യുഎൻ പൊതുസഭ 2019: യുദ്ധത്തിനും സമാധാനത്തിനും അപ്പുറം

UN-2019
SHARE

ലോക രാജ്യങ്ങളുടെ ഇടയിലെ സമാധാനത്തിനും സുരക്ഷയ്ക്കും പരിപാലനത്തിനുമായാണ് മുഖ്യമായും ഐക്യരാഷ്ട്രസഭ നിലകൊള്ളുന്നത്. എന്നാൽ,  2019ലെ പൊതുസമ്മേളനത്തിനായി തിരഞ്ഞെടുത്ത വിഷയം ‘ദാരിദ്ര്യ നിർമാർജ്ജനത്തിനും കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള നടപടിക്കും ബഹുമുഖ ശ്രമങ്ങളെ ശക്തിപ്പെടുത്തുക’ എന്നതായിരുന്നു. ഐക്യരാഷ്ട്രസഭ രാജ്യാന്തര സമാധാനവും സുരക്ഷയും വിശാലമായ രീതിയിൽ വ്യാഖ്യാനിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഇതുകൊണ്ട് വ്യക്തമാകുന്നത്. മാത്രമല്ല. സംഘർഷ പരിഹാരം, സമാധാന പരിപാലനം, സമാധാനമുണ്ടാക്കൽ, ദാരിദ്ര്യം, പാരിസ്ഥിതിക തകർച്ച, സാമൂഹിക ബന്ധങ്ങൾ, വിവേചനം എന്നിവ പോലുള്ള സുരക്ഷയ്ക്കെതിരെ നേരിട്ടും അല്ലാതെയുമുള്ള ഭീഷണികൾ തുടങ്ങിയവയ്ക്കെതിരെയും യുഎൻ നിലകൊള്ളുന്നു എന്നതിന്റെ സൂചനയായി വേണം പൊതുസഭയെ കാണാൻ.

ആക്രമണം, അതിർത്തി സംഘർഷങ്ങൾ, ആഭ്യന്തര കലഹങ്ങൾ എന്നിവ പോലെ സുരക്ഷയ്‌ക്കു ഭീഷണിയാണ് ദാരിദ്യവും കാലാവസ്ഥാ മാറ്റവും. രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം എന്ന സുപ്രധാന വിഷയം യുഎൻ സുരക്ഷാ സമിതിയുടെ ശ്രദ്ധയിലേക്ക്  കൊണ്ടുവന്ന ആദ്യത്തെ രാജ്യമായിരുന്നു ഇന്ത്യയെന്നും ഈയവസരത്തിൽ ഓർമിക്കേണ്ടതാണ്. തുടക്കത്തിൽ പല രാജ്യങ്ങളും അത്തരമൊരു വ്യാഖ്യാനത്തെ എതിർത്തുവെങ്കിലും മനുഷ്യാവകാശ നിഷേധം സ്ഥിരമായ ആക്രമണമായി കണക്കാക്കപ്പെട്ടതിനാൽ ഒടുവിൽ യുഎൻ നടപടിയെടുത്തു.

ഇന്ന്, ദാരിദ്ര്യം, പാരിസ്ഥിതിക തകർച്ച, സാമൂഹിക അസമത്വം തുടങ്ങിയ പല പ്രശ്‌നങ്ങളും രാജ്യാന്തര അതിർത്തികൾക്കപ്പുറം ബഹുമുഖ പ്രവർത്തനം ആവശ്യമാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. വലുതും ചെറുതുമായ രാജ്യങ്ങളുടെ സംയുക്ത പരിശ്രമങ്ങൾക്ക് മാത്രമേ അവയെ നേരിടാൻ കഴിയൂ. യുഎന്നിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് യുഎൻ ഇതുവരെ നേടിയ ഏറ്റവും വലിയ നേട്ടം എന്താണെന്ന് അന്നത്തെ യുഎൻ‌ സെക്രട്ടറി ജനറൽ ബാൻ കി മൂണിനോട് ചോദിച്ചപ്പോൾ, ലോകത്തിലെ എല്ലാ കുട്ടികൾക്കും പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ കുത്തിവയ്പ് യുഎൻ നൽകിയതായി അദ്ദേഹം പറഞ്ഞു. 

antonio-guterres

1992 ലെ റിയോ സമ്മേളനം വരെ യുഎൻ പരിസ്ഥിതിയുടെ കാര്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ചരിത്രപരമായിരുന്നു. ഗ്രീൻഹൗസ് വാതകം പുറത്തു വിടുന്നതിന്റെ തോത്, നിർബന്ധമായും വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചും വികസ്വര രാജ്യങ്ങൾ വികസനത്തിനായി വാതകം പുറത്തു വിടുന്നത് വർധിപ്പിക്കാനുള്ള അവകാശത്തെക്കുറിച്ചും റിയോയിൽ സമവായം ഉണ്ടായത് കാലാവസ്ഥാ സമത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.  എന്നാൽ, റിയോയിൽ  ഉന്നയിച്ച പ്രതീക്ഷകൾ പൂർണമായും നിരാകരിക്കപ്പെട്ടു. പകരമായി വന്ന പാരിസ് കരാറിലും ഗ്രീൻഹൗസ് വാതകങ്ങളുടെ കുറഞ്ഞ അളവ് പാലിക്കുന്നതിനായുള്ള നടപടികൾ എടുക്കുന്നില്ല. വികസിത രാജ്യങ്ങൾ അവരുടെ ഗ്രീൻഹൗസ് വാതകം പുറംതള്ളുന്നത് കുറച്ച് ലോകത്തെ രക്ഷിക്കുമെന്നതാണ് ഏക പ്രതീക്ഷ. 

യുഎൻ പൊതുസഭയുടെ തുടക്കം മുതൽ തന്നെ ഇന്ത്യ സജീവ പങ്കാളിയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ വിശ്വാസം ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് അനുസൃതമായി അചഞ്ചലവും തത്ത്വപരവും കർശനവുമാണ്. യുഎൻ വളരുകയും അതിന്റെ അജണ്ട കാലക്രമേണ വികസിക്കുകയും ചെയ്തതോടെ, ഇന്ത്യ യുഎന്നിലെ ഇടപെടൽ വർധിപ്പിച്ചു. നമ്മുടെ ദേശീയ താൽപര്യങ്ങൾക്ക് പകരം  ആഗോള കോമൺസിന് പ്രാധാന്യം നൽകി. യുഎന്നിന്റെ എല്ലാ മേഖലകളിലും അതിന്റെ പ്രത്യേക ഏജൻസികളിലും ഇന്ത്യ സ്വാധീനം ചെലുത്തി. യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ സൈനികരെ സംഭാവന നൽകിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനറൽ അസംബ്ലി, സെക്യൂരിറ്റി കൗൺസിൽ, ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ, മറ്റ് ബോഡികൾ എന്നിവയിലേക്കുള്ള  ഏറ്റവും പ്രധാനപ്പെട്ട ചില കരാറുകളിലും കൺവൻഷനുകളിലും  ഇന്ത്യൻ പ്രതിനിധികളുടെ സംഭാവന പ്രാധാന്യമേറിയതാണ്. പ്രധാനമന്ത്രി നെഹ്‌റു മുന്നോട്ടുവച്ച തത്ത്വമാണ് നമ്മൾ സ്ഥിരമായി പിന്തുടരുന്നത്: ‘നമ്മുടെ സ്വപ്നങ്ങൾ യാഥാർഥമാക്കാൻ‌ നമ്മൾ തന്നെ കഠിനാധ്വാനം ചെയ്യണം. ആ സ്വപ്നങ്ങൾ ഇന്ത്യയുടേതാണെങ്കിലും അവ ലോകത്തിനുവേണ്ടിയാണ്’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ വികാരം പ്രതിഫലിപ്പിച്ചു, ‘ഞങ്ങളുടെ എല്ലാ ശ്രമങ്ങളും 1.3 ബില്യൺ ഇന്ത്യക്കാരെ കേന്ദ്രീകരിച്ചാണ്. എന്നാൽ ഈ ശ്രമങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന സ്വപ്‌നങ്ങൾ, ലോകം മുഴുവനും ഓരോ രാജ്യത്തിനും ഓരോ സമൂഹത്തിനും ഉള്ള അതേ സ്വപ്നങ്ങളാണ്’. 

ഇന്ത്യയും ഐക്യരാഷ്ട്രസഭയും കാലങ്ങളായി പുരോഗമിച്ചു. ഇന്ത്യ ഒരു പുതിയ സ്വതന്ത്ര രാഷ്ട്രത്തിൽ നിന്ന് സാങ്കേതികമായി മെച്ചപ്പെട്ട സാമ്പത്തിക ശക്തിയിലേക്ക് ഉയർന്നുവരുന്നു. ഒരു പുതിയ മൾട്ടിപോളാർ ലോകത്തിന്റെ ഭാഗമാകാനുള്ള സാധ്യതയുള്ളതും ഭീകരത, പരിസ്ഥിതി, എച്ച്ഐവി / എയ്ഡ്സ് തുടങ്ങിയവയെ നേരിടാനും സമാധാനം ലോകത്ത് സ്ഥാപിക്കാനും ഇന്ത്യ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. ലോക പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഇന്ത്യ തന്നെ യോഗാഭ്യാസത്തെപ്പറ്റിയുള്ള അറിവുകൾ ലോകത്തിന് പകർന്നുനൽകി.

UN-CLIMATE-ENVIRONMENT

‘കാലാവസ്ഥാ വ്യതിയാനമോ ഭീകരതയോ പൊതുജീവിതത്തിലെ സ്വാർഥതയോ എന്തുമാകട്ടെ, മാനവികതയെ സംരക്ഷിക്കുമ്പോൾ ഗാന്ധിജിയുടെ ആശയങ്ങൾ നമുക്ക് വഴികാട്ടിയാണ്. ഗാന്ധിജി കാണിക്കുന്ന പാത മെച്ചപ്പെട്ട ലോകത്തിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’, പ്രധാനമന്ത്രി മോദി പറഞ്ഞു.

തീവ്രവാദ ഉച്ചകോടി, ഗ്ലോബൽ ഹെൽത് കോൺക്ലേവ്, സ്വച്ഛ് ഭാരത്, ഏറ്റവും പ്രധാനമായി പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് യുഎന്നിൽ നടത്തിയ എല്ലാ പ്രസംഗങ്ങളിലും പ്രധാനമന്ത്രി മോദി ഒരു പുതിയ ഇന്ത്യയെ മുന്നോട്ടുവച്ചു. എല്ലാ ഫോറങ്ങളിലും കശ്മീർ പ്രശ്നം ഉയർത്താൻ പാക്കിസ്ഥാൻ സമഗ്രമായ ശ്രമം നടത്തിയിരുന്നുവെങ്കിലും അദ്ദേഹം അത് പൂർണമായും അവഗണിക്കുകയും ലോകം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ നേരിടാനുള്ള ശ്രമങ്ങളെപ്പറ്റി യുഎന്നിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഇന്ത്യയും സംസാരിച്ചു.

പൊതുസമ്മേളനത്തിൽ നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ അടിസ്ഥാന വിഷയം, സാമ്പത്തിക വികസനത്തിനായുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളും ഇന്ത്യയ്ക്ക് മാത്രമായിരുന്നില്ല, മറിച്ച് ലോകത്തിന്റെ മുഴുവൻ വികസനത്തിനും വേണ്ടിയായിരുന്നു എന്നതാണ്. ‘ശ്രമങ്ങൾ നമ്മുടേതാണ്, പക്ഷേ അവയുടെ ഫലം എല്ലാവർക്കുമുള്ളതാണ്, ലോകമെമ്പാടും. എന്റെ ഈ ബോധ്യം ഓരോ ദിവസവും ശക്തമാവുന്നു. ഇന്ത്യ ലോകത്തിന് ബുദ്ധനെ നൽകി, യുദ്ധത്തെയല്ല. ഇന്ത്യയുടെ പാരമ്പര്യത്തിൽ നിന്നും നാഗരികതയിൽ നിന്നും ഉരുത്തിരിഞ്ഞ സമാധാനവും ഐക്യവുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. കാലാവസ്ഥാ വ്യതിയാനം, മില്ലേനിയം വികസന ലക്ഷ്യങ്ങൾ, സാർവത്രിക ആരോഗ്യ സംരക്ഷണം, ഭീകരവാദം, ബഹുരാഷ്ട്രവാദം എന്നിവയുടെ യുഎൻ‌ സമ്മേളനത്തിന്റെ അജണ്ടയ്ക്ക് അദ്ദേഹത്തിന്റെ പരാമർശങ്ങൾ പ്രസക്തമായിരുന്നു.

അതുപോലെ, ഗാന്ധി സോളാർ പാർക്ക് ഉദ്ഘാടനം, കാലാവസ്ഥാ ഉച്ചകോടി, ഭീകരവാദ ചർച്ച, ബിൽ ഗേറ്റ്സ് പുരസ്കാരം തുടങ്ങിയ അവസരങ്ങളിൽ അദ്ദേഹം നടത്തിയ ഓരോ പ്രസംഗവും നമ്മുടെ പ്രധാനമന്ത്രി യുഎന്നിന്റെ നിലവിലെ പ്രമേയത്തോട് ചേർന്നുനിന്നു. കഴിഞ്ഞ ഇരുപത് വർഷമോ അതിൽ കൂടുതലോ ചെയ്തതുപോലെ ഇന്ത്യ ഇത്തവണയും ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണത്തിനായി ആഹ്വാനം ചെയ്തു. പുതിയ അജണ്ട ഇനങ്ങൾ ഉൾക്കൊള്ളാൻ യുഎൻ മടിക്കുന്നുണ്ടെങ്കിലും സംഘടനാ മാറ്റങ്ങളെ ശക്തമായി എതിർക്കുന്നുണ്ട്. ഇന്ത്യ, ജപ്പാൻ, ജർമ്മനി, സ്ഥിര അംഗങ്ങളാകാൻ ബ്രസീലും ദക്ഷിണാഫ്രിക്കയും തീർച്ചയായും അർഹരാണ്. യുഎൻ ചാർട്ടറിലെ ഏത് മാറ്റത്തിനും പൊതുസഭയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷ പിന്തുണയും സ്ഥിരം അംഗങ്ങളുടെ ഏകകണ്ഠമായ പിന്തുണയും ആവശ്യമാണ്. അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് നിരവധി നിർദേശങ്ങൾ ഉണ്ടെങ്കിലും, ആവശ്യമായ പിന്തുണ ആരും നൽകുന്നില്ല.

സമീപ വർഷങ്ങളിൽ യുഎൻ പ്രവർത്തനത്തിന്റെ മറ്റൊരു പോരായ്മ, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ കൂടിയ ദേശീയതാ വാദമാണ്. ബഹുരാഷ്ട്രവാദത്തിൽ നിന്ന് ഇത്തരം കക്ഷികൾ വ്യതിചലിക്കുന്നതായിട്ടാണ് കാണുന്നത്. എന്നാൽ യുഎൻ ചാർട്ടറിന്റെ തത്വങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ഒപ്പം രാജ്യാന്തര സഹകരണം നീതിപൂർവമായ രീതിയിൽ വളർത്താനും ശ്രമിക്കുന്നുണ്ട്.

ഇത്തരം വെല്ലുവിളികൾക്കിടയിലും പൊതുസഭയിലെ ചർച്ച ധാരാളം നിർദേശങ്ങൾ കൊണ്ടുവന്നു. ഭൂമിയുടെ പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനായി യുഎൻ ഇതിനകം തന്നെ ‘ഗ്രീനിങ് ഓഫ് ബ്ലൂ പ്രോഗ്രാം’ തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തിനുള്ള തരംഗമായി മാറിയ സ്വീഡനിൽ നിന്നുള്ള ഗ്രെറ്റ ട്യുൻബെർഗ് എന്ന യുവ വിദ്യാർഥി നയിച്ച അഭൂതപൂർവമായ പ്രതിഷേധ പ്രസ്ഥാനത്തിന്റെ വേദിയായി യുഎൻ മാറിയതും നമ്മൾ കണ്ടു. ഐക്യരാഷ്ട്രസഭയിൽ മുഴങ്ങിയ അവളുടെ വാക്കുകൾ ലോകമെമ്പാടും പ്രതിഫലിക്കും. ‘നിങ്ങളുടെ ശൂന്യമായ വാക്കുകളാൽ നിങ്ങൾ എന്റെ സ്വപ്നങ്ങളും ബാല്യവും മോഷ്ടിച്ചു’, ന്യൂയോർക്കിൽ നടന്ന 2019ലെ യുഎൻ കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ അവർ ലോകനേതാക്കളോട് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിയുടെ പിന്നിലെ ശാസ്ത്രത്തെ നേതാക്കൾ അവഗണിക്കുകയാണെന്ന് അവൾ ആരോപിച്ചു,  'ഞങ്ങൾ ഒരു വംശനാശത്തിന്റെ തുടക്കത്തിലാണ്, നിങ്ങൾക്ക് പറയാനുള്ളത് പണത്തിന്റെയും നിത്യസാമ്പത്തിക വളർച്ചയുടെ യക്ഷിക്കഥകളും മാത്രമാണ് - നിങ്ങൾക്ക് എങ്ങനെ ഇതിന് ധൈര്യമുണ്ടായി!’

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ