ഇക്കബോഡ്! എന്റെ യൂണിവേഴ്സിറ്റി കോളേജ്– ടി.പി. ശ്രീനിവാസൻ എഴുതുന്നു

University-College,Thiruvananthapuram1
SHARE

ചുവന്ന പതാകകളും വിപ്ലവ മുദ്രാവാക്യങ്ങളുടെ ചുവരെഴുത്തുകളും കൊണ്ട് അലങ്കരിച്ച തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിന്റെ കെട്ടിടങ്ങളുടെ മുൻപിലൂടെ കടന്നുപോകുമ്പോഴെല്ലാം എന്റെ ചുണ്ടുകളിൽ ഒരു വാക്ക് ഓടിയെത്തും– “ഇക്കബോഡ്” (ഹീബ്രു ഭാഷയിൽ മഹത്വം ഇല്ലാത്തവൻ എന്നർഥം). ചരിത്രം ഉറങ്ങുന്ന ആ കെട്ടിടങ്ങൾ എന്റേതു കൂടിയായിരുന്നു. എന്റെ പഴയ സർവകലാശാല. ഇസ്രായേല്യരുടെ സ്വന്തമായിരുന്ന ‘ദൈവത്തിന്റെ പെട്ടകം’ ഫെലിസ്ത്യർ കൊണ്ടുപോയ ദിവസം ജനിച്ച കുരുത്തംകെട്ടവനായ ഒരു ബാലനായിട്ടാണ് ഇക്കബോഡിന്റെ കഥ ബൈബിളിൽ ശമുവേലിന്റെ ആദ്യ പുസ്തകത്തിൽ വിവരിക്കുന്നത്. ഇക്കബോഡിന്റെ മാതാവ് വളരെയധികം അസ്വസ്ഥയായിരുന്നു, തന്റെ മകന്റെ വരവ് ഇസ്രായേല്യരുടെ മഹത്വം നഷ്ടപ്പെടുത്തിയെന്ന് അവൾ കരുതി. ഇക്കബോഡ് ജനിച്ചപ്പോൾ അവന്റെ അമ്മയ്ക്ക് തോന്നിയതുപോലെ, 2004ൽ എന്റെ യൂണിവേഴ്സിറ്റി കോളജിൽ തിരിച്ചെത്തിയപ്പോൾ എനിക്കും തോന്നി. എന്റെ കോളജിന്റെ മഹത്വവും നഷ്ടപ്പെട്ടുപോയിരിക്കുന്നു.  

ക്യാംപസിന്റെ നിയന്ത്രണം ഇതിനകം തന്നെ ചില വിദ്യാർഥികൾ ഏറ്റെടുത്തിരുന്നു. മാത്രമല്ല, ക്യാംപസ് മുഴുവൻ വിജനമായും തോന്നി. ഒരു ഭയം വായുവിൽ കനത്തുകിടക്കുന്നതു പോലെ. ക്ലാസ് മുറികൾ ശൂന്യമായിരുന്നു, തകർന്ന കസേരകളും മേശകളും മുറികളിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ശുചിമുറികൾ വൃത്തിഹീനവും ഉപയോഗശൂന്യവുമായിരുന്നു. ഒരുകാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന യൂണിവേഴ്സിറ്റി കോളജ് അത്തരമൊരു അവസ്ഥയിൽ എത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല.

1961ൽ ബി‌എ ഇംഗ്ലിഷ് കോഴ്‌സിൽ ചേരാൻ ഞാൻ ​​ആദ്യമായി യൂണിവേഴ്‌സിറ്റി കോളജിന്റെ പടിചവിട്ടിയപ്പോൾ കോളജിന്റെ അന്തരീക്ഷം തന്നെ എത്ര സന്തോഷകരമായിരുന്നു. ക്ലാസ് മുറികളിലേക്ക് ഞങ്ങൾ കാലെടുത്തുവച്ച നിമിഷം തന്നെ ചരിത്രബോധം ഞങ്ങളുടെ ഉള്ളിലേക്ക് വന്നു നിറഞ്ഞതായി ‍ഞങ്ങൾക്ക് തോന്നി. ഇതിഹാസ തുല്യരായിരുന്നു അധ്യാപകരിൽ ഭൂരിഭാഗവും. ക്ലാസിലെ അവരുടെ സാന്നിധ്യം ഞങ്ങൾക്ക് പ്രചോദനമായിരുന്നു. ക്ലാസുകൾ ചെറുതായിരുന്നെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദങ്ങൾ കോളജ് വിട്ടുപോയതിനുശേഷവും അതേപടി തുടർന്നു. മികവിന്റെയും അന്തരീക്ഷം അവിടെയാകെ നിറഞ്ഞു നിന്നിരുന്നതിനാൽ പഠനത്തിൽ പാണ്ഡിത്യവും ജീവിതത്തിൽ ഉത്തരവാദിത്ത ബോധവും ഞങ്ങൾക്കുണ്ടായി. ഞാൻ കോളജിൽ ചെലവഴിച്ച അഞ്ചു വർഷം എന്റെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ വർഷങ്ങളായിരുന്നു. 

ഞങ്ങളുടെ അധ്യാപകരുടെ പാണ്ഡിത്യം, അർപ്പണബോധം എന്നിവ ഞങ്ങളെ അതിശയിപ്പിച്ചു. താഴ്ന്ന ജീവിതരീതിയുടെയും ഉയർന്ന ചിന്തയുടെയും പ്രതീകമായിരുന്നു വെളുത്ത ഖാദി സാരിയുടുത്ത് എത്തിയിരുന്ന ഹൃദയകുമാരി എന്ന അധ്യാപിക. അവരുടെ ക്ലാസ്സിൽ ഇരിക്കുമ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു ഒരു ദിവസം അവരെപ്പോലെ ഇംഗ്ലിഷ് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. ജി. കുമാരപിള്ളയുടെ പെരുമാറ്റത്തിലുണ്ടായിരുന്ന ആകർഷണീയത അദ്ദേഹത്തിന്റെ മുഖത്തും നിറഞ്ഞുനിന്നു. സുധാകരൻ നായർ സഹൃദയനും വാചാലനുയിരുന്നു. അയ്യപ്പപണിക്കർ, താരതമ്യേന പുതിയ ആളായിരുന്നു. അദ്ദേഹം അന്ന് കവിയെന്ന നിലയിൽ പ്രശസ്തനായിരുന്നില്ല. ഇംഗ്ലിഷ് അധ്യാപകൻ എന്നതിനേക്കാൾ പക്ഷിശാസ്ത്രജ്ഞനായ ഇന്ദുചൂഡൻ ഞങ്ങളുടെ സംഘത്തെ മുന്നിൽ നിന്നു നയിച്ചു. കെ. ശ്രീനിവാസൻ, വൈദ്യനാഥൻ, ശങ്കരനാരായണ അയ്യർ എന്നിവർ ആത്മാർഥതയുടെയും പാണ്ഡിത്യത്തിന്റെയും പര്യായമായിരുന്നു. ചെല്ലമ്മ ജോസഫും ശാന്തകുമാരിയും എല്ലാമടങ്ങുന്ന അധ്യാപക സംഘം കോളേജിലെ മഹത്തായ പാരമ്പര്യത്തിന് ഏറ്റവും അനുയോജ്യരായിരുന്നു. 

University-College,Thiruvananthapuram

ആ സുന്ദരമായ നാളുകളിൽ പഠനം മാത്രമായിരുന്നു വിദ്യാർഥികളുടെ പണി എന്നല്ല. വിനോദവും കളിതമാശകളും ഗ്രൂപ്പുകളും പാർട്ടി രാഷ്ട്രീയവും സംഘർഷങ്ങളും പോലും ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഞങ്ങളെ ക്ലാസിൽ നിന്ന് പുറത്താക്കുന്ന തരത്തിൽ ഹൃദയകുമാരി, ജി. കുമാര പിള്ള തുടങ്ങിയ അധ്യാപകരെ ഞങ്ങൾ പ്രകോപിപ്പിച്ചു. ക്ലാസിലെ എല്ലാ ആൺകുട്ടികളും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അവരുടെ ക്ലാസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു എന്നതാണ് ഹൃദയകുമാരിയുടെ കാര്യത്തിലുണ്ടായ പ്രകോപനം. അവരുടെ ക്ലാസ് ഉള്ള സമയം ഞങ്ങൾ എല്ലാവരും ഒരുമിച്ച് കാപ്പി കുടിക്കാനായി പോയതായിരുന്നു. പിറ്റേന്ന് ക്ലാസിലെത്തിയപ്പോൾ, ചോദ്യങ്ങളോ വിശദീകരണങ്ങളോ ഒന്നും ഇല്ലാതെ ക്ലാസ് വിട്ടുപോകാൻ അവർ എല്ലാവരോടും ആവശ്യപ്പെട്ടു, പ്രതിഷേധമൊന്നും കൂടാതെ തന്നെ ഞങ്ങൾ പുറത്തേക്ക് പോയി. അവരുടെ ക്ലാസിലേക്ക് തിരികെ പ്രവേശിക്കാൻ ഞങ്ങൾക്ക് മൂന്ന് ദിവസവും ഒട്ടേറെ ക്ഷമാപണങ്ങളും പറയേണ്ടി വന്നു. കാരണം, നഷ്ടം പൂർണമായും ഞങ്ങളുടേതായിരുന്നു. ജി.കുമാര പിള്ളയുടെ കാര്യത്തിൽ, ഒരു ആൺകുട്ടി കോളജിന്റെ ഇടനാഴിയിൽ വച്ച് ഒരു പെൺകുട്ടിക്ക് ചില കുറിപ്പുകൾ കൈമാറിയെന്ന സംഭവമായിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ അദ്ദേഹം വളരെ ഗൗരവമായിട്ടാണ് കണ്ടത്. 

കോളജ് തിരഞ്ഞെടുപ്പ് അക്കാലത്ത് കടുത്ത പോരാട്ടമായിരുന്നു, അവ രാഷ്ട്രീയവും ആശയപരവുമായിട്ടായിട്ടായിരുന്നു എന്ന വ്യത്യാസം മാത്രം. പക്ഷേ, പ്രചാരണങ്ങളും മത്സരങ്ങളും വളരെ സൗഹാർദ്ദപരമായിരുന്നു. ഫലം എന്തായാലും  അതിന്റേതായ ശോഭയിൽ ഞങ്ങൾ അംഗീകരിച്ചു. പ്രധാന കക്ഷികൾ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എഫ്), സ്റ്റുഡന്റ്സ് അസോസിയേഷൻ (എസ്എ) എന്നിവയായിരുന്നു. കോളജിൽ സ്റ്റുഡന്റ്സ് അസോസിയേഷനായിരുന്നു നേൽക്കൈ. എസ്‌എ നേതൃത്വത്തിൽ ഞാൻ വളരെ സജീവമായിരുന്നു, പക്ഷേ, അവസാന എം‌എയിലെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിച്ചതിനാൽ എന്റെ ഒരു സുഹൃത്തിനെ സ്പീക്കറായി നാമനിർദേശം ചെയ്തു. ക്യാംപസുകളിൽ വിദ്യാർഥി രാഷ്ട്രീയം അനുവദിക്കണമോ എന്ന സമീപകാല ചർച്ചയ്ക്കിടെ, ക്യാംപസുകളിലെ അനുഭവത്തിലൂടെ വിദ്യാർഥികൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചുവെന്ന് എനിക്ക് തോന്നിയതിനാൽ ഞാൻ വിദ്യാർഥി രാഷ്ട്രീയത്തെ അനുകൂലിച്ചിരുന്നു. ഇന്നത്തെ രാഷ്ട്രീയ നേതാക്കളിൽ പലരും ക്യാംപസ് രാഷ്ട്രീയത്തിൽ നിന്നുള്ളവരാണെന്നും ഞാൻ ചൂണ്ടിക്കാട്ടി.

എന്റെ എല്ലാ അനുഭവങ്ങളും അനുസരിച്ച്, ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിലെ സ്ഥിതി ഞങ്ങളുടെ കാലത്തെ സന്തോഷകരമായ അവസ്ഥയിൽ നിന്ന് ഏറെ ദൂരെയാണ്. ഇത് തീർച്ചയായും ക്യാംപസ് രാഷ്ട്രീയത്തിന്റെ തകർച്ചയുടെ പ്രതിഫലനമാണ്. കേരള രാഷ്ട്രീയത്തിൽ അക്രമവും കൊലപാതകവും സാധാരണമാണ്, ഇക്കാര്യത്തിൽ ഒരു പാർട്ടിയും നിരപരാധികളല്ല. ഒരു കൂട്ടം വിദ്യാർഥികൾ ശരിക്കും ക്യാംപസ് ഭരിക്കുന്ന രീതിയിൽ മുൻപെങ്ങും ഉണ്ടാകാത്ത സ്ഥിതിവിശേഷമാണ് യൂണിവേഴ്സിറ്റി കോളജിലുള്ളത്. ഇടയ്ക്കിടെ, അക്രമത്തിന്റെ കഥകൾ പുറത്തുവന്നെങ്കിലും അധ്യാപകരും വിദ്യാർഥികളും വലിയ പ്രതിഷേധം കൂടാതെ ഈ സാഹചര്യങ്ങൾക്ക് മൗനാനുവാദം നൽകുകയാണ് ചെയ്യുന്നത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പഠനത്തിന് തടസ്സമില്ലെന്നും അവർ അവകാശപ്പെട്ടു. ഉത്തരക്കടലാസുകൾ മോഷ്ടിച്ച് രേഖകൾ വ്യാജമായുണ്ടാക്കി പരീക്ഷകളിൽ വിജയിക്കാൻ നിയമവിരുദ്ധമായ മാർഗങ്ങൾ വിദ്യാർഥികൾ ഉപയോഗിച്ചിരുന്നതായി ഇപ്പോൾ നമുക്കറിയാം. കോളജ് അടക്കി വാഴുന്ന ഒരു കൂട്ടം വിദ്യാർഥികൾ അവരുടെ കൂട്ടത്തിലുള്ള ഒരാളെത്തന്നെ കുത്തിവീഴ്ത്തിയെന്ന വാർത്തയാണ് അവസാനം നമ്മൾ കേട്ടത്. 

കുത്തേറ്റ സംഭവത്തെച്ചൊല്ലിയുള്ള പ്രതിഷേധം കുറ്റവാളികൾക്കെതിരെ ചില അച്ചടക്ക നടപടികളിലേക്ക്  നയിച്ചു. ആഴത്തിൽ വേരൂന്നിയ ഗൂഢാലോചനകൾ പലതും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, യൂണിവേഴ്സിറ്റി കോളജിന്റെ മഹത്വം പുനഃസ്ഥാപിക്കാൻ പെട്ടെന്നൊന്നും കഴിയില്ല. അതിനെ ബാധിച്ചിരിക്കുന്ന വ്യാധി ആഴമേറിയതാണ്. രാഷ്ട്രീയ പാർട്ടികൾ അവരുടെ ഇതിനുള്ള വഴികൾ കണ്ടെത്തിയില്ലെങ്കിൽ പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകും

പലരും നിർദ്ദേശിച്ചതുപോലെ, നഗരമധ്യത്തിൽ യൂണിവേഴ്സിറ്റി കോളജിന്റെ സ്ഥാനം പ്രശ്നത്തിന്റെ ഭാഗമാണ്. കോളജിന്റെ സ്ഥാനമാറ്റം മുമ്പ് പരീക്ഷിച്ചു. ഇതു സഹായകരമാകാം, പക്ഷേ കോളജിനെ ക്രിമിനൽ ഘടകങ്ങളിൽ നിന്ന് മുക്തമാക്കാനും പഠനം പുനരാരംഭിക്കാനും ചെയ്യുകയാണ് വേണ്ടത്. ഇതുണ്ടായാൽ കോളജ് വീണ്ടും മികവിന്റെ കേന്ദ്രമായി മാറും. വിവിധ പൂർവ വിദ്യാർഥി സംഘടനകൾ കോളജിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകണം. കഴിഞ്ഞ 150 വർഷത്തെ നേട്ടങ്ങളുടെ ചരിത്രം കോളജ് പുനർനിർമിക്കാനും അതിന്റെ അക്കാദമിക മൂല്യവും നഷ്ടപ്പെട്ട മഹത്വവും പുനഃസ്ഥാപിക്കാൻ വിദ്യാർഥികളും അധികാരികളും കഠിനപ്രയത്നം ചെയ്യണം. എന്റെ കോളജ് വീണ്ടും മികവിന്റെ കേന്ദ്രമായി മാറുന്ന ദിവസത്തെ ഞാൻ സ്വപ്നം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA