കെ.കെ.ശൈലജ- സ്ത്രീ, അമ്മ, അധ്യാപിക, മന്ത്രി

k-k-shylaja
SHARE

മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം, ശോഭിത്ത്, ലസിത്ത് എന്നിവരുടെ അമ്മ, ശിവപുരം ഹൈസ്‌കൂൾ അധ്യാപിക എന്നീ വിശേഷങ്ങളെല്ലാം ശൈലജ ടീച്ചർക്ക്  അവകാശപ്പെട്ടതാണ്. കേരളത്തിന്റെ രീതികളെ, ആരോഗ്യസംരംഭങ്ങളെ  ലോകത്തിന്റെ മുൻപിലേക്ക്  എത്തിച്ചു ഈ  ആരോഗ്യ മന്ത്രി. "കൊറോണ വൈറസ് കൊലയാളി", "റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി" എന്നാണ് ഗാർഡിയൻ ടീച്ചറെ വിശേഷിപ്പിച്ചത്. ഏഷ്യൻ വനിതാ കൊറോണ പോരാളികൾക്കൊപ്പം ജംഗ് യുൻ-ക്യോങ് ,സൺ ചുൻലാൻ, ചെൻ വെയ്, ലി ലഞ്ചുവാൻ, ഐ ഫെൻ, സി ലിങ്ക എന്നിവരോടൊപ്പം ബിബിസി ന്യൂസിൽ ലോകത്തിന്റെ ആരോഗ്യചർച്ചകളിൽ സ്വാഗതം ചെയ്യപ്പെട്ടു. ചർച്ചകൾക്കായി കൊറോണ വാരിയർ ഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തു. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിൽ “ശൈലജ’ ടീച്ചറിനെ ഒരു കഥാപാത്രമാക്കിയതിൽ, രേവതി വേഷമിട്ടു. അങ്ങനെ മാഞ്ഞുപോകാത്ത സൽപ്രവർത്തികളാൽ, കേരളത്തിന്റെതെന്നല്ല,  ഇൻഡ്യയുടെ ആരോഗ്യമേഘലയിലും, ലിഖിതങ്ങളിലും ഷൈലജ ടീച്ചർ  ഇടംപിടിച്ചുകഴിഞ്ഞു.

കൊറോണ സമയത്തെ നേതൃത്വം

ഇന്ത്യയിൽ ആദ്യത്തെ വൈറസ് കേസുകൾ തിരിച്ചറിഞ്ഞതു മുതൽ വളരെ കർശനമായ ഒരു കോൺടാക്റ്റ് ആൻഡ് ട്രേസ് പ്രോഗ്രാം നടപ്പിലാക്കുന്നത് മുതൽ, സംസ്ഥാനത്തിന്റെ ശ്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തിത്തുടങ്ങി. രാജ്യവ്യാപകമായി ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയവർക്ക് പാർപ്പിടം, ഭക്ഷണം നൽകുക തുടങ്ങിയ കേരളത്തിന്റെ ശ്രമങ്ങളെ നയിക്കുന്നതിൽ ശൈലജ ടീച്ചറുടെ സാമർഥ്യവും, ശ്രദ്ധയും അതീവ ജാഗ്രതയുള്ളതായിരുന്നു.രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഓരോ ജില്ലയിലും 2 ആശുപത്രികൾ വീതം കോവിഡിന് വേണ്ടി മാറ്റിവെക്കൻ ആവശ്യപ്പെട്ടു. ഓരോ മെഡിക്കൽ കോളേജും 500 കിടക്കകൾ നീക്കിവച്ചു. ആശുപത്രികൾക്ക് പ്രത്യേക പ്രവേശന കവാടങ്ങളും എക്സിറ്റുകളും നിർബന്ധമാക്കി. രോഗനിർണയ പരിശോധനാ കിറ്റുകൾ കുറവായിരുന്നതിനാൽ, പ്രത്യേകിച്ചും ഈ രോഗം വരാൻ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ, പൊലീസ് സന്നദ്ധപ്രവർത്തകർ എന്നിവർക്കായി നീക്കി കരുതിവച്ചു.

മേയ് അവസാന ആഴ്ചയോടെ, ശൈലജ ടീച്ചറും സംഘവും 4.3 ദശലക്ഷം ആളുകളുമായി ബന്ധപ്പെടുകയും ഒരു ‘കൺട്രോൾ റൂം’ സ്ഥാപിച്ച് അവരുടെ അവസ്ഥ നിരീക്ഷിക്കുകയും ചെയ്തു. ഇന്ത്യയിലുടനീളം അണുബാധ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്തുപോലും കേരളത്തിലെ രോഗവളർച്ചാസുചിക താഴ്ന്നുതന്നെയാണ് നിന്നിരുന്നത്. കേരളത്തിലെ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ശൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. 2020 ജൂൺ 23 ന്‌ ഐക്യരാഷ്ട്രസഭ അവരെ ആദരിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിൽ യുഎൻ പൊതുസേവന ദിനത്തിൽ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു.

ഷൈലജ ടീച്ചർ

“മഞ്ജു എന്നെയല്ല, ഞാൻ മഞ്ജുവിനെയാണ് റോൾ മോഡൽ ആക്കിയിരിക്കുന്നത് ”എന്നാണ് ബ്രിട്ടാസിന്റെ ടോക്ക് ഷോയിൽ, വിടർന്ന സുന്ദരമായ ചിരിയോടെ ശൈലജ ടീച്ചർ ആവേശത്തോടെ പ്രഖ്യാപിച്ചത്. ഒന്നിലും തളരാതെ ജീവിതത്തെ നമ്മൾ അഭിമുഖീകരിക്കുക എന്നതാണ്  എനിക്ക് മഞ്ജുവിൽ ഏറ്റവും ഇഷ്ടപ്പെട്ടതെന്നാണ് ടീച്ചർ എടുത്തു പറഞ്ഞു. ആത്മാർത്ഥത സ്വയം പുഞ്ചിരിക്കുന്ന ടീച്ചറിന്റെ ചിരി എവിടെയും മായാതെ നിൽക്കുന്നു. ”കേരളത്തിലെ മാത്രമല്ല, ലോകത്തെവിടെയും ഉള്ള മലയാളികൾക്ക്  അഭിമാനമുണ്ട് ടീച്ചറുടെ പ്രവർത്തനങ്ങൾക്കെന്നും മറ്റും ചോദിക്കുന്ന മഞ്ജു വാര്യർ! കൂടെ മഞ്ജു ചോദിച്ച ഒരു ചോദ്യം ഞങ്ങൾ എന്ന കേരളക്കരയാകയുള്ള മനുഷ്യരുടെ മനസ്സിലും ഉണ്ടാകുന്നുണ്ട്” ഞങ്ങൾക്കുവേണ്ടിയുള്ള ഈ  പ്രവർത്തനങ്ങൾക്കിടയിൽ ടീച്ചർക്ക് സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ സമയം കിട്ടുന്നുണ്ടോ?ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രശ്നങ്ങളാണ് വരുന്നത്. അതൊക്കെ അഭിമുഖീകരിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന സമയത്തിനിടക്ക് ടീച്ചർക്ക്  ഉറങ്ങാൻ സമയം കിട്ടുന്നുണ്ടോ എന്നും ആയിരുന്നു ഞങ്ങൾ ഒരോരുത്തരുടെയും ആശങ്കകൾ. എന്നാൽ ടീച്ചറിന്റെ മറുപടി ഇതൊന്നും ആയിരുന്നില്ല.

” നൂറുകണക്കിനു സാമൂഹ്യ പ്രവർത്തകർ, വൊളെന്റിയർമാർ, ഡോക്ടർമാർ, നഴ്സുകാർ,ക്ലീനർമാർ, ഐസുലേഷൻ വാർഡുകളിൽ പ്രവർത്തിക്കുന്നവരൊന്നും ഉറങ്ങാറില്ല. അവരുടെ ജോലിസമയവും കഴിഞ്ഞ്, 14 ദിവസത്തെ  കോറന്റൈനും കഴിഞ്ഞു മാത്രമെ അവരുടെ കുടുംബത്തെകാണാനും ,വീട്ടിൽ പോകാനും സാധിക്കാറുള്ളൂ. ഇവർ മാത്രമല്ല, പോലീസുകാർ, എമർജെൻസി പ്രവർത്തകർ എന്നിങ്ങനെ പലരുടെയും ഊർജ്വസ്വലമായ പ്രവർത്തനങ്ങളുടെ ഫലമാണ് നമ്മൾ ഇന്നീ അനുഭവിക്കുന്ന സുരക്ഷിതാവസ്ഥ. ധാരാളം ആൾക്കാരുടെ ‘എണ്ണയിട്ട ഒരു യന്ത്രം” പോലെയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് ഇതിന്റെ പിന്നിൽ, കൂടെ എന്റെ പ്രൈവെറ്റ് സെക്രട്ടറി മുതൽ എന്റെ എല്ലാ സ്റ്റാഫും, എന്റെ കൂടെ പ്രവർത്തിക്കുന്നവരും ഉറങ്ങാറില്ല എന്നും കൂട്ടിച്ചേർത്തു. ഒരു മെഴുകിതിരി കൂടി കത്തിച്ചാൽ വെളിച്ചം കൂടുതൽ കിട്ടും എന്നു പറയുന്നതുപോലെ, പരസ്പരം നമ്മൾ ഒരോരുത്തരെയും പുകഴ്ത്തുകയും അനുകരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത്  തീർച്ചയായും ഒരു പ്രേരണ തന്നെയാണ് എല്ലാവർക്കും. “എന്നെക്കുറിച്ച് അഭിമാനിക്കുന്നു എന്നു പറയുമ്പോൾ അത് എന്റെ മൊത്തം ടീമിനെക്കുറിച്ചാണവർ പ്രശംസിക്കുന്നത് ”.വളരെ സൂഷ്മതയോടെ ഒരു കുടക്കീഴിൽ എല്ലാവരെയും ചേർത്തു നിർത്തി, മന്ത്രിമാർ തൊട്ട്, എല്ലാ സ്റ്റാഫുകൾ അടക്കം, സാമൂഹ്യപ്രവർത്തകർ പോലും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ മാത്രമെ നമ്മുടെ ഉദ്ദേശം പൂർണ്ണമാവുകയുള്ളു. ഇപ്പറഞ്ഞ ഒരോ ലക്ഷ്യത്തോടെയുള്ള പ്രവർത്തനം എങ്ങേനെയായിരിക്കണം എന്ന് പറയുകയല്ല, മറിച്ച് ഷൈലജ ടീച്ചർ പ്രവർത്തിച്ചു കാണിച്ചുതന്നു  നമുക്കോരോരുത്തർക്കുമായി!

രാഷ്ട്രീയം

മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി.ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ശൈലജ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്.1996 ൽ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്നും 2006 ൽ പേരാവൂർ മണ്ഡലത്തിൽനിന്നും നിയമസഭാംഗമായി. 

കേരളനിയമസഭയിൽ 1996ൽ കൂത്തുപറമ്പിനേയും 2006ൽ പേരാവൂരിനേയും  പ്രതിനിധീകരിച്ചു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ഭൂരിപക്ഷത്തോടെയാണ് ശൈലജ വിജയിച്ചത്.2016 ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാളും,ഇരിട്ടി  സ്വദേശിയും കൂത്തുപറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. പിണറായി മന്ത്രിസഭയിൽ ആരോഗ്യം,സാമൂഹിക ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി.കെ.കെ ശൈലജ ഇനി കേരളത്തിന്റെ ആരോഗ്യമന്ത്രി മാത്രമല്ല, വിസിറ്റിങ് പ്രൊഫസർ കൂടിയാണ്. നിപ പ്രതിരോധം ഉള്‍പ്പെടെ ആരോഗ്യമേഖലയിൽ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ്, ഈ രാജ്യാന്തര ബഹുമതി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാനകമ്മറ്റി അംഗവും, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.

കുടുംബം

ഈ രാഷ്ട്രീയ പ്രവർത്തക കെ.കെ. ശൈലജ രണ്ടു തവണ നിയമസഭാ സാമാജികയും കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രിയുമാണ്.ശിവപുരം ഹൈസ്‌കൂൾ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഭർത്താവ് കെ. ഭാസ്കരനും അദ്ധ്യാപകനായിരുന്നു. ശോഭിത്ത് (എൻജിനീയർ, ഗൾഫ്), ലസിത്ത് (എൻജിനീയർ, കിയാൽ) എന്നിവർ മക്കാളാണ്. മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. 7 വർഷത്തെ സർവീസ് ബാക്കി നിൽക്കെ, തന്റെ മുഴുവൻ ഉർജ്ജവും രാഷ്ട്രീയ പ്രവർത്തനത്തിനായി നീക്കിവെക്കുന്നതിന്റെ ഭാഗമായി, 2004 ൽ സ്വയം വിരമിച്ചു.

ഒരു അടിക്കുറിപ്പ്:‌ ആരൊക്കെ ടീച്ചറെക്കുറിച്ച് പറഞ്ഞോ ,സംസാരിച്ചോ, അഭിനന്ദിച്ചോ എല്ലാവരും  എടുത്തു പറഞ്ഞ ഒരേ ഒരു കാര്യം ആയിരുന്നു ”അമ്മയോടു സംസാരിച്ച, അമ്മയെക്കണ്ട ഒരു പ്രതീതി”. രാഷ്ടീയപ്രവർത്തനത്തിൽ സമയക്കുറവിനാൽ എന്റെ മക്കളുടെ വിദ്യാഭ്യാസസമയത്ത് കൂടുതൽ സമയം കൊടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും,സമയം കിട്ടുമ്പോഴെല്ലാം അവരുടെ കൂടെയിരിക്കാനും, ആശയവിനിമയങ്ങളും നടത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ മക്കളാണ് എന്റെ ഏറ്റവും നല്ല വിമർശകരെന്നും, ഇന്നും എന്റെ  കൊച്ചു മക്കളേ വാട്ട്സാപ്പിലൂടെ സമ്പർക്കം പുലർത്താറുണ്ടെന്നും ഉള്ളത് അതെ സന്തോഷമുള്ള ചിരിയോടെ പറയുന്നു. കൂടെ എനിക്ക് എന്റെ മരുമക്കളിലൂടെ രണ്ടൂം മക്കളെക്കൂടിയാണ് കിട്ടിയതെന്ന്  അഭിമാനത്തോടെ പറയുന്ന ഒരമ്മയാണ് “ശൈലജ ടീച്ചറമ്മ”.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.