ഇലു ഇലു ‘ഡേ’

st-valentine
SHARE

നീയെന്റെ കരളല്ലേ, ഹൃദയത്തുടിപ്പല്ലേ എന്നുള്ള ആപ്തവാക്യങ്ങൾ എല്ലാം പോയി, എന്റെ ഹൃദയത്തിന്റെ തണ്ണീർമത്തനല്ലേ,എന്റെ കണ്ണിമാങ്ങ അച്ചാറല്ലേ, ഗ്രീൻ ടീയിലെ  പുതിനയല്ലേ ഇതൊക്കെയാണ് ഇക്കാലത്തെ ഇലു ഇലു വാചകങ്ങൾ. പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയും അതേറ്റു പിടിക്കുന്നു. സത്യത്തിൽ ഈ  ആഘോഷിക്കപ്പെടുന്ന ‘ദിവ്യത്വം’ ഇന്നത്തെ പ്രണയങ്ങൾക്ക് അവകാശപ്പെടാമോ? പ്രണയത്തിന്റെ  ആശയങ്ങളും അർഥങ്ങളും വളരെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന ഈ തലമുറ അതേ പ്രണയചിന്തകൾക്ക് ധാരാളം  ഭാവഭേദങ്ങൾ വരുത്തിക്കഴിഞ്ഞിരിക്കുന്നു. 

യഥാർഥ പ്രണയം എന്ന സങ്കൽപ്പത്തെ ചുറ്റിപ്പറ്റിയുള്ള ഒന്നാണ് ഈ ചിന്തകളെന്നു പാട്ടുകളും സിനിമകളും വാലന്റൈൻസ് ഡേയും നമ്മെ ബോധ്യപ്പെടുത്തി. നമ്മുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്ന ഒരു ആത്മമിത്രത്തിന്റെ പരിവേഷം. വീടിന്റെ വാതിലും അലമാരകളും നമ്മുടെ കാറും നമ്മുടെ ബാങ്ക് ലോക്കറും തുറക്കേണ്ട ഒരു താക്കോൽ പോലെ.അവധി ദിവസങ്ങളിലും ഈ പ്രണയങ്ങൾ നമ്മളോടൊപ്പം ഉണ്ടായിരിക്കണം. സ്നേഹമുള്ള മനുഷ്യലോകത്തിലെ ഒരോരുത്തരോടും നിസ്സംഗത പുലർത്തുകയും, ആകാശം നോക്കി നീട്ടിപ്പാടി, മനസ്സു വേദനിക്കുബോൾ എതെങ്കിലും കടാപ്പുറത്ത പാടി പാടി ഉറങ്ങാതിരിക്കുകയും വേണം.

അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രണയത്തിന്റെ പേരിൽ കാട്ടികൂട്ടുന്ന എന്ത് കോപ്രായങ്ങൾക്കും ചൂട്ടുപിടിക്കാൻ കുറച്ച് ‘പുരോഗമന’ വാദികൾ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ വസ്തുത.സദാചാരം എന്ന വാക്കുപോലും ഇപ്പോൾ പുച്ഛിക്കപ്പെടുന്നു. ഇതായിരുന്നില്ല നമ്മുടെ കാഴ്ചപ്പാടുകൾ.‘പരിഷ്കാരം’ തലയ്ക്ക് പിടിച്ചപ്പോൾ കാഴ്ചപ്പാടുകൾക്കും മാറ്റം വന്നതാകാം. മാറ്റം നല്ലതാണ് അത് നന്മക്കു വേണ്ടിയാണെങ്കിൽ മാത്രം. പുതുവർഷം കഴിഞ്ഞാൽ ലോകമെമ്പാടും ഏറ്റവുമധികം ആഘോഷിയ്ക്കപ്പെടുന്ന ദിവസമാണ് ഫെബ്രുവരി 14. കൊച്ചുകുട്ടികൾക്കുവരെ സുപരിചിതമായ ദിവസം.സമ്മാനങ്ങളും,അഭ്യർത്ഥനകളും,തുടക്കങ്ങളും, പുതുക്കലുകളുമൊക്കെയായി ലോകമെമ്പാടും പ്രണയം ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ. പ്രണയിയ്ക്കുന്നവർക്കും, പ്രണയം സൂക്ഷിയ്ക്കുന്നവർക്കും,പ്രണയിക്കാനാഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ദിവസം യഥാർത്ഥത്തിൽ സെയ്ന്റ് വാലന്റൈൻ എന്ന വിശുദ്ധന്റെ ഓർമ്മ ദിവസമാണ്.

വാലന്റൈൻ: ഒരു ഹ്രസ്വ ചിത്രം

വാലന്റൈയിനെ കുറിച്ച് പല വിശദീകരണങ്ങൾ കത്തോലിക്ക എൻസൈക്ളോപീഡിയ നൽകുന്നത്. അവയിൽ ഏറ്റവും പ്രസിദ്ധമായത് റോമൻ ചക്രവർത്തിയായിരുന്ന ക്ളോഡിയസ് രണ്ടാമന്റെ ഭരണത്തിന് കീഴിൽ ജീവിച്ചിരുന്ന ക്രൈസ്തവ പുരോഹിതനായിരുന്ന സെന്റ് വാലന്റയിനെക്കുറിച്ചുള്ള ചരിത്രമാണ്. ചക്രവർത്തിയുടെ ചില ശാസനകളെ ധിക്കരിച്ച ഈ പുരോഹിതനെ ചക്രവർത്തി വധശിക്ഷക്ക് വിധിക്കുകയുണ്ടായി. ക്രിസ്താബ്ദം 270 ഫിബ്രവരി 14-നായിരുന്നു ഈ സംഭവം."ചക്രവർത്തിയെ ധിക്കരിച്ച കാര്യങ്ങൾ എന്തൊക്കെയായിരുന്നു? "ക്രിസ്തീ യ മതത്തിലേക്ക് പ്രബോധനം നടത്തിയതായിരുന്നു അയളെ അറസ്റ് ചെയ്യാനുണ്ടായ കാരണം.മറ്റൊരു അഭിപ്രായം " യുദ്ധരംഗങ്ങളിൽ ശത്രുമുഖത്തേക്ക് കുതിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന വിവാഹിതരായ പട്ടാളക്കാരേക്കാളും ക്ഷമയും വൈമുഖ്യവും പ്രകടമാക്കുന്നത് അവിവാഹിതരാണെന്ന് ചക്രവർത്തി മനസ്സിലാക്കുകയും അതിനെ തുടർന്ന് വിവാഹകരാറുകൾ ഉണ്ടാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ചക്രവർത്തി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ സെന്റ് വാലന്റയ്ൻ ഈ കൽപ്പന ധിക്കരിക്കുകയും രഹസ്യമായി അയാളുടെ പള്ളിയിൽ വിവാഹം  കഴിപ്പികയും ചെയ്തു. ചക്രവർത്തി ഇത് കണ്ടെത്തുകയും വാലന്റയിനെ ജയിലിലടക്കുകയും ചെയ്തു. ജയിലിൽ വച്ച് ജയിൽ വാർഡനായ അസ്റീരിയസിന്റെ അന്ധയായ മകളുമായി പരിചയപ്പെടുകയും അവളുടെ അന്ധത അയാൾ ചികിൽസിക്കുകയും അവളുടെ കാഴ്ച തിരികെ ലഭിക്കുകയും ചെയ്തു. അവർ പരസ്പരം സ്നേഹത്തിലാവുകയും ചെയ്തു. വധശിക്ഷക്ക് വിധേയനാകുന്നതിന് മുമ്പ് അയാൾ അവൾക്കായി ഒരു ആശംസാ കാർഡ് അയക്കുകയുണ്ടായി. 'സ്നേഹത്തോടെ നിന്റെ വാലന്റൈൻ'  എന്നായിരുന്നു അതിലെ വാചകം. 

പിൽക്കാലത്ത് ഒരു ഹൃദയത്തിന്റെയും അതിനു ചുറ്റും അമ്പുമായി ചുറ്റിക്കളിക്കുന്ന ഒരു ബാലന്റെയും ചിത്രം അടക്കം ചെയ്തതാണ് മിക്ക കാർഡുകളും. മതപരമായ ഒരു ആഘോഷം ഈ രൂപത്തിൽ പരിവർത്തിക്കപെട്ടതിൽ വലിയ ആശ്ചര്യം തോന്നുന്നു എന്ന് ഒരു ക്രൈസ്തവ പുരോഹിതൻ  പറയുകയുണ്ടായി."അമ്പും ഹൃദയവും എന്താണെന്നറിയുമോ നിങ്ങൾക്ക് എന്ന ചോദിച്ച അദ്ദേഹത്തിന്റെ മറുപടിയും ഉടനടിയെത്തി, "റോമക്കാരുടെ കാമദേവന്റെ അടയാളമാണത്.

ഒരു സ്നേഹക്കുറിപ്പ്;-  ബാത്ത് റൂമിൽ പാടി മരിക്കുന്ന ഗായകനും കാരറ്റ് ജൂസും കുലുക്കി സർബത്തും ഉണ്ടാക്കുന്ന ജൂസുകടക്കാരനും വരെ വാലെന്റൈൻ സ്പെഷൽ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. പിന്നെ പൂക്കച്ചവടക്കാരെക്കുറിച്ച്  പറയുകയേ വേണ്ട, പൂക്കൾക്കൊപ്പം, മിട്ടായി പെട്ടികളും പെർഫ്യൂം ബോട്ടിലുകളും എന്നിങ്ങനെ എക്ട്രായായും മാസങ്ങൾക്കു മുന്നെ തയ്യാറെടുപ്പുകൾ  തുടങ്ങുന്നു. ഏറ്റവും കൂടുതൽ എല്ലാവരും അന്വേഷിക്കുന്നത് പൂക്കടക്കാരെയാണ്. അങ്ങനെ ഈ വർഷത്തെ വാലെന്റൈൻസ് ഡേ,ഒരു കോവിഡ് കാലത്തിനും വിട്ടുകൊടുക്കാതെ എല്ലാ കമിതാക്കളും ഹൃദയങ്ങളും റോസാപ്പൂക്കളും, കുലുക്കി സർബത്തും  കൈമാറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA