ഉടമസ്ഥൻ മരിച്ചുപോയെന്ന് ഷൂസ് കരുതി

shoesss
SHARE

മറ്റൊരു മനുഷ്യനെ, അല്ലെങ്കില്‍ ജീവിയെ മനസ്സറിഞ്ഞ് കൈകൊണ്ട് സ്പര്‍ശിച്ച് എത്രനാളായെന്ന് ഞാന്‍ വെറുതെ ആലോചിച്ചു നോക്കി. ഒന്നര വർഷത്തോളമായി!. അതറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതെന്റെ മാത്രം കാര്യമായിരിക്കില്ല, എന്നെപ്പോലെ ഏകനായി കഴിയുന്ന ഓരോ പ്രവാസിയുടെയും അനുഭവമാണ്. 

മറ്റൊരാള്‍ക്ക് ഒരു ഷെയ്ക് ഹാന്‍ഡ് നല്‍കാതെ, തോളില്‍ തട്ടി സൗഹൃദം പങ്കിടാത്ത സാമൂഹിക അകലം പാലിക്കുന്ന ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാലം ജീവിതത്തില്‍ നടത്തിയ ചില ഇടപെടലുകള്‍ക്ക് വിധേയനാകപ്പെടുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയ്ക്ക് അത്രമാത്രം ആഴവും പരപ്പുമുണ്ടെന്ന് തിരിച്ചറിയുന്നു. എല്ലാം വെട്ടിപ്പിടിക്കാന്‍ വേണ്ടി കുതിക്കുകയായിരുന്ന മനുഷ്യവംശം, ഭ്രാന്തമായി ചിരിച്ചാര്‍ക്കുന്ന കാലത്തിന് മുന്‍പില്‍ അന്ധാളിപ്പോടെ നില്‍ക്കേണ്ടി വരുന്ന ഖേദകരമായ അവസ്ഥ.

ലോകം ഒരു കൈ അകലത്തിലാണ് ഇപ്പോള്‍. രാജ്യങ്ങള്‍ തമ്മിലുള്ള ദൂരത്തില്‍ അര്‍ഥമില്ലെന്ന് ഒരു സൂക്ഷ്മാണു കാട്ടിത്തരുമ്പോള്‍ തന്നെ, മനുഷ്യര്‍ തമ്മില്‍ മനുഷ്യത്വപരമായി അടുക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിത്തരികയും ചെയ്യുന്നു. ഇങ്ങനെ ഒരു കെട്ടകാലം മനുഷ്യന്‍ പ്രതീക്ഷിച്ചിരുന്നോ? കോളറ, ബ്യൂബോണിക് പ്ലേഗ്, വസൂരി, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ മഹാവ്യാധികളിലൂടെ കടന്നുപോയ മനുഷ്യന്റെ ഈ തലമുറ ഏവരെയും കിടുകിടാ വിറപ്പിച്ചു നിര്‍ത്തുന്ന, പ്രതിവിധി കണ്ടെത്താനാകാത്ത ഒരു മഹാമാരിക്കാലത്തിന് വീണ്ടും സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരിക്കില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത്രമാത്രം അഹംഭാവം നാം കാണിക്കുമായിരുന്നില്ലല്ലോ!

നമുക്കിന്ന് മുഖത്ത് മേയ്ക്കപ്പ് വാരിപ്പൂശണമെന്നില്ല, ചുണ്ട് കനത്തില്‍ ചുവപ്പിക്കേണ്ട, ചുളിവുകള്‍ മാഞ്ഞ വസ്ത്രങ്ങള്‍ വേണമെന്നില്ല, തിളങ്ങുന്ന പാദരക്ഷകള്‍ ആവശ്യമില്ല, വിലകൂടിയ വാച്ചുകള്‍ വേണ്ട, കൈവിരലുകള്‍ നിറയെ സ്വര്‍ണമോതിരങ്ങള്‍ ഇടണമെന്നില്ല, നാലാള്‍ കണ്ടാല്‍ മൂക്കത്ത് വിരല്‍വച്ചുപോകുന്ന ആഡംബര കാറുകളില്‍ കുതിച്ചുപായേണ്ട, ഇടയ്ക്കിടെ മാളുകളില്‍ കറങ്ങി നടന്നു സുഖിക്കണമെന്നുമില്ല, മണിമാളികകള്‍ കെട്ടിപ്പൊക്കി അതില്‍ കുറച്ചുനാളെങ്കിലും താമസിക്കണമെന്ന ആഗ്രഹവും ഇല്ലാണ്ടായി. ജിംനേഷ്യത്തില്‍ പോയില്ലെങ്കിലും വീടിനകത്ത് തന്നെ വ്യായാമം ചെയ്യാമെന്ന് ബോധിപ്പിച്ചു. കുഞ്ഞുമക്കളെ താലോലിക്കുന്നതില്‍, അവരുമായി കളിചിരി തമാശകളുടെ ലോകത്ത് വ്യാപരിക്കുന്നതിന് ഇത്രമാത്രം സുഖവും സന്തോഷവുമുണ്ടെന്ന് തിരക്കിന്റെ ലോകത്ത് വിഹരിച്ചിരുന്നവര്‍ തിരിച്ചറിയുന്നു. തനിക്ക് ഇത്രയൊക്കെയേ പഠിപ്പിക്കാനാകൂ എന്നു കൊറോണ വൈറസ് വ്യക്തമാക്കുകയാണിവിടെ.

പ്രകൃതി ഒന്നു റിഫ്രഷ് ആയ അത്ഭുതകാലമാണിത്. ഭൂമിയുടെ അവകാശികളായ പൂമ്പാറ്റകളും കിളികളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ശുദ്ധവായു ശ്വസിക്കുന്ന നാളുകള്‍. മനുഷ്യന്‍ സ്വയം തിരിച്ചറിവ് നേടുന്ന കാലം. മരണം പോലെ ജീവിതവും ഏതു നിമിഷവും മാറിമറിയാമെന്നും ചതിച്ചും വഞ്ചിച്ചും വിശ്വാസവഞ്ചന കാണിച്ചും താന്‍ വെട്ടിപ്പിടിച്ചതെല്ലാം കണ്ണടച്ചുതുറക്കും മുന്‍പേ ഇല്ലാതായിപ്പോയേക്കാമെന്നും മനസിലാകുന്നു. പണക്കാരനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ കോവിഡ് മനുഷ്യനെ ആഞ്ഞുകൊത്തുന്നു. അതിന്റെ വേദനയില്‍ പുളയാനേ അവന് സാധിക്കുന്നുള്ളൂ. 

വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നവരേക്കാള്‍ രോഗം ബാധിച്ച ഒരാളുടെ ചിന്തകള്‍ ആഴത്തിലായിരിക്കും കടന്നുപോയിട്ടുണ്ടാവുക. െഎസലേഷന്‍ എന്നു വിളിക്കുന്ന ഏകാന്ത വാസത്തില്‍, തീര്‍ച്ചയായും പോയ കാലത്തേയ്ക്ക് തിരിഞ്ഞുനോക്കാനുള്ള സുവര്‍ണാവസരമാണ് ലഭിക്കുന്നത്. അപ്പോള്‍, ഒരുപക്ഷേ, നല്ല കാര്യങ്ങള്‍ ഓര്‍ക്കാന്‍ കുറച്ചു മാത്രമുള്ളവര്‍ ഓരോ നിമിഷവും തള്ളിനീക്കുക മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയവന്റെ നിസ്സഹായതയോടെയായിരിക്കാം. ശ്വാസം നിലയ്ക്കുന്നതിന് മുന്‍പെന്നപോലെ ആ നിമിഷങ്ങളുടെ തീക്ഷ്ണത തിരിച്ചറിയേണ്ട ഒന്നാണ്. പുനര്‍വിചിന്തനത്തിനുള്ള അപൂര്‍വാവസരമാണിതെന്ന് ഈ സൂക്ഷ്മാണു നമ്മെ ബോധ്യപ്പെടുത്തുന്നു.

ദുബായുടെ പ്രാന്തപ്രദേശത്തെ ഈ വീട്ടിൽ എന്റേതായ ലോകത്ത് വ്യാപരിക്കുമ്പോള്‍ ഈ നഗരം ഇതുവരെ ഇല്ലാത്ത രൂപത്തിലും ഭാവത്തിലും എനിക്ക് മുന്‍പില്‍ അനാവൃതമാകുന്നു. എല്ലാ ഗള്‍ഫ് നഗരങ്ങളുടെയും പ്രതീകമാണിത്. ലോകത്തിന്റെ മിക്ക കോണുകളില്‍ നിന്നും നിരാലംബരായ മനുഷ്യര്‍ തൊഴില്‍ തേടിയെത്തുന്ന സുവര്‍ണനഗരം. ഇന്ത്യയിലേതടക്കം എത്രയോ വീടുകളില്‍ തീ പുകയുന്നത് ഗള്‍ഫ് എന്ന ഈ ഭൂപ്രദേശത്തിന്റെ ഔദാര്യമെന്ന് മനസിലാക്കുന്നു. മഹാമാരിയുടെ വിശേഷങ്ങള്‍ക്കൊപ്പം വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോവുകയാണ് എന്റെ നാളുകള്‍. എന്നെപ്പോലുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും അവസ്ഥയാണിത്. കോവിഡ് ബാധിച്ച് മരിച്ചുവീഴുന്ന ജീവനുകളെയോര്‍ത്ത് സങ്കടപ്പെടാന്‍ പോലും നേരമില്ലാതായിരിക്കുന്നു. രോഗഭീതി മൂലം ഒറ്റപ്പെട്ടുപോയ ദെയ്‌റ നായിഫില്‍ താമസിക്കുന്ന മലയാളികളുടെയും അനേകായിരം ലേബര്‍ ക്യാംപുകളില്‍ ദുരിതം പേറി ജീവിക്കുന്ന തൊഴിലാളികളുടെയും വിഷമസന്ധി ഓര്‍ക്കുമ്പോള്‍ വലിയ സങ്കടം തോന്നുന്നു. വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍, ജോലി നഷ്ടപ്പെട്ട് വിലപിക്കുന്നവര്‍,  ജോലിയും കൂലിയുമില്ലാതെ, മറ്റുള്ളവരോട് സഹായം അഭ്യര്‍ഥിക്കാന്‍ അഭിമാനചിന്ത അനുവദിക്കാതെ മാസങ്ങളായി ദുരിതത്തില്‍ കഴിയുന്ന മധ്യവര്‍ഗക്കാര്‍.. ഗള്‍ഫിലെ ഖേദകരമായ കാഴ്ചകളില്‍ ചിലതു മാത്രമാണിത്. 

ഇത്രയും കാലം എന്തിനായിരുന്നു മനുഷ്യനിങ്ങനെ ശ്വാസം മുട്ടി ഓടിയിരുന്നതെന്ന് വെറുതെ ചിന്തിച്ചുപോകുന്നു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ കലപില ഒച്ചകളകന്ന് നാളുകളേറെയായി. ഇ–ലേണിങ് സമ്പ്രദായത്തോട് പൊരുത്തപ്പെടാന്‍ ഇപ്പോഴും പാടുപെടുന്ന വിദ്യാര്‍ഥികള്‍,  മുഖാവരണവും കൈയുറകളും ധരിച്ച് മനുഷ്യര്‍ ഇനിയുള്ള കാലം ജീവിക്കേണ്ടിവരുമെന്ന അകാരണമായ ഭയം എല്ലാവരെയും വേട്ടയാടുന്നതുപോലെ. സ്വന്തം മണ്ണില്‍ നിന്ന് അകന്നുകഴിയുന്നവരെല്ലാം പുറമെ കാണുന്ന പൊലിമകള്‍ക്കപ്പുറം മനസില്‍ സംഘര്‍ഷം കൊണ്ടുനടക്കുന്നവരാണ്, പ്രത്യേകിച്ച് ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍. അതിന്റെ തീവ്രത ഇപ്പോഴും, ഒന്നര വർഷമായിട്ടും തുടരുന്നു.

2-multi-national-alajam

 

'അലജം' ഡ്രൈവറും പൊലീസുകാരനും: ഒരോട്ട മത്സര കഥ

ഞാനടക്കം വിവിധ രാജ്യക്കാരെയും കൊണ്ട് സൗദി ജിദ്ദയിലെ തിരക്കേറിയ റോഡിലൂടെ ജിദ്ദ മലയാളികളുടെ പ്രിയപ്പെട്ട മൾടിനാഷനൽ 'അലജം' ബസ് കുതിക്കുകയാണ്. ഏതോ നാടൻ അറബിക് ശീലുകൾക്കൊത്ത് ആ മിനി ബസ് താളംതുള്ളി പായുന്നു.

പാട്ടിനൊത്ത് ചുണ്ട് ചലിപ്പിക്കുന്ന ആ യുവ ഡ്രൈവർ തൻ്റെ മുഖത്തിന് ഒട്ടും ഇണങ്ങാത്ത കറുകറുത്ത സൺഗ്ലാസും ധരിച്ചിട്ടുണ്ട്. ആളുകളെ ഇറക്കിയും കയറ്റിയും രണ്ട് റിയാൽ വാങ്ങിയും വാങ്ങാതെയും ബസ് തൻ്റെ പ്രയാണം തുടരവെ...

അതാ ഒരു മോട്ടോർബൈക്ക് ബസിന് പിന്നാലെ കുതിച്ചു വരുന്നു. അത് പൊലീസ് ബൈക്കാണ്. അയാൾ ബസ് ഡ്രൈവറുടെ അടുത്തെത്തി ഡ്രൈവറോട് കൈ കൊണ്ട് നിർത്താൻ ആംഗ്യം കാണിച്ചു.

നമ്മുടെ ഡ്രൈവറാരാ മോൻ, അയാൾ നിർത്താനേ കൂട്ടാക്കിയില്ല. മാത്രമല്ല, പൊലീസുകാരനെ ഒന്നു ഗൗനിക്കുക പോലും ചെയ്യാതെ ആക്സിലേറ്ററിൽ കാൽ അമർത്തിച്ചവിട്ടി. ഇതിനിടെ ഇറങ്ങണമെന്ന് പറഞ്ഞ് പലരും കൂവി വിളിച്ചെങ്കിലും പൊലീസ് ബൈക്കുമായുള്ള മത്സരയോട്ടത്തിൽ ശ്രദ്ധയൂന്നിയ ഡ്രൈവറുടെ കാതുകളിൽ അതൊന്നും പതിച്ചതേയില്ല. ഇറങ്ങാനുള്ളവരെല്ലാം തങ്ങളുടെ വിധിയെ പഴിച്ച് സീറ്റിലേയ്ക്ക് മടങ്ങി. 

എനിക്ക് അവസാന സ്റ്റോപ്പായ ബാബ് മക്കയിലാണ് ഇറങ്ങേണ്ടത് എന്നതിനാൽ മത്സരയോട്ടം ഇത്തിരി നെഞ്ചിടിപ്പോടെയാണെങ്കിലും ആസ്വദിച്ചു. പഴയൊരു ഇംഗ്ലീഷ് ചിത്രത്തിൽ ഒരു കാറിനെ വലിയൊരു ട്രക്ക് പിന്തുടരുന്ന രംഗങ്ങൾ കണ്ടപ്പോഴത്തെ അതേ ആസ്വാദനം. വിടരുത് ബൈക്കിനെ എന്ന് എൻ്റെയുള്ളിലൊരു കുട്ടി ആവേശം ചൊരിഞ്ഞുകൊണ്ടിരുന്നു. ബസിനെ കടത്തിവെട്ടാൻ ആ പൊലീസുകാരന് സാധിച്ചില്ല. പക്ഷേ, അയാൾ തൻ്റെ കഴിവിൻ്റെ പരമാവധി അതിന് ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ പൊലീസ് ബൈക്ക് വിജയം കണ്ടു. അത് ബസിന് മുന്നിലെത്തിയപ്പോൾ നമ്മുടെ പാവം ഡ്രൈവർ തോൽവി സമ്മതിച്ചു. ഞാനടക്കം ചിലർ ഇത്തിരി നിരാശപ്പെടാതിരുന്നില്ല. 

ബസ് വേഗം കുറച്ചു. പൊലീസുകാരൻ ബൈക്ക് കുറച്ച് മാറി റോഡരികിൽ നിർത്തി. പൊലീസുകാരൻ താഴെയിറങ്ങി, ഹെൽമറ്റ് തലയിൽ നിന്നൂരി ബൈക്കിൽ വച്ചു. ബസും അവിടെ നിർത്തിയിട്ടു, ഡ്രൈവർ ചാടിയിറങ്ങി. കുറേ നേരത്തെ ഇറങ്ങേണ്ടിയിരുന്നവരെല്ലാം വിവിധ ഭാഷകളിൽ 'നല്ല' വാക്കുകൾ പറഞ്ഞ് ഇറങ്ങിപ്പോയി.

 

ഇനിയാണ് ത്രില്‍!

ബസ് ഡ്രൈവറും പൊലീസുകാരനും പരസ്പരം നോക്കിക്കൊണ്ട് നടന്നടുക്കുന്നു. രണ്ടുപേരും സൺ ഗ്ലാസ് ഉൗരാത്തതിനാൽ ആ കണ്ണുകളിലെ തീപ്പൊരികൾ കാണാൻ ഞങ്ങൾക്കായില്ല. യാത്ര അങ്ങനെ പാതിവഴിയിൽ അവസാനിക്കാൻ പോകുകയാണെങ്കിലും ഇനി നടക്കാൻ പോകുന്ന സ്റ്റണ്ട് ഒാർത്ത് ഞാനടക്കം ചിലരെങ്കിലും കോരിത്തരിക്കാതിരുന്നില്ല.ഡ്രൈവറും പൊലീസുകാരനും–ഇരുവരും തൊട്ടടുത്തായി മുഖത്തോടുമുഖം നോക്കിയങ്ങനെ നിന്നു. പ്രേംനസീറും ജയനും. നസീർ അടി തുടങ്ങാൻ വേണ്ടി ജയൻ കൈയിലെ വാച്ചിന്റെ ചെയിൻ അടർത്തിയും അമർത്തിയും നിൽക്കുന്ന രംഗം ഒാർമയിൽ തെളിഞ്ഞു. പക്ഷേ, പൊലീസുകാരനും ഡ്രൈവറും ഒന്നും ചെയ്യുന്നില്ല.

 

ഇനി ആൻ്റിക്ലൈമാക്സ്

പെട്ടെന്നതാ, ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് ചിരിച്ചാർക്കുന്നു. മാറിനിന്ന് സിഗററ്റ് പുകയ്ക്കുന്നു. പത്ത് പതിനഞ്ച് നിമിഷം കഴിഞ്ഞ് പൊലീസുകാരൻ ബൈക്കിൽ കയറി ചീറിപ്പാഞ്ഞു. ഡ്രൈവർ സന്തോഷത്തോടെ വന്ന് ബസിൽ ചാടിക്കയറി. തിരിഞ്ഞ് യാത്രക്കാരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് എന്തൊക്കെയോ അറബിക്കിൽ പറഞ്ഞു. തൊട്ടടുത്ത സീറ്റിലിരുന്ന ഇത്തിരി പ്രായമുള്ള മലയാളി വലിയ താത്പര്യമില്ലെങ്കിലും അത് തർജമ ചെയ്തു വിശദീകരിച്ചു: ‍ഡ്രൈവറുടെ അമ്മാവൻ്റെ മോനാണ് പൊലീസുകാരൻ. രാവിലെ കണ്ടപ്പോ പന്തയം വച്ചിരുന്നതാണത്രെ ഇൗ മത്സരം..

(അലജം ബസിനെക്കുറിച്ചറിയാൻ മുൻപത്തെ ആഴ്ചകളിലെ കോളങ്ങൾ വായിക്കുമല്ലോ).

 

മുഖംമൂടികൾ പലതരം

''ഒരേ സമയം ഇങ്ങനെ ഒരുപാടുപേരെ അകത്തേയ്ക്ക് കയറ്റിയത് ശരിയായില്ല..''

സൂപ്പർമാർക്കറ്റിലെ മസാല വിഭാഗത്തിൽ എന്തോ പരതുകയായിരുന്ന ആ അറബ് വയോധികൻ എന്നെ നോക്കി, നോക്കിയില്ല എന്ന മട്ടിൽ പറഞ്ഞു. ദുബായിലെ ഒരു സൂപ്പർ മാർക്കറ്റിൽ അവശ്യ സാധനങ്ങൾ വാങ്ങാൻ കയറിയ ഞാൻ മല്ലിപ്പൊടി തിരഞ്ഞുകൊണ്ടിരിക്കെ അറിയാതെ അദ്ദേഹത്തിൻ്റെ ഏതാണ്ട് അരികിലെത്തിയപ്പോഴായിരുന്നു, നേർത്ത ശരീരമാണെങ്കിലും നല്ല ഘനമുള്ള ശബ്ദം കേട്ടത്. പൊതുവായുള്ള അഭിപ്രായപ്രകടനമാണോ അതോ ഞാൻ അരികിൽ നിന്നതിന്റെ ഇൗർഷ്യയാണോ എന്ന് സംശയിച്ചു.

'അതെ.. അതെ..സാമൂഹിക അകലം വേണം'' അത്രയും പറഞ്ഞ് ഞാനവിടെ നിന്ന് തടിയൂരി.

 

forest-gump

നനുനനുത്ത തൂവലായി പറക്കാം; ഫോറസ്റ്റ് ഗംപിനൊപ്പം

ഹോളിവുഡ് ആക് ഷൻ ചിത്രങ്ങൾ മാത്രം കാണാൻ സാധിച്ചിരുന്ന കാലത്താണ് ഫോറസ്റ്റ് ഗംപ്(Forrest Gump–1994) എന്നൊരു ഉഗ്രൻ ചിത്രമിറങ്ങിയിട്ടുണ്ടെന്നും ടോം ഹങ്ക്സ് എന്ന പ്രശസ്ത നടൻ ആ ചിത്രത്തിൽ അത്യുഗ്രനായി അഭിനയിച്ചിട്ടുണ്ടെന്നും അതിന് ഒാസ്കർ ലഭിച്ചെന്നുമൊക്കെ വായിച്ചറിഞ്ഞത്. അന്ന് ട്രെയിലർ കാണാൻ പോലും അവസരമില്ലല്ലോ. ഇപ്പോഴത് കുഞ്ഞുസ്ക്രീനിലൂടെ മുന്നിലെത്തിയപ്പോൾ കണ്ടു എന്നു മാത്രമല്ല, മതിമറന്നുകണ്ടു!. 

പറഞ്ഞിട്ട് ഫലമില്ല, ഫോറസ്റ്റ് ഗംപിനെയും അമേരിക്കയെയുമൊക്കെ വല്ലാണ്ടങ്ങ് സ്നേഹിച്ചുപോകും. നനുനനുത്ത തൂവലിനൊപ്പം നമ്മളും അമേരിക്ക മുഴുവൻ പറന്നുനടക്കുന്ന മധുരാനുഭവം ചിത്രം കണ്ടുതീരുംവരെ മനസിൽ കിനിയും. കാലുകൾക്ക് സ്വാധീനമില്ലാത്ത ബാലനിൽ നിന്ന് പ്രമുഖ വ്യവസായിയിലേയ്ക്കുള്ള ഫോറസ്റ്റ് ഗംപിന്റെ വളർച്ച അവതരിപ്പിച്ച രീതിക്കാണ് ലൈക്ക്. മുതിർന്ന ഫോറസ്റ്റ് ഗംപായുള്ള ടോം ഹങ്സിൻ്റെ പ്രകടനത്തിന് അതിലേറെ ലൈക്ക്.

1986 ൽ വിൻസ്റ്റൺ ഗ്രൂം( Winston Groom) രചിച്ച ഇതേ പേരിലുള്ള നോവൽ നോവൽ എറിക് റോത്തി(Eric Roth)ൻ്റെ തിരക്കഥയിൽ റോബർട് സെമെക്കിസ് (Robert Zemeckis) സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രം, സംവിധാനം, നടൻ(ടോം ഹങ്ക്സ്), അവലംബിത തിരക്കഥ, വിഷ്വൽ എഫക്ട്സ്, എഡിറ്റിങ് എന്നീ വിഭാഗങ്ങളിൽ അക്കാദമിക് അവാർഡുകളും നേടി. ഗോൾഡൻ ഗ്ലോബ്സ്, പീപ്പിൾസ് ചോയിസ് അവാർഡ്സ്, യങ് ആർടിസ്റ്റ്സ് അവാർഡ്സ് എന്നീ പുരസ്കാരങ്ങൾ വേറെ. റോബിൻ റൈറ്റ്(ജെന്നി), ഗാരി സിസൈസ്(മേജർ), മൈകെൽറ്റി വില്യംസൺ(സൈനികൻ), സാലി ഫീൽഡ്(അമ്മ) എന്നിവരും തകർത്തഭിനയിച്ചു. 

(സിനിമ ഇറങ്ങിയകാലത്തെ ടോം ഹങ്സ് ഒറ്റനോട്ടത്തിൽ ആമിർ ഖാനാണെന്ന് തോന്നിപ്പോകും. ഏതായാലും ആമിർഖാനും മറ്റും അങ്ങനെ തോന്നിയിരിക്കും, ചിത്രം ലാൽ സിങ് ഛദ്ദ(Laal Singh Chadha) എന്ന പേരിൽ ഹിന്ദിയിലൊരുങ്ങിയിട്ടുണ്ട്). ഫോറസ്റ്റ് ഗംപ് നെറ്റ് ഫ്ലിക്സിൽ കാണാം.

വാൽശല്യം–കോവിഡ് കാല ട്രോള്‍: ഉടമസ്ഥന്‍ മരിച്ചു പോയിരിക്കാമെന്ന് ഷൂസ് കരുതി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA