ആൻ ആൻഡ്രൂസ്സ് /ടെക്ഫ്യൂണിക്- വിദ്യാർഥികൾക്കായി വിദ്യാർഥി ട്യൂട്ടർ

ann-andrews
SHARE

സ്ത്രീകളെ, എനിക്ക് നിങ്ങളുടെ ഒരു മാർഗ്ഗനിർദ്ദേശം ആവശ്യമാണ് എന്നൊരു ‘തിരോന്തോരംകാരിയുടെ’ മെസ്സേജ് ‘മൈ ട്രിവാൻട്രം’ ഗ്രൂപ്പിൽ കണ്ടപ്പോൾ ഒന്നിരുത്തി വായിച്ചു! എനിക്ക് യുഎസ് ആസ്ഥാനമായി ഒരു എഡ്-ടെക് സ്റ്റാർട്ടപ്പ് ഉണ്ട്. ഇത് യുഎസിലെ കുട്ടികളെ കണക്ക്, ടെക് വിദ്യാർഥി ട്യൂട്ടർമാർ പഠിക്കാൻ സഹായിക്കുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ഡിഗ്രി എടുത്ത ഞാൻ, അവിടെ നിന്നുള്ള വിദ്യാർഥികളെയാണ് എന്റെ ട്യൂട്ടർമാരായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാർഥികളായ ട്യൂട്ടർമാരെ വർധിപ്പിക്കാനായി കോളേജുകളിലൂടെ നേരിട്ട് മെറിറ്റ് ഇന്റേൺഷിപ്പായി ഉൾപ്പെടുത്തിക്കൊണ്ട് ഞാൻ കെടിയുവുമായി പ്രവർത്തിക്കുന്നു. ഇതിനെക്കുറിച്ച് ‘ഫോബ്‌സ്’ മാഗസിനിൽ ഒരു ഫീച്ചർ വന്നിരുന്നു. പക്ഷേ കേരളത്തിൽ എന്നെ ആർക്കും പരിചയം ഇല്ലല്ലൊ! കേരളത്തിലെ സ്കൂളുകളിൽ, കോളജുകളിൽ ഇതിനെക്കുറിച്ച് കൂടുതൽ വ്യാപകമായി അറിയിക്കാനായി എന്തെങ്കിലും വഴിയുണ്ടോ, അതിനാൽ ആനിനൊപ്പം ചേർന്ന് ട്യൂട്ടറാകാനുള്ള ആശയം കൂടുതൽ വിദ്യാർഥികളിൽ എത്തിക്കാൻ സാധിക്കുമോ? ആ‍ൻ ആ‍ൻഡ്രൂസിന്റെ ഈ ചോദ്യത്തിനുള്ള പ്രതികരണം വളരെ വലുതായിരുന്നു.

ആനിന്റെ ഈ ചോദ്യത്തിനോടുള്ള എന്റെ പ്രതികരണം, നമ്മുടെ നാട്ടിലും ഇതേരീതി എന്തുകൊണ്ട് ചെയ്തുകൂട, നമ്മുടെ പഠനരീതികൾ എന്തായാലും കഴിഞ്ഞ ഒരു വർഷമായി ഓൺലൈൻ വിദ്യാഭ്യാസവും പരീക്ഷകളും മാത്രമാണ്. കൂടാതെ ഓൺലൈൻ ടെസ്റ്റുകളും ക്ലാസ്സുകളും പഠനരീതികളും ഇപ്പോൾ സ്കൂളുകളും കഴിഞ്ഞ 4, 5 വർഷമായി അനുകരിച്ചു വരുന്നു. ഇങ്ങേയറ്റം ഒരു ക്ലാസ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പാക്കി പേപ്പർ ലാഭിക്കാം എന്നൊരു ആശയത്തോടെ ഗ്രൂപ്പുകൾ ആരംഭിച്ച ടീച്ചർമാർക്ക് അത്ര പ്രീതിപ്പെടുത്തുന്ന സമീപനം അല്ല കിട്ടിയത്. 

എന്നാൽ എന്റെ  ചോദ്യങ്ങൾക്കും, പ്രതികരണങ്ങൾക്കും ആൻ വളരെ ക്ഷമയോടെ മറുപടികളും തന്നു...

ഈ ട്യൂട്ടോറിയൽ ക്ലാസുകൾ അമേരിക്കൻ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണോ? ഇന്ത്യൻ വിദ്യാർഥികൾക്കും ക്ലാസുകൾ പ്രയോജനപ്പെടുമോ?

ഞങ്ങളുടെ മാത്ത് ട്യൂട്ടറിംഗ് പ്രധാനമായും അമേരിക്കൻ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും അവർ ഒരു സിലബസിനേക്കാൾ അടിസ്ഥാനപരമായ ആശയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്. യുഎസ് സ്റ്റാൻഡേർഡ് ആയ ‘കോമൺകോർ‘ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി ഓരോ കുട്ടിയും ഓരോ ഗ്രേഡിലും കൃത്യമായ പ്രാവീണ്യം നേടണമെന്ന ‘ഖാൻ അക്കാദമി’ പോലുള്ള സൈറ്റുകൾ പോലും ഇത് നിർദ്ദേശിക്കുന്നുണ്ട്. ഈ വിഷയങ്ങൾ ഉപയോഗിച്ച് ഓരോ ക്ലാസിലും പ്രയോഗിക്കുന്ന ഉള്ളടക്കം ഞങ്ങളുടെ ട്യൂട്ടർമാർ തയാറാക്കുന്നു. ഞങ്ങളുടെ ക്ലാസുകൾ എടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുണ്ട്, അവരിൽ ഭൂരിഭാഗവും യുഎസ് സ്കൂൾ സംവിധാനത്തിലാണ് പഠിച്ചത്. അമേരിക്കൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ പോകുന്ന മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഞങ്ങളുടെ ക്ലാസുകൾ വളരെ ഉപയോഗപ്രദമാണ്. അവർക്ക് യുഎസിലെ മറ്റു കുട്ടികളുമായി സംസാരിക്കാനും ആശയവിനിമയങ്ങൾ നടത്താനും ‌സാധിക്കുന്നു. നിങ്ങൾ കൺസെപ്റ്റ് ബേസ്ഡ് ലേണിംഗ് (യുഎഇ സിലബസ് അല്ല) തിരയുകയാണെങ്കിൽ ഞങ്ങളുടെ പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനിൽ, തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ ചേർക്കാവുന്നതാണ് - www.techfunic.com

techfunic-class

സ്കൂൾ വിദ്യാർഥികൾക്ക്, ഈ ക്ലാസ്സുകൾ പ്രവേശനത്തിനോ നീറ്റ് പരീക്ഷകൾക്കോ പ്രയോജനപ്പെടുമോ?

ടെക്ഫ്യൂണിക് & അരിത്ഫ്യൂണിക് എന്നത് പഠിപ്പിക്കുന്നതിനേക്കാൾ കൂടുതൽ സഹ-പഠനമാണ്. കൂടാതെ ഈ പഠനരീതി ഗൃഹപാഠം ചെയ്യുന്നതിലോ നീറ്റ് പരീക്ഷാ തയാറെടുപ്പിലോ അല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു വിദ്യാർഥിയിൽ ഗണിതശാസ്ത്രത്തിന്റെ അടിത്തറ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പരിശീലനത്തിലാണ് ശ്രദ്ധിക്കുന്നത്. ഞങ്ങളുടെ ക്ലാസ്സുകൾ‌ കഴിഞ്ഞ വർഷത്തെ ആശയങ്ങളെ കൂടുതൽ മനസ്സിലാക്കിക്കൊടുക്കുകയും അടുത്ത വർഷത്തേക്ക് വിദ്യാർഥികളെ തയാറെടുപ്പിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. പരിശീലനത്തിലൂടെ മാത്രമെ ഗണിതശാസ്ത്രത്തിൽ മികവ് നേടാൻ സാധിക്കുകയുള്ളു. അടിസ്ഥാന നിയമങ്ങൾ ഹൃദ്യസ്ഥമാക്കിക്കഴിയുബോൾ സ്വാഭാവികമായും നിങ്ങൾക്ക് പരീക്ഷകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നു. വാസ്തവത്തിൽ ഗണിതശാസ്ത്രത്തിലും ടെക് പഠനത്തിലുമുള്ള ആത്മവിശ്വാസം മറ്റെല്ലാ വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനും വിദ്യാർഥികളെ സഹായിക്കുന്നു.

നിങ്ങളുടെ വിദ്യാർഥിയുടെ പ്രതികരണങ്ങൾ എന്തൊക്കെയാണ്?

വിദ്യാർഥികൾക്ക്‌ ഞങ്ങളുടെ ക്ലാസുകൾ വളരെ ഇഷ്ടമാണ്. മാത്രമല്ല അവരുടെ ആദ്യത്തെ ട്രയലിനു ശേഷം അവർക്ക് ഈ ക്ലാസ്സിൽ ചേർന്ന് മുന്നോട്ട് പഠിക്കണമെന്ന് മാതാപിതാക്കളെ നിർബന്ധിക്കുകയും ചെയ്യുന്നു. ഒരു ക്ലാസ്സിൽ സാധാരണ 3 കുട്ടികൾ ഉണ്ടാകും. ഞങ്ങൾ പ്രായം, വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കായി, ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നു. കുട്ടികൾ സാധാരണയായി ചെറിയ ഗ്രൂപ്പുകളായി പരസ്പരം’ ഇമ്പ്രസ്’ ചെയ്യാനാണ് ശ്രമിക്കാറുള്ളത്.എന്നാൽ ഇവിടെ ഓരോ കുട്ടിയും അതിൽ തീർച്ചയായും പങ്കെടുത്തിരിക്കണമെന്ന് അധ്യാപകർ ഉറപ്പാക്കുന്നു. പരസ്പരം ഇങ്ങനെ ആശയവിനിമയം നടത്തുന്നത് വിദ്യാർത്ഥികളുടെ മനസ്സിനെ സാമൂഹികവും മനശാസ്ത്രപരമായും വളരെ ശക്തമാക്കുന്നു. 

യഥാർഥ ലോകത്ത് വിദ്യാർഥികൾ ഒരോ ടീമുകളായി പ്രവർത്തിക്കുകയും, പഠിക്കുകയും ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ ഈ സെഷനുകൾ അത്തരമൊരു അന്തരീക്ഷത്തെ ഉണ്ടാക്കിയെടുക്കുകയും വിദ്യാർത്ഥികൾ അത് എളുപ്പത്തിൽ അംഗീകരിക്കുകയും ചെയ്യൂന്നു. കുട്ടികൾ, സ്വയം വിദ്യാർഥിയായ ഒരു ട്യൂട്ടർക്കൊപ്പം പ്രവർത്തിക്കുമ്പോൾ, ഇഷ്ടമനോഭാവത്തോടെയുള്ള ഒരു ക്ലാസ് ആണെന്ന് അവർക്ക് തോന്നുകയും ചെയ്യുന്നു. കൂടാതെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ആശയങ്ങൾ പഠിക്കുകയും, പരീക്ഷകൾ എഴുതുകയും ചെയ്തിരുന്ന ട്യൂട്ടർമാരിൽനിന്ന് പഠിക്കുമ്പോൾ ഈ വിദ്യാർഥി ട്യൂട്ടർമാരുമായി നല്ലൊരു  ബന്ധം സ്ഥാപിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതേ വിഷയങ്ങൾ പഠിച്ച അധ്യാപകർ ഇതൊരു ജോലിയായി ചെയ്യുന്നതിനേക്കാൾ വ്യത്യസ്ഥമായി, ഇവിടെ ട്യൂട്ടറും വിദ്യാർഥിയും മാനസികമായി അന്യോന്യം മനസ്സിലാക്കാൻ സാധിക്കുന്നു.

തിരുവനന്തപുരത്തെ കുടുംബത്തെകുറിച്ച്?

ഞാൻ തിരുവനന്തപുരത്തുള്ള ഒരു എളിയ കുടുംബത്തിൽ നിന്നാണ്. എന്റെ പിതാവ് പി.എഫ്.ആ‍ൻഡ്രൂസ്, അമ്മ ഡോ.എലിസബത്ത് റൊസാറിയൊ സെക്രട്ടേറിയറ്റിൽ കേരള സർക്കാർ ഉദ്യോഗസ്ഥരായി വിരമിച്ചവരാണ്. കാര്യങ്ങൾ സമർഥമായി ചെയ്തു തീർക്കാൻ എന്റെ അമ്മയ്ക്ക് അതിശയകരമായ കഴിവും സാമർഥ്യവും ഉണ്ടായിരുന്നു. ഗവൺമെന്റെ എക്സിക്യൂട്ടീവ് തസ്തികകയിൽ ജോലിയിൽ ഇരിക്കുമ്പോൾ, വികലാംഗർക്ക് ആനുകൂല്യങ്ങളും, തിരിച്ചയറിയലും നൽകിക്കൊണ്ട് 1000 ക്യാംമ്പുകൾ ഒരു വർഷം കൊണ്ട് കേരളത്തിലുടനീളം എന്റെ അമ്മ നടത്തിയ ഒരു സംരംഭം ഞാൻ ഓർക്കുന്നു. ഞാൻ കുട്ടിയായിരുന്നപ്പോൾ, അമ്മ വീട്ടിൽ ട്യൂഷൻ എടുക്കുകയും, കമ്മ്യൂണിറ്റി കോളേജിൽ പാർട്ട് ടൈമായി പഠിപ്പിക്കുകയും ചെയ്തിരുന്നു. 

2020 ഏപ്രിലിൽ അമ്മ മരിച്ചു. അമ്മയുടെ ആത്മാവ് ഈ നേതൃത്വ മനോഭാവം എനിക്കുവേണ്ടി കരുതിവെച്ചിട്ടു പോയതായി ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്. എന്റെ അമ്മ, അധ്യാപകർ ധാരാളമുള്ള ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്റെ മുത്തശ്ശി ആലപ്പുഴയിലെ ഒരു സർക്കാർ സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു. എന്റെ കുടുംബത്തിൽ വിദ്യാഭ്യാസം വളരെ വിലപ്പെട്ട ഒന്നാണ്. കേരള ഗവൺമെന്റിൽ നിന്നും വിരമിച്ച അഡീഷണൽ സെക്രട്ടറി കൂടിയായിരുന്ന എന്റെ പിതാവ്. അദ്ദേഹം ഇന്ന് ഒരു കർഷകനായി ജീവിതം ആസ്വദിക്കുന്നു. തിരുവനന്തപുരത്ത് ഞങ്ങളുടെ ചെറിയ സ്ഥലത്ത് വിവിധതരം കുരുമുളക്, വാഴപ്പഴം, അൽപം റബ്ബർ എന്നിവ കൃഷി ചെയ്യുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു. അവരുടെ ഏക മകളായ ഞാൻ ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (സിഇടി) നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി. ഞാൻ 2006 മുതൽ യു‌എസ്സിൽ താമസിക്കുന്നു. ഇപ്പോൾ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ‘സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസിൽ‘ ‘എംബിഎ’ ക്ക് പഠിക്കുന്നു. ഞാൻ ഇപ്പോൾ തിരുവനന്തപുരത്തുണ്ട്, പിതാവിനോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനായി.

നിങ്ങളെന്ന വ്യക്തിയെ സ്വയം എങ്ങനെ വിവരിക്കുന്നു. ഇഷ്ടപ്പെടുന്ന ഭക്ഷണം,ഇടവേളകൾ എന്നിവയെക്കുറിച്ച്?

സിംബിൾ, ഹംബിൾ ആയ ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് കേരള ഭക്ഷണം വളരെ ഇഷ്ടമാണ്, പ്രത്യേകിച്ച് കപ്പയും മീൻ കറിയും പാ‍യസങ്ങളും. ഞാൻ യഥാർഥത്തിൽ ഒരു “ഫുഡി” ആണെന്നുതന്നെ പറയാം. അതിനാൽ ഞാൻ ഇന്ത്യയിൽ ആയിരിക്കുമ്പോൾ വണ്ണം വെക്കാതിരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ യുഎസിലേക്ക് മടങ്ങുമ്പോൾ എന്റെ ഫിറ്റ്നെസ് രീതികൾ ഞാൻ സാധാരണഗതിയിലാക്കുകയും പഴയ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും. തിരുവനന്തപുരത്ത് ആയിരിക്കുമ്പോൾ ഞാൻ ടെന്നീസും ഗോൾഫും കളിക്കാറുണ്ട്. പതിവായി നീന്താറുണ്ടായിരുന്നു പക്ഷേ, പാൻഡെമിക്കിക്ക് സമയത്ത്, നീന്തൽക്കുളങ്ങൾ കണ്ടെത്തുക എന്നത് ഇവിടെ ഒരു വെല്ലുവിളിയാണ്. 

ഇത് രസകരമാണ്, കാരണം കുളങ്ങളിലെ ക്ലോറിൻ വൈറസിനെ കൊല്ലും എന്ന കാരണത്താൽ നീന്തൽക്കുളങ്ങളാണ് യുഎസിൽ ആദ്യമായി തുറന്നത്. ഞാൻ യാത്ര ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന ഒരാളാണ്. അവധിക്കാലങ്ങളിൽ കുടുംബത്തോടൊപ്പവും സോളോ ട്രിപ്പുകൾക്കും പോകാറുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കോസ്റ്റാറിക്കയിൽ ഞാൻ നാലുദിവസത്തെ കാൽനടയാത്രകൾ നടത്തിയിട്ടുണ്ട്. ഒരു സാഹസിക സംഘത്തോടൊപ്പം ഗ്രാൻഡ് കാന്യോൺ നടന്നു കാണുകയും, കൊളറാഡോ നദിയുടെ തീരത്ത് ക്യാംപ് ചെയ്ത് മലയിടുക്കിലേക്ക് ട്രക്കിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. വെല്ലുവിളികൾ ഏറ്റെടുത്ത് പുതിയ കാര്യങ്ങൾ കണ്ടെത്താനും ചെയ്യാനും ഞാൻ ഇഷ്ടപ്പെടുന്നു. ഒരു യോഗാ അധ്യാപികകൂടിയായ ഞാൻ സന്തുലിതമായി ഒരു മനസ്സിനെ രൂപപ്പെടുത്തിയെടുക്കാൻ ‘മൈൻഡ്ഫുൾ‘ ധ്യാനം പരിശീലിക്കുന്നു. ഇടവേളകൾ എടുക്കുമ്പോൾ കുട്ടികളുടെ ഒപ്പമായിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, കാരണം എന്റെ കുട്ടികളിൽ ഞാൻ എന്റെ പ്രചോദനങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്താറുണ്ട്. 

ഒരു അടിക്കുറിപ്പ്: ആനിന്റെ ഈ പഠനരീതി നമുക്ക് ഇവിടെ നമ്മുടെ കുട്ടികൾക്കിടയിൽ പരീക്ഷിക്കാവുന്നതാണ്. ടീച്ചർമാരായ്, വിദ്യാർഥികളായവർക്ക് പഠിക്കാനെത്തുന്ന കുട്ടികളെ കൂടുതൽ മനസ്സിലാക്കാൻ, അവരുടെ ചെറുതും വലുതുമായ പഠനപ്രശ്നങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു എന്നതാണ് ഇതിലെ എറ്റവും പ്രധാനമായ സന്ദേശം. ഉപരിപഠനങ്ങൾക്കായി മിക്ക വിദ്യാർഥികളും ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകാറുണ്ട്. അവിടെയും ഇത്തരം  പഠനരീതികൾ അവർക്ക് ധാരാളം വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ഇവിടെ ആൻ പറയുന്നത് ശ്രദ്ധിക്കൂ...” ട്യൂട്ടോറിംഗിനായി ടെക്ഫ്യൂണിക് ഉപയോഗിച്ച് കുട്ടികൾക്കായി സൈൻ അപ്പ് ചെയ്യാൻ കഴിയുമോ എന്ന് മാതാപിതാക്കളിൽ നിന്ന് എനിക്ക് ധാരാളം സംശയങ്ങളും, ചോദ്യങ്ങൾ കിട്ടുന്നുണ്ട്. ആശയം അടിസ്ഥാനമാക്കിയുള്ള പഠനത്തിനായിട്ടല്ല അന്വേഷിക്കുന്നത്, നിങ്ങൾ ഒരു ഡിഗ്രി വിദ്യാർഥിയോ അടുത്തസമയത്ത് ബിരുദം എടുത്ത വ്യക്തിയാണെങ്കിലും നിങ്ങൾക്ക് ടെക്ഫ്യൂണിക്കിന്റെ സഹായത്താൽ ലാപ്ടോപ്പിലൂടെ മറ്റു വിദ്യാർഥികളെ പഠിപ്പിക്കാൻ കഴിയും. അമേരിക്കൻ ഉച്ചാരണത്തോടെ സംസാരിക്കുന്ന വിദ്യാർഥികളുമായി നിങ്ങൾക്ക് സംസാരിക്കേണ്ടതിനാൽ ഇംഗ്ലീഷ്  ഭാഷയിലുള്ള വാക്ചാതുര്യവും ആത്മവിശ്വാസവും നിർബന്ധമാണ്.” അധ്യാപനത്തിലുള്ള താൽപര്യവും പരിചയവും, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം, ടെക്കി എക്സ്പേർട്ട് ആയിട്ടുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള കഴിവ്, ഏറ്റവും പ്രധാനം, നിങ്ങൾ സ്വയം ഒരു ‘ടെക്കി സാവി’ ആയിരിക്കണം എന്നതാണ്. ഏറ്റവും ഉയർന്നനിലവാരം പുലർത്തുക ട്യൂട്ടോറിംഗിൽ എന്നത് ഞങ്ങൾക്ക് സുപ്രധാനമാണ്. അങ്ങനെയുള്ള യോഗ്യതകൾ നിങ്ങൾക്കുണ്ടെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക്  ഈ ലിങ്കിൽ https://www.techfunic.com/careers  അപേക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.