sections
MORE

സമാധാന ദൂതനായി ഡോണൾഡ് ട്രംപ്!

donald-trump-usa1
SHARE

അധികാരം കയ്യാളിയതിനു ശേഷം യുദ്ധക്കൊതിയനാകുമെന്ന് കണക്കാക്കപ്പെട്ടിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, തന്റെ ആദ്യ നാലു വർഷത്തിനിടയിൽ യുദ്ധത്തിന് ആഹ്വാനം നൽകാത്ത പ്രസിഡന്റ് എന്ന പേരിനർഹനായേക്കുമായിരുന്നു. എന്നാൽ, ഇതിനപവാദമായി മാറിയതാകട്ടെ കഴിഞ്ഞ ഒന്നു രണ്ടാഴ്ചകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനവും. അദ്ദേഹം ഇറാനിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുകയും മേഖലയിലെ സൈനിക ശക്തി വർധിപ്പിക്കുകയും ചെയ്തു. തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇസ്രായേലും സൈനിക നടപടിയെ അനുകൂലിച്ചപ്പോഴും ഇറാനുമായി യുദ്ധം വേണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറാനുമായുള്ള ഉപരോധ വ്യവസ്ഥയിലൂടെ ആണവ കരാർ പരസ്യമായി ലംഘിക്കുന്ന അവസ്ഥയിലേക്ക് ട്രംപ് ഇറാനെ നയിച്ചു. എന്നാൽ, കലാപ രൂക്ഷിതമായ പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധമുണ്ടാകില്ലെന്നും അദ്ദേഹം പ്രതീക്ഷിച്ചു.

ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പങ്കെടുത്ത വിയറ്റ്നാം ഉച്ചകോടി യോഗത്തിൽ നിന്ന് പാതിവഴിയിൽ നിന്ന് പിൻതിരിഞ്ഞെങ്കിലും ഉത്തരകൊറിയൻ മണ്ണിൽ ചുവടുവെച്ച അമേരിക്കയുടെ ആദ്യ പ്രസിഡന്റായി ട്രംപ് മാറി. ഇതിനിടയിൽ ഉത്തരകൊറിയയുടെ ‘റോക്കറ്റ് മാൻ’ ട്രംപിന്റെ സുഹൃത്തായിത്തീരുകയും ചെയ്തു. അദ്ദേഹം കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുക പോലും ചെയ്തേക്കാം. പെട്ടെന്നുള്ള അറിയിപ്പിൽ കൂടിക്കാഴ്ച സംഘടിപ്പിച്ചതിന് ട്രംപ് കിമ്മിനെ അഭിനന്ദിക്കുകയും ചെയ്തു. ‘കൊറിയൻ നാടകത്തിലെ’ മൂന്നാമൻ, ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജെയ്-ഇന്നും ഇതിനെത്തുടർന്ന് വളരെ ആവേശഭരിതനായിരുന്നു, മൂന്ന് രാജ്യങ്ങളുടെ സൈനികർ ഉണ്ടായിരുന്ന മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. 

Trump-Kim

വ്യാപാരം, ഇറാൻ, റഷ്യൻ മിസൈലുകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനായി ട്രംപ് തന്റെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവ കൂടുതൽ ചർച്ചകൾ കൂടാതെ തന്നെ പിൻവലിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു അദ്ദേഹത്തെ അയച്ചത്. എന്നാൽ, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ ഒരു മികച്ച സുഹൃത്തായി പ്രശംസിച്ച പോംപെയോ ഇന്ത്യ-യുഎസ് ബന്ധം ഇത്രയും മെച്ചപ്പെട്ട കാലം ഉണ്ടായിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. മോദിയുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയിൽ, സങ്കീർണമായ വ്യാപാര വിഷയങ്ങളിൽ മന്ത്രിമാരുൾപ്പെടെയുള്ളവരുമായുള്ള ചർച്ചയ്ക്ക് അദ്ദേഹം സമ്മതിച്ചു. റഷ്യൻ മിസൈലുകളുടെ കരാർ റദ്ദാക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് മോദി വ്യക്തമാക്കിയിട്ടും അതിനെപ്പറ്റി ചർച്ച ചെയ്യാൻ പോംപെയോ തയാറായിരുന്നില്ല. ഇറാനിയൻ, റഷ്യൻ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെങ്കിലും ഇന്ത്യ-യുഎസ് പിരിമുറുക്കത്തിന് ഈ കൂടിക്കാഴ്ചയോടെ അൽപം അയവ് വന്നു.

ട്രംപിന്റെ മനസ്സിലെ ഏറ്റവും പ്രധാന മാറ്റമുണ്ടായത് യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ കാര്യത്തിലാണ്. ഏഴ് ആഴ്ചത്തെമൗനത്തിനു ശേഷം ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങും വ്യാപാര ചർച്ചകൾ പുനഃരാരംഭിക്കാൻ സമ്മതിച്ചു. ചർച്ചകൾക്കു ശേഷം ശതകോടികളുടെ യുദ്ധം താൽ‌ക്കാലികമായിട്ടാണെങ്കിലും ഒഴിവാക്കപ്പെട്ടു. വ്യാപാര യുദ്ധങ്ങളിൽ വിജയികളും പരാജിതരും ഉണ്ടാകാറില്ലെങ്കിലും യുഎസ്-ചൈന യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കാനും രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിൽ ഏറ്റുമുട്ടാനും കാരണമായി. 

ട്രംപും ഷീയും തമ്മിൽ നടന്ന ഒരു മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലുണ്ടായ താൽകാലിക ‘വെടിനിർത്തൽ’ മൂലം, അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് പ്രതീക്ഷിക്കാനാവില്ല, മറിച്ച് പ്രശ്നപരിഹാരങ്ങൾക്കുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിനായി കൂടുതൽ സമയം കിട്ടി എന്നുമാത്രം ആശ്വസിക്കാം. ‘ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു,’ ട്രംപ് ഷീയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘പ്രതീക്ഷിച്ചതിലും നല്ല കാര്യങ്ങളാണ് പറഞ്ഞത്, ചർച്ചകൾ തുടരുകയാണ്.’ ട്രംപ് കൂട്ടിച്ചേർത്തു. 

trump-xi-meet

​യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ തുടർച്ചയായി ചൈനീസ് ടെലികോം ഭീമനായ വാവേയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യുഎസ് ഇളവു വരുത്തുന്നതായുള്ള ട്രംപിന്റെ പ്രഖ്യാപനം അതിലും അതിശയകരമാണ്. സാങ്കേതിക മേഖലയിലെ എതിരാളി എന്ന നിലയിൽ മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങൾക്ക് കനത്ത സുരക്ഷാ ഭീഷണിയുമാണെന്ന നിലയിലാണ് യുഎസ് വാവേയെ കാണുന്നത്. മാത്രമല്ല, ചാരവൃത്തി ആരോപിച്ച് കാനഡയിൽ വാവേ സ്ഥാപകന്റെ മകളെ യുഎസ് പിടികൂടുകയും ചെയ്തിരുന്നു. കൂടാതെ, വാവേയുടെ ഉൽപന്നങ്ങൾ അമേരിക്കൻ മൊത്തവിതരണക്കാരിൽ എത്തുന്നത് തടയുകയും വിപണിയിൽ നിന്ന് വിലക്കുകയും ചെയ്തു. വാവേയുടെ 5ജി വികസനം ലോകത്തിന് വലിയ ഭീഷണിയായിട്ടാണ് കാണപ്പെടുന്നത്. ഇന്ത്യയിൽ വാവേ മൊബൈൽ ഫോൺ നിർമാണം വിപുലീകരിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയ്ക്കുമേലും സമ്മർദ്ദം ഉണ്ടായി. 

എന്നാൽ അപ്പോഴേക്കും, വാവേ ഇന്ത്യൻ വിപണിയിൽ മൊബൈൽ ഫോൺ വിപണിയിൽ മാത്രമല്ല, ആശയവിനിമയ ശൃംഖലകളിലെ എല്ലാ മേഖലയിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞിരുന്നു. ഹുവാവേയെ കരിമ്പട്ടികയിൽ പെടുത്താനുള്ള യുഎസ് അഭ്യർഥനയ്ക്കുള്ള ഇന്ത്യയുടെ പ്രതികരണം അവ്യക്തമായിരുന്നു. പക്ഷേ, ഇന്ത്യൻ സാങ്കേതിക വിദഗ്ധർക്കും വാവേയുടെ പ്രവർത്തനത്തെപ്പറ്റി സംശയമുണ്ടായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വാവേ മൊബൈൽ വികസിപ്പിക്കുന്ന 5ജി സാങ്കേതികവിദ്യയുടെ ഏറ്റവും ആകർഷകമായ സവിശേഷത വിലയായിരുന്നു. 

യുഎസിനെ സംബന്ധിച്ചിടത്തോളം വ്യാപാര യുദ്ധത്തേക്കാൾ വാവേയ്‌ക്കെതിരെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയായിരുന്നു കൂടുതൽ. എന്നാൽ, വ്യാപാരവുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മിലുള്ള ഒരു ചർച്ചയിലും വാവേയുമായുള്ള കരാർ ഒഴിവാക്കുന്ന കാര്യം ഉൾപ്പെട്ടില്ല. 

Donald Trump, Shinzo Abe, Narendra Modi

ഗുരുതരമായ വ്യാപാരയുദ്ധം ഉൾപ്പെടെ സാധ്യമായ ഒട്ടേറെ പ്രശ്നങ്ങളുടെ നിഴലിലാണ് ജി20 ഉച്ചകോടി ആരംഭിച്ചതെങ്കിലും ട്രംപിന്റെ പെട്ടെന്നുള്ള മനംമാറ്റത്തെത്തുടർന്ന് സമാധാനം കൈവന്നു. എന്നാൽ, ട്രംപിന്റെ മറ്റൊരു ട്വീറ്റ് സ്ഥിതിഗതികൾ മൊത്തത്തിൽ മാറ്റില്ലെന്നുള്ളതിന് ഒട്ടും ഉറപ്പുമില്ല. കൊറിയൻ പ്രശ്ന പരിഹാരത്തിനുള്ള ആരംഭമെങ്കിലും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായാൽ, 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം വരെ ലഭിച്ചേക്കാം.

എന്നാൽ, ട്രംപിന്റെ സമാധാന ശ്രമങ്ങൾ, യുഎസിൽ ഡെമോക്രാറ്റ‌ുകൾ നേരിടുന്ന വെല്ലുവിളികളെ ചെറുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. യുഎസ് തെരഞ്ഞെടുപ്പിലെ വിജയം നിർണയിക്കുന്നതിൽ യുഎസ് വിദേശനയം നിർണായകമല്ലെങ്കിലും, ലോകരാജ്യങ്ങൾക്ക് മുൻപിൽ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ചൈനയിൽ നിന്നും ഉത്തര കൊറിയയിൽ നിന്നുമുള്ള ഭീഷണികൾ ഒഴിവാക്കി തന്റെ രാജ്യത്ത ജനങ്ങൾക്ക് സുരക്ഷിതത്വബോധം നൽകാനും അദ്ദേഹം ആഗ്രഹിക്കുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടെന്ന ആരോപണത്തെ ചെറുക്കാനും ഇംപീച്ച്‌മെന്റ് നീക്കങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനും കൂടിയാവാം ട്രംപിന്റെ സമാധാന ശ്രമങ്ങൾ. യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് വ്‌ളാദിമിർ പുടിനുമായി തമാശയായി പറയാൻ പോലും ട്രംപിന് കഴിഞ്ഞു എന്നതാണ് അദ്ഭുതം.

സമാധാന ദൂതനെന്ന നിലയിൽ ട്രംപിന്റെ ഏറ്റവും പുതിയ നിലപാട് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. ഇറാൻ ഉപരോധം ഇന്ത്യയുടെ ദീർഘകാല നയത്തെ എങ്ങനെ ബാധിക്കുമെന്നു നമുക്കറിയില്ല. രാജ്യങ്ങളുടെ ധനമന്ത്രിമാർ തമ്മിൽ വരാനിരിക്കുന്ന ചർച്ചകൾ വ്യാപാര യുദ്ധങ്ങളെ ഇല്ലാതാക്കുമെങ്കിൽ, ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്താൻ ഇന്ത്യയ്ക്കാകും. ആയുധങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാകുന്ന തരത്തിൽ ഇന്ത്യയെ സഖ്യകക്ഷിയായി പ്രഖ്യാപിക്കണമെന്ന പ്രമേയം യുഎസ് സെനറ്റ് പാസാക്കി. ഇറാൻ, റഷ്യൻ മിസൈലുകൾ, വ്യാപാരം തുടങ്ങിയ മേഖലകളിലും ഇന്ത്യയും യുഎസും തമ്മിൽ പ്രശ്‌നങ്ങളുണ്ട്. എന്നാൽ ഉപയോഗിക്കുന്ന ഭാഷ സമാധാനത്തിന്റേതാണ്, യുദ്ധത്തിന്റേതല്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA