാഹങ്ങൾ ഒന്നുമില്ലതെ അലസരായി വീഞ്ഞു രുചിക്കാൻ പുറപ്പെട്ട ഞങ്ങൾ പരസ്പരം നോക്കി. കുട്ടികളിലൊരാൾ ചെരുപ്പാണ് ഇട്ടിരിക്കുന്നത്. “എന്തായാലും ഇത്രയും വന്നതല്ലേ? ശ്രദ്ധിച്ച് കയറി നോക്കാം.” കുറച്ചു ദൂരം കയറി കഴിഞ്ഞപ്പോൾ സൂര്യപ്രകാശം തീരെ കുറഞ്ഞു. കാടിന്റെ സ്വന്തം സംഗീതം  മാത്രം. വളരെ ദൂരത്തു നിന്ന് ആരുടെയോ ശബ്ദം മുറിഞ്ഞ് കേട്ടു. കാട് ഞങ്ങളെ ചൂഴ്ന്നു് നിന്നു. വിനയചന്ദ്രന്റെ ‘കാടി’ലെ ചില വരികൾ ഓർമ വന്നു. കാടിനുള്ളിൽ വച്ച് കവി തന്നെ അത് ചൊല്ലിക്കേൾപ്പിച്ച വിശേഷാനുഭവത്തെക്കുറിച്ച് ആഷാമേനോൻ കുറിച്ചതും.

കുറച്ചു കൂടി കഴിഞ്ഞപ്പോഴേക്ക് കുട്ടികൾക്ക് മടുത്തു. ‘ഇനിയെത്ര ദൂരമുണ്ട്’ എന്ന ചോദ്യത്തിന് ശക്തി കൂടി. “നിങ്ങൾ ഇവിടെ നിക്ക്. ഞാൻ പോയി നോക്കിയിട്ട് വരാം. കാണാൻ മാത്രമുളള പാറയാണെങ്കിൽ ബാക്കി കയറിയാൽ മതിയല്ലോ.” ഞാൻ സന്നദ്ധനായി. ഒറ്റക്ക് കാട്ടിലൂടെ നടക്കുമ്പോൾ ‘കാട്ടിൽ നിലാവുണ്ട് നട്ടുച്ച നേരത്തും; രാത്രിയിൽ സൂര്യന്റെ തേരും തെളിച്ചവും’ എന്നൊക്കെ തോന്നി. കാട്ടിലൂടെ ഒറ്റക്ക് നടക്കുന്നതും കൂട്ടം ചേർന്നു നടക്കുന്നതും രണ്ടനുഭവങ്ങളാണ്. അല്ലെങ്കിലും നമ്മുടെ നോട്ടമനുസരിച്ചാണ് സൂര്യൻ പ്രത്യക്ഷപ്പെടുന്നതും അപ്രത്യക്ഷമാവുന്നതും.   

water-falls-grape

കാട് ഒരു വെളിമ്പ്രദേശത്തേക്ക് തുറന്നതും പെട്ടെന്നായിരുന്നു. വിശാലമായ പുൽമൈതാനം. ഒരു പടു കൂറ്റൻ പാറ ദിക്കു തന്നെ മുടക്കിയതു പോലെ നിൽക്കുന്നു. “ഇതു കാണാതെ തിരിച്ചു പോയിരുന്നെങ്കിൽ നഷ്ടമായേനെ.” ഞാൻ സ്വയം പറഞ്ഞു. ഞങ്ങൾ ഒരു മരബെഞ്ചിൽ പാറക്ക് അഭിമുഖമായി ഇരുന്നു. ആകാ‍ശവും പാറയും പുൽത്തകിടിയും കാറ്റും കാടിന്റെ സാമീപ്യവും ഉള്ളിലേക്കെടുക്കാൻ ശ്രമിച്ചു. കുട്ടികൾ മൈതാനത്ത് ഓടിക്കളിക്കാൻ തുടങ്ങി. 

വർഷങ്ങൾ കൊണ്ട് വെളളവും വെയിലും മഞ്ഞും വരച്ചെടുത്ത വടുക്കളും പേറി നിൽക്കുന്ന പാറ. താഴെ അ ഉയരത്തിലേക്ക് തലയുയർത്തുന്ന മരങ്ങൾ. ആകാശത്തിന്റെ തെളിഞ്ഞ നീലയിൽ ഒരു മേഘക്കെട്ട്. സമയം തന്നെ നിശ്ചലമായതു പോലെ തോന്നി...

മടക്കയാത്രയിൽ ഒരു കുഞ്ഞു വെളളച്ചാട്ടം. പാറകളിൽ തല്ലിത്തകർക്കുന്ന ജലം. താഴെ, തെളിഞ്ഞ വെളളത്തിൽ പരൽ മീനുകൾ. ഞാൻ പാറകളിൽ ഒന്നിൽ കൈ വച്ചു. ഇളം ചൂട്. ഒ വി വിജയന്റെ കഥയിലെ മൃഗാംഗമോഹനനെ ഓർമ്മ വന്നു. അണ്വായുധപ്രസരം വന്ന് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും കരിഞ്ഞു പോയാലും ബാക്കിയാവുന്ന പാറകൾ. ജീവൻ ഭൂമിയിൽ ഉരുവം കൊള്ളുന്നതിനു മുൻപും ഉണ്ടായിരുന്ന പാറകൾ. “പാറകളിൽ കാറ്റു വീശി. പാറകളിൽ അനാദിയായ ഒരു ഓർമയുണർന്നു. സൂര്യപിതാമഹൻ മനുക്കളിലൂടെ എരിഞ്ഞ വെയില്. അതിനടിയിൽ, പാറകളിൽ തല തല്ലിയ ഉപ്പുവെളളത്തിന്റെ തിരമാലകൾ. ആ അസ്വാസ്ഥ്യത്തിൽ, ഒരു തെറ്റു പോലെ ജീവന്റെ കുരുന്നുകൾ മുളപൊട്ടി. പിന്നെ, ചത്തും കൊന്നും പരിണമിച്ചു. തെറ്റു തിരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.”  

പാറകൾ കാണുമ്പോൾ അതേ പേരുളള കഥയെക്കുറിച്ചും കാട് കാണുമ്പോൾ ‘കാട് ‘എന്ന കവിതെയെക്കുറിച്ചും മുന്തിരിക്കുലകൾ കാണുമ്പോൾ സ്റ്റൈൻബെക്കിന്റെ നോവലിനെക്കുറിച്ചും ഒക്കെ ആലോചിക്കുന്നതിൽ അരസികതയുണ്ടോ? പക്ഷേ, ഒരു നല്ല സാഹിത്യസൃഷ്ടിയും അത് പ്രത്യക്ഷത്തിൽ പറയുന്നതിനെക്കുറിച്ച് മാത്രമല്ല. വരികൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന ദർശനത്തിലാണ് കലയുടെ വിജയം എന്ന്  വിശ്വസിക്കാനാണ് എനിക്കിഷ്ടം. “വെളളച്ചാട്ടത്തിനെക്കുറിച്ച് സാഹിത്യം ഒന്നും തോന്നുന്നില്ലേ?” ആരോ പിന്നിൽ നിന്ന് ചോദിക്കുന്നു!

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS