അമ്മമാരുടെ ബാലപാഠങ്ങൾ

mothers-struggles
SHARE

ഒരു വീസ ആവശ്യത്തിനായി മണിക്കൂറുകളോളം വിമാനത്താവളത്തിൽ നിൽക്കേണ്ടതായി വന്നു, കാരണം വീസ നിക്ഷേപിച്ചതിന്റെ റസീപ്റ്റ്  പ്രിന്റ് ചെയ്യാൻ  പ്രിന്റർ കേടായി! എന്താ കഥ, എന്നാൽ എന്റെ കഥയുടെ പ്രയോജനം അവിടെയല്ല, മറിച്ച് അത്രയും സമയം അവിടെ ചിലവിട്ടപ്പോൾ കണ്ടകാഴ്ചകളിലായിരുന്നു. നടക്കാൻ പ്രായമായ, അല്ലെങ്കിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളെയും കൊണ്ടുവന്ന അമ്മമാർ അവരെ ഒന്നടക്കി നിർത്താൻ  നിർബന്ധം പിടിച്ചു കരയാതിരിക്കാൻ പെടാപ്പാടു ചെയ്യുന്നതു കാണുകയുണ്ടായി. എന്തിനും ശാശ്വതപരിഹാരം എല്ലാ അമ്മമാരുടെ കയ്യിലും ഉണ്ട്, മൊബൈൽ, ഐപാഡ്! ചില അമ്മമാർ മൊബൈലും നീട്ടിപ്പിടിച്ച് നടക്കുന്നു, ബാ ബാ എന്ന് വിളിച്ച് കുട്ടികൾ അവർക്കുപുറകെ അതു കിട്ടും എന്ന പ്രതീക്ഷയിൽ അവർക്കു പിന്നാലെ നടക്കുന്നു. ഒരു സോഫയിൽ കയറ്റി ഇരുത്തി മൊബൈലും കയ്യിൽ കൊടുക്ക കുട്ടികൾക്ക് കളിക്കാനായി ഒരു ഗെയിം ഇട്ടുകൊടുത്തു, എല്ലാം ശുഭം. അമ്മമാർ സ്വയം ഹാൻഡ്ബാഗിൽ നിന്ന് ഐപാഡ് എടുത്ത് അവരുടെ കൈക്രിയകളും ആരംഭിക്കുന്നു, സ്വസ്തം സമാധാനം.

ഈ തലമുറ എങ്ങോട്ട് ആണ് നയിക്കപ്പെടുന്നത്, ഏതു ദിശയിലേക്കാണ് പോകുന്നത്, അവരുടെ ലക്ഷ്യം  ശരിയല്ല എന്നവർക്ക് മനസ്സിലാകുമ്പോഴേക്കും നമുക്ക് പോലും അവരെ രക്ഷിക്കാൻ കഴിയാത്തോരു കാലം വിദൂരമല്ല. ആഹാരം കഴിക്കാൻ ഫോൺ, അല്ലെങ്കിൽ  ടിവി, കളിക്കാൻ  മുറ്റവും, ഷട്ടിൽ കോർട്ടും അല്ല, ഐപാഡ് അല്ലെങ്കിൽ കംപ്യൂട്ടർ, സ്കൂളിൽ നടന്നല്ല പോകുന്നത്, മറിച്ച് എസി കാറിൽ അല്ലെങ്കിൽ എസി ബസ്സിൽ! വിയർപ്പറിയുന്നില്ല, വീഴുന്നില്ല, കരയുന്നില്ല, കൂട്ടുകാരുമായി ഇടപഴകുന്നില്ല, കളിക്കുന്നില്ല, മഴനനയുന്നില്ല, സൈക്കൾ ചവിട്ടുന്നില്ല, പുസ്തകങ്ങൾ വായിക്കുന്നില്ല, ചിത്രങ്ങൾ വർക്കുന്നില്ല! ഇതൊന്നും  കംപ്യൂട്ടറിലും ഫോണിലും, ഐപാഡിലും ഇല്ലല്ലോ.

അഥവാ ഇതൊക്കെ സ്കൂളിൽ ചെയ്യിപ്പിക്കാമെന്നോ, പഠിപ്പിക്കാമെന്നോ തീരുമാനിക്കുന്ന ഏതൊരു ടീച്ചറിനും ആദ്യം വിലക്കും, വിമർശനങ്ങളുമായെത്തുന്നത് മാതാപിതാക്കൾ തന്നെയാണ്. എന്റെ മോൻ, മകൾ ‘ക്ലൈമെറ്റ് ഫ്രൻലി’ അല്ല, അവന് പെട്ടെന്ന് കോൾഡ് വരും ചൂടടിച്ചാൽ. അവരെയും തീർത്ത് കുറ്റം പറയാനൊക്കില്ല, എല്ലാവരുടെയും കൂടെ കാലത്തിനൊപ്പം ജീവിക്കാൻ  പഠിപ്പിക്കേണ്ടതും മാതപിതാക്കൾ തന്നെ! അഥവാ മൊബൈലും, ഐപാഡും ‘റ്റ്രെൻഡ് ‘ ഇല്ലാത്തകുട്ടികൾക്ക് ‘ജീവിതത്തിന്റെ കൂടെ ഹോംവർക്ക് തന്നെ  ഒരു പ്രശ്നമായിത്തീരുന്നു! ഇന്നത്തെ സ്കൂളുകളിൽ അന്നത്തെ ഹോം വർക്കിനായി ടീച്ചർ  കംപ്യൂട്ടറിൽ, വാട്സ് അപ്പ് ഗ്രൂപ്പുകളിൽ വർക്ക്ഷീറ്റ് ഫോർവേഡ് ചെയ്യാറെയുള്ളു, കാരണം ‘പേപ്പർ വെയിസ്റ്റ്’ കുറക്കാൻ ആണ് പോലും. അഥവാ എന്റെ കുട്ടിക്ക് മൊബൈൽ ഇല്ല എന്ന് പറഞ്ഞാൽ ‘  ഐ കാ‍ണ്ന്റ് ഹെല്പ്  യു മാം, ഇത് മാനേജ്മെന്റ്റിനെ തീരുമാനം ആണ്’എന്ന് പറഞ്ഞ് ടീച്ചർ കയ്യൊഴിയുന്നു.

കൂടെ നമ്മുടെ മൊബൈൽ നമ്പർ കൊടുക്കാൻ  നിർബന്ധിതയായിത്തീരുന്നു! അങ്ങനെ നമ്മുടെ മൊബൈൽ കുട്ടിയുടെ കയ്യിലെത്തുന്നു! അവിടെ തുടങ്ങുന്നു അമ്മയും കുട്ടിയും തമ്മിലുള്ള വാക്കുതർക്കത്തിന്റെ ആദ്യ പടി.  ആ വാട്ട്സ്അപ്പ് ഗ്രൂപ്പിലെ കുട്ടികളും ടീച്ചറും തമ്മിലുള്ള ആശയവിനിമയങ്ങൾ, അത്യാവശ്യം തമാശകൾ,  ഉപദേശങ്ങൾ എല്ലാം  തന്നെ  അമ്മയുടെ ഫോണിലൂടെ മകൾ/മകൻ കാണുന്നു! നിശ്ചിതസമയത്തിനകം ഹോം വർക്ക് എഴുതിക്കഴിഞ്ഞ് ഫോൺ തിരികെ നൽകുന്നു .എന്നാൽ ക്രമേണ, മക്കളുടെ മനസ്സിന്റെ ആഗ്രഹം, അമ്മയിലെത്തുന്നു. അമ്മക്ക് എന്തിനാ  ഇപ്പൊ ഫോൺ, എനിക്കൊരെണ്ണ വാങ്ങിത്തരാൻ അച്ഛനോടു പറയൂ അമ്മെ! അവിടെത്തീരുന്നു അമ്മയുടെ ‘ഫോൺ നിബന്ധനകൾ’. അവിടെ ഏറ്റവും വിലകുറഞ്ഞ എന്നാൽ വാട്സ് അപ്പ് ഉള്ള ഒരു ഫോൺ മക്കൾക്കായി വാങ്ങാൻ, അമ്മയിലൂടെ  അച്ഛൻ നിർബന്ധിതനായിത്തീരുന്നു. മക്കളുടെ ചെറിയ ലോകത്തെ അമ്മ, അറിയാതെ, പറയാതെ, മക്കൾക്കായി, അവർക്കുപോലും  മനസ്സിലാക്കാൻ പറ്റാത്ത, വലിയ വാതായനങ്ങൾ തുറന്നു കൊടുക്കുന്നു. ഈ ചെറിയ വലിയ മൊബൈൽ ജനാലകൾ അവസാനം ചെന്നു നിൽക്കുന്നത്, നീല തിമിഗലംങ്ങളിലും മറ്റും ആണെന്ന് മാത്രം.

കുട്ടി ഒന്നും കഴിക്കുന്നില്ല! മിക്ക അമ്മമാരുടെയും പരാതിയാണിത്. എത്ര നിര്‍ബന്ധിച്ചാലും ഭക്ഷണം കഴിക്കാൻ ചിലപ്പോൾ മക്കൾ തയാറാകില്ല.യുദ്ധത്തിന് സമമാണ് പല വീടുകളിലും ഭക്ഷണസമയങ്ങൾ. കുട്ടികളുടെ വിശപ്പില്ലായ്മയും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ചെന്നെത്തുന്നത്, കാർട്ടൂണുകളിലും, ഐപാഡിലെ കളികളിലും ആയിരിക്കും. പാട്ടുകൾ പാടി  കഥകൾ പറഞ്ഞ് കുട്ടികളെ ആഹാരം കഴിപ്പിക്കുന്ന രീതികൾ എന്നോ നഷ്ടം വന്നിരിക്കുന്നു! നിർബന്ധബുദ്ധിക്കാരായ കുട്ടികൾ പുറത്തെവിടെയെങ്കിലും വെച്ച് നിർബന്ധബുദ്ധിയോടെ കരയുംബോൾ അവർക്ക് വാങ്ങിക്കൊടുക്കുന്ന ചിപ്സ് , പെപ്സികോള, ചോക്കളേറ്റുകളൊന്നും അവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നില്ല, മറിച്ച് ഉള്ള ആരോഗ്യം കൂടി ഇല്ലാതാക്കുന്നു. മുലപ്പാൽ കുടിക്കുന്ന കാലത്താണെങ്കിൽ ആവശ്യമുള്ള പോഷകങ്ങൾ മുലപ്പാലിലൂടെ ലഭിച്ചിട്ടുണ്ടാവാം. 

പഴങ്ങളും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളും കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന തരത്തിൽ തയാറാക്കി നല്‍കണം. പഴങ്ങളും പച്ചക്കറിലും ചേര്‍ത്ത് തയാറാക്കുന്ന സാലഡ്, ജ്യൂസ് എന്നിവ ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്കു ടിവിയും ഐപാടും മാറ്റിവെച്ച് കഥകളിലൂടെ പാട്ടുകളിലൂടെ നൽകാൻ ശ്രമിക്കുന്ന കാലം വരട്ടെ! ആവശ്യത്തിന് വളര്‍ച്ച, തൂക്കം, ഉത്സാഹം എന്നിവയുണ്ടെങ്കിൽ പോലും സ്‌കൂളിൽ കൊടുത്തുവിടുന്ന ടിഫിനിൽ പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാൻഡ് വിച്ചുകളിലൂടെ ഇതിനു പരിഹാരം കാണാം. സമപ്രായക്കാരായ കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുന്നത് കുട്ടിള്‍ക്കും താത്പര്യമായിരിക്കും, അറിയാതെ തന്നെ ആവശ്യത്തിനു ഭക്ഷണം കഴിക്കാൻ ഇത് ഉപകരിക്കും.കഥ പറഞ്ഞ്, പണ്ടു കാലത്ത് മുത്തശ്ശിമാർ കുട്ടികളെ ഭക്ഷണം കഴിപ്പിച്ചിരുന്ന ആ  കാലങ്ങൾ നമ്മുക്ക് ഓർത്തെടുക്കാം. 

സത്യത്തിൽ കുട്ടികളുടെ ദുസ്വഭാവങ്ങള്‍ക്ക് പിന്നിലെ കാരണങ്ങൾ മിക്കവാറും മാതാപിതാക്കൾ തന്നെയാണ്. എന്നാൽ എല്ലാ കുട്ടികളിലെയും ദുസ്വഭാവങ്ങൾ മിക്കവാറും പ്രായത്തിന്‍റെ ഭാഗമായിരിക്കുകയും, ക്രമേണ അത് മെച്ചപ്പെട്ട് വരികയും ചെയ്യും. എന്തെങ്കിലും ഇത്തരം സ്വഭാവവ്യത്യാസങ്ങൾ  കാണുമ്പോൾ ശരിയായ പ്രശ്നം കണ്ടെത്താനായി, അവരെ ശാ‍കാരിക്കുന്നതിനു പകരം, അവരെ നിരീക്ഷിക്കുകയോ, അവരോടെ സന്തൊഷത്തിൽ സമാധാനത്തിൽ സംസാരിക്കാൻ  ശ്രമിക്കുക നടത്തുക.ചെറിയ കുട്ടികൾ ശല്യക്കാരാകുന്നതിനുള്ള ഒരു കാരണങ്ങളിലൊന്ന് അവരിലെ ജിജ്ഞാസയാണ്. ചുറ്റുപാടും ഉള്ളതിനെക്കുറിച്ചെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവരാണ്. ചിലകുട്ടികളിലെ വികാരപ്രകടനങ്ങളുടെ ഭാഗമാണ് കുട്ടികൾ ഒച്ചയിടുകയോ അലറുകയോ ചെയ്യുന്നത്. പിന്നെ മറ്റുകുട്ടികളെ അപേക്ഷിച്ച് തങ്ങൾക്ക് സ്വാതന്ത്ര്യം  തരുന്നില്ല എന്ന തോന്നൽ മാത്രം ചില കുട്ടികളിൽ മാതപിതാക്കളോട് ‘ആർഗ്യുമെന്റ്” അനാവശ്യ സംസാരങ്ങൾക്ക്  ഇടവരുത്തുന്നു. ഇവിടെയെല്ലാം പരിഹാരങ്ങൾ മൈബൈലും ഐപാടും ആവാതെ അവരൊട് സംസാരിക്കുകയും, അവരുമായി കൂടുകതൽ അടുത്തിടപഴകുകയും അവരുടെ കളികളിലും നടത്തങ്ങളിലും അവരോടൊപ്പം  കൂട്ടുചേരുക എന്നതാണ്.

ഒരടിക്കുറിപ്പ്: കുട്ടികളിലെ അമിതവണ്ണത്തിന്റെ പ്രധാന കാരണം,അടുത്ത കാലത്തെ ഒരു പഠനം അനുസരിച്ച് ജങ്ക് ഫുഡുകളാണ്. വ്യായാമങ്ങളില്ലാത്ത ജീവിത ശൈലി, എന്നിവയെല്ലാം ഒരമ്മ വിചാരിച്ചാൽ മാറ്റിയെടുക്കാവുന്നതെയുള്ളു. പഴങ്ങളും പച്ചക്കറികളിൽ നിന്നും കിട്ടുന്ന പോഷകങ്ങളുടെ ലഭ്യത കുറയുകയും പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളിലെ ടോക്സിനുകളാൾ നിങ്ങളുടെ ശരീരം നിറയുകയും ചെയ്യുമ്പോൾ നിങ്ങളുടെ കുട്ടികളുടെ രോഗപ്രതിരോധശേഷി കുറയും. ഇത് കുട്ടികളുടെ ആരോഗ്യത്തെയും, ജീവിതശൈലിയെയും ബാധിക്കും. ഇക്കാരണത്താൽ കുട്ടികള്‍ക്ക് എന്താണ് കഴിക്കാൻ നൽകുന്നു എങ്ങനെ നൽകുന്നു, എന്ന കാര്യത്തിൽ അമ്മമാർ  പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക. അത് അമ്മമാർക്ക് മാത്രമെ സാധിക്കൂ. നല്ലകാലങ്ങളിലേക്ക് നമ്മുക്ക് ചില വ്യത്യാസങ്ങൾ എങ്കിലും ചെയ്ത് മുന്നേറാൻ ഈ തലമുറയെ പറഞ്ഞുമനസ്സിലാൻ അമ്മമാരായ നമുക്കോരോരുത്തർക്കും ശ്രമിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.