നാട്ടിൽ നിന്നുള്ളത് നെഞ്ചകം പൊള്ളുന്ന കാഴ്ചകൾ;100 ദശലക്ഷത്തിന്റെ 'പ്രാണവായു'

coronavirus-cases-in-india-live-news-latest-updates-april30
SHARE

''The world has long been questioning where the true power lies. Does the economy drive politics or the other way around? The coronavirus spread has shown that healthcare is the main power that shapes the economy and politics at a time when a disease brought nations to a standstill''

-Sheikh Mohammed bin Rashid Al Maktoum

കോവിഡ്19 മായി ബന്ധപ്പെട്ട്  നാട്ടിലെ  കാഴ്ചകളും കേൾക്കുന്ന വാർത്തകളുമൊന്നും അത്ര സുഖകരമല്ല. ഇന്ത്യയിലെ ഇന്നത്തെ ഇത്രയും ഖേദകരമായ സ്ഥിതിവിശേഷം സ്വയം വരുത്തിവച്ചതാണ് എന്നേ നാടിനെയോർത്ത് ആശങ്കപ്പെടുന്ന പ്രവാസികൾ പറയൂ. ഗൾഫിൽ പുറത്തിറങ്ങുന്ന പത്രങ്ങളുടെ ഒന്നാം പേജുകളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നിറയുന്നത് പ്രാണവായു ലഭിക്കാതെ ആശുപത്രി മുറ്റത്തും റോഡരികിലും മറ്റും മരിച്ചുവീണവരെ കൂട്ടത്തോടെ ദഹിപ്പിക്കുന്ന ചിത്രങ്ങളാണ്. ആശുപത്രി തറകളിൽ നിരനിരയായി കിടത്തിയിരിക്കുന്ന ചേതനയറ്റ ശരീരങ്ങളാണ്. അതിനടുത്ത് നിസ്സഹായരായി നിന്ന് നിലവിളിക്കുന്ന ബന്ധുക്കളെയാണ്... ഇതുകണ്ട് വിദേശങ്ങളിൽ കഴിയുന്ന ഏതൊരു ഇന്ത്യക്കാരന്റെയും തല താഴ്ന്നുപോകുന്നു. ആ ചിതകളിൽ നിന്നുയരുന്ന അഗ്നിനാളങ്ങൾ ഒാരോ ഇന്ത്യൻ പ്രവാസിയുടെയും നെഞ്ചകം പൊള്ളിക്കുന്നു.

ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിത്തീരുന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിൽ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുമായി ഇന്ത്യയിലേതു താരതമ്യം ചെയ്താൽ കാണുന്ന യാഥാർഥ്യങ്ങളാണ് ഇനി പറയുന്നത്. തിരഞ്ഞെടുപ്പും മറ്റും വന്നപ്പോൾ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ ദിവസങ്ങളോളം കൂട്ടംകൂടി നടന്നതാണ് ദുരന്തത്തിന്റെ ഏറ്റവും വലിയ കാരണമെന്ന് ആർക്കും മനസിലാക്കാൻ സാധിക്കും. ഭരണാധികാരികൾ പോലും വൻ റാലികൾക്ക് നേതൃത്വം നൽകി. ഇതൊക്കെ കണ്ടപ്പോൾ പ്രവാസികൾ സത്യം പറഞ്ഞാൽ അത്ഭുതപ്പെട്ടിരുന്നു; അതിലേറെ ആശങ്കപ്പെട്ടിരുന്നു–കൈവിട്ട കളിയല്ലേ ഇതൊക്കെയെന്ന്!  ഇന്ത്യയേക്കാളും ചെറിയ രാജ്യമാണ്, ജനസംഖ്യ അത്രയുമില്ലല്ലോ എന്നൊക്കെ മുരട്ടു ന്യായം പറയാമെങ്കിലും യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെല്ലാം വളരെ കർശനമായിട്ടാണ്  നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതുകൊണ്ട് മാത്രം ഒരിക്കലും നടപടികൾ പൂർണമാകില്ല, അതിനു ജനങ്ങളുടെ ആത്മാർഥമായ സഹകരണം വേണം. ഗൾഫിൽ സ്വദേശികളും വിദേശികളും ഒരുപോലെ അധികൃതരെ അനുസരിക്കുന്നു. ആളുകൾ ഒരിടത്തും കൂടിച്ചേരുന്നില്ല എന്നതാണു പ്രധാന കാര്യം. സ്വദേശികളോ മറ്റോ നിയമം ലംഘിച്ചാൽ വൻ തുകയാണ് (കൂട്ടായ്മകൾ  സംഘടിപ്പിക്കുന്നവർക്കും പങ്കെടുത്ത ഒാരോരുത്തവർക്കും) പിഴ ചുമത്തുന്നത്. യുഎഇയിൽ മാത്രമല്ല, എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇൗ നിയമം കർശനമായി നടപ്പിലാക്കുന്നു. 

കോവിഡിനു ശേഷം താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാത്ത പ്രവാസി കുടുംബങ്ങള്‍ ഏറെയുണ്ട്. സ്കൂളുകളിൽ പോലും പോകാനാകാതെ ഫ്ലാറ്റുകളിലെ നാലു ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടുന്ന പിഞ്ചുകുട്ടികളെ സമാധാനിപ്പിക്കാനാകാതെ ഉഴറുന്ന വീട്ടമ്മമാരുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ഇതൊക്കെ, തങ്ങൾക്ക് വേണ്ടി മാത്രമല്ല, തങ്ങൾ കാരണം മറ്റൊരു മനുഷ്യനും ആപത്ത് സംഭവിക്കരുതെന്ന കരുതൽ ഉള്ളതുകൊണ്ടാണ്. ആ കരുതൽ ഇവിടങ്ങളിലെ ഭരണാധികാരികൾക്കുമുണ്ട്. നമുക്ക് ഉദാഹരണമായി താരതമ്യേന ചെറിയ രാജ്യമായ യുഎഇയുടെ കാര്യമെടുക്കാം. കോവി‍ഡ് വ്യാപനം തുടങ്ങിയത് മുതൽ ശക്തമായ പ്രതിരോധ നടപടികളാണ് സർക്കാർ തുടരുന്നത്. അതോടൊപ്പം, ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമുൾപ്പെടെയുള്ളവ എത്തിക്കുന്നു. ഇതു ലേബർ ക്യാംപുകളിലും മറ്റും കഴിയുന്നവർക്കു വലിയ സഹായമായിത്തീർന്നു. രോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കി സൗജന്യ ചികിത്സ നൽകി. പ്രതിരോധ കുത്തിവയ്പും(വാക്സിന്‍) സൗജന്യമായി തന്നെയാണ് നൽകുന്നത്. ഇതിൽ സ്വദേശി–വിദേശി വ്യത്യാസം കാണിക്കുന്നില്ല എന്നതു ശ്രദ്ധേയമായ കാര്യം. രണ്ടാം തരംഗവും വകഭേദങ്ങളുമൊന്നും ഗൾഫിൽ വലിയ തോതിൽ ബാധിക്കാത്തത് ഇൗ ജാഗ്രത കൊണ്ടാണെന്നു പറയാതെ വയ്യ.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ഫലം വരാൻ പോവുകയാണ്. അന്നും തീർച്ചയായും പ്രാണവായു ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രബുദ്ധ കേരളീയർ കൂടിച്ചേർന്ന് ആഘോഷിക്കും. ഒാക്സിജൻ സിലിണ്ടറുമായി പോലും ആളുകൾ ബൂത്തിനടുത്ത് എത്തിയേക്കാം. ഇതിനാണ് അവസാനമുണ്ടാക്കേണ്ടത്. എല്ലാവരും ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നാണ് നാടിനെ ഒാർത്ത്, നാട്ടിലെ പ്രിയപ്പെട്ടവരെയോർത്ത് നെഞ്ചിടിപ്പോടെ കഴിയുന്ന പ്രവാസികളുടെ അഭിപ്രായം.

 

india-uae

ഇന്ത്യയെ മാറോട് ചേർത്ത് ഗൾഫ്

ഇന്ത്യയും ഗൾഫും തമ്മിൽ ദശാബ്ദങ്ങളുടെ സൗഹൃദ ബന്ധമാണുള്ളത്. വ്യാപാര അടിസ്ഥാനത്തിലാണെങ്കിലും ഉഭയകക്ഷി ബന്ധമായാലും ഇരു രാജ്യങ്ങളും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടന്നുകൊണ്ടിരിക്കുന്നു. ഏത് ഭരണാധികാരിയാണെങ്കിലും ഇന്ത്യയെ ആദരവോടെ കാണാൻ ഇന്ത്യക്കാരുടെ ഇൗ രണ്ടാം വീട് ശ്രദ്ധപുലർത്തുന്നു. അതെല്ലാം, ഇന്നത്തെ പോലുള്ള കെട്ടകാലത്താകുമ്പോള്‍ ഏറെ പ്രകാശിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം കോവി‍ഡാരംഭത്തിൽ ഇന്ത്യയിലേയ്ക്ക് യുഎഇ മെഡിക്കൽ സംബന്ധമായ ഒട്ടേറെ ഉപകരണങ്ങൾ കയറ്റിയയച്ചു. പകരം ഇന്ത്യയിൽ നിന്ന് രോഗികളെ പരിചരിക്കാൻ ആരോഗ്യപ്രവർത്തകരെയും അയച്ചു. ഇൗ പരസ്പര സഹകരണം ഇപ്പോഴും പല വിഭാഗങ്ങളിലായി തുടരുന്നുണ്ട്.

ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ ഗൾഫ് രാജ്യങ്ങൾ ഏറെ ഗൗരവപരമായാണ് വിക്ഷിക്കുന്നത്. സൗദി അറേബ്യ മക്കയിലെ പരിശുദ്ധ ഹറം പള്ളിയിലെ ഇമാം കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി മനമുരുകി പ്രാർഥിച്ചു. യുഎഇയിലാണെങ്കിൽ, ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ഇന്ത്യയോടുള്ള  െഎക്യദാർഢ്യത്തിൻ്റെ ഭാഗമായി ത്രിവർണ പതാക തെളിഞ്ഞു. കരുത്തോടെ നിലകൊള്ളൂ( #Stay_Strong_India   ) എന്ന ടാഗ് ലൈനും ഇൗ ലോകവിസ്മയത്തിൽ പ്രത്യക്ഷപ്പെട്ടു. കൂടാതെ, അബുദാബിയിലെ ചില മുദ്രകളും ത്രിവർണത്തിൽ കുളിച്ചുനിന്നു. ജനിച്ച മണ്ണില്‍ മനുഷ്യർ പ്രാണവായുവിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ, യുഎഇയിലെ ഇൗ സുന്ദര കാഴ്ചകൾ കുറച്ചെങ്കിലും ഉള്ളു തണുപ്പിക്കുന്നു എന്ന് പറയാതെ വയ്യ.

 

aid-uae

100 ദശലക്ഷത്തിന്റെ 'പ്രാണവായു'

ഒാരോ റമസാനും യുഎഇ ഒാരോ മഹത് പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പിലാക്കി ലോകത്തെ അത്ഭുതപ്പെടുത്തുന്നു. കഴിഞ്ഞുപോയ പുണ്യമാസങ്ങളിൽ ചെയ്തതുപോലെ, എന്നും ചെയ്തുകൊണ്ടിരിക്കുന്നതുപോലെ അല്ലെങ്കിൽ അതിലുമേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇൗ രാജ്യം ചെയ്തുകൊണ്ടിരിക്കുന്നു. ലോകത്തെ പട്ടിണി മാറ്റുകയാണ് എന്നതിനാണ് പട്ടിണി എന്തെന്നറിയാത്ത യുഎഇയുടെ ഏറ്റവും വലിയ ലക്ഷ്യം. അതുകൊണ്ടു തന്നെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇപ്രാവശ്യം '100 ദശലക്ഷം ഭക്ഷണപ്പൊതികൾ' എന്ന  ക്യാംപെയിൻ പ്രഖ്യാപിച്ച് അത് യാഥാർഥ്യമാക്കി വരുന്നത്. ഇതിന്റെ ആദ്യ ഗുണഭോക്താക്കളായ ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, അംഗോള, യുഗാണ്ട എന്നിവിടങ്ങളിൽ ഇവിടെ നിന്നുള്ള നന്മയുടെ പൊതികൾ വിതരണം ചെയ്തു തുടങ്ങി.

മലയാളി വ്യവസായികളും സമ്പന്നരുമ‌ടക്കം സമൂഹത്തിന്റെ വിവിധ ‌ഭാഗങ്ങളിൽ നിന്നു വ്യക്തികളും പ്രസ്ഥാനങ്ങളും ആവേശത്തോടെ ഇൗ ക്യാംപെയിനിൽ ഭാഗഭാക്കാകുമ്പോൾ തങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകിയ പോറ്റമ്മനാടിന് നൽകുന്ന ആദരവുകൂടെയായി അതു മാറുന്നു.

ഇൗ റമസാനിൽ 20  രാജ്യങ്ങളിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീ(എംബിആർജി െഎ)വ് ക്യാംപെയിന് നേതൃത്വം നൽകുന്നു. ലോകത്തെങ്ങുമുള്ള ദരിദ്രരുടെ മേൽ യുഎഇയുടെ കാരുണ്യവർഷമാണ് ഇതു പ്രതിഫലിക്കുന്നത്. ജാതി,മതം,വർഗം, വർണം, രാജ്യം എന്നിവയൊന്നും പരിഗണിക്കാതെയായിരിക്കും വിതരണം. കോവിഡ്19 ദുരിതകാലത്ത് ഇൗ പൊതികൾ പട്ടിണിപ്പാവങ്ങൾക്ക് പ്രാണവായു കൂടിയായി മാറുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS