പല തരം വൈറസുകള്‍

seashore
SHARE

കോവിഡ് വാക്സീൻ എടുത്തശേഷമുളള ഞങ്ങളുടെ ആദ്യ യാത്രയായിരുന്നു. നഗരങ്ങളും ബീച്ചുകളും പാർക്കുകളും മറ്റനേകം അവധിക്കാല സംവിധാനങ്ങളും ഭയരഹിതമായ ഒരു വേനൽക്കാലത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞുവെന്നൊക്കെ വാർത്തകൾ വന്നു കൊണ്ടിരുന്നത് മനുഷ്യരെ തങ്ങളുടെ വീട്ടു തടങ്കലുകളിൽ നിന്ന് പുറത്തു ചാടാൻ പ്രചോദിപ്പിച്ചു. എങ്കിലും ഹൂസ്റ്റനിൽ നിന്ന് രണ്ട് മണിക്കൂർ യാത്ര കഴിഞ്ഞ് ക്രിസ്റ്റൽ ബീച്ചെന്ന മോഹിപ്പിക്കുന്ന പേരുളള ഇടത്തെത്തുമ്പോൾ ഞങ്ങളുടെ മനസ്സ് പക്ഷേ തീർത്തും ആശങ്കാരഹിതമായിരുന്നില്ല. മാസ്ക് വെക്കുന്നതു പോലും ഒരു പൊളിറ്റിക്കൽ സ്റ്റെയ്റ്റ്മെന്റ് ആവുന്ന കാലമായിരുന്നു. വാക്സീൻ എടുക്കുന്നത് ഒരു ദാർശനിക പ്രശ്നവും. മരണവും മരുന്നും എന്ന ചിരപരിതിതമായ ദ്വന്ദ്വത്തിലെ യുക്തി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.

പക്ഷേ ഞങ്ങൾ താമസിക്കാൻ തിരഞ്ഞെടുത്ത വീടിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ക്രിസ്റ്റൽ ബീച്ചിൽ അത്തരം യാതൊരു ആശങ്കക്കും ഇടമില്ലായിരുന്നു. കടൽത്തീരം നിറയെ ആളുകൾ. പല നിറങ്ങളിലുളള ടെന്റുകൾ. ശക്തി കുറഞ്ഞ തിരകളിൽ തിമിർക്കുന്ന കുട്ടികൾ. സംഗീതം, ബിയർ, കടൽത്തീരത്തെ മണലിലൂടേ നിരനിരയായി നീങ്ങിക്കൊണ്ടിരുന്ന മോട്ടോർ സൈക്കിളുകളും, കാർട്ടുകളും, ജീപ്പുകളും. കടലിൽ അൽപം ദൂരെയായി നങ്കൂരമിട്ടിരിക്കുന്ന കൂറ്റൻ ചരക്കു കപ്പൽ. പുതിയ പ്രസിഡന്റിനെയും പഴയ പ്രസിഡന്റിനെയും പിന്തുണയ്ക്കുന്നവരുടെ ചെയ്യുന്നവരുടെ ബാനറുകൾ. കച്ചവടം എല്ലാം സാധാരണപോലെ.

എങ്കിലും മഹാമാരിയുടെ അദൃശ്യ സാന്നിധ്യം അവിടെയെവിടെയോ തങ്ങി നിൽക്കുന്നുണെന്ന് എനിക്കു തോന്നി. കൂടെ ജോലി ചെയ്തിരുന്ന ബെറ്റ്സിയുടെ അനുഭവം കേട്ടത് കുറച്ചു ദിവസം മുൻപായിരുന്നു. ദിവസേന 40 മിനിറ്റ് ഓടുകയും ഹൈക്കിംഗും നീന്തലും ടെന്നീസും ഒക്കെയായി ജീവിതത്തിൽ ഫിറ്റ്നസിനേക്കാൾ വിലപിടിപ്പുളള ഒന്നും തന്നെയില്ലെന്ന് വിശ്വസിച്ചിരുന്നു ബെറ്റ്സി. ഒരു ദിവസം പതിവു പോലെ വീടിനടുത്തുള്ള പാർക്കിൽ ഓടാൻ പോയതായിരുന്നു. പത്തു മിനിറ്റ് ഓടിക്കഴിഞ്ഞപ്പോൾ വല്ലാത്ത കിതപ്പു തോന്നി അൽപനേരം ഇരുന്നു. പിന്നെ എന്തു ചെയ്തിട്ടും എഴുന്നേൽക്കാൻ കഴിയുന്നില്ല. 

“എന്റെ കണ്ണു മഞ്ഞളിപ്പിച്ചു കൊണ്ടിരുന്ന സൂര്യനു താഴെ അങ്ങനെ തളർന്നിരുന്നപ്പോൾ മരണം എന്തായിരിക്കുമെന്ന് എങ്ങനെയായിരിക്കുമെന്ന് എനിക്ക് ശരിക്കും മനസ്സിലായി. ആരോ ക്ലിനിക്കിൽ എത്തിച്ച് പരിശോധിച്ചപ്പോൾ പോസിറ്റീവായിരുന്നു. അതിന്റെ ഫലമായുണ്ടായ ചെറിയ ഹൃദയാഘാതവും...“ ബെറ്റ്സി ഞങ്ങളോട് ഫോണിൽ കൂടി പറയുകയായിരുന്നു. അൽപം മുൻപ് അവരുടെ കോവിഡ്കാല ഫോട്ടോയും കോവിഡാനന്തര ഫോട്ടോയും ഞങ്ങളെ കാണിച്ചു തന്നിരുന്നു. തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരം രൂപ പരിണാമമായിരുന്നു എന്റെ സഹപ്രവർത്തകക്ക് സംഭവിച്ചത്. കുറച്ചു നേരത്തേക്ക് ഞങ്ങളുടെ കോൺഫറൻസ് കാളിൽ നിശബ്ദതയായിരുന്നു. ഞങ്ങൾ എന്തു പറയണമെന്ന് അറിയാതെ നിന്നു. “ഒരു യന്ത്രം എന്നെ വിഴുങ്ങിയ ശേഷം ജീവൻ മാത്രം ബാക്കിയാക്കിക്കൊണ്ട് എന്നെ ചവച്ചു തുപ്പിയതു പോലെയാണ്  കോവിഡിനു ശേഷം എനിക്ക് അനുഭവപ്പെട്ടത്. ഇപ്പോൾ ജോഗിംഗ് പോയിട്ട് ഒരു പത്തു മിനിറ്റ് പുറത്തിറങ്ങി നടക്കാൻ വയ്യാതായിരിക്കുന്നു. വല്ലാത്ത കിതപ്പ്. എന്നാലും ജീവൻ ബാക്കിയുണ്ടല്ലോ. എനിതിംഗ് ദാറ്റ് ഡസിന്റ്‌ കിൽ യു മെയ്ക്സ് യു സ്ട്രോംഗർ എന്നാണല്ലോ.“ ബെറ്റ്സി പറഞ്ഞു നിർത്തി.

intimations

ഇന്റിമേഷൻസ് എന്ന മനോഹരമായ സമാഹാരത്തിലെ, കോവിഡ് കാല കുറിപ്പുകളൊന്നിൽ സാഡി സ്മിത്ത് (Zadie Smith) ഒരു സംഭവം പറയുന്നുണ്ട്. ഒരു കൂടിനുള്ളില്‍ വര്‍ഷങ്ങളോളം കിടന്നിരുന്ന മനുഷ്യക്കുരങ്ങ് ഒടുവില്‍ കരിക്കട്ട കൊണ്ട് ഒരു ചിത്രം വരയ്ക്കുന്നു. ഒരു മനുഷ്യക്കുരങ്ങിന്റെ ജീവിതത്തെക്കുറിച്ചുളള നിരീക്ഷണങ്ങളും വെളിപാടുകളും നിറഞ്ഞ ചിത്രം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ ആ കുരങ്ങു വരച്ചത് തന്റെ കൂടിന്റെ അഴികളായിരുന്നു. കാരണം കൂട്ടിലകപ്പെട്ട ആ മൃഗത്തെ സംബന്ധിച്ചിടത്തോളം പ്രധാനം തന്റെ പാരതന്ത്ര്യവും മോചനത്തെക്കുറിച്ചുളള സ്വപ്നങ്ങളും തന്നെയായിരുന്നു എന്നുള്ളത് സത്യത്തില്‍ ഒരത്ഭുതവും ജനിപ്പിക്കേണ്ടതില്ല. 

കോവിഡ് കാലത്ത് അടച്ചിരുപ്പിന്റെ നീണ്ട ദിനരാത്രികളില്‍ തങ്ങളുടെ പ്രിയ പ്രൊജക്റ്റുകൾക്ക് സമയം കിട്ടിയ സന്തോഷത്തില്‍ മുറിക്കുളളിരുന്ന മനുഷ്യര്‍ ചിന്തിച്ചതും എഴുതിയതും പാടിയതും വരച്ചതുമെല്ലാം കോവിഡിനാനന്തര ലോകത്തെക്കുറിച്ച് തന്നെയായിരുന്നല്ലോ. അമേരിക്കന്‍ എക്സപ്ഷന്‍ എന്ന ലേഖനത്തില്‍ എങ്ങിനെയാണ് അമേരിക്കന്‍ ജനത കോവിഡിനെ അഭിമുഖീകരിച്ചത് എന്ന് സ്മിത്ത് പരിശോധിക്കുന്നു. വി ഡിഡിന്റ് ഹാവ് ഡെത് – ഞങ്ങള്‍ക്ക് ഈ മഹാമാരിക്കു മുന്‍പ് മരണമുണ്ടായിരുന്നില്ല എന്ന് പ്രസിഡന്റ് പറഞ്ഞതില്‍ നിന്നാണ് സ്മിത്തിന്റെ ആലോചനകള്‍ തുടങ്ങുന്നത്. 

‘അമേരിക്കക്കാർക്ക് മരണമുണ്ടായിരുന്നില്ല ഇതിനു മുന്‍പ് ‘എന്ന് പ്രസിഡന്റ് പറഞ്ഞതിനു പിന്നിലെന്താണ്? മരണം എല്ലാം മനുഷ്യര്‍ക്കുമുണ്ട്. പക്ഷേ, ഇതു പോലെ ജനാധിപത്യവാദിയായ മരണം പ്ലേഗിനു ശേഷം അമേരിക്ക കണ്ടിട്ടില്ല. എല്ലാ റജിസ്റ്റേര്‍ഡ് വോട്ടര്‍മാരേയും ഒരു പോലെ ബാധിച്ചത് എന്നാണ് സ്മിത്ത് വിശേഷിപ്പിക്കുന്നത്. അമേരിക്കയിൽ സാധാരണ ഗതിയിൽ മരണം അകാലത്തിൽ പിടികൂടുന്നത് കൂടുതലും പ്രിവിലജ്ഡ് അല്ലാത്തവരെ ആണ് എന്ന് സ്മിത്ത് എഴുതുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ അഭാവം, നിയമപാലകരെ, നിങ്ങള്‍ സമാധാനത്തിന് ഭീഷണിയാണെന്ന് തോന്നിപ്പിക്കുന്ന തൊലിയുടെ നിറം, അല്ലെങ്കിൽ, വെളളപ്പൊക്കത്തിന്റെ ഭീഷണി സദാ നേരിടുന്ന സ്ഥലങ്ങളിലെ പാര്‍പ്പിടം – ഇതെല്ലാം ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ജീവനെടുക്കുന്ന കാരണങ്ങളായേക്കാമെന്ന് സ്മിത്ത് നിരീക്ഷിക്കുന്നു.  

കോവിഡ് മഹാമാരി പക്ഷേ, സമത്വവാദിയായിരുന്നു.ബെവെര്‍ലി ഹിൽസില്‍ പാര്‍ക്കുന്ന താരത്തിനെയോ, ലൂയിസിയാനയിലെ ചതുപ്പു നിലങ്ങളില്‍ പാര്‍ക്കുന്നവരെയോ അത് വിവേചിച്ചു കണ്ടില്ല. കോവിഡ് കാലം എഴുത്തുകാരെ എഴുത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നിടത്തെത്തിച്ചത് സൂചിപ്പിച്ചു കൊണ്ട് സ്മിത്ത് എഴുത്ത് തനിക്ക് എന്താണ് എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. എന്തിനെഴുതുന്നു എന്ന ചോദ്യം വളരെ പഴക്കമുളളതാണ്. ‘ആത്മാവിന്റെ ഉദീരണങ്ങൾ രേഖപ്പെടുത്താനുളള ശ്രമം’ എന്നൊക്കെ പറഞ്ഞ് ചിലർ നമ്മെ പേടിപ്പിച്ചു കളയും! സ്മിത്തിന് ലോക്ഡൗൺ കാലത്ത് തോന്നിയത് ഇങ്ങനെയാണ്: എന്തെങ്കിലും ചെയ്യണമല്ലോ, സമയവും കളയണം—അതു കൊണ്ട് എഴുതുന്നു. Writing is just “something to do”.  

“ഒരു വ്യക്തി എന്ന നിലയിലുളള എന്റെ പരാജയങ്ങൾക്ക് പരിഹാരം എന്ന മട്ടിൽ ഞാൻ എഴുതുന്നു. സത്യത്തിൽ ബ്രെഡ് ഉണ്ടാക്കുന്നതും നോവൽ എഴുതുന്നതും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ല. രണ്ടും സമയം ചെലവഴിക്കാനുളള മാർഗങ്ങൾ. പക്ഷേ രണ്ടും സ്നേഹത്തിനു പകരം ആവുന്നുമില്ല. എങ്കിലും ഈ നശിച്ച കാലത്ത് ജീവിതത്തിന്റെ അർഥം എന്താണെന്നോ, ഈ ജീവിതത്തിൽ അനുവദിച്ചിട്ടുളള സമയം എങ്ങനെയാണ് അർഥപൂർണമായി ചെലവഴിക്കുക എന്നോ അറിയാത്തത് എനിക്കു മാത്രമല്ല എന്നത് എന്നെ ആശ്വസിപ്പിക്കുന്നു.” (“I do feel comforted to discover I’m not the only person on this earth who has no idea what life is for, nor what is to be done with all this time aside from filling it.”) 

തങ്ങളുടെ ഏകാന്തമായ എഴുത്തു ജോലിയെക്കുറിച്ചുളള ഉൽക്കണ്ഠ ഈ പുസ്തകത്തിൽ വേറെ പലയിടങ്ങളിലും ചിതറിക്കിടക്കുന്നുണ്ട്. പൊതുവേ തങ്ങളുടെ സ്വകാര്യമായ എഴുത്തു നിമിഷങ്ങളാണ് എഴുത്തുകാർ ഏറ്റവും കൂടുതൽ കാംക്ഷിക്കുന്നത്. പക്ഷേ, അടച്ചിരിപ്പു കാലത്ത് തങ്ങളുടെ മേൽ വന്നു പതിച്ച സമയത്തിന്റെ അതിരുകളില്ലാത്ത ഭൂഖണ്ഡം എഴുത്തുകാരെ കൂടുതൽ സർഗോന്മുഖരാക്കേണ്ടതിനു പകരം എഴുത്തു നിർത്തുന്നിടത്തേക്കാണ് കൊണ്ടു പോയതെന്ന് സ്മിത്ത് നിരീക്ഷിക്കുന്നു. മുഴുവൻ സമയം ഒരു വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട കാമുകർ പെട്ടെന്ന് പ്രണയത്തെ തന്നെ ചോദ്യം ചെയ്യുന്നതു പോലെ, അവധി ദിവസങ്ങൾ കൊതിച്ചിരുന്ന കുട്ടികൾ സ്കൂളിൽ പോകുന്നത്  സ്വപ്നം കാണുന്ന പോലെ. പെട്ടെന്ന് എല്ലാ കർമങ്ങളുടേയും നിഷ്ഫലത വെളിപ്പെടുന്നു. സമയം കളയുക എന്നതിൽ കൂടുതൽ ഈ ജീവിതത്തിൽ മറ്റൊന്നും സംഭവിക്കുന്നില്ല എന്ന ഇരുണ്ട ദർശനത്തിലേക്ക് മനുഷ്യൻ വഴുതി വീഴുന്നു.

രാത്രി എട്ടുമണിയോടെ പത്ത്–പതിനാറു പേരുളള ഞങ്ങളുടെ സംഘത്തിനു മുഴുവൻ അത്താഴം വാങ്ങിക്കാൻ ഞാനും മനോജും റസ്റ്ററന്റുകൾ അന്വേഷിച്ച് ഇറങ്ങി. പകൽ കണ്ട ബീച്ച് ടൗണേ അല്ലായിരുന്നു രാത്രി എട്ടു മണിക്ക്. റോഡിൽ തിരക്ക് നന്നേ കുറവ്. മിക്കവാറും എല്ലാ കടകളും അടഞ്ഞു കിടക്കുന്നു. ഗ്യാസ് സ്റ്റേഷൻ നടത്തുന്ന പഞ്ചാബി ഒന്നൊന്നര മണിക്കൂർ ദൂരത്തിൽ, ഫെറിയൊക്കെ പിടിച്ചു പോയാൽ കുറേക്കൂടി വലിയ ഒരു ടൗണിലെത്തുമെന്നും അവിടെ സദാ തുറന്നിരിക്കുന്ന റസ്റ്ററന്റുകളുണ്ടെന്നും പറഞ്ഞു. എങ്കിലും ഞങ്ങള്‍ പ്രതീക്ഷ വിടാതെ ഗൂഗിൾ മാപ്പ് കാണിച്ചു തരുന്ന വഴികളിലൂടെ പിന്നെയും കറങ്ങി. ഒടുവിൽ ഒരു വയലിനു നടുക്കുളള, കണ്ടാൽ വീടു പോലിരിക്കുന്നിടത്തെത്തി. ഒരു മണിക്കൂർ കാത്തിരിപ്പ്. സിനിമ ടിക്കറ്റ് കൗണ്ടർ പോലുള്ള ഒരു കിളി വാതിലിലൂടെ പറയുന്ന കാര്യങ്ങൾ ഒന്നും വ്യക്തമല്ല. ഒരു പരിചയവുമില്ലാത്ത ഭക്ഷണ സാധനങ്ങള്‍. നാല്‍പ്പത്തഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോള്‍ ഒരാള്‍ പുറത്ത് വന്ന് ‘റസ്റ്ററന്റ് ക്ലോസ്ഡ് ‘എന്ന് ബോർഡിൽ എഴുതി വച്ചു. കിളിവാതില്‍ അടഞ്ഞു. 

“ഈ വൈറസ് നമ്മുടെ ശരീരത്തെ രോഗമായി മാത്രമല്ല ബാധിക്കുന്നത്, വിശപ്പായുമാണ്.” തിരിച്ച് ഡ്രൈവ് ചെയ്യുമ്പോൾ മനോജ് എന്നോട് പറഞ്ഞു. “സാരമില്ല,പ്രാതലിനുളള ബ്രെഡും മുട്ടയും ഒക്കെ ഡിന്നറാക്കാം. ഒരു ദിവസം പിളേളര്‍ അതൊക്കെ കഴിച്ചാല്‍ മതി.”  ഞങ്ങള്‍ ചിരിച്ചു. 

വിജനവും പ്രകാശം കുറഞ്ഞതുമായ തെരുവുകൾ പിന്നിട്ട് ബീച്ചിനടുത്തെത്തിയപ്പോൾ കാഴ്ച്ചകൾ വീണ്ടും മാറി. ചുകപ്പും നീലയും ഒക്കെ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ബൈക്കുകളും ജീപ്പുകളും കടലിനു സമാന്തരമായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഒരു പരേഡ് പോലെ. തലയോട്ടിയും തോക്കും കത്തിയൂം ഒക്കെ ടാറ്റൂ കുത്തിയ വലിയ മനുഷ്യർ. വാഹനങ്ങളിൽ നാട്ടിയ കൊടികളിൽ ഞങ്ങൾക്ക് അജ്ഞാതമായ എന്തൊക്കെയോ ചിഹ്നങ്ങൾ. “മാസ്ക് ധരിച്ച ഒരാൾ പോലും ആ കൂട്ടത്തിലില്ലല്ലോ” സുഹൃത്തുക്കളിലാരോ ബാൽക്കണിയിൽ നിന്ന് അവരെ നോക്കിക്കൊണ്ട് പറഞ്ഞു. 

എങ്കിലും പതുക്കെപ്പതുക്കെ ബൈക്കുകളുടെ ശബ്ദം അകന്നു പോയി. കടൽ മാത്രം ബാക്കിയായി. കടലിനു മുകളിൽ, ഇരുണ്ട ആകാശത്ത് മേഘങ്ങൾക്കുള്ളിൽ നിന്ന് പുറത്തു വന്ന ചന്ദ്രന്റെ തിളക്കം ഭീഷണിയുടേതായി തോന്നി. കുറച്ചു നേരം കോവിഡ് കാലത്തിന്റെ അടച്ചിരുപ്പിനു ശേഷം പുറത്തിറങ്ങിയ ഞങ്ങൾക്ക് അപരിതമായി തോന്നിയ ആ തിളക്കം നോക്കിക്കൊണ്ട് നിന്നു. വൈകാതെ, ഇരുണ്ട മേഘങ്ങൾ ആ കാഴ്ചയും മറച്ചു.  വിചിത്രമായ ഒരു ദിവസത്തെ പിന്നിലാക്കിക്കൊണ്ട് ഞങ്ങളും കിടപ്പു മുറികളിലേക്ക് പിൻവാങ്ങി. 

പിറ്റേന്ന് വൈകുന്നേരം ശാന്തമായിരുന്നു. ഞങ്ങള്‍ കടല്‍ത്തീരത്തു കൂടെ നടന്നു. സൂര്യന്‍ അതിന്റെ എല്ലാ വര്‍ണപ്പൊലിമയോടും കൂടെ ഞങ്ങല്‍ക്കു മുന്നില്‍. തിര കുറഞ്ഞ കടല്‍. അതിലെക്ക് കൊക്കു മുട്ടിക്കുന്ന പക്ഷികള്‍. തിരകളിലേക്കു നീണ്ടു കിടക്കുന്ന മരപ്പാലത്തിന്റെ ചാപം. എനിക്ക് Ko Un എഴുതിയ വരികള്‍ ഓര്‍മ വന്നു:

Today may be a trivial day

The day someone is being born,

Someone is leaving

Someone waiting

Today, too, the glow of the setting sun is glorious.      

തിരിച്ചു പോരാൻ രാവിലെ കാറിലേക്ക് സാധനങ്ങൾ എടുത്ത് വെക്കുന്നതിനിടയിൽ പെട്ടെന്ന് ഒരു വാഹനം വന്ന് തൊട്ടടുത്ത് നിർത്തി. അതിൽ നിന്ന് കൗമാരപ്രായക്കാരയ രണ്ടു പേർ ഒരു ചെറിയ മാലപ്പടക്കം റോഡിലെക്കെറിഞ്ഞ്  ഞങ്ങളെ നോക്കി എന്തോ വിളിച്ചു പറഞ്ഞ് ധൃതിയിൽ ഓടിച്ചു പോയി. പടക്കത്തിന്റെ ശബ്ദത്തിനിടക്ക് വാക്കുകൾ പൂർണമായും വ്യക്തമായില്ല. ‘Take it എന്നോ മറ്റോ ആണ് വിളിച്ചു പറഞ്ഞതെന്ന് മാത്രം തിരിഞ്ഞു. 

കോവിഡും നമ്മോട് അതു തന്നെയാണ് പറയുന്നത് എന്ന് എനിക്കു തോന്നി – Take it.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS