ചർച്ചകളുടെ അവസാന നിമിഷത്തിൽ റീജനൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട‌്നർഷിപ്പിൽ (ആർസിഇപി) ഇന്ത്യ പുറത്തുകടക്കുന്നത് ഏഷ്യാ പസഫിക്കിലെ പ്രാദേശിക സാമ്പത്തിക സഹകരണത്തിന് തടസ്സമായി. ഇതേപ്പറ്റി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ പറഞ്ഞത്: ആർസിഇപിയിൽ ഉൾപ്പെടുന്നതിന് മുൻപ് നേട്ടങ്ങളെയും ചെലവുകളെയും കുറിച്ചുള്ള വ്യക്തമായ കണക്കുകൂട്ടൽ നമ്മൾ നടത്തി. അവസാനം ആ തീരുമാനം എടുത്തു. ഒരു മോശം കരാറിൽ ഒപ്പുവയ്ക്കുന്നതിനേക്കാൾ നല്ലത് ആ ഉടമ്പടി വേണ്ടെന്നു വയ്ക്കുക എന്നുള്ളതാണ്.
ഈ തീരുമാനത്തിന് മുഴുവൻ രാജ്യത്തിന്റെയും പിന്തുണയുണ്ടായിരുന്നു. ഇന്ത്യ ആർസിഇപിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഏകകണ്ഠമായുള്ള ആവശ്യം സമീപകാല ചരിത്രത്തിൽ വിദേശനയ തീരുമാനത്തിൽ രാജ്യം ഇത്രയേറെ ഐക്യപ്പെട്ടിരുന്ന മറ്റൊരു സന്ദർഭവും ഉണ്ടായിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയോ സാമ്പത്തിക വിദഗ്ധനോ ചൈന നിരീക്ഷകനോ സ്വതന്ത്ര വ്യാപാര തന്ത്രജ്ഞനോ ആ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചതായി കണ്ടില്ല. ഏഴ് വർഷമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വ്യാപാര ഇടപാടിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നതിലൂടെ രാജ്യത്തെ വ്യാപാരികളെയും കർഷകരെയും രക്ഷിക്കണമെന്ന് കേരള നിയമസഭ പോലും ഏകകണ്ഠമായി കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. മഹാബലിപുരത്ത് രണ്ടു ദിവസം ചെലവഴിച്ച ചൈനീസ് പ്രസിഡന്റ് ബാങ്കോക്കിലെ ഇന്ത്യയുടെ ആവശ്യങ്ങൾ കേട്ടതായിപോലും നടിച്ചില്ല.
ആർസിഇപിയിൽ ചേരുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ വ്യക്തമായ കാരണങ്ങളുണ്ടായിരുന്നുവെന്ന് ആർഐഎസ് ചെയർമാൻ അംബാസഡർ മോഹൻ കുമാർ ‘ഹിന്ദുസ്ഥാൻ ടൈംസിൽ’ അടുത്തിടെ വന്ന ഒരു ലേഖനത്തിൽ വിശദീകരിച്ചു. പ്രാരംഭ ഘട്ടത്തിൽ താരിഫ് കുറയ്ക്കുന്നതിനുള്ള ഒരു കരാറും ഇല്ല, ഇറക്കുമതി കുതിച്ചുചാട്ടത്തിനെതിരെ ഒരു സുരക്ഷയും ചരക്കുകളുടെ ഉത്ഭവത്തെക്കുറിച്ച് കർശനമായ നിയമങ്ങളുമില്ല, മറ്റുള്ള അംഗങ്ങളിൽ നിന്ന് ഇളവ് ലഭിക്കാത്തതിനാൽ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നഷ്ട സാഹചര്യമായിരുന്നു. അംഗങ്ങൾ, ചൈനയിലേക്കും ആസിയാനിലേക്കും താരിഫ് ഇതര തടസ്സങ്ങൾ പരിഹരിക്കുന്നില്ല, അമിതമായ പാൽ ഇറക്കുമതിക്കെതിരെ യാതൊരു ഉറപ്പുമില്ല, സേവനമേഖലയിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ ഉൾക്കൊള്ളുന്നില്ല. ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് ആത്മാർഥമായ താൽപ്പര്യമുണ്ടായിരുന്നുവെങ്കിൽ, ഈ പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുമായിരുന്നു.
തിരിഞ്ഞുനോക്കുമ്പോൾ, ഇന്ത്യ അവരുടെ നിബന്ധനകൾ അംഗീകരിക്കുന്നില്ലെങ്കിൽ ഏഷ്യാ പസഫിക്കിലെ വിവിധ സാമ്പത്തിക സംഘടനകളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കുന്നതിന് ചൈനയുടെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് വ്യക്തമായ ഒരു പദ്ധതി ഉണ്ടായിട്ടുണ്ടെന്ന് ആർക്കും മനസ്സിലാകും. എപിഇസി (ഏഷ്യ പസഫിക് ഇക്കണോമിക് കോ–ഓപ്പറേഷൻ), ബിആർഐ (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്), ഇപ്പോൾ ആർസിഇപി എന്നിവ വിവിധ കാരണങ്ങളാൽ ഇന്ത്യ ഒഴിവാക്കപ്പെട്ട സംഘടനകളുടെ ഉദാഹരണങ്ങളാണ്. ഇത് ആകസ്മികമാണോ അതോ അവ ഇന്ത്യയ്ക്ക് അപ്രാപ്യമാക്കുന്നതിനായി ആരെങ്കിലും മനഃപൂർവം പദ്ധതിയിട്ടിരുന്നോ? ഏഷ്യയിലെ സാമ്പത്തിക ഗ്രൂപ്പിന്റെ നേട്ടങ്ങൾ ഇന്ത്യക്ക് നിഷേധിക്കാനുള്ള അപെക്, ബിആർഐ എന്നിവയുടെ പോലെ തന്നെ, ആർസിഇപിയും മറ്റൊരു പദ്ധതിയായിരുന്നോ?
30 വർഷം മുമ്പ് അപെക് സ്ഥാപിതമായപ്പോൾ, ഇന്ത്യയെ അതിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. ഇന്ത്യയ്ക്ക് എന്തുകൊണ്ടും അപെക് അംഗത്വത്തിന് യോഗ്യതയുണ്ടായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക മൂല്യം അപെക് അംഗങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയും അപെക്കും തമ്മിലുള്ള കാര്യമായ വ്യത്യാസം അവർ കണക്കിലെടുത്തു. ഒന്നാമതായി, പൂർത്തീകരിക്കാത്ത വികസന അജണ്ട, വർധിച്ചുവരുന്ന അസമത്വം, ഒരു കൃഷിയെ ആശ്രിയിച്ചുള്ള ഇന്ത്യയുടെ സമ്പദ്ഘടന എന്നിവയാണത്. രണ്ടാമതായി, കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം ഉണ്ടായിരിക്കെ, ഇന്ത്യ വിദേശ വ്യാപാരത്തെ പിന്തുടരുന്നത് ഒരു തടസ്സമായി കാണുന്നു. മോശമായി തുടരുന്ന ഉൽപാദന മേഖല, അപര്യാപ്തമായ ഘടനാപരമായ പരിഷ്കാരങ്ങളും നിക്ഷേപത്തിലെയും നവീകരണത്തിലെയും വിടവുകൾ, ആഗോള മത്സരശേഷിയുടെ അഭാവത്തിനും വ്യാപാര ചർച്ചകളിലെ പ്രതിരോധപരമായ നിലപാടിനും കാരണമായി.
ആഗോള വ്യാപാരത്തിന്റെ കാര്യത്തിൽ, പ്രത്യേകിച്ചും ആഭ്യന്തര മുൻഗണനകളും ഘടനാപരമായ സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ, ‘ദേശീയ താൽപര്യം’ എങ്ങനെ നിർവചിക്കുന്നുവെന്ന് പുനർവിചിന്തനം നടത്താൻ ഇന്ത്യയെ ഉപദേശിക്കുന്നു. അപ്പോൾ മാത്രമേ ബാഹ്യ ലോകവുമായി ഇടപഴകാനുള്ള ഇന്ത്യയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അപെക്കിന് ബോധ്യപ്പെടുകയുള്ളൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യയ്ക്ക് അപെക്കിൽ പ്രവേശിക്കുന്നതിന് കാര്യമായ ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ടതുണ്ട്.
ബിആർഐയെ സംബന്ധിച്ചിടത്തോളം, ചൈന ഇന്ത്യയെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്, കാരണം ഏഷ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ആഗ്രഹത്തിന്റെ ഭാഗമായതിനാൽ ഏതെങ്കിലും രാജ്യത്തിന്റെ അഭാവം, പ്രത്യേകിച്ചും ഇന്ത്യ, മനഃപൂർവമായ ധിക്കാരമായി കാണപ്പെടും. പിഒകെ (പാക് അധിനിവേശ കശ്മീർ) ഉൾപ്പെടുന്ന പരമാധികാര പ്രശ്‌നം യാഥാർഥ്യമാണ്, പ്രശ്‌നം പരിഹരിക്കാനുള്ള വഴികൾ ഇന്ത്യ സൂചിപ്പിച്ചിരുന്നുവെങ്കിലും ഒരു ഇളവും നൽകില്ലെന്ന് ചൈന ഉറച്ചുനിന്നു.
ബിആർഐ യാഥാർഥ്യമാവുകയും ഇന്ത്യ അതിൽ നിന്ന് മാറിനിൽക്കുകയും ചെയ്താൽ, നാം നമ്മുടെ സ്വന്തം രാജ്യത്ത് ഒറ്റപ്പെടാൻ സാധ്യതയുണ്ട്, അതിനാൽ, നാം ചേരണമെന്ന് ഇന്ത്യയിൽ ഒരു വിഭാഗം ആളുകൾക്ക് അഭിപ്രായവുമുണ്ട്. പക്ഷേ, ഇന്ത്യയെ എങ്ങനെ ബിആർഐയിൽ ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ച് ചൈനക്കാർക്ക് അവരുടെതായ പദ്ധതി ഉണ്ടായിരിക്കും. സാർക്ക് സംഘടന ഇന്ന് രോഗാവസ്ഥയിലാണ്, പ്രധാനമായും പാക്കിസ്ഥാൻ കാരണമാണ് ഇങ്ങനെ സംഭവിച്ചത്.
എന്നാൽ, ചെറിയ രാജ്യങ്ങൾ ഇന്ത്യയ്‌ക്കെതിരെ അണിനിരക്കാത്ത രീതിയിലാണ് സാർക്കിന്റെ രൂപകൽപ്പന. എന്നാൽ, ചൈന ഈ പ്രദേശത്തിന്റെ വികസനത്തിന് ബദൽ അജണ്ട അവതരിപ്പിക്കുന്നതോടെ പ്രാദേശിക സഹകരണത്തിന് സാർക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. സാർക്ക് അംഗമെന്ന നിലയിൽ ചൈനയുടെ പ്രവേശനത്തിന് മറ്റെല്ലാ അംഗങ്ങളുടെയും പിന്തുണയുണ്ട്. മാത്രമല്ല ഇന്ത്യൻ വീറ്റോ ദീർഘകാലം നിലനിർത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ബദലായി ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആന്റ് ഇക്കണോമിക് കോഓപ്പറേഷൻ) വികസിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയമായും സാമ്പത്തികമായും സാർക്കിനെ മാറ്റിസ്ഥാപിക്കാനുള്ള കഴിവ് ആ സംഘടനയ്ക്കുണ്ടാകില്ല.
അയൽരാജ്യങ്ങളുമായി ഒത്തുചേർന്ന് ഇന്ത്യയുടെ ഉയർച്ചയെ പ്രധാനമന്ത്രി മോദി വിഭാവനം ചെയ്തിരുന്നു. നമ്മുടെ അടുത്ത അയൽക്കാർ ശത്രുതയോടെ തുടരുമെന്ന് ചാണക്യൻ നമ്മളെ പഠിപ്പിച്ചിരുന്നുവെങ്കിലും അയൽരാജ്യങ്ങളുമായി സൗഹൃദത്തിൽ തുടരുന്നതാകും ഉത്തമം. തെക്ക് കിഴക്കൻ ഏഷ്യയും പസഫിക്കും ആ പരിഗണനയിൽ സൗഹാർദ്ദപരമായി തുടരണം. പക്ഷേ, ആർസിഇപി അനുഭവത്തിനുശേഷം, ഈ മേഖലയിൽ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള സമഗ്രമായ ശ്രമം നടക്കുന്നുണ്ടെന്ന് തോന്നുന്നു.