സുബി സുരേഷ്- ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ

subi-suresh
SHARE

മിമിക്രിയും, കോമഡി പരിപാടികളും പുരുഷന്മാരുടെ കുത്തകയായിരുന്ന കാലത്താണ് സുബി സുരേഷ് തന്റെ തനതായ ശൈലിയിലൂടെ ഹാസ്യവേദികളിൽ സ്ഥാനം ഉറപ്പിച്ചത്. മലയാള മനസ്സിൽ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും, സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെ സുബി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത് വളരെ പെട്ടെന്നായിരുന്നു. കുട്ടിപ്പട്ടാളത്തിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രീതി സുബി നേടിയടുത്തെന്നു മാത്രമല്ല, കുട്ടികളുടെ പ്രിയപ്പെട്ട സുബി ചേച്ചിയായി മാറുകയും ചെയ്തു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സുരേഷ് അംബിക ദമ്പതികളുടെ മകളായി പിറന്നു. അവിടുത്തെ സർക്കാർ സ്കൂളിൽ പഠിച്ച സുബി എറണാകുളം സെന്റ് തെരേസാസ് കോളജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ച്, പിന്നീട് കൊച്ചിൻ കലാഭവനിൽ ചേർന്നു.‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

കൊച്ചിൻ കലാഭവൻ ട്രൂപ്പിലെ അംഗമായിരുന്ന അവർ, മിമിക്രിയിൽ സ്ത്രീകളുടെ പങ്കാളിത്തം അസാധാരണമായിരുന്ന ഒരു കാലത്ത് ജനപ്രിയ കോമഡി ഷോകളുടെ ഇഷ്ടപ്പെട്ട ഒരു മുഖമായിരുന്നു. സിനിമാലയിലെ അഭിനയത്തിലൂടെ അവർ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും ‘കുട്ടിപ്പട്ടാളം’ എന്ന ടെലിവിഷൻ ഷോയിലെ അഭിനയം, അഭിനയമല്ല കുട്ടികളുടെ ഷോയിൽ സുബി വ്യത്യസ്തമായി കുട്ടികളോട് ഇഴികിച്ചേർന്ന് തന്റെ സന്നിധ്യം വ്യക്തവും വ്യത്യസ്തവും ആക്കിത്തീർത്തു. സ്റ്റേജ് ഹാസ്യ പരിപാടികളിലെ ശ്രദ്ധേയ സാന്നിധ്യവും,വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും സുബി തിളങ്ങി.

2001-ൽ 'അപരന്മാർ നഗരത്തിൽ' എന്ന ചലച്ചിത്രത്തിലൂടെയാണ് അവർ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സുബിയുടെ അഭിനയ പാഠവത്തെക്കുറിച്ചും കഥാപാത്രങ്ങളെയും,അവയോടു കാണിക്കുന്ന ആത്മാർഥതയെക്കുറിച്ചു കൂടെ പ്രവർത്തിച്ച പല നടി നടൻമാരും അഭിമാനത്തോടെ ഓർത്തു പറഞ്ഞു. സിനിമയിലും ടെലിവിഷനിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നടിയും,ഹാസ്യനടിയുമായ സുബി സുരേഷിന് കഴിഞ്ഞു. മലയാളം വിനോദ വ്യവസായത്തിലെ ഏറ്റവും പ്രഗത്ഭരായ ഹാസ്യതാരത്തിൽ ഒരാളായിത്തെന്നെ സുബിയെ കണക്കാക്കാം, തീർച്ച എന്ന് ടിനി ടോം പറയുന്നു.'കനക സിംഹാസനം', 'ഹാപ്പി ഹസ്ബൻഡ്‌സ്', 'തസ്‌കര ലാഹള', 'എൽസമ്മ എന്ന ആൺകുട്ടി', '101 വെഡ്ഡിങ്സ്', 'ഡ്രാമ' തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലെ അഭിനയം എടുത്തു പറയത്തക്കതും, ഓർത്തിരിക്കേണ്ടവയും ആണ്.ഏതു കഥാപാത്രം കൊടുത്താലും നൂറുശതമാനം അത് മനോഹരമാക്കുന്ന കലാകാരിയാണ് സുബി എന്നും ജയറാം പ്രതികരിച്ചു.സുബിയുടെ ഒപ്പം അഭിനയിച്ച സിനിമകൾ കുറവണെങ്കിലും, നിരവധി സ്റ്റേജ് പരിപാടികളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും ഏതു കഥാപാത്രത്തെക്കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞുകൊടുത്താൽ പോലും അനായാസേന സുബി അത് വേദിയിൽ അവതരിപ്പിക്കുമെന്നും,സ്റ്റേജിലെ പ്രകടനത്തിൽ സുബിക്ക് അപ്പുറത്തേക്ക് മറ്റൊരാളില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാജൻ പള്ളുരുത്തി, ഇങ്ങനെ ഓർത്തു,'എന്റെ കലാ ജീവിതത്തിൽ തുടക്കം മുതലേയുള്ള കലാകാരി.എന്റെ സ്വന്തം കൊച്ചനുജത്തി, നഷ്ടപ്പെട്ട ആ ദുഖം ഇപ്പോഴും എനിക്കും കുടുംബത്തിനും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.ഇനി ചേട്ടാ എന്നുള്ള നിന്റെ വിളി ഇല്ല”.വളരെ അടുത്ത സുഹൃത്ത് ആയിരുന്ന മഞ്ചു പിള്ളയ്ക്കും ദുഖം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.

ആണുങ്ങൾ വാഴുന്ന മിമിക്രി ലോകത്തെ ഈ പെൺമുഖം മലയാളിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ചിരിയോടെയല്ലാതെ ആ മുഖം പ്രേക്ഷകരാ‍യ നമ്മൾ ആരുംതന്നെ കണ്ടിട്ടില്ല എന്ന് പറയാം.ഒരു പക്ഷേ അതാവാം കുട്ടികളെ ഇത്രയേറെ സുബിയിലേക്ക് അടുപ്പിച്ചത്.ഒരു സഹൃദയൻ എന്ന നിലയിലാണെങ്കിൽ കൂടെ സുബിയെക്കുറിച്ച് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം അവരുടെ സ്റ്റൈൽ ആയിട്ടുള്ള വേഷവിധാനങ്ങളാണ്. വളരെ മോഡേൺ സുന്ദരിയായും എന്നാൽ മുല്ലപ്പൂവും സാരിയും ചുറ്റി മലയാളിപ്പെണ്ണായും,ബ്രേക്ക് ഡാൻസറിന്റെ വേഷത്തിലും സുബി വളരെ തന്മയത്വത്തോടെ നടന്നിരുന്നു.മലയാള സിനിമയ്ക്കും മിനിസ്ക്രീനിലും  ഒരു പിടി മറക്കാനാവാത്ത ഓർമകൾ നൽകി  സുബി സുരേഷ്  പറന്നകന്നു, മായത്ത ചിരിയുമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA