ഇവരെന്തിനു മരണത്തിേലേയ്ക്ക് എടുത്തു ചാടി?

joy-asokan-naushad
ജോയ് അറയ്ക്കൽ, അശോകൻ, നൗഷാദ് അലി
SHARE

മഹാമാരിക്കാലത്ത് മലയാളി സമൂഹത്തെ ഞെട്ടിപ്പിച്ചുകൊണ്ടുള്ള മരണങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടു തുടങ്ങുന്നതിൽ ഖേദമുണ്ട്. പക്ഷേ, കോവിഡ്19 വ്യാപനത്തിന്റെ ആരംഭം മുതൽ ഇപ്പോഴും വിവിധതരം അസ്വസ്ഥതകളാൽ വീർപ്പുമുട്ടുന്ന ഇന്ത്യക്കാർ നമുക്കു ചുറ്റുമുണ്ടെന്നും അവരെ സാന്ത്വനിപ്പിക്കാനുള്ള ഒരു പദ്ധതിയും ഇന്ത്യൻ സർക്കാരുകളോ ഗൾഫിലുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളോ സ്വീകരിച്ചിട്ടില്ല എന്നുമുള്ള യാഥാർഥ്യം വിസ്മരിച്ചുകൂടാ.  

ബഹുനില കെട്ടിടങ്ങളിൽ നിന്നു ചാടി ജീവനൊടുക്കിയ മൂന്നു മലയാളികളെ ആദ്യം തന്നെ ഒാർത്തുകൊള്ളട്ടെ. ഇതിൽ രണ്ടു പേരുടെ മരണം കോവിഡ് ഭീതിമൂലമാണെന്നു പറയാം. ഒരാൾ ഇൗ പശ്ചാത്തലത്തിൽ ബിസിനസ് തകർച്ച ഭയന്നും. ‌കൊല്ലം സ്വദേശി അശോകൻ, വയനാട് സ്വദേശി ജോയ് അറയ്ക്കൽ, മലപ്പുറം സ്വദേശി മുഹമ്മദ് ഫിർദൗസ് എന്നിവർ. എന്നാൽ, മുഹമ്മദ് ഫിർദൗസിന്റേതാണ് ഒടുവിൽ നടന്ന മരണം. ഇയാളെ നാട്ടിൽ‍‍ എത്രയും പെട്ടെന്ന് എത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇൗ മരണം ഒഴിവാക്കാനാകുമായിരുന്നു എന്നു ബന്ധുക്കൾ ഇന്നും ഖേദിക്കുന്നു.  കോവിഡ് ബാധിതനും മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നയാളാണ് ഇൗ യുവാവ്. കോവിഡിനെ തുടർന്ന് നിർത്തലാക്കിയിരുന്ന വിമാന സർവീസ് വന്ദേഭാരത് മിഷൻ പദ്ധതിയിലൂടെ പുനരാരംഭിച്ചപ്പോൾ, ഇയാളെ നാട്ടിലെത്തിക്കുന്നതിനായി  ഇന്ത്യൻ എംബസിയുടെ വെബ് സൈറ്റിൽ പേര് റജിസ്റ്റർ ചെയ്ത് ബന്ധുക്കൾ കാത്തിരുന്നു. എന്നാല്‍ യാത്രയ്ക്ക് അവസരം ലഭിക്കും മുൻപേ ദെയ്റ നായിഫിലെ കെട്ടിടത്തിൽ നിന്ന് മരണത്തിന്റെ അഗാധതകളിലേയ്ക്ക് ചാടിക്കളഞ്ഞു!

അകാരണമായി ഭയം കൊണ്ടു നടക്കുന്നവരും മാനസി അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവരുമായ ഇന്ത്യക്കാർ മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ ഗൾഫിൽ ഒട്ടേറെയുണ്ടായിരുന്നു.  കോവിഡ് വൈറസുകള്‍ തന്നെ പിടികൂടാനെത്തുമെന്ന് ഭയന്നാണ് അശോകൻ ജബൽ അലിയിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് ചാടിയത്. രക്തത്തിൽ കുളിച്ചുകിടന്ന പ്രിയകൂട്ടുകാരന്റെ ചേതനയറ്റ ശരീരം കുടെ താമസിച്ചിരുന്നവർക്ക് ഞെട്ടലോടെ നോക്കിനിൽക്കാനേ സാധിച്ചുള്ളൂ.

എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതായിപ്പോകും എന്ന അനാവശ്യ ഭയമായിരുന്നു വയനാട് സ്വദേശിയായ ബിസിനസുകാരൻ ജോയ് അറയ്ക്കലിനെ മരണത്തിലേയ്ക്ക് തള്ളിയിട്ടത്. ഇൗ മരണം പലരെയും ഇരുത്തി ചിന്തിപ്പിച്ചിരിക്കാനാണ് സാധ്യത.

തൊഴിൽ നഷ്ടപ്പെട്ടതും മാനസികാസ്വാസ്ഥ്യവുമടക്കം പലതരം പ്രശ്നങ്ങളാൽ ജോലി ചെയ്യാനാകാതെ കോവിഡ് കാലത്ത് ഒട്ടേറെ മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. ഇവരിൽ ചിലർ പിന്നീട് തിരിച്ചുവന്നുവെങ്കിലും മറ്റു പലർക്കും കുടുംബത്തെ വിട്ടു വരാൻ മടിയുണ്ട്. ലോക് ഡൗൺ കാരണം ഉപജീവനം കണ്ടെത്താനാകാതെ പലരും പട്ടിണിയിലുമാണ്. പ്രതിസന്ധികളിൽപ്പെട്ടു ഗൾഫില്‍ നിന്നു നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ പ്രവാസികളെ എന്നും ചേർത്തുനിർത്തിയിട്ടുള്ള പിണറായി വിജയൻ നേതൃത്വം നൽകുന്ന പുതിയ മന്ത്രിസഭ പ്രത്യേക താത്പര്യം കാണിക്കുമെന്നാണ് പ്രതീക്ഷ.

പ്രവാസിയുടെ അഡ്വാൻസ് സാലറി 

                  

''അബടെ ലോക് ഡൗണൊക്കെ തീർന്നൂല്ലേ? ദുബായ് ഉസാറായിക്കി എന്ന് വാട്സാപ്പില് വാർത്ത കണ്ട്. ഇപ്പം ബെല്യ നെയന്ത്രണം ല്ലാണ്ടായില്ലേ, നന്നായിട്ടാ. അതാ ഞാമ്പറഞ്ഞേ, കോവി‍ഡെന്നും കീവിഡെന്നും പറഞ്ഞ് പേടിച്ച് ഒാടിച്ചാടി ബരണ്ടാന്ന്.  പിന്നേ, പണിക്കൊക്കെ പൂവാൻ തൊടങ്ങിയോ? ഇനി ധൈര്യായി പൂവാല്ലോ.. ആശ്വാസായി. ശമ്പളം കൃത്യായി കിട്ടുന്നതെന്നെ ബെല്യ നസീബാ. എല്ലാർക്കും സന്തോഷോം സമാധാനോമാകും. കൈഞ്ഞ കൊറേ മാസം കാര്യായിട്ട് അയക്കാത്തോണ്ട് ഇൗട് ത്തെ കാര്യല്ലം ആകെ ഗുലുമാലായത് ഒാർമേണ്ടല്ലോ. ചിക്കനും ബീഫും കറിവച്ചിട്ട് പോലും എത്ര കാലായി!. പുള്ളാർക്കാണേല് ചിക്കനില്ലാതെ ഒരുരുള ചോറ് ഇറങ്ങൂല. പിന്നെ, ആട് ത്തെ പോലെ ഇൗടേം വെള്ളിയാഴ്ചയോ ഞാറാഴ്ചയോ ബിര്യാണി ബെച്ചില്ലേല് അയൽവാസികള് എന്ത് വിചാരിക്കും. ടൗണില് പൂവാറില്ലേലും ഇപ്പംല്ലാം ഒാൺലൈനായും എത്തുന്നുണ്ടല്ലോ. 

അപ്പോ പിന്നെ, വേറൊന്നൂംല്ല. ഒാഫീസിന്ന് അഡ്വാൻസ് സാലറി വാങ്ങി വൈകാതെ അയച്ചു തരണേ. ഒരു കാര്യം ചോയിക്കാൻ മറന്നുട്ടാ,  റൂമിലൊരാൾക്ക് കോവിഡ്ണ്ടായിരുന്ന്ന്ന് പറഞ്ഞീരുന്നല്ലോ, അയാക്ക് സുഖായിരിക്കും ല്ലേ? ഇങ്ങള് വല്ല ലോഡ് ജിലോ മറ്റോ മാറിത്താമസിച്ചിരിക്കൂംന്ന് ഞമ്മക്കറിയാം. ആള് പണ്ടേ ഒരു പേടിത്തൊണ്ടനല്ലേ..ഹഹഹ. 

അപ്പോ അഡ്വാൻസ് സാലറി മറക്കേണ്ടട്ടോ...'' 

 

ALAJAM-BUS

മദീനാ റോഡിന് കുറുകെ കടന്ന 'അലജം' ഡ്രൈവർ!

ഫ്ലാറ്റിലെത്തിയിട്ട് വേണം ഉച്ച ഭക്ഷണം കഴിക്കാൻ. സമയം ഇപ്പോഴേ മൂന്ന് കഴിഞ്ഞിരിക്കുന്നു. 'അലജം' മിനി ബസിലാണ് ഞാൻ. ഇഖാമ അടിച്ചുപോകല്ലേ എന്ന് ഭയന്ന് ഒരു കൈ പാന്റ്സിന്റെ പോക്കറ്റിനെ തഴുകിക്കിടക്കുന്നു. ജിദ്ദ നഗരപ്രാന്തത്തിലെ സൈക്കിൾ റൗണ്ടെബൗട്ട് കഴിഞ്ഞാൽ എനിക്കിറങ്ങണം. ഞാൻ പുറം ലോകത്തേയ്ക്ക് കണ്ണുംനട്ടിരുന്നു. 

അലജം ബസ് തിരക്കേറിയ മദീന ഹൈവേയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗോത്രവർഗമായ ബദുക്കളിൾപ്പെട്ട യുവാവാണ് ഡ്രൈവർ. ഇടയ്ക്ക് സിഗററ്റ് വലിച്ചും തനി നാടൻ അറബിക് സംഗീതം ശ്രവിച്ചും അയാൾ ഡ്രൈവിങ് നന്നായി ആസ്വദിക്കുന്നുണ്ട്. സ്വദേശിയാണെങ്കിലും അതുപോലുള്ള വസ്ത്രധാരണം അയാൾ പിന്തടരുന്നില്ല. നീളൻ ളോഹയായ കന്തൂറായാണ് ധരിച്ചിട്ടുള്ളത്. തലയിൽ ചുമപ്പും വെള്ളയും കുഞ്ഞു ചതുരക്കള്ളികളുള്ള ഷാൾ തലയിൽ ചുറ്റിയെന്നേയുള്ളൂ. അഗാൽ(കറുത്ത വളയം) കാണാനില്ല. സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടു, അത് തന്റെ സീറ്റിനരികിൽ തൂക്കിയിട്ടിരിക്കുന്നു. ബസിൽ സൗദിയുടെ 'യേശുദാസ്' മുഹമ്മദ് അബ്ദു പാടുന്നു. ആ അറബിക് സംഗീതത്തോടൊപ്പം തലയാട്ടിയും ചുണ്ടു ചലിപ്പിച്ചും ആസ്വദിച്ചങ്ങനെ നല്ല വേഗത്തിൽ അലജം ഒാടിക്കുന്ന അയാൾ മറ്റേതോ ലോകത്താണ്. ഇടയ്ക്ക് നിർത്തി ആളെയിറക്കിയും കയറ്റിയും ബസ് ബാബ് മക്ക ലക്ഷ്യമാക്കി ഒാടുന്നു.

ലോകത്തെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് സൗദിയിലെ മദീന ഹൈവേ. ഇടമുറിയാതെ വാഹാനങ്ങളനെ ഒഴുകിക്കൊണ്ടിരിക്കും. പ്രത്യേക മേൽപ്പാലത്തിലൂടെയല്ലാതെ ഇൗ റോഡിന് കുറുകെ കടക്കാനാവില്ല. എന്‍റെ വയറ്റിൽ നിന്നു വിശന്നു കരിഞ്ഞ മണം വരുന്നത് ‍ഞാൻ മാത്രം അറിഞ്ഞുകൊണ്ടിരുന്നു. സാമ്പത്തികമായി വലിയ പരാധീനതകൾ അനുഭവിക്കുന്നതിനാൽ റസ്റ്ററന്റിൽ നിന്നു ഉച്ചഭക്ഷണം കഴിക്കാനുള്ള ആവതില്ലാത്ത ഒരു ദരിദ്രവാസിയായിരുന്നു ഞാൻ.

പക്ഷേ, അതൊന്നും ആ ബസ് ഡ്രൈവർക്ക് അറിയേണ്ട കാര്യമില്ലായിരുന്നു. മറ്റു യാത്രക്കാരിൽ പല രാജ്യക്കാരുണ്ട്. അവരിൽ അറബ് വംശജരെല്ലാം അബ്ദുവിന്റെയും ഫൈറൂസയുടെയും മാസ്മരിക സംഗീതം നുകർന്നു കൊണ്ടിരിക്കേ, വാലിന് തീ പിടിച്ചപോലെ പായുകയായിരുന്ന ബസ് പെട്ടെന്ന് റോഡരികിൽ ഒരിടത്ത് സഡൻ ബ്രേയ്ക്കിട്ട് നിർത്തി. എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷ എല്ലാവരിലും തുടിച്ചുവെങ്കിലും, അയാൾ മറുപടി പറയുകയില്ല എന്നോർത്തായിരിക്കും, ആരും അത് ചോദിച്ചില്ല, ഇൗ ഞാനും.

മിക്കവരുടെയും വയറ് വിശപ്പിന്റെ ആവലാതികൾ പറഞ്ഞുകൊണ്ടേയിരുന്നു എന്ന് അവരുടെ മുഖഭാവത്തിൽ നിന്നും മുറുമുറുപ്പിൽ നിന്നും മനസിലായി. ഞാനെന്റെ വിശപ്പിന്റെ വിളി ഗൗനിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ വയറിനെ അമർത്തി മിണ്ടാണ്ടിരിക്കാൻ പറഞ്ഞു. 

 മദീന റോഡിനരികെ നിര്‍ത്തിയിട്ട ബസിൽ നിന്ന് ഡ്രൈവർ പതുക്കെ പുറത്തിറങ്ങി. ഞാനടക്കമുള്ള മുപ്പതോളം യാത്രക്കാരിൽ പലരും വിശന്ന് വലയുകയാണെന്നു ആ ഡ്രൈവർക്ക് അറിയേണ്ടതില്ലായിരുന്നു. അയാൾ ബസിറങ്ങി ആരോടും ഒന്നും മിണ്ടാതെ നടന്നുനീങ്ങി. എവിടേയ്ക്കാണ് പോകുന്നതെന്ന് കൗതുകത്തോടെ യാത്രക്കാർ നോക്കി നിന്നു. ചിലപ്പോൾ പുറത്തിറങ്ങി സിഗററ്റ് വലിക്കാനായിരിക്കും, പെട്ടെന്ന് യാത്ര തുടരാനാകും എന്ന് വെറുതെ സമാധാനിച്ചു.

പക്ഷേ, അയാളുടെ ലക്ഷ്യം തിരക്കേറിയ മദീന റോഡിന് കുറുകെ ക‌ടന്ന് അപ്പുറത്തെ പെട്രോൾ സ്റ്റേഷനിലെ മിനി സൂപ്പർമാർക്കറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എല്ലാവരുമൊന്ന് ഞെട്ടി. ആറ് ലൈനുകളുള്ള മദീന റോഡ് സാഹസികമായി കുറുകെ കടന്ന് അയാൾ മറുവശത്ത് എത്തുകയും തിരിച്ചു വരികയും വേണം. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളെല്ലാം കണ്ണുംനട്ട് കാത്തിരുന്നു. അയാൾക്ക് ഒന്നും സംഭവിക്കരുതേ എന്ന് പലരും ആശങ്കയോടെ പ്രാർഥിച്ചു.

മത്സരിച്ച് പായുന്ന വാഹനങ്ങൾക്കിടയിൽ ചെറിയൊരു ഒഴിവ് കിട്ടാൻ അയാൾ ഏറെ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ അര മണിക്കൂറോളമെടുത്ത്  ഒരു വശം മറിക‌ടന്നു. അയാളിപ്പോൾ റോഡിന്റെ മധ്യഭാഗത്താണ്. ചുരുങ്ങിയത് അരമണിക്കൂർ സമയമെടുത്ത് ശ്രമിച്ചാലേ ജീവാപായമില്ലാതെ റോഡ‍ിന്റെ മറുവശത്തെത്തുകയുള്ളൂ. എങ്ങാനും നിയമലംഘനത്തിന് അയാളെ പൊലീസ് പിടികൂടിയാൽ, പിന്നെ എല്ലാം ഹലാക്കിന്റെ അവിലുംകഞ്ഞിയെന്ന് ഉറപ്പായി.

യാത്രക്കാർ പരസ്പരം മുഖംനോക്കിയിരുന്നു. ഡ്രൈവർ പെട്രോൾ സ്റ്റേഷനിലെ മിനി സൂപ്പർ മാർക്കറ്റിന് അകത്ത് കയറി. സിഗററ്റും പുകച്ച്  അയാളും അയാളുടെ സുഹൃത്തെന്ന് കരുതാവുന്ന യുവാവും പുറത്തിറങ്ങി. ഇവിടെ, ഞാനടക്കമുള്ള യാത്രക്കാർ ബസിൽ കാത്തിരിക്കുന്നു എന്ന് ചിന്തിക്കുക പോലും ചെയ്യാതെ അവർ തമാശകൾ പറഞ്ഞ് ചിരിക്കുന്നു, സുലൈമാനി നുകരുന്നു...

സമയം അങ്ങനെ നീങ്ങുകയാണ്. വയറ്റിനകത്തെ തീ സഹികെട്ട് സ്വയം അണഞ്ഞിരിക്കുന്നു. എങ്കിലും തൊണ്ടയിലൂടെ അതിന്റെ കരിഞ്ഞ ഗന്ധം പുറത്തുവന്ന് അസ്വസ്ഥത പകരുന്നുണ്ട്. ദേഹം തളരുന്നുമുണ്ട്. ഞാനടക്കമുള്ള ചില യാത്രക്കാർ ആലോചിച്ചു– ഇനി ഡ്രൈവർ തിരിച്ചുവരുന്നു എന്നിരിക്ക‌ട്ടെ. അയാൾ റോഡിന്റെ മധ്യഭാഗത്തെത്താൻ ചുരുങ്ങിയത് അരമണിക്കൂറെടുക്കും. അവിടെ നിന്ന് ബസിലെത്താൻ വീണ്ടും അരമണിക്കൂറും! അതായത് അയാൾ തിരികെ ബസിലെത്തി യാത്ര പുറപ്പെടാൻ  ഒരു മണിക്കൂറെങ്കിലും വേണം.‌ ഇപ്പോൾ തന്നെ ഒരു മണിക്കൂറിലേറെ കഴിഞ്ഞിരിക്കുന്നു.

എന്റെ ഫ്ലാറ്റിലെത്താൻ ഇനിയും അരമണിക്കൂർ യാത്ര ചെയ്യണം. അപ്പോൾ, ബാച് ലേഴ്സ് ഫ്ലാറ്റിലെ കുക്ക് അലി പാത്രത്തിൽ മൂടിവച്ച തണുത്ത ഉച്ച ഭക്ഷണം ഒന്നര മണിക്കൂര്‍ കഴിഞ്ഞാലേ വാരിത്തിന്നാൻ പറ്റൂ!കൂടുതൽ ആലോചിച്ചുനിൽക്കാതെ ഞാൻ പതുക്കെ ബസിൽ നിന്നിറങ്ങി. പിന്നാലെ ആരെയെല്ലാമോ എന്തൊക്കെയോ പ്രാകിക്കൊണ്ട് മറ്റു ചിലരും. ഇടവിട്ട് പാഞ്ഞെത്തിയ മറ്റൊരു അലജം ബസിൽ ഞങ്ങൾ കയറി. വീണ്ടും രണ്ട് ദിർഹം നൽകണമെങ്കിലും വയറ്റിലെ തീയണക്കാൻ വേറെ വഴിയില്ലെന്ന് കരുതി ഞാൻ സമാധാനിച്ചു.

അലജം ബസിന്റെ രസകരമായ കഥകൾ ഏറെയുണ്ട്. മറ്റൊരു ചിരിയുണർത്തുന്ന കഥ അടുത്ത പ്രാവശ്യം പറയാം. (അലജം ബസിനെക്കുറിച്ച് കൂടുതലറിയണമെങ്കിൽ ഇതിന് മുൻപത്തെയാഴ്ചയിലെ കോളം വായിക്കുമല്ലോ).

5-days-n-maine

 

മൈനെയിലെ അഞ്ച് രാത്രികളിൽ സംഭവിച്ചത്...

ദുരൂഹ സാഹചര്യത്തിൽ, അപകടത്തിൽ മരിച്ച പ്രിയതമയുടെ ഒാർമകളുമായി മെയിനെ എന്ന ഗ്രാമത്തിലേയ്ക്ക് പോകുന്ന ആഫ്രിക്കൻ– അമേരിക്കൻ യുവാവിന്റെ കഥയാണ് 'ഫൈവ് നൈറ്റ്സ് ഇൻ മൈനെ'( Five Nights in Maine) എന്ന 2015ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റേത്.  ഡേവിഡ് ഒയെലെവോ(David Oyelowo) പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മാരിസ് കറൻ. സ്വഛന്ദമായ കാടിന്റെ സംഗീതം പോലെ മനോഹരമായ പ്രണയമാണ് പുതുമകളുടെ രസക്കൂട്ടുകളുള്ള ഇൗ ചിത്രം പറയുന്നത്. ആദ്യമായാണ് ഡേവിഡ് ഒയെലോവിന്റെയും ഡയനെ വീസ്റ്റ്, റോസി പെരെസ് എന്നിവരുടെയും പ്രകടനം കാണുന്നത്. സ്വാഭാവികതയുടെ കടലാഴങ്ങളിലൂടെയുള്ള സഞ്ചാരങ്ങൾ എന്നേ പറയേണ്ടൂ. ഷെർവിൻ ഒാവൻസ് എന്ന യുവാവിന്റെ ഭാര്യ ഫിയോണ ഒരു കാറപകടത്തിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുന്നു. ഇതിന്റെ രഹസ്യങ്ങൾ ചികഞ്ഞ് അമ്മായിയമ്മ ലുസിന്ത(ഡയാന വീസ്റ്റ്– രണ്ട് പ്രാവശ്യം സഹനടിക്കുള്ള ഒാസ്കർ നേടിയ അഭിനേത്രി) അരികിലെത്തുന്ന  ഡേവിന്റെ ജീവിതത്തിൽ അഞ്ച് ദിവസത്തിനിടെ അരങ്ങേറുന്ന സംഭവ വികാസങ്ങൾ ആകാംക്ഷയോടെ മാത്രമേ കണ്ടിരിക്കാനാകൂ.  മികച്ച കഥയും തിരക്കഥയും സംവിധാനവും അഭിനേതാക്കളുടെ പ്രകടനവും ചിത്രം ഒരു ചെറുകഥയുടെ സുഖം സമ്മാനിക്കുന്നു. പശ്ചാത്തല സംഗീതവും ലൊക്കേഷനുമാണ് മറ്റൊരു ആകർഷണം. നെറ്റ് ഫ്ലിക്സിൽ ലഭ്യമായ ഇൗ ചിത്രത്തെക്കുറിച്ച് റിലീസ് കാലത്ത് നിരൂപകർക്ക് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു. എങ്കിലും, വാരാന്ത്യങ്ങളിലെ രാവുകളിൽ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഇൗ പ്രണയചിത്രം മികച്ച ആസ്വാദനം പകരും.

വാൽശല്യം–രാജൻ ഗൾഫിൽ വന്നതിനു ശേഷം എന്തുപറഞ്ഞാലും 'ഇൻശാ അല്ലാഹ്' (ദൈവാനുഗ്രഹമുണ്ടായാൽ) എന്നു പറയുന്ന ശീലമുണ്ട്. ഒരിക്കൽ നാട്ടിൽ അവധിക്ക് പോയപ്പോള്‍ കുടുംബ സമേതം അടുത്തുള്ള അമ്പലത്തിൽ പോയി വഴിപാട് കഴിച്ചു. പ്രസാദത്തിനു പത്തു മണിക്ക് ശേഷം വരാൻ പറഞ്ഞ പൂജാരിയോട് രാജൻ: 'ഇൻശാ അല്ലാഹ് .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.