പുരാ‍വസ്തുക്കളുടെ സ്വപ്നത്തേരുകൾ  തീരമണയുന്നു

nris-returning
SHARE

അറബിക്കഥകൾ എന്ന മലയാളം സിനിമ ഒമാനിൽ ഇരുന്ന്  കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി! ടിവി റൈറ്റ്സിന്റെയാണോ, മാസത്തിലൊരിക്കലെങ്കിലും  കാണുമ്പോൾ ‘പ്രവാസം’ എന്ന സ്വപ്നലോകവും അവിടുത്തെ കഥകളും ഉയർത്തെഴുനേൽക്കും.ആരുടെയും കഥകൾ അവസാനിക്കുന്നില്ല തുടർന്നുകൊണ്ടേയിരിക്കുന്നു.എന്നാൽ ഏറ്റവും പ്രിയപ്പെട്ട നടന്റെ സിനിമയും കൂടിയായതുകൊണ്ട് മനസ്സിരുത്തി ഒരോ വട്ടവും കാണാറുണ്ട്.അതിലെ ചില വാക്കുകളും സീനുകളും സിനിമയാണെങ്കിൽ പോലും പ്രത്യക്ഷത്തിൽ ഇവിടെ സംഭവിക്കുന്നതും,അതിലെ പ്രതികരണങ്ങൾ  ഒന്നു രണ്ടു പേരുടെ കദനകഥകളിൽ നിറഞ്ഞു നീന്നവയും കൂടിയാണ്.

ഇന്ന് ഈ 21 –ാം നൂറ്റാണ്ടിൽ കോവിഡിന്റെ വരവോടെ നാട്ടിലേക്ക് ചേക്കേറുന്ന, തിരിച്ചു പോകുന്ന പ്രവാസികൾ പൂർവ്വാധികം വർധിച്ചു. ഒരു കാരണം നോക്കിയിരിക്കയാണോ എന്നു പോലും തോന്നിപ്പോകുന്ന വിധത്തിൽ  എല്ലാവരും തന്നെ കെട്ടുകെട്ടിത്തുടങ്ങി. ഇന്നേ ദിവസംവരെ, കുടുംബം നാട്ടിലും ഇവിടെ ഒരു ‘ബാച്ചിലർ‘ ജീവിതങ്ങൾ ജീവിച്ചിരുന്നവരിൽ  ഭൂരിഭാഗവും നാടുപറ്റി എന്നു തന്നെ പറയാം. പിന്നെ എന്തു ജോലിയും ചെയ്യാം, 100 റിയാലിനുള്ളിൽ  ശമ്പളത്തിൽ പണിചെയ്തിരുന്നവരാണ് എല്ലാ  ചാർട്ടേഡ് ഫ്ലൈറ്റുകളിലെയും മുഖ്യയാത്രക്കാരായിരുന്നവർ. എണ്ണിപ്പെറുക്കിയെടുത്ത കാശുകൊണ്ട് ഒരു ടിക്കറ്റ് മാത്രം കിട്ടിയാൽ മതി,ബാക്കി മാസത്തെ ശമ്പളം കൂടി വേണ്ടായെന്നു വച്ച്, എങ്ങനെയും നാട്ടിലെത്താൻ വിഷമിച്ചവർ ധാരാളമായിരുന്നു.

100,200 കിലോമീറ്റർ അകലെനിന്ന് ‘വേൾഡ് മലയാളി ഫെഡറേഷൻ”  ഇന്ത്യൻ എംബസി, വന്ദേമാതരം,അങ്ങനെ പലതരം ചാർട്ടേർഡ് ഫ്ലൈറ്റുകളുടെ വില വിവരങ്ങൾ അന്വേഷിച്ചെത്തിയ ഫോൺ കോളുകൾ “നാട്ടിലേക്കുള്ള ഫളൈറ്റിനെത്രയാ മാഡം ചാർജ്ജ്?”  താങ്കളാരാ പേര്  പറയൂ, എന്നുള്ള മറുചോദ്യം കേൾക്കാൻ പോലും ക്ഷമ കാണിക്കാറില്ല!കയ്യിലുള്ള ഫോണിന്റെ കാർഡ്  തീരാറായിക്കാണും എന്ന് പിന്നീടാലോചിച്ചപ്പോൾ മനസ്സിലായി. റ്റിക്കറ്റിന്റെ നിരക്ക് പറഞ്ഞപ്പോൾ“ അത്രയൊന്നും തരാനില്ല’ എന്നും പറഞ്ഞ് ഫോൺ കട്ടും ചെയ്തു. എങ്കിലും ചിലരെയെങ്കിലും തിരിച്ചു വിളിച്ച്  പകുതികാശ് നമ്മൾ കൊടുക്കാം, ഓഫിസിൽ അന്വേഷിക്കും എന്നൊക്കെ പറഞ്ഞു മനസ്സിലാക്കിയവരിൽ ചിലരെയെങ്കിലും നാട്ടിലെത്തിക്കാൻ സാധിച്ചു എന്നതിന് ‘ദൈവം മാഡത്തിനെ രക്ഷിക്കും’ എന്നൊരു  അനുഗ്രവും കിട്ടി. അതിൽ ചിലർക്കെങ്കിലും മുഴുവൻ കാശും തരാനില്ല ഒരു 5 റിയാലിന്റെ കുറവുണ്ട് എന്ന്  പറയുമ്പോൾ കിടുങ്ങിയത് കേൾക്കുന്ന ഞങ്ങളുടെ നെഞ്ചായിരുന്നു. സ്പോൺസറുടെ മന്തൂപ്പിനൊപ്പം എയർപ്പോർട്ടിലെത്തി, എമിഗ്രേഷൻ കഴിഞ്ഞിട്ടും നന്ദി പ്രകടനങ്ങളുടെ ഫോൺ വിളികൾ വന്നുകൊണ്ടേയിരുന്നു. നാട്ടിൽ നിന്നും വിസയും എൻഓസിയും എടുക്കാനായി ഒന്നൊന്നര ലക്ഷം രൂപ തരപ്പെടുത്തി ഇവിടെയെത്തിക്കഴിഞ്ഞിട്ട്  വെറും 1 ½  വർഷമേയായുള്ളു എന്നും, കടംവാങ്ങി വീസ എടുത്ത കാശുപോലും അടച്ചു തീർത്തിട്ടില്ല എന്നും വർത്തമാനങ്ങൾക്കിടയിൽ എപ്പോഴോ അവർ തന്നെ പറഞ്ഞിരുന്നു.

ക്യാംപുകളിൽ കൂടെത്താമസിച്ചിരുന്നവർ ഒട്ടുമിക്കവരും നാടുപറ്റി, എങ്ങനെയോക്കെയോ! ഇവിടെ നാട്ടിലേക്കെത്താനുള്ള ഒരു വഴി ടിക്കറ്റ് എടുക്കാനുള്ള കാശ് എങ്ങനെയുണ്ടാക്കും എന്നാലോചിച്ചിരിക്കുന്നതിനിടയിൽ  ആണ് ചാർട്ടേർഡ് ഫളൈറ്റുകൾ തയ്യാറായത്. അതിനൊപ്പം ആരൊക്കെ പോകും  എങ്ങോട്ടേക്ക് പോകും എന്നതും പലരുടെയും പ്രശ്നങ്ങളായിരുന്നു. തിരുവനന്ദപുരം വഴി തമിഴ് നാട്ടിലേക്ക് വരെ യാത്രക്കാരുണ്ടായിരുന്നു. അവർക്ക് റ്റിക്കറ്റിനൊപ്പം ബോർഡർ കടക്കാനുള്ള അനുവാദ പത്രവും തയ്യാറായിരിക്കണം. ഇനി ലഗ്ഗേജ്, എല്ലാവർക്കും 25 കിലോയും 7 കിലോ കയ്യിലും കൊണ്ടുപോകാം! എന്നാൽ ഇത്തവണത്തെ എക്സസ്സ് ലഗോജ് ഏടുത്ത് കസ്റ്റംസ് കളഞ്ഞത്, പെർഫ്യൂം, ഷാംബു,പാൽപ്പൊടിയും ഒന്നുമല്ല. കണ്ടു നിൽക്കാൻ കഴിയാഞ്ഞിട്ട് പലരും കളയാതെ എല്ലാം പെറുക്കിയെടുത്ത് ചിലർക്കെങ്ങിലും ആവശ്യക്കാർക്കെത്തിച്ചു.

പുട്ടുകുടം, അരിപ്പൊടി, അരി, കത്തി, പിച്ചാത്തി,പഴയതെങ്കിലും ഷർട്ടും മുണ്ടും തോർത്തും മറ്റും ആയിരുന്നു ‘എക്സസ്സ് ലഗേജ്’.എന്തായാലും നാട്ടിലേക്ക് തിരിച്ചു പോകുന്നു എന്നോർത്ത് ഒരു പാക്കറ്റ്  ചോക്‌ലറ്റ് പോലും ഇല്ലാതെ 25 കിലോ ലഗേജുമായി പ്രവാസികൾ നാട്ടിലേക്ക് തിരിച്ചുപോയി. ജീവൻ തിരിച്ചു കിട്ടി എന്നുള്ള സന്തോഷം മാത്രമായിരുന്നു കുടുംബത്തിന് എന്നുള്ളത് വ്യക്തമായിരുന്നു. ഇത്തവണ പക്ഷെ  ആരും വണ്ടിപിടിച്ച് സ്വീകരിക്കാനെത്താനൊക്കില്ലായിരുന്നു. നിങ്ങളുടെ കോവിഡ് ടെസ്റ്റുകൾക്ക് ശേഷം ഏതു സ്ഥലത്തേക്കാണ് എത്തിച്ചേരേണ്ടത് എന്ന് എയർപോർട്ടിൽ നിന്നുള്ള ബസിൽ ക്വാറന്റീൻ സെന്ററിലേക്കായിരുന്നു പോയത്. വീട്ടിലെത്താൻ വീണ്ടും എടുത്തു 14 ദിവസം, ആ സമയത്തിനുള്ളിൽ കോവിഡ് ഇല്ല എന്നും, ഇവിടെ നാട്ടിൽ എത്തി എന്നും വീട്ടുകാരെ വിളിച്ചറിയിക്കാൻ സാധിച്ചു.

ക്വാറന്റീൻ ഉദ്യോഗസ്ഥർ കൊണ്ടുവന്ന ഫോൺകാർഡ് 14 ദിവസം നീന്നു, വെറും മിസ് കോളുകളിലും, വാട്ട്സ് ആപ്പിലും മാത്രം. ജീവിതം മുന്നോട്ടെന്തായിരിക്കും എന്നാലോചിക്കാൻ സമയം കിട്ടിയില്ല. കോവിഡുണ്ടോ എന്നുള്ള വെപ്രാളത്തിൽ 3 ദിവസം പോയി. അതുകഴിഞ്ഞപ്പോൾ ഇനി ക്വാറന്റീൻ ആൾക്കാർ വന്ന് എന്തൊക്കെ പറയും എന്നാലോചിച്ച് വീണ്ടും ദിവസങ്ങൾ പോയി. വീട്ടുകാരോട് എങ്ങനെ എന്തൊക്കെ പറയും,മോന്റെ ഫോണും,മകൾക്ക് വേണ്ടി വാങ്ങാനായിരുന്ന കംപ്യൂട്ടറിന്റെ ചിന്തകൾ ആയിരുന്നു മനസ്സിൽ. ഒന്നും ഇല്ലാത്ത, പഴയ കീറിയ നിറം മങ്ങിയ കുറെ തുണികൾ നിറഞ്ഞ ഒരു പെട്ടി മാത്രം കയ്യിൽ! ഇനിയെന്ത് എന്ന് ചിന്ത14 ആം ദിവസത്തിനുശേഷം വീണ്ടും കിട്ടിയ നെഗറ്റീവ് റിപ്പോർട്ടിനൊപ്പം, ഇനി വീട്ടിലേക്ക്  പോകാം എന്നുള്ള ക്വാറന്റീൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനൊപ്പം എത്തി.

പൊട്ടിപ്പൊളിഞ്ഞ തകർപ്പാട്ടകൊണ്ട് മറച്ച്,മുകളിൽ ഓട് എന്ന് പേരിൽ തറച്ച ആസ്ബെറ്റോസ് ഷീറ്റുകളുടെ വിള്ളലുകൾ, ഗൾഫിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ എന്നെ നോക്കി ചിരിച്ചിരുന്നോ എന്ന് അന്നു ചിന്തിച്ചിരുന്നു.ഇന്നു വീണ്ടും അതേ വീടും തകരപ്പാട്ടകളും ആർത്തുചിരിക്കും എന്ന് തീർച്ചയായിരുന്നു. തകർത്തുപെയ്യുന്ന മഴയിൽ വീട്ടിലേക്ക് ഒരു ഓട്ടോയിൽ പോകുന്ന വഴിയിൽ കൂടെയിരുന്നെ പെട്ടിയുടെ നനവ് മാത്രം ഒന്നുമല്ലാതായി,അതിൽ നനയാതിരിക്കാനായി ഒന്നുമില്ലല്ലോ എന്നുമാത്രം ആലോചിച്ചു. വീട്ടിലെത്തിക്കഴിഞ്ഞ് അടുത്ത ഏജെന്റിനു കൊടുക്കാനുള്ള പണം എങ്ങനെയുണ്ടാക്കും എന്ന ചിന്ത മാത്രമായിരുന്നു.ജീവനോടെ വീട്ടിലെത്തിയല്ലോ എന്നുള്ള സന്തോഷവും സമാധാനവും കുടുംബത്തിന്റെ മുഖത്തുണ്ടായിരുന്നു.

എല്ലാ പ്രവാസികളുടെ ഗതിയും ജീവിതവും ഇതാവണം എന്നില്ല,എന്നാൽ നാട്ടിലെത്തി എന്നുള്ള സമാധാനം മാത്രം കൈമുതലായിട്ടുള്ള ഒരാളെയെങ്കിലും കണ്ടു, കേട്ടു, മനസ്സിലാക്കി. ഗൾഫിൽ നിന്നുള്ള 60 % ത്തിലേറെ പ്രവാസികൾ നാട്ടിലെത്തിക്കഴിഞ്ഞു.ഇനിയെന്ത് എന്നുള്ള ചിന്ത ഗൾഫും രാജ്യക്കാരും ചിന്തിക്കേണ്ടിയിരിക്കുന്ന സമയം അതിക്രമിച്ചു കഴിഞ്ഞു. താഴേക്കിടയിലുള്ള റോഡ് തൂക്കുന്നവർ തൊട്ട്, റ്റെക്ക്നിക്കൽ എഞ്ചീനീയർ, കംബ്യൂട്ടർ ടെക്നീഷ്യൻമാരടക്കം, ടിച്ചർമാർ, ഡോക്ടർ, നേഴ്സുമാരടക്കം നാട്ടിലെത്തിക്കഴിഞ്ഞു. ഇവിടെ ആരെയും കരുതാനും സുരക്ഷിതരായിരുത്താനും ആരും ഇല്ല എന്നാൽ കഴിയുന്നവരൊക്കെ  പിടിച്ചു നിൽക്കാവുന്നത്ര ഇവിടെത്തന്നെ ജീവിക്കാം എന്നു ചിന്തിക്കുന്നവരും കാണും എന്നു തീർച്ച........... ഇനിയെന്ത് എന്ന് ആരാലോചിക്കണം എന്നു മാത്രം ചിന്തിച്ചാൽ മതി!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.