മനോരമ വീക്കിലി മുടങ്ങാതെ വായിക്കുന്നതിന്റെ പ്രധാന ഉദ്ദേശം തോമസ് ജേക്കബ് സാറിന്റെ കഥക്കൂട്ടും, കവിതകളും ചില അഭിമുഖങ്ങളും ആണ്. അങ്ങനെ ഇന്ന് തോമസ് സർ ഏതൊരാൾക്കും ധാരാളം ഓർമകൾ സമ്മാനിക്കുന്ന ഒരു വിഷയത്തിൽ എന്നെയും എത്തിച്ചു, പെൻസിൽ!
എഴുത്തിന്റെ തുടക്കങ്ങളിൽ ഏതൊരാൾക്കും സന്തതസഹചാരിയാണ് പെൻസിൽ. എന്നാൽ തോമസ് സാറിന്റെ കഥക്കൂട്ട് വായന പെൻസിലിനെ വലിയ എഴുത്തിന്റെ അറിവുകളിലേക്കാണ് എത്തിച്ചത്. മഹാകവി കുമാരനാശാന്റെ ഖണ്ഡകാവ്യമായ ‘കരുണ’ പെൻസിൽ കൊണ്ട് എഴുതിയതാണ് പോലും! നോബൽ സമ്മാനം ലഭിച്ച ജോൺ സ്റ്റീൻബക്ക് എഴുതിയത് പെൻസിൽകൊണ്ടാണ്. ഫ്രാങ്ക് മൊറൈസ് എന്ന പ്രശസ്തനായ പത്രപ്രവർത്തകൻ പെൻസിൽ കൊണ്ട് മാത്രമെ എഴുതുകയുള്ളു. തകഴി,എം.ടി, നമ്മുടെ ഗാന്ധിജിക്ക് വരെ ഇഷ്ടമുള്ള എഴുത്താണിയായിരുന്നു പെൻസിൽ.
വരക്കാനും എഴുതാനും എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് പെൻസിൽ. ഒരറ്റം ആവശ്യാനുസരണം ചെത്തി കൂർപ്പിച്ച് എഴുതുവാനും ചിത്രം വരക്കാനും ഉപയോഗിക്കുന്നു. ഇതാണ് ആദ്യകാലത്തെ പെൻസിലുകളുടെ ഘടന. പെൻസിലിന്റെ മുനക്കാമ്പ് മാത്രമായും ഇന്ന് കടകളിൽ ലഭ്യമാണ്. അവ വാങ്ങി അനുയോജ്യമായ പിടികളിൽ ഉറപ്പിച്ച് ഉപയോഗിക്കുന്ന രീതിയും നിലവിൽ വന്നുകഴിഞ്ഞു. കറുപ്പിന്റെ പലതരം വകഭേദങ്ങളിലും, പല നിറങ്ങളിലും പെൻസിൽ ലഭ്യമാണ്.
പെൻസിൽ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ വളരെ വ്യക്തമായ വിവരങ്ങൾ നമുക്കറിയാൻ സാധിക്കുന്നു. 1564 ൽ ഇംഗ്ലണ്ടിലെ കമ്പർലാൻഡ് കുന്നുകളിൽ വൻ ഗ്രാഫൈറ്റ് ശേഖരം കണ്ടെത്തിയതിന് ശേഷമാണ് പെൻസിലുകൾക്ക് ആ രൂപം കൈവന്നത്. ആട്ടിടയന്മാർ ചാരവും, കറുപ്പും കലർന്ന ഗ്രാഫൈറ്റിന്റെ ഒരു നിക്ഷേപം കണ്ടെത്തി. തൊട്ടാൽ കൈയിൽ നിറം പറ്റുന്നതായ ഇതിനെ ‘ലെഡ്’ എന്ന് അവർ വിളിച്ചു. ഇത് കാർബണിന്റെ രൂപാന്തരമായ ഗ്രാഫൈറ്റ് ആണെന്ന് അന്നാർക്കും മനസ്സിലായിരുന്നില്ല. ആട്ടിടയന്മാർ ഇതുപയോഗിച്ച് ആടുകളുടെ പുറത്ത് അടയാളമിട്ടു.
പെൻസിലിന്റെ യഥാർഥ നിർമാതാവ് ആരെന്ന് ഇന്നും തർക്ക വിഷയമാണെങ്കിലും ജർമൻ കാരനായ കോൺറാഡ് ജെസ്‌നർ 1565 ലാണ് ആദ്യമായി പെൻസിൽ കണ്ടുപിടിച്ചതെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പേപ്പറിന്റെ ആദ്യരൂപങ്ങൾക്കൊപ്പം അതിൽ എഴുതാനുള്ള പല ഉപകരണങ്ങളും കണ്ടുപിടിച്ചു തുടങ്ങി. ലെഡ് കൊണ്ടുള്ള പെൻസിൽ ആയിരുന്നു ഇതിൽ കൂടുതൽ ഉപയോഗിച്ചിരുന്നത്.
നിങ്ങളുടെ ഫോട്ടോകൾ പെൻസിൽ സ്കെച്ചിലേക്ക് മാറ്റാൻ സാധിക്കുന്ന പ്രഫഷനൽ ഫോട്ടോ എഡിറ്റർ ആയ ‘പെൻസിൽ ഫോട്ടോ സ്കെച്ച്’ ഇന്ന് ലഭ്യമാണ്. ഡെസ്ക് ടോപ്, ലാപ്ടോപ്, ടാബ് എന്നിവയ്ക്കൊപ്പം പെസിലിലിനെ ഇന്നും മറക്കാത്തവരിൽ ഒരാളാണ് ഈ ഞാനടക്കം ഉള്ള പല എഴുത്തുജീവികളും.
'പ്രണയത്തോടെ മുനകൂർപ്പിച്ച പെൻസിൽ കൊണ്ട് ഹൃദയത്തിൽ നീ വരച്ച രേഖാചിത്രത്തിൽ വർണ്ണങ്ങളുടെ മുള്ളുകൾ പൂക്കുന്നു, മഴവില്ല് കത്തുന്നു'.