"വക്കീൽ"

siksha-enrolment
SHARE

‘ശിക്ഷ ലോറ ബി ജോർജ്ജ് എൻറോൾഡ്’ ക്യാമറയുമായി റെഡിയായി നിന്നിരിന്നു, ഞാൻ പുറകിൽ മുന്നു മണിക്കൂറായി. എന്നിട്ടും സ്റ്റേജിലൂടെ വെടിച്ചില്ല് പോലെ പാഞ്ഞ ശിക്ഷയുടെ ഫോട്ടം പിടിക്കാൻ പറ്റിയില്ല. എങ്കിലും കൂളിംഗ്ലാസും വെച്ച് കുട്ടുകാർക്കൊപ്പം സെൽഫി എടുത്ത് കൊച്ചി ഹൈക്കോർട്ടിനു മുന്നിൽ നിന്നിരുന്നപ്പോഴും ശിക്ഷ വക്കീലായി എന്നുള്ള ചാരിതാർഥ്യം മനസ്സിൽ നിറഞ്ഞൊഴുകി. ‘അമ്മ എവിടെയായിരുന്നു, ഞാൻ എല്ലാടവും നോക്കി കണ്ടില്ലല്ലോ?’ എന്നുള്ള ചോദ്യത്തോടെ. വൌ അമ്മേടെ മോൾ വക്കീലായി അമ്മേ, എന്നും പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച ശിക്ഷ ലോറ, ജീവിതം ജയിച്ച സന്തോഷത്തിമിർപ്പിൽ ആയിരുന്നു എന്ന് ഓർത്തു.

മക്കളുടെ നല്ല ജീവിതം, വിദ്യാഭ്യാസം എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. എന്നാൽ അതിനുള്ള തയാറെടുപ്പ് നമ്മൾ അവരെ വളർത്തികൊണ്ടു വരുമ്പോൾത്തന്നെയായിരിക്കണമെന്ന് എല്ലാ മാതാപിതാക്കളും പ്രത്യേകിച്ച് അമ്മമാർ ഓർക്കാറുണ്ടോ? മനസ്സിലാക്കാറുണ്ടോ? എന്നറിയില്ല. എല്ലാവരും എൻജിനീയറും ഡോക്ടറും ആകണമെന്നുള്ള ആഗ്രഹം ഏതാണ്ട് മാറിത്തുടങ്ങിയെന്ന് തോന്നുന്നു. നഴ്സറികളിലും സ്കൂളുകളിലും പഠിച്ചു തുടങ്ങുന്ന കുട്ടികളുടെ ഏതാണ്ടൊരു സ്വഭാവരീതികളും ഇഷ്ടങ്ങളും അനുസരിച്ച് ഭാവിയിൽ അവർ എന്തു പഠിക്കണം എന്ന് മാതാപിതാക്കൾക്ക് മനസ്സിലാകും. പിന്നെ ഇന്നത്തെക്കാലത്ത് സ്കൂളുകളിൽ കൗൺസിലർമാരുടെ, കുട്ടികളോട് സംയമനത്തോടെ, ഒരു സുഹൃത്തിന്റെ ഭാവത്തോടെ സംസാരിക്കുന്ന ടീച്ചർമാരുടെ നീണ്ടനിര തന്നെയുണ്ട്. അതിലൂടെ പതിനൊന്നാം ക്ലാസ്സിലെ ഗ്രൂപ്പ് തിരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ സാധിക്കുന്നു.

siksha-enrolment-4

പന്ത്രണ്ടാം ക്ലാസ്സിനു ശേഷവും ഇന്ന് കുട്ടികൾ മുന്നോട്ടുള്ള പഠിത്തത്തെക്കുറിച്ച് സ്വയം ഇഷ്ടങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾ നൾകാറുണ്ട്. ഇന്ന് നമുക്ക് ധാരാളം ശാസ്ത്രഞ്ജരും, എക്കണോമിസ്റ്റുകളും ഫാഷൻ ഡിസൈനർമാരും വക്കീലന്മാരും ബാങ്കർമാരും ഡേറ്റാ എന്റ്രിക്കാരും നേഴ്സ്മാരും ഫാർമസിസ്റ്റുകളെയും കാണാം. ആത്മാർഥമായി ആത്മവിശ്വാസത്തോടെ പഠിക്കുകയും മുന്നേറുകയും ചെയ്യുന്ന ഒരു തലമുറ നമുക്കു മുന്നിലുണ്ടെന്നു പറയാം. കോളേജ് കാലങ്ങൾ പണ്ടത്തേതിലും വളരെ വ്യത്യസ്തമാണ്. ഇന്റർനെറ്റിന്റെയും ദൂര രാജ്യങ്ങളുടെയും മയക്കുമരുന്നുകളും അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെയും കാലങ്ങൾ ആണിന്ന്. അവിടെയൊന്നും വഴിതെറ്റാതെ സധൈര്യം തിരിച്ചറിവിന്റെ വെളിച്ചത്തിന്റെ, മുന്നോട്ടുപോകുന്ന ഇന്നത്തെതലമുറ.

siksha-enrolment-3

എവിടെയും നല്ലവഴികാണിച്ചു കൊടുക്കാനും സ്വയം ഇഷ്ടങ്ങളിലേക്ക് എത്തിച്ചേരാനും മാതാപിതാക്കൾക്കൊപ്പം ശക്തമായ സാമീപ്യമാണ് അധ്യാപകരും. അവരിലൂടെയാണ് ചിലരെങ്കിലും തങ്ങളുടെ മുന്നോട്ടുള്ള വഴികൾ തിരഞ്ഞെടുക്കുന്നത്. ശിക്ഷയുടെ കാര്യത്തിലും അത് വളരെ വ്യക്തമായിരുന്നു. സ്കൂളിലെ  ടീച്ചർമാരോട് തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കാനും പറയാനും അവൾ ഒരിക്കലും മടിച്ചിരുന്നില്ല. കൗൺസിലർമാർക്കും ടീച്ചർമാർക്കും ഒരേപോലെ ‘സ്മാർട്ട്, കൂൾ ഗേൾ’ എന്നൊക്കെ മടിക്കാതെ പറഞ്ഞിരുന്നവർ, ഇടക്ക് ഒരു ‘വാട്ടീസ് ദിസ് ശിക്ഷ?’ എന്ന്  ചോദിക്കാനും ചില കുരുത്തക്കേടുകളും കാണിക്കാതിരിന്നിട്ടും ഇല്ല. സ്കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റൻ, ബാസ്കറ്റ് ബോൾ ടീം മെംബർ, നല്ലൊരു ടേബിൾ ടെന്നീസ് കളിക്കാരി എന്നൊക്കെ സ്കൂളിലും പിന്നിടങ്ങോട്ട് ഇടക്ക് കളിക്കാൻ താൽപര്യവും കാണിച്ചിരുന്നു. 

ഇതിൽ നിന്നെല്ലാം ശിക്ഷയുടെ ഏറ്റവും നല്ലൊരു ‘പാഷൻ’ എന്നുതന്നെ പറയാവുന്ന ഒന്നായിരുന്നു ‘നൃത്തം’. ഏതൊരു പാട്ടിനും താളത്തിനൊത്തുള്ള നൃത്തം കണ്ടാലറിയാമായിരുന്നു, വളരെ ഇഷ്ടത്തോടെ ചെയ്യുന്നതാണെന്ന്. കൂടാതെ നൃത്തം പഠിപ്പിക്കാനും വളരെ നല്ല കഴിവും കാട്ടിയിരുന്നു. ഇതിലൊക്കെ  വ്യത്യസ്തവും സമഗ്രവും ആയ ഒരു സ്വഭാവരീതിയായിരുന്നു ആശ്വാസകരമായ സംസാരശേഷി. അത് ആരോടും ഏതുപ്രായത്തിലുള്ളവരോടും വളരെ തന്മയത്വമായി അവതരിപ്പിക്കാനും പറഞ്ഞു ഫലിപ്പിക്കാനും എഴുതാനും വളരെ ചെറുപ്രായത്തിൽത്തന്നെ ചെയ്തു തുടങ്ങിയിരുന്നു. കൂട്ടുകാർ എന്നൊരു വാക്കിന് അതിരുകളും സ്നേഹത്തിന്റെ വരമ്പുകളും ഒരിക്കലും ഇല്ലായിരുന്നു. അതിന്റെ ഭാഗമായി ഏതൊരു പ്രായത്തിലും ഉള്ള ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു, അന്നും ഇന്നും.

വക്കീലാവണം എന്നത് സ്വന്തം തീരുമാനം ആയിരുന്നു. ഏതാണ്ട് സ്കൂൾ തലത്തിൽ മുതൽ അത് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ, ശിക്ഷയുടെ പ്രതീക്ഷക്ക് വിപരീതമായി ആ വർഷം മുതൽ എൻട്രൻസ് പരീക്ഷയുടെയും യൂണിഫോമിന്റെയും കാലത്തിനു തുടക്കമായി. കോളേജിൽ നിറങ്ങളുടെ സെൽവാർ കമ്മീസുകൾ തയാറാക്കി, തലമുടി ഹൈലൈറ്റും നടത്തി ആവേശത്തോടെ എത്തിയ വാക്കിലിനെ സ്വാഗതം ചെയ്തത് കറുപ്പും വെളുപ്പും നിറങ്ങൾ മാത്രമായിരുന്നു. എന്നാൽ അതിനൊപ്പം നാലു ചിത്രശലഭങ്ങളും എത്തി ബ്ലാക്ക് ആന്റ് വൈറ്റിന്റെ ചിറകിൽ പറന്ന് അമല, ഹർഷു, നാരായണി, ലക്ഷ്മി. എന്നും കൈപിടിച്ച്, ക്യാംപസിലൂടെ നടന്നു. പഠിച്ചു, വഴക്ക്കൂടി, ചിരിച്ചു, കരഞ്ഞു. ഇന്നും ഒരുമിച്ച് പഠിച്ചു പാസായി വക്കീലും ആയി. വാട്ട്സ്ആപ്പിന്റെ കാലങ്ങൾ പല തിരിച്ചറിവുകളുടെയും കാലങ്ങളായി. സൗഹൃദം അന്നും ഇന്നും ദൃഡമായിത്തന്നെ തുടരുന്നു. ശിക്ഷയുടെ ഏതൊരു അസ്വാഭാവികതകൾക്കും സ്നേഹങ്ങൾക്കും  അവരുടേതായ അഭിപ്രായങ്ങൾക്ക്  വിലകൊടുക്കാനും പറയാനും അവർ  മറന്നില്ല. സ്നേഹം മാത്രമല്ല കൂട്ടുകെട്ടുകൾ ഉറപ്പിച്ചു കെട്ടുന്നത് എങ്ങനെ എന്ന് അവർ എന്നെയും പഠിപ്പിച്ചു.

siksha-enrolment-2

ഒക്റ്റോബർ 20, കൊച്ചി ഹൈകോർട്ടിൽ‘എൻറോൽമെന്റ്’ നായി തയാറായി എത്തി. നിയമത്തിന്റെ പാലകർക്ക് ഒരോ വക്കീലിന്റെയും കൂടെ വന്ന കുടുംബാംഗങ്ങളെ നിയന്ത്രിക്കാനോ, ചീട്ടനുസരിച്ച് ഹോളിൽ ഇടം നൽകാനോ സാധിച്ചില്ല. 520 വക്കിൽന്മാർ ‘സന്നദ്’ നായി തയാറായി സീറ്റ് നമ്പർ അനുസരിച്ച് ഇരുപ്പുറപ്പിച്ചു. മൂന്നു ജസ്റ്റീസ്മാരുടെ നേതൃത്വത്തിൽ എല്ലാവരും തങ്ങളുടെ സന്നദ് സ്വീകരിച്ചു ഫോട്ടോയും എടുത്തു. മണിക്കൂറുകളോളം കാലുറപ്പിച്ചു നിന്ന് എനിക്ക് വ്യക്തമല്ലെങ്കിലും ഒന്ന് രണ്ട് ചിത്രങ്ങൾ ഏടുക്കാൻ  സാധിച്ചു. 80 വയസ്സുള്ള ഒരു വക്കീൽ മൂന്നു പേരുടെ സഹായത്താൽ സ്റ്റേജിലേക്ക് എത്തി സന്നദ് എടുത്തതായിരുന്നു ഈ വർഷത്തെ ഏറ്റവും ശക്തമായ സന്ദേശം.

പ്രീട്രയൽ: ആദ്യത്തെ കുട്ടി ഒരമ്മക്ക് എന്നും വളരെ ‘സ്പെഷ്യൽ’ ആയിരിക്കും. അതിന് യാതൊരു മാറ്റവും ഒരമ്മക്കും ഉണ്ടാകാറില്ല. എനിക്കും അങ്ങനെ തന്നെയായിരുന്നു. പ്രതീക്ഷകൾ ആഗ്രഹത്തിനും യാഥാർഥ്യത്തിലും അതീതമായി സഞ്ചരിച്ചു. ഒരോ ദിവസവും ഡയറിയുടെ പേജുകളിൽ ഒരോ നിമിഷവും കുറിച്ചുവെച്ചു. ഒരോ അൾട്രാസൗണ്ടിന്റെ ഹൃദയമിടിപ്പുകളും ശ്രദ്ധിച്ചു കേട്ടു. കുട്ടിയെന്താണെന്നറിയണോ എന്ന ചോദ്യത്തിനു എനിക്കൊരേ ഒരുത്തരമേ ഉണ്ടായിരുന്നുള്ളു, വേണ്ട! മനസ്സിന്റെ ആശ്ചര്യത്തോടെയുള്ള ആ ആദ്യനിമിഷങ്ങൾ എന്നും വിലപ്പെട്ടതായിരിക്കണം എന്ന് തോന്നി. അങ്ങനെ 1995 ജനുവരി  5 13 നു രാവിലെ എന്റെ മുന്നിലേക്കവൾ എത്തി, എന്റെ  അന്നക്കുട്ടി. ഏതോ നിമിഷങ്ങളിൽ മനസ്സിന്റെ ഏടുകളിൽ ഞാൻ എഴുതിച്ചേർത്തിരുന്നു ‘ശിക്ഷ’ എന്ന പേരും. എന്നാൽ എന്റെ അമ്മയും വല്യമ്മച്ചിയുടെയും പേരായിരുന്നു അന്നമ്മ! ആ പേരിനൊപ്പം എത്തിയതാണ് അന്നക്കുട്ടി എന്ന വിളിപ്പേര്. അത് സ്കൂളിലും കോളേജിലും ശിക്ഷയെ അറിയാവുന്ന എല്ലാവർക്കും അവൾ അന്നക്കുട്ടി തന്നെയായി മാറി. വക്കീലായിത്തീർന്ന അന്നക്കുട്ടിയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും അവൾക്കൊപ്പം ഉയരങ്ങളിലേക്ക് പറന്നുയരട്ടെ, എന്നന്നേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ