ഗൾഫിലെ രാവിലെകള്‍ ഇപ്പോൾ ഉച്ചയാണ്!

devesh-uae-05
ദേവേഷ് ജെറീനബീഗം, വാസന്തി എന്നിവരോടൊപ്പം.
SHARE

മ്പത് ഡിഗ്രി സെൽഷ്യസോളമാണ് ഗൾഫിൽ മിക്ക രാജ്യങ്ങളിലും ഇപ്പോൾ രേഖപ്പെടുത്തുന്ന താപനില. ജൂണിന്റെ പ്രചണ്ഡത. സൂര്യദേവന്മാർ ഉറഞ്ഞുതുള്ളുകയാണ്. രാവിലെ തന്നെ ഉച്ചയുടെ ചൂട്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്ന് മണി വരെ ഉച്ചവിശ്രമമാണ്. പക്ഷേ, അപ്പോഴേയ്ക്കും അവർ ഒരു ദിവസത്തെ കഠിനവെയിൽ ഏറ്റു കരുവാളിച്ച് കഴിഞ്ഞിരിക്കും. പുറം ജോലിക്കാര്‍ക്ക് ചൂടിൽ നിന്ന് അൽപമെങ്കിലും സമാശ്വാസം ലഭിക്കുമ്പോൾ, റസ്റ്ററന്റുകളിലെ അടുക്കളയിലും ബേക്കറികളിലെ തീച്ചൂളയിലും വെന്തുരുകുന്നവർ, ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കൈയുറയും ധരിച്ച് ജീവന്മരണ പോരാട്ടം നടത്തുന്നവർ... ഇങ്ങനെയും ഒരു പറ്റം ജീവിതങ്ങളുണ്ട് എന്ന കാര്യം നമ്മൾ മറക്കരുത്.

എന്നാൽ, ഇവരുടെയെല്ലാം ഉള്ളിലെരിയുന്ന മറ്റൊരു കനലുണ്ട്. നാട്ടിലുള്ള പ്രിയപ്പെട്ടവരെ ഒാർത്താണ് ആ കനൽ എരിയുന്നത്. പലരും നാട്ടിൽ പോയിട്ട് രണ്ട് വർഷത്തോളമായി. പോയാൽ തിരിച്ചുവരാൻ സാധിക്കില്ലല്ലോ എന്ന ചിന്ത ഇവരെ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ചില കമ്പനികളിൽ നാട്ടിലെ മഴക്കാലത്താണ്, അതായത് പരമ്പരാഗത കാലാവസ്ഥാ നിരീക്ഷണമനുസരിച്ച് ജൂണ്‍ മുതലാണ് മണ്‍സൂൺ. പ്രവാസികൾ വാർഷിക അവധിക്ക് നാട്ടിലേയ്ക്ക് തിരിക്കാനാഗ്രഹിക്കുന്നത് ഇക്കാലത്താണ്. വിവിധ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ഒാരോ മൺസൂണിലും മാറിമാറി വാർഷികാവധി അനുവദിക്കുന്നു. അപ്പോൾ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലമാണ്. കടുത്ത വേനൽ. വേനൽക്കാലം എന്ന് പറഞ്ഞ് നിസ്സാരമായി പോകാനാവില്ല. കഠിനമായ ചൂടാണ്. പൊള്ളുന്ന ദിനങ്ങൾ. 

ഇന്ത്യക്കാർക്ക് യുഎഇയിലേയ്ക്ക് വിലക്കേർപ്പെടുത്തുന്നതിന് മുൻപ് ഇന്ത്യയിലേയ്ക്ക് ചെന്ന ഏതാണ്ട് 15 ലക്ഷത്തോളം ഗൾഫ് പ്രവാസികൾ തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുന്നു എന്നാണ് ഏകദേശ കണക്ക്. പലരുടെയും ജോലി പ്രതിസന്ധിയിലാണ്. പെട്ടെന്ന് തിരിച്ചുവന്നില്ലെങ്കിൽ അത് നഷ്ടപ്പെടുമോ എന്ന ആശങ്കയാണെങ്ങും. പലർക്കും ഇതുസംബന്ധിച്ച് കമ്പനിയധികൃതരിൽ നിന്ന് നോട്ടീസ് ലഭിച്ചുകഴിഞ്ഞു. കോവിഡ് കാലത്ത് വ്യാപാരം നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കമ്പനിയുടമകൾ ഇത് നല്ലൊരു അവസരമായി കാണുന്നുണ്ട് എന്നും പറയാതെ വയ്യ.

home-delivery-dubai

ഇന്ത്യയിൽ നിന്നും യുഎഇയിലേയ്ക്കുള്ള യാത്രാ വിലക്ക് നീക്കിയെങ്കിലും സാധാരണ വിമാന സർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അതിൽ ആരെയും കുറ്റപ്പെടുത്താനാവില്ല. കാരണം, ഇന്ത്യയിലെ കോവി‍ഡ് അവസ്ഥ ഇപ്പോഴും പ്രവചനാതീതമാണ്. മൂന്നാം തരംഗത്തിന്റെ ഭയവിഹ്വലതയിലാണ് എല്ലാവരും. അതിന് മുൻപ് തിരിച്ച് ജോലി സ്ഥലത്തെത്തുക എന്ന പ്രയാസകരാമയ ലക്ഷ്യത്തിലാണ് ഇന്ത്യയിലുള്ള പ്രവാസികൾ. ഒന്നോർത്തു നോക്കൂ, വർഷത്തിലൊരിക്കലോ, രണ്ട് വർഷത്തിലൊരിക്കലോ സ്വന്തം മണ്ണിലേയ്ക്ക് ആശ്വാസയാത്ര നടത്തി അവിടെയും കടുത്ത ആശങ്കയോടെ ജീവിക്കേണ്ടി വരുന്നവർ.. അവര്‍ക്ക് വേണ്ടി ഇന്ത്യൻ സർക്കാർ എത്രയും പെട്ടെന്ന് അനുകൂല നടപടി സ്വീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നും പ്രവാസികളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ നെഞ്ചോട് ചേര്ത്തുപിടിച്ചിട്ടുള്ള ഗൾഫിലെ ഭരണാധികാരികളിൽ നിന്നും ആശ്വാസകരമായ തീരുമാനങ്ങളുണ്ടാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

ദേവേഷിനെ കാണാത്ത ദേവന്മാർ

ഒരു ദേവന്മാരും ദേവേഷിനോട് കരുണ കാട്ടിയില്ല. ഇൗ മരുഭൂമിയിൽ അക്ഷരാർഥത്തിൽ തനിച്ചാക്കിക്കൊണ്ടാണ് ഇൗ പിഞ്ചുകുഞ്ഞിന്റെ മാതാവ് ഇൗ ലോകത്ത് നിന്ന് വിടപറഞ്ഞത്. ഉപജീവനം തേടി കൈക്കുഞ്ഞുമായെത്തി ഒടുവിൽ മഹാമാരിക്ക് കീഴ‌ടങ്ങി ദുബായ് ജബൽ അലിയിലെ പൊതുശ്മശാനത്തിൽ എരിഞ്ഞടങ്ങിയ ഭാരതിയുടെ പൊന്നുമോൻ. പത്ത് മാസം മാത്രം പ്രായമുള്ള ദേവേഷ്. സഹാനുഭൂതിയുടെ പ്രതീകമായ ജെറീനാ ബീഗത്തിന്റെ കൈകളിൽ കിടന്ന് അവൻ ചിരിച്ചുകളിച്ചുകൊണ്ടിരുന്നു. മുന്നിൽ ചേതനയറ്റു കിടക്കുന്നത് സ്വന്തം അമ്മയാണെന്ന തിരിച്ചറിവു പോലുമില്ലാത്ത പൈതൽ. 

ഇവിടെയും എത്തിയത് മനസ്സിൽ കരുണ വറ്റിയിട്ടില്ലെന്ന് അടിവരയിട്ടുകൊണ്ടിരിക്കുന്ന മലയാളി സാമൂഹിക പ്രവർത്തകർ തന്നെ. ഇന്ത്യൻ കോൺസുലേറ്റുമായും തമിഴ്നാട്ടിലെ സാമൂഹിക പ്രവർത്തകരുമായും ബിസിനസുകാരുമായും ബന്ധപ്പെട്ട് അവർ നടത്തിയ ശ്രമം താമസിയാതെ ഫലം കണ്ടു. ദേവേഷ് നാട്ടിൽ സ്വന്തം പിതാവിന്റെ കരങ്ങളിലെത്തി. അപ്പോഴും ആ നിഷ്കളങ്ക ബാല്യം ഇൗ ലോകത്തിന്റെ ക്രൂരതയറിയാതെ, വിധിയുടെ വിളയാട്ടത്തെക്കുറിച്ച് യാതൊന്നുമറിയാതെ കുസൃതി കാട്ടുകയായിരുന്നു. മഹാമാരിയുടെ ദേവന്മാരേ, നിങ്ങൾ എന്തു കൊണ്ട് കാണുന്നില്ല, അമ്മയെ നഷ്ടപ്പെട്ട ഇൗ കുട്ടിയുടെ ദീനമുഖം? 

The child is the beauty of God present in the world, that greatest gift to a family-Mother Teresa.

ബാബ് മക്കയിലെ ഗല്ലികൾ

യാത്രയുടെ ഒാരോ നിമിഷവും കടുത്ത ആശങ്കയോടെ മാത്രം കഴിയുക എന്ന പ്രതിസന്ധിയാണ് സൗദി ജിദ്ദയിലെ മൾട്ടിനാഷനൽ അലജം ബസിലിരിക്കുമ്പോൾ നേരിടേണ്ടി വരിക. രണ്ടു റിയാൽ കൊടുത്താൽ ജിദ്ദ നഗരത്തിലെവിടെയും സഞ്ചരിക്കാമെങ്കിലും, പോക്കറ്റടിക്കാൻ മാത്രം ബസിൽ കണ്ടേക്കാം. അവരിൽ നിന്ന് സ്വന്തം പഴ്സ് സംരക്ഷിക്കുക എന്ന ഉദ്യമം ഒാരോ യാത്രക്കാരനുമുണ്ട്.

ഒരു പക്ഷേ, ആദ്യമായി യാത്ര ചെയ്യുന്നയാൾ ബസില്‍ നിന്നിറങ്ങിയ ശേഷമായിരിക്കും പഴ്സ് നഷ്ടപ്പെട്ട കാര്യം അറിയുക. താമസ കുടിയേറ്റ രേഖ (ഇഖാമ), പണം, മറ്റു രേഖകൾ എന്നിവയെല്ലാം നഷ്ടപ്പെട്ടുപോയി. ഇനി നോ രക്ഷ. പണം പോയത് പോട്ടേന്ന് വയ്ക്കാം. പക്ഷേ, ഇഖാമ! അതില്ലാതെ പുറത്തിറങ്ങാൻ പറ്റില്ല. പുതിയത് ഒപ്പിച്ചെടുക്കുക വളരെയധികം പണച്ചെലവുള്ള കാര്യം  എന്നത് മാത്രമല്ല, ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുമുണ്ട്. നഷ്‌ടപ്പട്ടത് വീണ്ടെടുക്കുക എന്നത് തന്നെയാണ് ഏറ്റവും അഭികാമ്യം.

ജിദ്ദയിലെ പഴമക്കാർ പറയും, ഇനിയൊന്നും നോക്കാനില്ല. ബാബ് മക്കയിലെ ആഫ്രിക്കൻ ഗല്ലിയിൽ ചെന്ന് നോക്കൂ. മക്കയിലേയ്ക്കുള്ള വാതിലെന്നറിയപ്പെടുന്ന ബാബ് മക്കയിലെത്തുന്നു (അവിടെ നിന്നാണ് പുണ്യനഗരമായ മക്കയിലേയ്ക്ക് യാത്ര പുറപ്പെടുക). തിരക്കേറിയ നഗരത്തിന്റെ ഒാരത്തെ ആ ഗല്ലിയിൽ ചെന്ന് ചുമ്മാ നിന്നുകൊടുത്താൽ മതി. ആഫ്രിക്കൻ വംശജൻ മുന്നിലെത്തും. പേര് ചോദിക്കും. തിരിച്ചുപോകും. വൈകാതെ മടങ്ങിയെത്തും. 

നഷ്ടപ്പെട്ട ഇഖാമ അവിടെയെത്തിയിട്ടുണ്ട്. രണ്ട് വർഷത്തെ കാലാവധിയാണ് അതിനുള്ളതെങ്കിൽ ചുരുങ്ങിയത് രണ്ടായിരം റിയാൽ നൽകണം. ഒരു വര്‍ഷത്തേതെങ്കിൽ ആയിരം റിയാലും. പുതിയതിന് അപേക്ഷിച്ച് അത് കിട്ടാൻ അതിലേറെ ചെലവുള്ളതിനാൽ പറഞ്ഞ സംഖ്യ നൽകി തിരികെ വാങ്ങുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. കേൾക്കുമ്പോഴും ഇത് വായിക്കുമ്പോഴും ആശ്ചര്യം തോന്നാം. പക്ഷേ, ഇതൊരു യാഥാർഥ്യമാണ്. പുതുതായി ജിദ്ദയിലെത്തി അലജം ബസിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗം പേർക്കും ഇൗ ദുരനുഭവമുണ്ടാകും.

ഒരാളല്ല, കുറേ പേര്‍ എതിരെ വരുന്നു...

ലോകത്തെ മിക്ക പ്രശ്നങ്ങളും സ്വയം തലയിൽ വച്ച് നടക്കുന്നയാളാണ് ചാക്കോ ഉൗളപ്പറമ്പിൽ. ടെൻഷൻ സേട്ട് എന്നാണ് അയാള്‍ കൂട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്. ദുബായിലെ ഒരു പ്രമുഖ കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നു. താമസം മലയാളികളുടെ കേന്ദ്രമായ ദുബായ്– ഷാർജ അതിർത്തിയായ അൽ നഹ്ദയിൽ. ജോലി ജബൽ അലിയിൽ. നിത്യവും സ്വന്തം കാറോടിച്ചുപോയി വരും.

കോവി‍ഡ് കാലത്ത് കമ്പനി പ്രതിസന്ധിയിലാണ്. ഒാഫീസില്‍ പിടിപ്പത് ജോലിയുണ്ടെങ്കിലും ശമ്പളമൊക്കെ കട്ടായി ആകെ ഹലാക്കിന്റെ അവിലും കഞ്ഞിയുമായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം അൽ നഹ്ദയിലെ താമസ സ്ഥലത്ത് നിന്നു പുറപ്പെടുമ്പോൾ എന്തോ ഒരു പ്രശ്നം ചാക്കോ ഉളപ്പറമ്പിലിനെ അലട്ടിയിരുന്നു. അത് ലഘൂകരിക്കാൻ എത്രയും പെട്ടെന്ന് ഒാഫീസിലെത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

UAE-FINANCE-ECONOMY-DEBT

ഭാര്യ ലൂസമ്മയാണെങ്കിൽ റേഡിയോ പ്രേമിയാണ്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ദുബായിലെ റേഡിയോ ചാനലുകൾ മാറിമാറി കേട്ടുകൊണ്ടിരിക്കും. ചാക്കോ രാവിലെ യാത്ര തിരിച്ച ശേഷം ഉച്ച ഭക്ഷണത്തിന് അരി കഴുകുമ്പോഴാണ് റേഡിയോയിൽ ആ സവിശേഷ വർത്തമാനം കേട്ടത്. ദുബായിലെ വാഹനങ്ങൾ അണമുറിയാതെ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിൽ ഒരു കാർ എതിർദിശയിൽ നിന്നും വരുന്നു! ആ ഡ്രൈവറുടെ അശ്രദ്ധായായിയിരിക്കാം. വളരെ അപകടരമായ സ്ഥിതിവിശേഷം. അതുവഴി സ‍ഞ്ചരിക്കുന്നവർ വളരെ സൂക്ഷിക്കുക എന്ന് ആർജെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.

കേട്ടപാടെ, ലൂസമ്മയുടെ നെഞ്ചിലേയ്ക്ക് കുക്കിങ് റേഞ്ചിൽ നിന്ന് തീ പടർന്നു. തന്റെ ഭർത്താവ് ചാക്കോ ഉൗളപ്പറമ്പിൽ സഞ്ചരിക്കുന്ന റൂട്ടാണ്. മറ്റൊന്നും ആലോചിക്കാതെ, നിലയ്ക്കാത്ത ഹൃദയമിടിപ്പോടെ ലൂസമ്മ ഭർത്താവിനെ ഫോൺ വിളിച്ചു:

ചേട്ടാ, ഒരു വാർത്ത കേട്ടോ?

എന്താ വാർത്ത, പറഞ്ഞു തുലയ്ക്കെടീ..

ചേട്ടാ, ചേട്ടനിപ്പോ... റോഡിലാണോ?

അതെ, ആ റോഡിലാണ്...

ചേട്ടാ, ആ റോഡിലൊരാൾ ഒാപ്പസിറ്റ് സൈഡിൽ നിന്ന് കാറില്‍ വരുന്നു എന്ന് റേഡിയോയിൽ പറഞ്ഞുകേട്ടു. സൂക്ഷിക്കണേ..

ശരിയാടീ. നീ പറഞ്ഞത് നന്നായി. ഒരാളല്ല, കുറേ പേർ റൂട്ട് മാറി എതിർദിശയിൽ നിന്നു വരുന്നുണ്ട്..

ആഫ്രിക്കൻ ഡോക്ടർ

പേര് പോലെ തന്നെ ആഫ്രിക്കക്കാരനായ ഒരു പാവം ഡോക്ടറുടെ കഥയാണീ സിനിമ– ആഫ്രിക്കന്‍ ഡോക്ടർ. 1975 ൽ മെഡിക്കൽ ബിരുദം സ്വന്തമാക്കിയ സെയോലോ സൊന്റോക്കോ എന്ന യുവ ഡോക്ടർ. മെച്ചപ്പെട്ട ജീവിതം തേടി അയാൾ ഫ്രാാൻസിലെത്തുന്നു. ഡോക്ടറുടെ ഭാര്യ അന്നയാണെങ്കിൽ വളരെ ആകാംക്ഷയാണ്. രണ്ട് മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാമെന്ന ചിന്തയിൽ അവർ അഭിരമിക്കുന്നു. ഫ്രാൻസിലെ ഗ്രാമമായ മാർലി ഗൊമെന്റോയിലെ ജനങ്ങളാണെങ്കിൽ കറുത്തവർഗക്കാരനായ സെയോലോയയും കുടുംബത്തെയും അകറ്റുന്നു. 

African-Doctor

വർണവിവിചേനത്തിന്റെ കഥയാണ് ഇൗ രസകരമായ ഫ്രഞ്ച് ചിത്രത്തിൽ പറയുന്നത്. സൊയോലോ സിന്റോഗോയായി മാർക് സിൻഗ എന്ന നടന്റെ പരകായപ്രവേശമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഗ്രാമീണസ്ത്രീയുടെ എല്ലാ കുന്നായ്മകളുമുള്ള ഭാര്യ അന്ന സൊന്റോകോയായി അയിസ്സ മയിഗ എന്ന അഭിനേത്രിയും ജീവിച്ചിരിക്കുന്നു. ജൂലിയൻ റംബായിദിയാണ് സംവിധാനം. അദ്ദേഹത്തോടൊപ്പം കമിനി, ബെന്നോയിറ്റ് ഗ്രാഫിൻ എന്നിവർ തിരക്കഥ രചിച്ചു. 

യൂറോപ്പിന്റെ വശ്യസൗന്ദര്യമൊഴുകുന്ന ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തീർചയ്യായും നമ്മുടെ കണ്ണുകളിൽ ദൃശ്യചാരുത പകരും ഇൗ ചിത്രം. നെറ്റ് ഫ്ലിക്സിലുള്ള ഇൗ ചിത്രം തീർച്ചയായും ഗൾഫിലെ ചൂടിൽ നിന്ന് മനസിലേയ്ക്ക് ഗ്രാമ്യ കുളിർമ പകരും. 

വാൽശല്യം: മഹാമാരിക്കാലത്ത് കൊല്ലുന്ന ഏകാന്തത അനുഭവിക്കുന്ന ഒരാൾ ഏറ്റവും അധികം നിരാശപ്പെടുന്നത് ഒരേ ഒരു കാര്യം ഒാർത്തിട്ടായിരിക്കും–പോയ കാലത്തെ മധുരനൊമ്പര നാളുകളെയോർത്ത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS