രണ്ടാം വരവിൽ പറയുന്ന അപ്രിയ സത്യങ്ങൾ

nri-home
പ്രതീകാത്മക ചിത്രം.
SHARE

‘തിരിച്ചെത്തിയപ്പോൾ ഒന്നും മാറിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. കാഴ്ചകളും നിറവും മണവും എല്ലാം. പക്ഷേ, യാഥാർഥ്യം മറ്റൊന്നായിരുന്നു; മാറ്റം സംഭവിച്ചിരിക്കുന്നത് എന്നിൽ മാത്രാമാണെന്ന്’–1940ൽ ഇഹലോക വാസം വെടിഞ്ഞ അമേരിക്കൻ നോവലിസ്റ്റ് ഫ്രാന്‍സിസ് സ്കോട് ഫിസ് ജെറാൾഡിന്റെ എഴുത്തിൽ നിന്നുള്ള വരികളാണിത്. എന്നാൽ, കോഴിക്കോട് വടകര സ്വദേശി വിജയകുമാറിന്റെ ജീവിതത്തിൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. 35 വർഷത്തിന് ശേഷം പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് എല്ലാം മനസിലായി. താനൊഴിച്ച് എല്ലാം മാറിയിരിക്കുന്നു. നാടും വീടും പ്രിയപ്പെട്ടവരും നാട്ടുകാരുമെല്ലാം.

‘എന്തോ ആർക്കും നമ്മളെ വേണ്ടാത്ത പോലെ’... നിറഞ്ഞ കണ്ണുകളോടെ വിജയകുമാർ തുടർന്നു: മുപ്പത്തിയഞ്ച് വർഷത്തിനിടയ്ക്ക് രണ്ട‌ോ മൂന്നോ വർഷം കൂടുമ്പോൾ മുപ്പതോ നാൽപതോ ദിവസത്തെ അവധിക്ക് പോകും. അപ്പോൾ പ്രകടിപ്പിച്ചിരുന്ന സന്തോഷം ആരിൽ നിന്നുമുണ്ടായില്ല. ഇത് ഒടുക്കത്തെ പോക്കായിരുന്നല്ലോ. ഭാര്യയും മൂത്ത മകളും മകനുമെല്ലാം അറിയാതെ അനിഷ്ടം പ്രകടിപ്പിച്ചു തുടങ്ങി. മകളുടെ വിവാഹ സമയത്ത് നൽകിയ വാഗ്ദാനം തികച്ചും പാലിക്കാൻ സാധിച്ചിരുന്നില്ല. പറഞ്ഞുറപ്പിച്ചിരുന്ന സംഖ്യയിൽ ഒരു ലക്ഷം കൂടി ബാക്കി നൽകാനുണ്ട്. ഏറെ നാളുകൾക്ക് ശേഷം അച്ഛനെ കണ്ട അവൾ ആദ്യം ചോദിച്ചത് ആ സംഖ്യ ഇപ്രാവശ്യം അനിലേട്ടന് കൊടുക്കാൻ പറ്റുമല്ലോ അല്ലേ അച്ഛാ എന്നായിരുന്നു. 

ഷാർജയിലെ ചെറിയൊരു കമ്പനിയുടെ വെയർഹൗസ് കീപ്പർ മാത്രമായിരുന്നു ഞാനെന്നും കമ്പനി നഷ്ടത്തിലായതിനാൽ പൂട്ടിയെന്നും പിരിയുമ്പോൾ വലിയ സംഖ്യ കിട്ടിയിരുന്നില്ലെന്നുമൊന്നും വിശദീകരിക്കാൻ നിന്നില്ല. അതു അച്ഛൻ എങ്ങനേലും കൊടുക്കും മോളേ എന്ന് പറഞ്ഞപ്പോൾ മോക്ക് സന്തോഷായി. കൈയിലുണ്ടായിരുന്നതും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ചില്ലറയും എണ്ണി തിട്ടപ്പെടുത്തി അതു കൊടുത്തു തീർത്തു. എന്നാൽ ഏറെ സങ്കടപ്പെടുത്തിയത് ഡി– ഫാമിന് പഠിക്കുന്ന കൗമാരക്കാരനായ മകന്റെ പ്രതികരണമായിരുന്നു.

അച്ഛൻ മുപ്പത്തിയഞ്ച് വർഷം ആടെ നിന്നിട്ട് എന്താ ഒണ്ടാക്കിയത്? എനിക്ക് ഇഷ്ടപ്പെട്ട കോഴ്സ് പോലും പഠിക്കാനായില്ല.. എന്നിട്ടിപ്പം വന്നിരിക്കുന്നു, വെറും കൈയോടെ..

ഗൾഫിൽ നിയമാനുസരണം ജോലി ചെയ്യാൻ ഇനി രണ്ട് വർഷമേ ബാക്കിയുള്ളൂ. ഏതായാലും പ്രിയപ്പെട്ടവരുടെ ഇടയിൽ സ്വസ്ഥമായ ഒരു ജീവിതം ഇനി സാധ്യമല്ലെന്ന് മനസിലാക്കി സന്ദർശക വീസയിൽ ഒരാഴ്ച മുൻപ് തിരികെ യുഎഇയിലെത്തി.

നാട്ടിൽ എത്ര നാൾ നിന്നു?

കഷ്ടിച്ച് ഒരു മാസം...

ഇനി?

ഒരു ജോലി കണ്ടുപിടിക്കണം.. മോനൊന്ന് സഹായിക്കണേ..

ചായക്കടയിൽ നിന്ന് നീട്ടിയ ചൂടു ചായ ഒറ്റവലിക്ക് കുടിച്ച് നടകളിറങ്ങി വിജയകുമാർ എന്ന സ്ഥിരം പ്രവാസി കൊടുങ്കാറ്റിൽപ്പെട്ട തെങ്ങുപോലെ ആടിയാടി നടന്നുനീങ്ങി.

പിഴുതു കൊണ്ടു പോകുന്നു വീടും

ദൃശ്യമനോഹരവും ശാന്ത സുന്ദരവുമായ ഒരു പ്രദേശത്തെ കൺമുന്നില്‍ യന്ത്രക്കൈകൾ കാർന്നുതിന്നുന്നത് കാണാൻ കരുത്തില്ലാതെ ഉരുകിത്തീരുന്ന ഒരു പറ്റം മനുഷ്യർ. ഇക്കൂട്ടത്തിലൊരു മുൻ പ്രവാസിയും. തൃശൂർ ചേലക്കര പഞ്ചായത്തിലെ അനധികൃത ക്വാറി മൂലം നഷ്ടപ്പെടാൻ പോകുന്നത് മൂന്ന് പതിറ്റാണ്ടിലേറെ കാലം മരുഭൂമിയിൽ അധ്വാനിച്ച് സ്വന്തമാക്കിയ താമസിക്കുന്ന വീടും. നാട്ടിൽ ചെറിയ എന്തെങ്കിലും ജോലി ചെയ്ത് ബാക്കി ജീവിതം കഴിച്ചുകൂട്ടണം എന്ന ചിന്തയോടെ തിരിച്ചുപോയെങ്കിലും അനധികൃത ക്വാറി അടക്കം അവിടുത്തെ പ്രശ്നങ്ങൾ മൂലം വീണ്ടും പ്രവാസലോകത്തെത്തിയിരിക്കുകയാണ് തൃശൂർ ചേലക്കര ആലായ്ക്കൽ അബ്ദുൽ അസീസ്.

Abdhul-asees
അബ്ദുൽ അസീസ്.

ഇദ്ദേഹം പങ്കുവയ്ക്കുന്നത് തന്റെ വീട് നഷ്ടപ്പെടുന്നതിലുള്ള ആശങ്കയല്ല, മറിച്ച് നമ്മുടെ നാടിനെ തന്നെ പ്രകൃതി ദുരന്തത്തിലേയ്ക്ക് തള്ളിവിടുന്ന ദുരവസ്ഥയെയും വരാനിരിക്കുന്ന ദുരന്തങ്ങളെയുമാണ്. ആ ആശങ്കകൾ അസ്ഥാനത്തല്ലെന്നും പ്രകൃതിയോട് മനുഷ്യൻ കാണിക്കുന്ന അനീതി മൂലം കാലവർഷം താണ്ഡവമാടുകയാണെന്നും ഒാർമപ്പെടുത്തുന്നു. മൂന്നു പതിറ്റാണ്ടോളമുള്ള പ്രവാസ ജീവിതം മതിയാക്കി മടങ്ങുകയായിരുന്നു 57കാരൻ. പക്ഷേ, പരിസ്ഥിതിലോല പ്രദേശമായ  തൃശൂർ ചേലക്കര പഞ്ചായത്തിലെ നാട്യൻ ചിറയിലെത്തിയപ്പോൾ കണ്ട കാഴ്ചകൾ കരളലിയിക്കുന്നതായിരുന്നു. അനധികൃത ക്വാറി നാടിനെയാകെ കരണ്ടു തിന്നുന്നു!

2014 ജനുവരി 14ന് ക്രഷർ യൂണിറ്റിന് വേണ്ടിയുള്ള യന്ത്രങ്ങളെത്തിയപ്പോൾ ജനങ്ങൾ അതിനെ തടഞ്ഞതാണ്. 2016 ഫെബ്രുവരിയിൽ നിരാഹാരവും കുത്തിയിരിപ്പും നടത്തി. തുടർന്ന് പഞ്ചായത്ത് എല്ലാം നിർത്തിവച്ചിരുന്നു. ഗ്രാമസഭയിലും മറ്റും എല്ലാവരും ഒന്നിച്ചു നിന്നു. 2015 എൽഡിഎഫ് സർക്കാർ ഭരണം അധികാരത്തിലെത്തിയപ്പോൾ ക്രഷറി യൂണിറ്റിനും ടാറിങ് പ്ലാന്റിനും അനുമതി നൽകി. ഇതേ വർഷം ക്വാറി ഉടമ പൊതു പാത നിർമിക്കാനെന്ന പേരിൽ കോടതിയിൽ നിന്ന് ഉത്തരവ് സ്വന്തമാക്കിയിരുന്നു. അയൽ പ്രദേശങ്ങളുടെ സുരക്ഷ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ കാര്യങ്ങളിലൊക്കെ പൂർണ ഉത്തരവാദിത്തമേറ്റായിരുന്നു ഇൗ ഉത്തരവ് നേടിയത്. 

എന്നാൽ, ക്വാറി ഇന്നും പ്രവർത്തിക്കുന്നു. റവന്യൂ പുറംപോക്കായ 15 ഏക്കർ സ്ഥലത്തെ ക്വാറി പ്രവർത്തനം കാരണം അബ്ദുൽ അസീസിന്റേതടക്കം ചുറ്റുവട്ടത്തെ നൂറ്റമ്പതോളം വീടുകൾക്ക് വിള്ളലുണ്ടായിക്കഴിഞ്ഞു. കൽചീളുകൾ വീടുകളിൽ പതിക്കുന്നതിനാൽ ജീവൻ ഭയന്നാണ് കഴിയുന്നത്. മരുഭൂമിയിൽ അധ്വാനിച്ചുണ്ടാക്കിയ വീട് തകരുന്നത് കാണുമ്പോൾ ഇൗ പ്രവാസിയുടെ ഹൃദയം പൊട്ടിപ്പോകുന്നു. ക്വാറിയിൽ നിന്നുയരുന്ന പുകയും പൊടിപടലങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ചെറുതല്ല. കഴിഞ്ഞ മഴക്കാലത്ത് രണ്ടു തവണ ഉരുൾപ്പൊട്ടിയ പ്രദേശമാണിത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സർക്കാർ സ്ഥലം അതിക്രമിച്ചുള്ള ഖനനം മൂലമാണിതെന്ന് കണ്ടെത്തി. 80 ലക്ഷം രൂപയോളം പിഴ ചുമത്തി റിപോർട്ട് നൽകി. പക്ഷേ, ഉദ്യോഗസ്ഥരുടെ  ഒത്താശയോടെ ക്വാറി പ്രവർത്തനം തുടര്‍ന്നു. 

കഴിഞ്ഞ വർഷം പ്രളയത്തിൽ ഒട്ടേറെ വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞു. വീടും സമ്പത്തും നഷ്ടപ്പെട്ടു. വൻ നാശനഷ്ടമുണ്ടായി. എന്നിട്ടും നമ്മൾ പഠിച്ചില്ല. ഇപ്രാവശ്യവും മഴക്കെടുതി ശക്തമാണ്. ഇതിനകം നൂറോളം ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മലയാളികൾ കൈകോർക്കുന്നു. പ്രവാസ ലോകത്തും പ്രവർത്തനം സജീവമാകുന്നു. എല്ലാം നഷ്ടപ്പെട്ടവർക്ക് ഇനിയൊരിക്കലും അതൊന്നും തിരിച്ചു കിട്ടില്ലെങ്കിലും ശാന്തമായ തുടർ ജീവിതത്തിന് ഇതെല്ലാം അനിവാര്യമാണ്. പക്ഷേ, ഇത്തരത്തിലുള്ള അസീസുമാരുടെ രോദനത്തിന് അധികൃതർ കാതു കൊടുക്കാത്തിടത്തോളം കാലം ദുരന്തങ്ങൾ ഇനിയും നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കും.

ബാചിലേഴ്സ് ഫ്ലാറ്റ്: ഖുർബാനി

തറവാട്ടു മുറ്റത്തെ പൂച്ചെടികളിൽ പലതും തീൻമേശയിൽ ബാക്കിയായ മീൻ മുള്ളുപോലെയായി. അയൽപക്കത്തെ ആ സുന്ദരിയാട് എല്ലാത്തിനേയും നന്നായി സ്നേഹിച്ചുകൊണ്ടിരിക്കുന്നു. ചവയ്ക്കുമ്പോൾ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഇടയ്ക്കിടെ തലയുയർത്തി നോക്കുന്നുമുണ്ട്. ഡാലിയയും സീനിയയുമൊക്കെ ആസ്വദിച്ച് ശാപ്പിടുകയാണ് നല്ല വെളുപ്പിൽ കറുത്ത പെയിന്റ് മറിഞ്ഞപോലത്തെ വടിവൊത്ത ശരീരമുള്ള ആ പെണ്ണാട്. കുറച്ചു ദിവസം മുൻപ് ദൂരെ ചങ്ങാതിയുടെ വീട്ടിലേയ്ക്ക് സൈക്കിൾ ചവിട്ടി പോയി കഷ്ടപ്പെട്ടു കൊണ്ടുവന്ന് നട്ട ചെടികളാണ്. കഴിഞ്ഞ ദിവസം മുതലാണ് പൂവിടാൻ തുടങ്ങിയത്. അതു കണ്ട് കൊതിതീരും മുൻപേ..! 

ഞാൻ ഒാടിച്ചെന്ന് വീണുകിടക്കുന്ന ചുള്ളിക്കമ്പെടുത്ത് ആടിനെ എറിഞ്ഞു. അത് ബ് ബേ ബേ നിന്നെ പിന്നെ കണ്ടോളാമെടാ.. എന്ന് പ്രാകിക്കൊണ്ട് ഒരൊറ്റയോട്ടം. വേണ്ടായിരുന്നു, മിണ്ടാപ്രാണിയല്ലേ.. ചെടി ഇനിയും കൊണ്ടുവന്ന് നടാമല്ലോ  എന്ന് ഒാർത്ത് അതു നോക്കി നിന്നു. 

ഞെട്ടി എണീറ്റു പകച്ചു നോക്കിയപ്പോൾ, അൽതവാറിലെ വില്ലയ്ക്ക് പുറത്ത് നിന്ന് ബ് ബ് ബേ.. എന്ന ദീനമായ കരച്ചിലുയരുന്നു.

എണീറ്റ് പല്ലുതേച്ച് കുളിച്ച് ഒാഫീസിലേയ്ക്ക് പുറപ്പെടും വരെ ബ് ബ് ബേ കരച്ചിൽ നിലച്ചിരുന്നില്ല. 

പിറ്റേന്നും അതിന് പിറ്റേന്നും ചുള്ളിക്കമ്പേറ്റെന്ന പോലെ കരച്ചിൽ തുടർന്നു. അതു കേള്‍ക്കാതെ ഉറക്കം വരില്ലെന്നായി.

ഒരു ദിവസം കരച്ചിൽ നിന്നു. അന്ന് രാത്രി പെട്ടെന്നൊന്നും ഉറക്കമേ വന്നില്ല.

രാവിലെ വില്ലയുടെ പാക്കിസ്ഥാനി കാവൽക്കാരൻ ഒരു പൊതിയുമായി വരുന്നു.

ഭായ്.. ഖുർബാനി കാ ഗോഷ്ത്..

ബലിമാംസം വാങ്ങാതിരിക്കരുതല്ലോ. 

പക്ഷേ, ചുള്ളിക്കമ്പ് കൊണ്ട് അടി കിട്ടിയ സുന്ദരി പെണ്ണാടിന്റെ കരച്ചിൽ എവിടെ നിന്നോ  മരുക്കാറ്റിലൂടെ വന്ന്  കാതിനെ പൊള്ളിച്ചു.

sadiqkaavil@gmail.com, whatsapp: +971 55 3233 836.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ