''ങാ.. വലിയ സന്തോഷമില്ല, സങ്കടവുമില്ല..''

arabikadha
SHARE

''ങാ.. വലിയ സന്തോഷമില്ല, സങ്കടവുമില്ല പപ്പാ..'' 

എങ്ങനെയുണ്ട് മോളേ നാട്ടിലെ  പഠനവും മറ്റ് സ്ഥിതിവിശേഷങ്ങളും എന്ന് പത്താം ക്ലാസുകാരിയായ മകളോട് ചോദിച്ച സുഹൃത്തിന് ലഭിച്ച പ്രതികരണമാണിത്. കോവിഡ്19 കാരണം വിദ്യാലയങ്ങളിൽ ചെല്ലാനും സഹപാഠികളെ കാണാനും സാധിക്കാതെ ഉരുകിയൊലിക്കുന്ന ഇന്നത്തെ വിദ്യാർഥികളുടെ പ്രതീകമാണ്  ഇൗ മകൾ.

സ്പാനിഷ് ഫ്ലൂവിനെക്കുറിച്ചും വസൂരിയെക്കുറിച്ചും കേട്ടറിഞ്ഞ തലമുറ സാക്ഷിയാകുമെന്ന് പ്രതീക്ഷിക്കാത്ത ഇൗ മഹാമാരി മനുഷ്യരാശിയെ അതിക്രമിച്ച് കയറാനും ജീവനുകൾ കവരാനും തുടങ്ങിയിട്ട് രണ്ട് വർഷമാകാറാകുന്നു. ഒരേ ബെഞ്ചിലിരുന്ന് സ്വപ്നങ്ങൾ  പങ്കുവച്ച പ്രിയ കൂട്ടുകാരെ ഇത്രയും നാൾ ഒരു നോക്ക് കാണാനാകാത്ത നമ്മുടെ മക്കളുടെ അവസ്ഥ മുതിർന്നവർക്ക് മനസിലാകാതിരിക്കില്ല. കാരണം അവരും ഇത്തരം സ്ഥിതി വിശേഷത്തിലൂടെ കടന്നുവന്നവരും സുഹൃദ് ബന്ധത്തിൻ്റെ ആഴങ്ങളറിഞ്ഞവരുമാണല്ലോ.

നമ്മുടെ വിദ്യാർഥികളെല്ലാം ഇന്ന് സന്തോഷവുമില്ല, സന്താപവുമില്ല എന്ന വിചിത്രമായ അവസ്ഥാന്തരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതാണ് സുഹൃത്തിൻ്റെ മകളുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കേണ്ടത്. വിദ്യാലയങ്ങൾ തുറക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ എന്ന് കഴിഞ്ഞ ദിവസം റിപോർട്ടുണ്ടായിരുന്നു. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. പന്ത്രണ്ട് വയസിന് മുകളിലുള്ളവർ മാത്രം കോവ‍ിഡ് പ്രതിരോധ കുത്തിവയ്പ് നടത്തിയാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ഷാർജ അധികൃതർ അറിയിച്ചത്. എങ്കില്‍ അതിനും താഴെയുള്ള വിദ്യാർഥികൾ എത്രമാത്രം മഹാമാരിയിൽ നിന്ന് സുരക്ഷിതമാണെന്ന കാര്യം അവഗാഹമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്കൂൾ തുറന്ന് വീണ്ടും കുറേക്കാലത്തേയ്ക്ക് കൂടി അടയ്ക്കേണ്ടി വരുന്നതിനേക്കാൾ, കുറച്ചുകൂടി ക്ഷമയോടെ കാത്തിരുന്ന് നമ്മുടെ കൊച്ചുമക്കളെ സ്കൂളുകളിലേയ്ക്ക് എത്തിക്കുന്നതല്ലേ നല്ലത്?

ഇതിനിടെ മറ്റൊരു കാര്യം പറയാതിരിക്കാനാവില്ല. കേരളത്തിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചൈനയിലും റഷ്യയിലും  മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. അവരുടെ ഭാവിയാണ് ഏറെ പരിതാപകരം. ലാബിലും മറ്റും ഏറെ സമയം  ചെലവഴിച്ച് വിദ്യ അഭ്യസിക്കേണ്ടിയിരുന്ന ആ വിദ്യാർഥികളുടെ ഭാവി അവരുടെ രക്ഷിതാക്കളിൽ ഉയർത്തുന്ന ആശങ്ക അത്ര നിസാരമല്ല. ലക്ഷങ്ങൾ നൽകിയാണ് പലരും തങ്ങളുടെ മക്കളെ അന്യ രാജ്യങ്ങളിൽ പഠിപ്പിക്കാനയച്ചത്. നമ്മുടെ അധികാരികളാട് പലപ്രാവശ്യം അവർ ആശങ്കയറിയിച്ചിട്ടും വ്യക്തമായ മറുപടി പോലും ലഭിക്കാത്തതിൽ ഏറെ ഖിന്നരാണ്.

യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികളാണെങ്കിൽ, ചെറിയൊരു ശതമാനം മാത്രമേ വിദ്യാലയങ്ങളിലെത്തുന്നുള്ളൂ. നാട്ടിലാണെങ്കിൽ, വീട്ടുമുറ്റത്തെങ്കിലും സ്വാതന്ത്ര്യം കണ്ടെത്താമെന്നിരിക്കെ, ഗൾഫ് പോലുള്ള വിദേശ രാജ്യങ്ങളിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന മക്കൾ അസ്വാതതന്ത്ര്യത്തിന്‍റെ നാലു ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടുകയാണ്. എല്ലാ വേനലവധിക്കാലത്തും നാട്ടിൽ പോയി മുത്തശ്ശനേയും മുത്തശ്ശിയേയും കാണുമ്പോൾ ലഭിച്ചിരുന്ന സമാശ്വാസം  പോലും അവർക്ക് നഷ്ടമായിരിക്കുന്നു. വാർധക്യത്തിൻ്റെ ചുളിവുകൾ വീണ ആ കൈവിരലുകളിൽ മുറുകെ പിടക്കുമ്പോഴുണ്ടായിരുന്ന സമാശ്വാസം ഇനിയെന്നാണ് സ്വന്തമാക്കാനാകുക?  

മഹാമാരി ആരുടെ കുറ്റമാണെന്ന് പറയനാവില്ലെങ്കിലും നമ്മുടെ കൊച്ചുകൂട്ടുകാരുടെ മനോവ്യഥകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. എല്ലാ കാര്യത്തിനും പരിഹാരമുണ്ടെന്നിരിക്കെ, അവരുടെ വിഷമതകൾക്ക് അറുതി വരുത്താൻ ഒരളവുവരെയെങ്കിലും മുതിർന്നവർക്ക് സാധിക്കില്ലേ? ചിന്തിക്കേണ്ടിയിരിക്കുന്നു.

 

അപ്പോ നാളെ തിരിച്ചു പോകാംല്ലേ?‌

അജ്മാനില്‍ ജോലി ചെയ്യുന്ന ആ ​യുവാവിനെ തത്കാലം നമുക്ക് ഉൽപലാക്ഷൻ എന്ന് വിളിക്കാം. മൂന്ന് വർഷത്തിന് ശേഷം  രണ്ട് മാസത്തെ അവധിക്കാണ് ഉൽപലാക്ഷൻ നാട്ടിലെത്തിയത്. കോവിഡ് കാലമായതിനാൽ എന്തും സംഭവിക്കാം. വിമാന സർവീസ് എപ്പോഴാണ് നിർത്തലാക്കുക എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. എങ്കിലും മൂന്ന് വർഷത്തിന് ശേഷം ലഭിച്ച അവധി നഷ്ടപ്പെടുത്തിക്കൂടെന്ന തോന്നലിൽ ഉത്പലാക്ഷൻ നാട്ടിലെത്തി.

കേരളത്തിലെ പ്രമുഖ വിമാനത്താവളത്തിലെ ടോയ് ലറ്റിൽ കയറിയപ്പോൾ തന്നെ യുഎഇയും കേരളവും തമ്മിലുള്ള അന്തരം അ​വൻ​ തിരിച്ചറിഞ്ഞു. ഹൗ.. വൃത്തിയും വെടിപ്പുമൊന്നും ഇപ്പോഴും നലയലത്ത് എത്തിയിട്ടില്ല! എങ്കിലും,  പ്രവാസികൾ കേരളത്തെ അപമാനിക്കുന്നു എന്ന പരാതി പൊതുവെ ഉള്ളത് ഉൽപലാക്ഷന് അറിയാമെന്നതിനാൽ ഉള്ളിലുയർന്ന അമർഷം അ‌ടക്കിവച്ചു. 

അച്ഛൻ, അമ്മ, മുത്തശ്ശൻ , മുത്തശ്ശി എന്നിവരോടൊപ്പം ​ഉൽപലാക്ഷകൻ വീട്ടിലേയ്ക്ക് യാത്ര തുടങ്ങി. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വീണ് ടാക്സിയോടൊപ്പം ​എല്ലാവരും കുലുങ്ങിക്കൊണ്ടിരുന്നു. പക്ഷേ, തനിക്ക് മാത്രമേ ഇൗ കുലുക്കം അരോചകമായി തോന്നുന്നുളളൂ എന്നും ‍ഡ്രൈവറും മറ്റുള്ളവരും ഇതൊരു സാധാരണ സംഭവമെന്ന നിലയ്ക്ക് ആഹ്ളാദത്തോടെ യാത്ര ആസ്വദിക്കുന്നുവെന്നും മനസിലായതിനാൽ അ​വൻ അപ്പോഴും മൗനം കുടിച്ചിരുന്നു.

വീട്ടിലെത്തിയപ്പോ​​ൾ​ കണ്ട കാഴ്ചകൾ അവനെ സ്തംബ്ധനാക്കി! പെയിൻ്റ് തൊട്ടിട്ട് നൂറ്റാണ്ടുകളായെന്ന് തോന്നുംവിധം തറവാടാകെ പഴകിദ്രവിച്ചിരിക്കുന്നു. മുറ്റം നിത്യവും തൂത്തുവാരുന്നുണ്ടെന്നാണ് പറയാറെങ്കിലും കരിയിലകൾ വീണ് നാശകോശമായിരിക്കുന്നു. അപരിചിതനെ കണ്ട പ്രതിഷേധം വളർത്തുനായ ജിമ്മി നോൺ സ്റ്റോപ്പ് കുരയിൽ അറിയിച്ചു. വീടിൻ്റെ  അകത്തളങ്ങളിൽ കുറേ പൂച്ചകൾ തലങ്ങും വിലങ്ങും കാലിനടിയിലൂടെയും പായുന്നു. മറ്റത്ത് കോഴികളും കുഞ്ഞുങ്ങളും ചിക്കിച്ചിതറി നടക്കുന്നു. അടുക്കളയിൽ പാത്രങ്ങൾ കുമിഞ്ഞുകൂടിക്കിടക്കുന്നു. മുത്തശ്ശനാണെങ്കിൽ മുറുക്കിത്തുപ്പുന്നത് എവിടെയാണെന്ന് ആലോചിക്കാനേ വയ്യ. മുത്തശ്ശി എപ്പോഴും എന്തൊക്കെയോ പ്രാകി നടക്കുന്നു.  പട്ടാളക്കാരനായ അളിയന്‍ സഹോദരിയെ തറവാട്ട് വീട്ടിലാണ് താമസിപ്പിക്കുന്നത്. ചേച്ചിയുടെ മൂന്ന് കുട്ടികളാണെങ്കിൽ മഹാ വികൃതിയും. ആദ്യ ദിവസങ്ങളിൽ കുട്ടികളുടെ കുസൃതികളും മറ്റും രസകരമായൊരു സിനിമ കാണുംപോലെ ഉൽപലാക്ഷൻ ആസ്വദിച്ചു. പക്ഷേ, ദിവസങ്ങൾ കൊഴിഞ്ഞുപോകവേ, എത്ര കടിച്ചുപിടിച്ചിട്ടും അയാൾ ദേഷ്യം അടക്കിനിർത്താനായില്ല.

''അതിനെ ഒന്ന് ഉറക്കിക്കിടത്ത് ​ചേച്ചീ...''

വാവിട്ട് കരയുന്ന ചേച്ചിയുടെ ഇളയ കുഞ്ഞിനെ നോക്കി ഉൽപലാക്ഷൻ ഇത്തിരി ഒച്ചയുയർത്തി പറഞ്ഞു. മാലതി അപ്പോൾ ടെലിവിഷനിൽ തമാശ ആസ്വദിച്ചിരിക്കുകയായിരുന്നു. അവരപ്പോൾ അനുജൻ്റെ വാക്കുകളൊന്നും കേട്ടതേയില്ല. ഉൽപലാക്ഷന് ദേഷ്യം ഇരട്ടിച്ചു. അ​വൻ ഒാടിച്ചെന്ന് ടെലിവിഷൻ ഒാഫ് ചെയ്തു​, ബാൻഡേജിട്ടിരുന്ന റിമോട് കൺട്രോൾ എടുത്ത് വലിച്ചെറിഞ്ഞു​. 

മുറ്റത്ത് ഉലാത്തുകയായിരുന്ന കോഴികളെ കല്ലെടുത്തെറിഞ്ഞും അയൽക്കാരോട് ദുർമുഖം കാണിച്ചും പൂച്ചകളെ കാൽക്കൊണ്ട് തൊഴിച്ചും പട്ടികളെ ​വ‌ടിയെടുത്തടിച്ചും അവൻ തൻ്റെ അസ്വസ്ഥതകൾ പ്രകടമാക്കി. കോവിഡ്19 ലോക് ഡൗൺ അല്ലായിരുന്നുവെങ്കിൽ പുറത്തിറങ്ങി നടക്കാമായിരുന്നെന്നും, എങ്കിൽ ഉൽപലാക്ഷൻ്റെ അസ്വസ്ഥതയ്ക്ക് അറുതി വരുമായിരുന്നുവെന്ന് അമ്മയും ചേച്ചിയും അ​യൽപക്കത്തെ സുജാതയോട് അടക്കം പറഞ്ഞു.

എന്നാണ് ദൈവേ, ഇൗ യാത്രാ വിലക്കൊന്ന് നീങ്ങി വിമാന സർവീസ് ആരംഭിക്കുക.!

അയാൾ പിറുപിറുത്തു. അനുജൻ്റെ അസഹിഷ്ണുത കൂടിക്കൂടി വന്ന് കുട്ടികളോട് പോലും കയർക്കാൻ തുടങ്ങിയപ്പോൾ മാലതി​ അവൻ്റെ മനസ്സ് സ്വസ്ഥമാകാൻ ഭഗവതി ക്ഷേത്രത്തിൽ നേർച്ച നേർന്നു.

കൊച്ചുകുട്ടികളോടു മാത്രമല്ല,​ മുത്തശ്ശനോടും മുത്തശ്ശിയോടും​ വളർത്തുപട്ടിയോടും പൂച്ചയോടും  വരെ അകാരണമായി ദേഷ്യപ്പെടുന്ന ​ഉൽപലാക്ഷൻ​​ തറവാട്ടിൽ ചർച്ചാ വിഷയമാകാൻ അധികനാൾ വേണ്ടി വന്നില്ല.​ തനിക്ക് ഇവിടെ ഇനി  ഒരാഴ്ച പോലും മനസ്സമാധാനത്തോടെ നില്‍ക്കാനാവില്ലെന്ന് ​അവന് തോന്നി.​ എന്തൊരു ശ്വാസംമുട്ടലാണ്. മാസ്ക് വച്ച് പോലും പുറത്തിറങ്ങാനനുവദിക്കുന്നില്ല. ഒരു സിനിമ കാണാൻ വഴിയില്ല. എന്തിന് സുഹൃത്തുക്കളുമായി ഒന്നു 'കൂടാൻ' പോലും സാധിച്ചിട്ടില്ല.

​ ദിനങ്ങൾ ആഴ്ചകളും മാസങ്ങളുമായി പരിണമിച്ചുകൊണ്ടിരുന്നപ്പോൾ ​അവന്‍റെ മനസ്സ് കൂടുതൽ പ്രക്ഷുബ്ധമായിക്കൊണ്ടിരുന്നു. വിമാന സർവീസ് പുനരാരംഭിച്ചാൽ  എത്രയും പെട്ടെന്ന് ദുബായിലേയ്ക്ക് തിരിച്ചുപറക്കാൻ അ​വൻ കാത്തിരുന്നു. പക്ഷേ, യാത്രാ വിലക്ക് ഇടയ്ക്കിടെ നീട്ടിക്കൊണ്ടിരുന്നു. ആ വാർത്തകളറിഞ്ഞ് അലറിക്കരഞ്ഞു. സ്വന്തം അമ്മയോടും അച്ഛനോടും പോലും സംസാരിക്കുന്നത് വിരളമായി. എപ്പോഴും മുറിയിൽ കിടന്ന് ഉറക്കം തന്നെ. ഇവനെന്താ, ദുബായിൽ ഉറങ്ങാറേയില്ലായിരുന്നോ എന്നായിരുന്നു ടൗണിൽ കട നടത്തുന്ന അച്ഛൻ്റെ സംശയം.

അങ്ങനെയിരിക്കെ, ഒരു ​വെള്ളിയാഴ്ച. രാവിലെ പത്ത് മണിയായിക്കാണും.​ ദുബായിലെ ശീലം വച്ച് വെള്ളിയാഴ്ചകളിൽ അതിരാവിലെ പന്ത്രണ്ടെങ്കിലും ആകാതെ ഉൽപലാക്ഷൻ ഉറക്കമെണീക്കാറില്ലായിരുന്നു.  അമ്മ വന്നു കുലുക്കി വിളിച്ചപ്പോഴാണ് അ​വൻ ‍ ഉറക്കത്തിൻ്റെ ആലസ്യം വിട്ടുണർന്നത്.

''മോനേ, ഉൽപലാക്ഷാ, നീ ഇതുകണ്ടോ?''

അയാൾ കണ്ണു തിരുമ്മി നോക്കി. കൈയിൽ അന്നത്തെ ദിനപത്രവുമായി മുഖം നിറയെ​ സന്തോഷച്ചിരിയുമായി അമ്മ.  പിന്നിലായി ചേച്ചിയും മക്കളും​ മുത്തശ്ശനും മുത്തശ്ശിയും എന്തിന്,​ പൂച്ചയും​, വളർത്തുപട്ടി ടോ​മിയും അണിനിരന്നിട്ടുണ്ട്​​. എല്ലാവരും അതിയായ സന്തോ​ഷം പകരുന്ന ഒരു കാര്യം പറയാ​നാണ് എത്തിയിരിക്കുന്നത് എന്നുറപ്പ്.

''എന്താ അമ്മേ?''

അയാൾ പത്രം വാങ്ങി നോക്കി.

യാത്രാ വിലക്ക് നീക്കി, താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് മടങ്ങാം.

ഉൽപലാക്ഷൻ്റെ​ കണ്ണുകൾ ഒന്നാം പേജിലെ കറുത്ത അക്ഷരങ്ങളിലൂടെ സഞ്ചരിച്ചു.  ചുണ്ടുകൾ മന്ത്രി​ച്ചു. അപ്പോൾ പിറകിൽ നിന്ന്​ ​ കോറസ്സായി​ സന്തോഷത്തിൻ്റെ​ ഒരു ചോദ്യം ഉയർന്നു:

''അപ്പോ നാളെ​ത്തന്നെ മടങ്ങാല്ലേ?''

the-pursuit
ദ് പെര്‍സ്യൂട്ട് ഹാപ്പിനസ് എന്ന ചിത്രത്തിലെ രംഗം

​ജിമ്മി സന്തഷസൂചകമായി മുരണ്ടു. പൂച്ചകൾ മ്യാവൂ മ്യാവൂ ​എന്ന് ആഹ്ളാദമറിയിച്ചു.

സന്തോഷത്തിന്റെ ഒന്നാം രഹസ്യം

എനിക്കേറ്റവും ഇഷ്ടമുള്ള ഹോളിവു‍ഡ് അഭിനേതാക്കളിൽ ഒരാളാണ് വിൽ സ്മിത്. നമ്മുടെ മലയാളി അഭിനേതാക്കളെ പോലെ വളരെ സ്വാഭാവികമാണ് അദ്ദേഹത്തിൻ്റെ അഭിയം. വിൽമസ്മിത്തും മകൻ ജേഡൻ സ്മിത്തും ഒന്നിച്ചഭിനയിച്ച ​''​ദ് പെര്‍സ്യൂട്ട് ഹാപ്പിനസ്​''​ എന്ന ഹോളിവു‍‍ഡ് ചിത്രം കാണാനാണ് ഇപ്രാവശ്യം ഞാൻ അഭ്യര്‍ഥിക്കുന്നത്.

എന്താണ് ഒരു മനുഷ്യന് സന്തോഷം പകരുന്നത്? തീർച്ചയായും സ്വസ്ഥമായ ഒരു ജീവിതം തന്നെയായിരിക്കാം. സമാധാനമില്ലെങ്കിൽ പിന്നെ, മറ്റെന്തുണ്ടായിട്ടും ജീവിതത്തിന് ഒരു അർഥവുമില്ല. എവിടെയാണ് സന്തോഷം? എങ്ങനെയാണ് സന്തുഷ്ടി കൈവരിക്കുക? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നെറ്റ് ഫ്ലിക്സിൽ ലഭ്യമായ 2015 ൽ റിലീസായ ഇൗ ഫീൽ ഗൂഡ് മൂവി.

ദാരിദ്ര്യത്തോട് പടപൊരുതി ഉന്നതിയിലെത്തിയ ക്രിസ് ഗാർഡ് നർ എന്ന ബിസിനസുകാരൻ്റെ ജീവിത കഥയാണ് ഇൗ ചിത്രത്തിന് കാരണമായത്. 1981 കാലഘട്ടത്തിൽ സെയിൽസ്മാനായി ജീവിതം ആരംഭിച്ച് നിത്യജീവിതം പുലർത്താൻ വേണ്ടി കഷ്ടപ്പെടുന്ന യുവാവ്. ഭാര്യയും ഏക മകനും. ​മകനെ അയാൾ ഏറെ സ്നേഹിക്കുന്നു. ജീവിതം പ്രാരാബ്ധങ്ങളിലൂടെ ഇഴഞ്ഞുനീങ്ങവേ ഒരിക്കൽ ​അയാൾക്ക് ഒരു സ്റ്റോക് ബ്രോക്കറെ കാണാനുള്ള അവസരം ലഭിക്കുന്നു.​ അതൊരു വഴിത്തിരിവായി മാറി.​ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ ക്രിസ് ഇൻ്റേൺഷിപ്പ് ആരംഭിക്കുന്നു. തന്‍റെ ജീവിത ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം ക്രിസ് ഇവിടെ ആരംഭിക്കുകയാണ്. 

ഒന്നുമില്ലായ്മയിൽ നിന്ന് ഗൾഫിലെ ഏതെങ്കിലും ഒരു രാജ്യത്ത്–യുഎഇ, സൗദി, ഒമാൻ, ബഹ്റൈൻ, ഖത്തർ​, കുവൈത്ത്​– എത്തി ആത്മാർഥ പ്രയത്നത്തിലൂടെ ജീവിതം നേടിയ മലയാളികൾക്ക് ഇൗ സിനിമ സ്വന്തം കഥയായി തോന്നിയക്കാം. മോഹനമായ ജീവിതം ലക്ഷ്യമാക്കി പ്രയാണമാരംഭിച്ച ഒാരോ ഗൾഫ് പ്രവാസിയോടും ഇൗ ചിത്രം കാണുവാൻ ഇൗയുള്ളവൻ ആഹ്വാനം ചെയ്യുന്നു. ക്രിസിൻ്റെ ജീവിത സാഫല്യത്തിൻ്റെ പൂർത്തീകരണം മാത്രമല്ല ഇൗ ചിത്രം. തൻ്റെ മകൻ്റെ ശോഭനമായ ഭാവി കരുപ്പിടിയിലാക്കുക എന്ന ഒരു വളരെ പ്രതീക്ഷാ നിർഭരമായ ലക്ഷ്യം കൂടി അയാൾക്കുണ്ടായിരുന്നു.

പതിവായി  രാജ്യാന്തര സിനിമകൾ കാണുന്നവർക്ക് ഒരു പക്ഷേ, ദ് െപെർസ്യൂട്ട് എന്ന ചിത്രം വലിയ സ്വാധീനം ചെലുത്തിയെന്നിരിക്കില്ല. പക്ഷേ, ചിത്രം പകരുന്ന സന്ദേശം ആർക്കും അവഗണിക്കാനാ​വില്ലെന്നുറപ്പ്​. ശക്തമായ പ്രമേയമാണ് ചിത്രത്തെ തീർച്ചയായും മുന്നോട്ട് നയിക്കുന്നത്. ഇതൊരു വിൽ സ്മിത്ത് ചിത്രമാണ്. ഇഷ്ടപ്പെട്ട ഹോളിവുഡ് നടന്മാരിലൊരാളാണെന്നത് കൊണ്ടുമാത്രമല്ല, വിൽസ്മിത്തിൻ്റെ വളരെ സ്വാഭാവികവും അതേസമയം,  അപാരവുമായ പ്രകടനം ഇൗ ചിത്രത്തിൽ അനുഭവിച്ചു എന്നതു കൊണ്ടാണ് ഇൗ ചിത്രം പ്രിയങ്കരമാകുന്നത് .  സംവിധാനം: ഗാബ്രിയേൽ മുസ്സിനോ.  വിൽ സ്മിത്തിനെ കൂടാതെ, ഭാര്യയായി അഭിനയിച്ച താൻഡീവ് ന്യൂട്ടൻ, ജേഡൻ സ്മിത് എന്നിവരുടെയും പ്രകടനം അവിസ്മരണീയമാണ്. മഹാമാരിക്കാലത്ത് സിനിമാ ്പ്രേമിക​ളുടെ അസ്വസ്ഥമനസുകളിൽ പ്രതീക്ഷയുടെ വെളിച്ചം പകരുന്ന ചിത്രമാണ് ദ് പെർസ്യൂ‌‌ട്ട് ഹാപ്പിനസ്.

വാൽശല്യം: യുഎഇ ഗോൾഡൻ വീസയുടെ വാർത്ത വായിക്കുന്ന ഒരു സാധാരണ പ്രവാസിയുടെ ആത്മഗതം– എല്ലാ മാസവും കൃത്യമായി ശമ്പളം കിട്ടിയാ മതിയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS