കഥകൾ ജീവിതത്തിനു നേരെയുള്ള കണ്ണാടികൾ

sapna-pic
SHARE

സുഹൃത്തുക്കളോട് “നിനക്കൊരു കഥ കേള്‍ക്കണോ”എന്ന് ചോദിക്കാത്തവർ ആരും തന്നെയുണ്ടാവില്ല! അതേസമയം, ഇക്കാലത്ത് പണ്ടുപണ്ടൊരു രാജാവ് ഉണ്ടായിരുന്നു എന്നായിരിക്കില്ല നമ്മൾ കൂട്ടുകാരിയോട് പറഞ്ഞു തുടങ്ങുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ പൊള്ളുന്ന സത്യം ഒളിഞ്ഞിരിക്കുന്ന അല്ലെങ്കിൽ,ഒരു ഏറ്റുപറച്ചിലിന്റെ സ്വഭാവമുള്ളൊരു കഥയായിരിക്കും അത്!അതുകൊണ്ട് ആ അനുഭവത്തിന്റെ കഥാരൂപം നമ്മെത്തന്നെ അംബരപ്പിച്ചേക്കാം!ചെറുപ്പം മുതലേ അമ്മയും അച്ഛനും  അധ്യാപകരും ഒരു മുഖവുരയോടെ തുടങ്ങുന്ന കഥകൾ,നമ്മുടെ മനസ്സുകളിൽ എന്തോ ഗൗരവമുള്ള ഒന്നാണെന്ന് പണ്ടാരോ ധരിപ്പിച്ചു വെച്ചിട്ടുണ്ട്.കൂടെ നമ്മുടെ നാട്ടുഭാഷയുടെ ഭാഗമായി ഇന്നും ഒരാൾ മരിച്ചാൽ ‘അയാളുടെ കഥ കഴിഞ്ഞു’ എന്നാണ് വിവരം അറിയിക്കുന്നത്.

അതിനര്‍ഥവും ഏതാണ്ടിതുതന്നെയല്ലെ?ജീവിതത്തിലെ സംഭവത്തിന്റെയോ അനുഭവത്തിന്റെയോ ഭാവത്തിന്റെയോ ഗദ്യത്തിലുള്ള ഒരു ചിത്രാവിഷ്ക്കാരമാണ് കഥ  എന്നും കൂടി പറയാതെ വയ്യ. നമ്മളോരോരുത്തർക്കും ഇഷ്ടമാണ് കഥകൾ, സ്വയം ഒരുവരി കഥയെങ്കിലും എഴുതാത്തവരില്ല എന്നതും തീർച്ചയാണ്!പക്ഷേ,എന്താണ് കഥ,എന്തുകൊണ്ടാണ് കഥകൾ എഴുതപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?....

കഥകൾ എഴുതാനുള്ള പ്രചോദനം, എന്തായിരിക്കാം!മനസ്സിൽ നിന്നു  വരുന്ന പല ത്രെഡിൽനിന്നായിരിക്കും തുടക്കം!വിഷയം യാത്രയിൽ നിന്ന്,വഴിയിൽ നിന്ന്  ഓഫിസിൽ നിന്ന്,എവിടുന്നും ആകാം! എന്നാൽ കൂടെ  ആദ്യം തോന്നിയ പോയിൻസ് എല്ലാം എഴുതിവക്കുന്നു.ഉടനെ തന്നെയെഴുതണം കഥ എന്നില്ല,വീണ്ടും എപ്പോഴെങ്കിലും അതിനെ വിപുലീകരിച്ച്, വീണ്ടും വീണ്ടും തെറ്റുകളും തിരുത്തലുകളും ചെയ്തതിനു ശേഷം ആണ് ഒരു കഥ ജനിക്കുന്നത്. എഴുതണം എന്ന സ്വയം തോന്നലിൽ നിന്നാവണം കഥകൾ ഉൽഭവിക്കേണ്ടത്. ഇന്ന’ സംഭവത്തെ കഥയാക്കണം എന്ന് തീരുമാനിച്ചാൽ മാത്രമേ അവ കഥകളാകുകയുള്ളു. തന്റേതായ ശൈലി,ഭാഷ എന്നിവയും ചേർന്നു വരുന്നതാവണം കഥ.

എല്ലാ കഥാകൃത്തുക്കൾക്കും അനുഭവങ്ങളുമായുള്ള ബന്ധവും മറ്റും കഥാരൂപത്തിനുണ്ടാവില്ലെങ്കിൽ പോലും, സ്വന്തം അനുഭവങ്ങൾ കഥയുടെ ശക്തമായ ഏടുകളാക്കിയെടുക്കുകയും ചെയ്യാം. പിന്നെ നമ്മുടെ ചുറ്റുപാടുകൾ, വായനയുടെ, ഭാവനയുടെ ഒരു ഭാഗം കൂടെയാണ് കഥകൾ.എഴുതിയേ തീരു എന്നൊരു ചിന്തയില്ല എങ്കിൽക്കൂടി, യാത്രകളിലൂടെ കാണുന്ന ചിത്രങ്ങൾ, മനസ്സിന്റെ വിങ്ങലുകളായി കിടക്കുന്ന ചിന്തകളെ , പ്രതിഫലിപ്പിക്കാനുള്ള വേദി എന്നിവയൊക്കെയും കഥയെഴുത്തിന്റെ  തുടക്കമായിത്തീരാം.മനസ്സിൽ ഉണ്ടാകുന്ന ചിന്തകളുടെ ‘സ്പാർക്ക്’, വാക്ക്, വിഷയം, മനസ്സിൽ കിടക്കുന്ന ഒരു കാഴ്ച,എല്ലാം തന്നെ പ്രചോദനങ്ങളാക്കിമാറ്റാൻ കഥാകൃത്തുക്കൾ ശ്രമിക്കാറുണ്ട്.ഈ സ്പാർക്കുകൾ ഒരോന്നും,മനസ്സിൽ തിങ്ങിനിറഞ്ഞിട്ട് ഉറക്കം പോലും നഷ്ടമാകുന്ന ഒരു  സമയത്ത്,അതെല്ലാം കഥക്കുള്ള വിഷയമാണെന്ന് മനസ്സിലാക്കി, വാക്കുകളൂടെ നീർച്ചാലിലൂടെ കഥകളായിത്തീർക്കൂന്നു.

എല്ലാവർക്കും കഥ എഴുതാൻ സാധിക്കില്ലേ എന്നൊരു ചോദ്യം വളരെ പ്രസക്തമാണ്!ഇന്ന് സ്വപ്നം കാണാത്തവരും, ജീവിതത്തിന്റെ അനുഭവങ്ങൾ ഇല്ലാത്തവരും ആരുമില്ല, തീർച്ച.എന്നാൽ അതൊന്നും ആലോചിച്ച് ചിന്തിച്ച് കഥാരുപത്തിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കാറില്ല. കഥാകൃത്തുക്കളുടെ മാത്രമല്ല,എല്ലാവരുടെ മനസ്സിലും കഥയുണ്ട്,ചുറ്റുപാടുകളിൽനിന്ന് അനുഭവങ്ങളിൽ നിന്നെല്ലാം കഥകൾ കണ്ടെത്താം. എന്നാൽ, അതെല്ലാം എല്ലാവർക്കും  എഴുതി പ്രതിഫലിപ്പിക്കാൻ സാധിക്കണമെന്നില്ല. അതിനാൽ  എല്ലാവർക്കും കഥയെഴുതാൻ  കഴിയണം എന്നില്ല.എങ്കിലും ഭാഷാപരിചയം ഉള്ള എല്ലാവർക്കും തന്നെ കഥയെഴുതാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നവരും ധാരാളം!കഥാപാത്രങ്ങൾക്കൊപ്പം,കഥക്കൊപ്പം വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ സാധിക്കൂന്നതാവണം കഥ!ശക്തമായ ഒരു  പോയിന്റ് “ഭാഷാസ്വാധീനം” ആണ്.കൂടെ ധാരാളം വായിക്കുന്നവർക്ക് ഒരുപക്ഷേ കഥ എഴുതാൻ സാധിക്കുമായിരിക്കും. ഭാഷാപരമായ  സൗന്ദര്യം നിലനിർത്തിക്കൊണ്ട് കഥകൾ എഴുതാൻ എല്ലാവർക്കും സാധിച്ചെന്നിരിക്കില്ല.കഥ എഴുതുമ്പോൾ  ലളിതമായ ഒരു അനുഭവക്കുറിപ്പ് എന്ന പശ്ചാത്തലം മാറ്റിമറിക്കപ്പെടുന്നു.കൂടെ കഥാസ്വഭാവം വരാനായി ചില മാനദണ്ഡങൾ പാലിക്കേണ്ടതുണ്ട്.

കഥയുടെ രീതി, കഥാപരിസരം, കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന, പ്രതിഫലിക്കപ്പെടുന്ന വിഷയം, വായനക്കാരിലെത്തിച്ചേരാനുള്ള കഴിവ് ഇതെല്ലാം കഥകളിലേക്ക്  കൊണ്ടുവരാൻ എല്ലാവർക്കും സാധിക്കില്ല.അത്ര വ്യക്തമായി അറിയില്ലെങ്കിലും, എഴുത്തിനോട് താൽപര്യം ഉള്ളവർക്ക് ഒരുപക്ഷേ കഥയെഴുതാൻ സാധിച്ചേക്കാം. എല്ലാ മനസ്സിലും കഥയുണ്ട്,എന്നാൽ അതിനെയല്ലാം കൂട്ടിയോജിപ്പിക്കാനുള്ള ഒരു ക്ഷമ, സീക്വൻസുകളായി കൊണ്ടുവരാനുള്ള ഒരു ആത്മവിശ്വാസം എല്ലാവരിലും  ഉണ്ടാവണമെന്നില്ല.

ഭാഷാവൈദഗ്ധ്യം കഥയെഴുതാൻ അത്യാവശ്യ ഘടകം അല്ല,എന്നാൽ ഭാഷാനൈപുണ്യം ഉള്ളത് ഒരു  വലിയ ഗുണം തന്നെയാണ്.വിജ്ഞാനം കൊണ്ട് കഥയുണ്ടാകില്ലല്ലോ,കഥ എഴുതാനുള്ള ഒരു കഴിവുള്ളവനു മാത്രമെ ഒരു നല്ല കഥാകൃത്താകാൻ സാധിക്കുകയുള്ളു.അക്ഷരത്തെറ്റുകൾ ഉണ്ടായാൽ അതൊരു കല്ലുകടിയായിത്തെന്നെ കിടക്കും,വിരസത ഉണ്ടാക്കുകയും ചെയ്യും. കൂടാതെ കഥാകാരൻ ഉദ്ദേശിക്കുന്നതായിരിക്കില്ല വായനക്കാരൻ മനസ്സിലാക്കുന്ന ആശയം എന്നൊരു വസ്തുതയും തെറ്റുകളിലൂടെ കടന്നു ചെല്ലാം.ലളിതമായ,ശുദ്ധമായ ഭാഷയിൽ എഴുതാനും സംസാരിക്കനുള്ള  ഉള്ള കഴിവിനെയാണ്  ഭാഷാവൈദഗ്ദ്ധ്യം അർത്ഥമാക്കുന്നത്! ആശയത്തെ സംവേദനക്ഷമതയോടെ വായനക്കാരിൽ എത്തിക്കാനുള്ള കഴിവ് എന്നാണ് അതിനർത്ഥം!അക്ഷരശുദ്ധി,പദശുദ്ധി, ആശയശുദ്ധി, ചിന്തനശുദ്ധി,  വാക്യശുദ്ധി എന്നിവ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ലക്ഷണമൊത്ത കൃതിയായിരിക്കും. എപ്പോഴും ഇതൊക്കെ  ശ്രദ്ധിക്കെപ്പെട്ടുകൊണ്ട് മാത്രമായിരിക്കണം നല്ല കഥ ജനിക്കുന്നത് എന്നല്ല. അങ്ങനെയുള്ള ധാരാളം  കഥാകൃത്തുക്കൾ നമുക്കിന്നുണ്ട്. ഭാഷാവൈദഗ്ദ്ധ്യം ഉണ്ടെങ്കിൽ എഴുതുന്ന കൃതിയെ ഔന്ന്യത്തിൽ എത്തിക്കാൻ  സാധിക്കും. കടുത്തപദങ്ങളുടെ മേളനം കൊണ്ട് കഥപറഞ്ഞു പോകാൻ സാധിക്കും എങ്കിലും ലളിതമായ സുന്ദരമാ‍യ ഭാഷയിൽ കഥപറഞ്ഞു പോകാൻ  സാധിക്കുന്ന രീതിയാണ് ഒരു കഥാകൃത്തിന് ഏറ്റവും  ആവശ്യമായ വസ്തുത.നല്ലൊരു ഭാഷ നമൂക്ക്  സ്വന്തമായി ഉണ്ടായിരിക്കണം.ഭാഷ എങ്ങനെ വേണമെങ്കിലും എഴുതാം!സാഹിത്യം ചേർത്ത്,നമ്മൾ ഉദ്ദേശിക്കുന്ന ഫീൽ‘ നഷ്ടപ്പെടാതെ,വായനക്കാരന്റെ മനസ്സിൽ ഒരിടം പിടിക്കാൻ തക്കതായിരിക്കണം ഭാഷ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

സ്വതസിദ്ധമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ചാൽ,അതിന് വ്യക്തമായ ഒരുത്തരം ഇല്ലെന്നുതന്നെ പറയാം. ബഷീറിനെപ്പോലെ,സ്വന്തം ശൈലി ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് വിശ്വസിക്കുന്നവരും ഇല്ലാതില്ല!സ്വതസിദ്ധമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കുകയും,നമ്മുടെ ഉള്ളിലുള്ള കഴിവിനെ തിരിച്ചറിയുകയും,അതിനെ  വിപുലീകരിച്ച് എടുക്കുകയും ശക്തിപ്പെടുത്തിയെടുക്കയും ചെയ്യണം. പ്രാദേശിക പദങ്ങൾ ഉള്ളവ ഉപയോഗിക്കില്ല, ഇന്ന വിധത്തിൽ മാത്രമെ എഴുതു എന്നുള്ള നിബന്ധനകൾ ഉണ്ടാക്കണം എന്നല്ല മറിച്ച് നമ്മുടെ എഴുത്തിനെ വായനക്കാരൻ തിരിച്ചറിത്തക്കതായ ഒരു ശൈലിയാവണം.

ഒരു അഭിനയത്തിനായാലും, എഴുത്തിലായാലും, നമ്മുടെതായ ഒരു സിഗ്നേച്ചർ‘ശൈലി നാം ഒരോരുത്തരും രൂപപ്പെടുത്തിയെടുക്കണം.സ്വന്തമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാൻ  സാധിക്കും എന്ന് എല്ലാ കഥാകൃത്തുക്കളും വിശ്വസിക്കുന്നില്ല. എഴുതിത്തുടങ്ങുമ്പോൾ നാം സ്വയം നമ്മുടേതായ ഒരു ശൈലിയിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്.നമ്മുടെ ഉള്ളിൽ അങ്ങനെ ഒരു കഴിവുണ്ടാകും എന്നുണ്ടെങ്കിൽ അവയെ തിരിച്ചറിഞ്ഞ്,അതിനെ ‘പോളിഷ്’ ചെയ്ത് ശക്തിപ്പെടുത്തിയെടുക്കണം എന്നത് നമ്മൾ സ്വയം ചെയ്യേണ്ട ഒന്നാണ്. എന്നാൽ നമ്മുടെ ശൈലി  മാത്രം എഴുത്തിൽ  ഉപയോഗിച്ചാൽ  ആവർത്തനവിരസതയും കൂടെ ഉണ്ടായിത്തീരില്ലെ എന്നൊരു ചോദ്യം വളരെ പ്രസക്തമാണ്. സ്വതസിദ്ധമായ ഒരു ശൈലി എന്നത് നമ്മുടെ  ഉള്ളിൽ  ഉണ്ടെങ്കിൽ പോലും വേറൊരാളുടെ കഥയും ശൈലിയും നമ്മൾ അനുകരിച്ചാൽ അത് നമ്മുടെ കഥയാവില്ലല്ലോ?എന്നാൽ നമ്മുടെതായ ഒരു ‘സ്പേയ്സ്’ ഉണ്ടാക്കിയെടുക്കണം എന്ന് കണക്കാക്കുന്നവരും ഉണ്ട്.സ്വന്തമായി രൂപപ്പെടുത്തിയെടുക്കുന്ന ഒരു ‘റ്റച്ച്’ നമ്മൾ  സ്വയം തയ്യാറാക്കിയെടുക്കണം,അവിടെ അനുകരണം  ശൈലിയാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS