ഗോഡലഹാറ

Bolano-2666
SHARE

വിമാനം മേഘങ്ങൾക്കിടയിലൂടെ, ഒരു കൂറ്റൻ ഗോവണിപ്പടിയിലൂടെയെന്നോണം പതുക്കെപ്പതുക്കെ വിമാനത്താവളം ലക്ഷ്യമാക്കി ഇറങ്ങി. കുറേ നേരമായി ഞാൻ എനിക്ക് പോകേണ്ട മെക്സിക്കൻ നഗരത്തിന്റെ പേര് സ്ക്രീനിൽ തെളിഞ്ഞിരുന്നത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഗോഡലഹാറ. ഈ പേര് മുൻപെവിടെയോ കേട്ടിരിക്കുന്നുവല്ലോ. അത് എവിടെയായിരുന്നു എന്ന് പിടി കിട്ടിയപ്പോൾ ചിരിയും വന്നു. കെ.പി. നിർമൽകുമാറിന്റെ ഗൌതലജാറയാണ് എന്റെ മനസ്സിൽ ഗോഡലഹാറയായത്. (നിർമൽ കുമാർ എന്നോട് ക്ഷമിക്കട്ടെ!) ഗൗതം അധികാരിയുടെ പെരിയാറിന്റെ തീരത്തുളള വസതിയാണ് നിർമൽകുമാറിന്റെ കഥയിലെ ഗൌതലജാറ.‘ഗൌതലജാറ—ഒരു തോട്ടെയ്ക്കാടൻ സ്മരണിക’ എന്ന ആ കഥ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഗൗതം അധികാരിയും തിലോത്തമയും ജനാർദ്ദനനും കഥാപാത്രങ്ങളായുളള, അസംതൃപ്ത ദാമ്പത്യവും, സന്താനഭാഗ്യമില്ലായ്മയും ഒക്കെ, ഭാഷയുടെ നിറപ്പകിട്ട് (flamboyance) കൊണ്ട് ശ്വാസം മുട്ടിക്കും വിധം വായനക്കരന്റെ നേർക്കു കുതിക്കുന്ന കഥ.

മെക്സിക്കോയിലേക്കുളള എന്റെ ആദ്യ യാത്രയായിരുന്നു. കുടിയേറ്റക്കാരെ തടയാൻ ആ രാജ്യാതിർത്തിയിൽ പണിതേക്കുമെന്ന് പറയപ്പെടുന്ന വൻ മതിലിനെക്കുറിച്ചുള്ള വാർത്തകൾ വരുന്നതിനും മുൻപുളള യാത്ര. എയർപോർട്ടിൽ പ്ലക്കാർഡും പിടിച്ചു കൊണ്ടു നിൽക്കുന്ന, മാർകേസിന്റെ ഛായയുളള, വലിയ മനുഷ്യൻ ഒരു മടിയും കൂടാതെ എന്നോട് സ്പാനിഷിൽ സംസാരിക്കാൻ തുടങ്ങി. അൽപം മുന്നിലായിരുന്ന വെൻഡി വേഗം തിരിച്ചു വന്ന് തനിക്ക് അറിയാവുന്ന സ്പാനിഷ് പറഞ്ഞ് എന്നെ രക്ഷപ്പെടുത്തി. അദിതിനെ കൂടെ കൂട്ടാമായിരുന്നു എന്നു ഞാൻ മനസ്സിൽ പറഞ്ഞു. അവൻ സ്കൂളിൽ സ്പാനിഷ് പഠിക്കുന്നുണ്ട്.

ചുമരിൽ പലതരം നിറപ്പകിട്ടുളള പരസ്യങ്ങൾ, ടെക്വീല, സിഗാറുകൾ, അർദ്ധനഗ്നരായ സുന്ദരികൾ...ഓഫീസിൽ നിന്ന് എന്നെയും വെൻഡിയേയും കൂട്ടാൻ വന്ന സഹപ്രവർത്തകരായ സ്ത്രീകൾ അടുത്ത ബന്ധുക്കളെയെന്നോണം, ശ്വാസം മുട്ടും വരെ ഞങ്ങളെ ആലിംഗനം ചെയ്തു. “യു വിൽ ഗെറ്റ് യൂസ്ഡ് ടു ഇറ്റ് ഹിയർ!” വെൻഡി പറഞ്ഞു. ടാക്സി എയർപോർട്ടിലെ തിരക്കിനിടയിലൂടെ ഇഴഞ്ഞു നീങ്ങി... നഗരത്തിനു പുറത്ത് മലനിരകളുടെ മനോഹരക്കാഴ്ച്ചയിൽ അധിക നേരം കണ്ണുടക്കിയില്ല. അതിനു മുൻപ് റോഡിൽ അവിടവിടെ തോക്കും പിടിച്ച് നിൽക്കുന്ന പട്ടാളക്കാരെ കണ്ടു. ഞങ്ങളുടെ ടാക്സിക്കു തൊട്ടു മുന്നിൽ പോകുന്ന ട്രക്കിനു പിന്നിൽ യന്ത്രത്തോക്കുകൾ അപകടകരമാം അരയിൽ തൂക്കിയിട്ട് ഞാന്നു കിടക്കുന്ന പട്ടാളക്കാർ. വഴിയരികിൽ പാതി കത്തിക്കരിഞ്ഞ ഒരു കാർ. വയലൻസ്, ഡ്രഗ് കാർട്ടൽ, മർഡർ... തുടങ്ങിയ വാക്കുകൾ അസുഖകരമായി കാറിനുള്ളിൽ അടർന്നു വീണു. ഓരോ നഗരവും ഭൂതകാലത്തിന്റെ മുറിവുകളും പേറിയാണ് ജീവിക്കുന്നത്. അപ്പൂർവ്വമായി എത്തുന്ന സന്ദർശകനു മുന്നിലും, സൂക്ഷ്മക്കാഴ്ച്ചയിൽ അവ തെളിയാതിരിക്കില്ല. 

കമ്പനിയുടെ ഓഫീസിലെ പരിചിതമായ അന്തരീക്ഷത്തിൽ എത്തിയപ്പോൾ നഗരം ക്യുബിക്കിളുകളിലേക്കും കോൺഫറസ് മുറികളിലേക്കും ചുരുങ്ങി. ഉച്ച ഭക്ഷണത്തിനു കാഫറ്റീരിയയിലെത്തിയപ്പോൾ ഉത്സവ പ്രതീതി. ഭക്ഷണത്തിന്റെ ധാരാ‍ളിത്തം. ഒരു ഹെർബേറിയത്തിലെത്തിപ്പെട്ടതു പോലെ മിശ്ര ഗന്ധങ്ങൾ. എല്ലാ തീന്മേശകളിലും നാരങ്ങയും പേരക്കയും മാങ്ങയും അടക്കം പഴ വർഗങ്ങളുടെ പാത്രങ്ങൾ. സ്ഥിരം മെക്സിക്കൻ വിഭവങ്ങൾ എല്ലാമുണ്ട്. ടാകോസ്, എഞ്ചിലാഡാസ്, ബീൻസ്, മെനുഡോസ് സൂപ്പ്, ഫ്രിജോലസ് ബിറിയ, ടോർട അഹാഡാ... ടെഹൂനോ എന്നോ മറ്റോ പേരുളള ഒരു പാനീയം കഴിക്കാൻ സഹപ്രവർത്തകൻ സ്നേഹപൂർവ്വം നിർദ്ദേശിക്കുന്നു. കരിമ്പ്, ഉപ്പ്, നാരങ്ങ, മുളക് പൊടി എന്നിവ പുളിപ്പിച്ച ചോളത്തിൽ ലയിപ്പിച്ചത്. “ഗോഡലഹാറയിൽ എല്ലാ വർഷവും രാജ്യാന്തര ഭക്ഷ്യ മേള നടക്കാരുണ്ട്.” അയാൾ പറഞ്ഞു. “ഞങ്ങൾ ഏറ്റവും സന്തോഷിക്കുന്നത് ഭക്ഷണം കഴിക്കുമ്പോഴാണ്.”

എന്റെ ചുറ്റും ഇരുന്ന് അതീവ ആഹ്ലാദത്തോടെ ഭക്ഷണം കഴിക്കുന്നവരെ കണ്ടപ്പോൾ തേജു കോളിന്റെ നോവലിലെ (എവരി ഡേ ഈസ് ഫോർ ദ തീഫ്) ഒരു നിരീക്ഷണം ഓർമ വന്നു. നൈജീരിയയെക്കുറിച്ചാണ് തേജു എഴുതുന്നത്. പതിനഞ്ച് വർഷങ്ങൾക്കു ശേഷം നൈജീരിയയിലെ ലാഗോസിൽ സന്ദർശനത്തിന് എത്തുന്ന കഥാപത്രത്തിന്റെ അനുഭവങ്ങളാണ്, സെബാൾഡിന്റെ സ്വാധീനം പ്രകടമായ ആ നോവലിൽ ഉള്ളത്. നോവലിസ്റ്റ് എഴുതുന്നു: “നൈജീരിയ ലോകത്തിലെ ഏറ്റവും മതവിശ്വാസികൾ ഉളള നാടാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുളളവരുടെ നാടാണ്. ഒപ്പം ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിൽ ഒന്നും. എങ്ങിനെയാണ് ഈ വിരുദ്ധ സംഗതികൾക്ക് ഒരേ സമയം ഒരു ജനതയുടെ മേൽ അധിപത്യം സ്ഥാപിക്കാൻ കഴിയുക?” സദാ സന്തോഷവാന്മാരായിരിക്കാൻ ജനങ്ങളുടെ മേൽ അതീവ സമ്മർദ്ദമുണ്ടെന്ന് തേജു തുടർന്നു എഴുതുന്നു. പ്രതിഷേധ മാർച്ചുകളിൽ കുഞ്ഞുങ്ങളേയും ഒക്കത്തിരുത്തി കരഞ്ഞു കൊണ്ട് നീങ്ങുന്ന സ്ത്രീകളുണ്ടെങ്കിൽ അവരെ ജാഥകളിൽ നിന്ന് പിടിച്ചു മാറ്റുമത്രേ. എന്തു വില കൊടുത്തും സന്തോഷം സംരക്ഷിക്കേണ്ടതുണ്ട്! 

രാത്രി, ഹോട്ടൽ മുറിയിൽ ഉറക്കം വരാതെ ഞാൻ ജനലിനടുത്ത് വന്നു നിന്നു. ഒറ്റ തിരിഞ്ഞ വാഹനങ്ങളുടെ പതിഞ്ഞ ശബ്ദം. സോഡിയം വിളക്കുകൾ. അപരിതിതമായ ഭാഷയിൽ ചില സംഭാഷണ ശകലങ്ങൾ. നഗരാതിർത്തിക്കപ്പുറത്ത് ഒരു മരുഭൂമിയാണെന്ന് തോന്നുന്നു. രാത്രിയിൽ ആകാശത്തിലേക്ക് ഉയരുന്ന പുകച്ചുരുളുകൾ പോലെ കാണുന്നത് എന്റെ തന്നെ ഉറക്കക്ഷീണം പിടിച്ച കണ്ണുകളുടെ കളിയാവാനും മതി. എന്തു കൊണ്ടോ ഈ നഗരം ഒരു അസുഖകരവും പേരറിയാത്തുമായ ഒരു ഭയം എന്നിൽ ജനിപ്പിക്കുന്നു. എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ മുതൽ അത് അറിയുന്നുണ്ട്. കമ്പനി കാര്യത്തിനു വേണ്ടി മാനേജരുടെ കൂടെ വന്ന ഞാൻ ഈ നഗരത്തെ ആഴത്തിൽ അറിയാൻ ഒന്നും പോകുന്നില്ല. ലാറ്റിൻ അമേരിക്കയിലേ ഏറ്റവും പ്രശസ്തമായ  ചലചിത്രോത്സവവും, പുസ്തകോത്സവും ഭക്ഷ്യമേളയും ഒക്കെ നടക്കുന്ന, മാസങ്ങളോളം കണ്ടു നടക്കാവുന്ന യൂറോപ്യൻ കോളോണിയൽ ശില്പകലയുടെ സൗന്ദര്യം പേറുന്ന മ്യൂസിയങ്ങൾ ഉളള ഈ നഗരത്തിൽ എന്തു കൊണ്ടാണ് അസ്വസ്ഥത?

ഒരു പക്ഷേ, ആ തോക്കുധാരികളായ പട്ടാളക്കാരും വഴിയരികിൽ കണ്ട പൊട്ടിത്തകർന്ന കാറും പകർന്ന ഭയം ആയിരിക്കാം. അല്ലെങ്കിൽ ഇനി സാന്ത ബാർബറ എന്ന ഫിൿഷണൽ മെക്സിക്കൻ നഗരത്തിലെ മരുഭൂമിയിൽ ദിവസേന വന്നു കുമിഞ്ഞു കൂടുന്ന സ്ത്രീ ശവശരീരങ്ങളുടെ വിവരണം 2666 എന്ന റോബർട്ടോ ബൊലാനോയുടെ നോവലിൽ വായിച്ചു പോയതു കൊണ്ടാകുമോ?  ഒരു സെക്കൻഡ് ഹാൻഡ് പുസ്തകക്കടയിൽ, യാദൃശ്ചികമായി കണ്ണിൽ പെട്ട 2666-ന്റെ കോപ്പി മൂന്നു പുസ്തകങ്ങളടങ്ങുന്ന ഒരു കുഞ്ഞു പെട്ടിയായിരുന്നു. ആദ്യ മൂന്നു ഭാഗങ്ങൾ ഒറ്റ പുസ്തകമായും മറ്റ് രണ്ട് ഭാഗങ്ങൾ വേറെ വേറെയും. അഞ്ചു ഭാഗങ്ങളുളള നോവലിന്റെ ഓരോ ഭാഗവും ഓരോ പുസ്തകമായി. അഞ്ചു നോവലുകളായി 2666 പുറത്താക്കണമെന്നായിരുന്നു ബൊലാനോയുടെ ആഗ്രഹം. പക്ഷെ, അഞ്ചു ഭാഗങ്ങളും ഒരുമിച്ചാണ് പുറത്തിറങ്ങിയത്.  

നോവലിന്റെ ആദ്യ ഭാഗത്ത് ആർക്കിബോൾഡി എന്ന നിഗൂഢപരിവേഷം പേറുന്ന ജർമൻ നോവലിസ്റ്റിനെക്കുറിച്ചുളള നാലു സാഹിത്യ വിമർശകരുടെ ചർച്ചകളും നോവലിസ്റ്റിനെ കണ്ടെത്താനുളള ശ്രമങ്ങളും ഒക്കെ ആണ്. രണ്ടും മൂന്നും ഭാഗങ്ങളിൽ നോവൽ സാന്താ തെരേസ എന്ന ഫിക്ഷനൽ മെക്സിക്കൻ നഗരത്തിലേക്ക് ചുവടു മാറുന്നു. ഒരു ചിലിയൻ ഫിലോസഫി പ്രഫസറും അമേരിക്കൻ ജേർണലിസ്റ്റും ആണ് ഈ ഭാഗത്തെ പ്രധാന കഥാപാത്രങ്ങൾ. സാന്താ തെരേസയിലെ കൊലപതകങ്ങളിലെ പ്രതിയെന്ന് സംശയിക്കുന്ന ക്ലോസ് ഹാസിനെയും അവതരിപ്പിക്കുന്നു. നാലാം ഭാഗത്താണ് മനസ്സു മരവിപ്പിക്കുന്ന കൊലപാതകങ്ങളെക്കുറിച്ചുളള ബൊലാനൊയുടെ വിവരണം ഉളളത്. മൂന്നു നാലു വർഷങ്ങളിൽ കൊല്ലപ്പെട്ട നൂറു കണക്കിന് സ്ത്രീകളുടെ ജീവിതവും മരണവും ബൊലാനോ ഭാവനയിൽ സൃഷ്ടിക്കുന്നു. അവസാന ഭാഗത്ത് നോവൽ വീണ്ടും ആർക്കിബോൾഡിയിലെത്തുന്നു. ഒപ്പം ക്ലോസ് ഹാസും ആർക്കിബോൾഡിയും തമ്മിലുളള ബന്ധത്തെക്കുറിച്ച് സൂചനയും നൽകുന്നു. 

ഒരു ഫൊറൻസിക് വിദഗ്ദന്റെ റിപ്പോർട്ട് പോലെയാണ് കൊലപാതകങ്ങളെക്കുറിച്ചുള്ള ഭാഗം. കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഒരു ഡിറ്റക്ടീവാകാനായിരുന്നു തനിക്ക് താൽപര്യം എന്നു ബൊലാനോ തന്റെ അവസാന അഭിമുഖത്തിൽ പറഞ്ഞുവല്ലോ. ബൊലാനോയുടെ മിക്ക നോവലുകളിലും കഥകളിലും അക്രമവാസനയും എഴുത്തും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നത് കാണാം. സീരിയൽ കില്ലറായ കവി കഥാപാത്രമാകുന്ന ഒരു കഥ തന്നെയുണ്ട്. 2666 എന്ന ശീർഷകം ബിബ്ലിക്കൽ സൂചനകളുള ഒരു അന്ത്യവിധിയുടെയും ലോകാവസാനത്തിന്റേയും സൂചനയാണെന്നും നിരീക്ഷിക്കപ്പെടുന്നു.

ഒരു പക്ഷേ, 2666 എഴുതിയതിലൂടെ ഒരു ഡിറ്റക്ടീവ് ആകാനുള്ള തന്റെ അഭിലാഷം തന്നെയാവാം ബൊലാനോ പൂർത്തീകരിച്ചിരിക്കുക എന്നു തോന്നുന്നു. പല ജീവിതങ്ങൾ ഒരു ജീവിതത്തിൽ തന്നെ ജീവിക്കാൻ ഫിക്ഷനിൽ മാത്രമല്ലേ കഴിയുകയുള്ളൂ. Literature of doom എന്നത് ഒരു അനിവാര്യതയാണെന്നും എന്നാൽ അതു മാത്രമായാൽ അത് സാഹിത്യത്തിന്റെ അന്ത്യമായിരിക്കും എന്നും സാഹിത്യത്തിൻ വേണ്ടി ഉഴിഞ്ഞ് വെക്കാത്ത ഒരു ജീവിതം വ്യർത്ഥമാണെന്നും, അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. 

50 വയസ്സിൽ മരിക്കുമ്പോൾ ബൊലാനോ കരൾ ദാതാവിനു വേണ്ടി കാത്തിരിക്കുകായിരുന്നു. തന്റെ സുഹൃത്തുക്കളുമായി 2666-നു വേണ്ട മെറ്റീരിയൽ ശേഖരിക്കാൻ ബൊലാനോ നിരന്തരം ബന്ധപ്പെട്ടിരുന്നു. പക്ഷേ, ഒരാളെ പോലും നോവലിന്റെ കൈയെഴുത്ത് കാണിച്ചിരുന്നില്ല. മരണശേഷം ആ മാനുസ്ക്രിപ്റ്റ് കണ്ട സുഹൃത്തുക്കൾക്കാർക്കും അത് പ്രസിദ്ധീകരണത്തിന് തയാറല്ല എന്ന് തോന്നിയില്ല. 

മടക്കയാത്രക്ക് എയർപോർട്ടിൽ എത്തി ചുറ്റി നടക്കുന്നതിനിടയിൽ, ഒരു കൃത്രിമ ചുമരിലേക്കു പടർത്തിയിരിക്കുന്ന ബോഗേൻ വില്ല പടർപ്പുകളുടെ മഞ്ഞയും വെള്ളയും പിങ്കും സമൃദ്ധി കണ്ട് ഞാൻ നിന്നു. അടുത്തിടയൊന്നും ഈ കടലാസു പൂച്ചെടി കണ്ടതായി ഓർക്കുന്നില്ലല്ലോ. നാട്ടിൽ എത്രയോ കണ്ടിരിക്കുന്നുവെങ്കിലും.

“ഇത് ബോഗേൻ വില്ലയല്ലേ?” ഞാൻ വെൻഡിയോട് ചോദിച്ചു.

ഇവൻ ആൾ കൊളളാമല്ലോ എന്ന മട്ടിൽ വെൻഡി എന്നെ നോക്കി. 

“നാലു മണിപ്പൂക്കളുടെ ബന്ധുവാണ്. വെളളമൊന്നും അധികം വേണ്ട. കൊല്ലം മുഴുവൻ പൂക്കളുണ്ടാകും. പക്ഷെ കൃത്രിമ ഇലകളും പൂക്കളുമാണെന്നേ തോന്നൂ.” വെൻഡി ഇലകൾ തൊട്ടു നോക്കിക്കൊണ്ട് പറഞ്ഞു. ഇലകൾ കടലാസായാലെന്ത്? കൃത്രിമമായലെന്ത്? ചിലപ്പോഴൊക്കെ അതിജീവനം മാത്രമാണ് കാര്യം.

ലോഞ്ചിൽ നീണ്ട ഇരിപ്പിനിടക്ക് വീണ്ടും കാണാം ദൂരക്കാഴ്ച്ചയിൽ പേടിപ്പെടുത്തുന്ന, ശവശരീരങ്ങൾ പ്രത്യക്ഷപ്പെടും എന്ന് ഉറക്കക്ഷീണത്തിനിടയിൽ ഞാൻ ഭാവന കണ്ട ആ മരുഭൂമി. ഞാൻ കണ്ണുകളടച്ചു. ഒരു പക്ഷെ കുറച്ചു മിനിട്ടുകളുടെ ഉറക്കം കിട്ടിയാലോ? ബോർഡിംഗ് അനൌൺസ്മെന്റ് കേട്ടാണ് ഉണർന്നത്. വെൻഡി എന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു. എയർപോർട്ടിലെ തിളങ്ങുന്ന വെയിലിൽ കോൺക്രീറ്റ് ടർഫിൽ അകലെ നിർത്തിയിരിക്കുന്ന വിമാനത്തിലെക്ക് വരി വരിയായി നടക്കുന്ന യാത്രക്കാർ. ഞാൻ വെൻഡിയോടൊപ്പം ആ വരിയുടെ ഏറ്റവും അവസാനത്ത് ചേർന്നു. ഒരു ആകാശക്കാഴ്ച്ചയിൽ ഞങ്ങൾ കുറേ ഉറുമ്പുകൾ വരി വരിയായി തങ്ങളുടെ കൂട്ടിലേക്ക് അരിച്ചരിച്ചു നീങ്ങുന്നതു പോലെയുണ്ടാവും.

ഒരു പൊലീസുകാരൻ എന്നെ കൈ കാണിച്ചു വിളിക്കുന്നു. ഒരു പക്ഷേ എന്നെ ആയിരിക്കില്ല. ഞാൻ ഇവിടെ ഒരു കമ്പനി ആവശ്യത്തിനു വന്നതാണ്. ഇതാ വേണമെങ്കിൽ വെൻഡിയോട് ചോദിച്ചു നോക്കൂ. ഇല്ല. അതിന്റെ ഒന്നും ആവശ്യം വന്നില്ല. അയാൾക്ക് എന്റെ പാസ്പോർട്ടും ടിക്കറ്റും കാണണം എന്നേ ഉണ്ടായിരുന്നുള്ളൂ. റാൻഡം ചെക്കിംഗ്. ഞാൻ അടർന്നു പോയ ഉറുമ്പുകളുടെ നിര വിമനത്തിലേക്കുളള അവരുടെ നടത്തം തുടരുന്നുണ്ടായിരുന്നു. ഒരു പക്ഷേ നൂറു പേരുണ്ടാകും. അവരിൽ നിന്ന് എന്നെ മാത്രം മാറ്റി നിർത്തിയത് എന്തു കൊണ്ടാകും? എനിക്ക് അറിയാവുന്ന ഉത്തരം തന്നെ. നാം പേറുന്ന മുദ്രകൾ.

എന്റെ സീറ്റിലേക്ക് നടക്കുമ്പോൾ വെൻഡി എന്നെ തലയുയർത്തി നോക്കി ചിരിച്ചു. ഒരിക്കൽ അവർ പറഞ്ഞത് ഞാനോർത്തു. അവർ ജർമൻ വംശജയാണ്. അവരുടെ കണ്ണുകളിൽ ആ വിശിഷ്ട നീല നിറം സൂക്ഷിച്ചു നോക്കിയാൽ കാണാമെന്ന്.

സീറ്റ് ബെൽറ്റിട്ടിരിക്കുമ്പോൾ ഫോക്നറുടെ വരികൾ മാത്രം എവിടെ നിന്നോ മനസ്സിലേക്കു വന്നു: “ഭൂതകാലം ഒരിക്കലും മരിക്കുന്നില്ല. സത്യത്തിൽ അത് ഭൂതകാലം പോലുമല്ല.” (The past is never dead. It’s not even past).

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS