ലോക കേരള സഭ: ലക്ഷ്യം നേടാത്ത ഉദ്യമം

loka-kerala-sabaha
SHARE

പുതുവർഷാരംഭത്തിൽ തിരുവനന്തപുരത്തു നടന്ന ലോകകേരള സഭയുടെ രണ്ടാം സമ്മേളനം പ്രവാസികളുടെ മനസ്സിൽ ചെറുതല്ലാത്ത ആശങ്കയും അലോസരവുമാണ് സൃഷ്ടിച്ചിട്ടുണ്ടാവുകയെന്നു തോന്നുന്നു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും രൂപം നൽകിയ സംവിധാനം കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ഏറ്റുമുട്ടൽ വേദിയായതോടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് അകലുകയാണെന്ന ആശങ്കയാണ് അതിനു കാരണം. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒരൊറ്റ മനസ്സും ശരീരവുമായി പ്രവർത്തിച്ചാൽ മാത്രമേ പ്രവാസികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയൂ. എന്നാൽ, ഇക്കാര്യത്തിൽ പൂർണാധികാരവും ചുമതലയുമുള്ള വിദേശകാര്യ മന്ത്രാലയം ഇത്തവണ ലോകകേരള സഭയിൽ പങ്കെടുക്കുകയോ അതുമായി സഹകരിക്കുകയോ ചെയ്തില്ല.

പ്രവാസികളുടെ യഥാർഥ രക്ഷാകർത്താക്കളാകേണ്ട കേന്ദ്രസർക്കാർ പുറംതിരിഞ്ഞു നിന്നെന്നു മാത്രമല്ല, ലോകകേരള സഭ വൻതട്ടിപ്പാണെന്ന ഗുരുതരമായ വിമർശനമാണ് വിദേശകാര്യസഹമന്ത്രി കൂടിയായ മലയാളി പൊതുപ്രവർത്തകൻ ഉന്നയിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നടത്തുന്ന ധൂർത്തുമായി സഹകരിക്കില്ലെന്നു വ്യക്തമാക്കി കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ സമ്മേളനം ബഹിഷ്കരിക്കുകയും ചെയ്തു.

loka-kerala-sabha-1

രണ്ടു വർഷം മുൻപ് ഷാർജയിലെ ഭരണാധികാരികളെ നേരിട്ടു ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും തടവുകാരെ മോചിപ്പിച്ചത് വിദേശകാര്യ മന്ത്രാലയം തുറന്ന മനസ്സോടെയല്ല ഉൾക്കൊണ്ടത്. ഇതേത്തുടർന്ന് യുഎഇ വാഗ്ദാനം ചെയ്ത പ്രളയദുരിതാശ്വാസം നേരിട്ടു സ്വീകരിക്കാൻ കേന്ദ്രം കേരളത്തെ അനുവദിച്ചില്ല. ഈ ആവശ്യത്തിനായി ധനസമാഹരണത്തിനു വിദേശത്തു പോകാൻ പദ്ധതിയിട്ട മന്ത്രിമാരെ വിലക്കുകയും ചെയ്തു. മുഖ്യമന്ത്രി മാത്രം സഹായം തേടി പോയെങ്കിലും എന്തെങ്കിലും കിട്ടിയതായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം അസ്വാരസ്യങ്ങൾക്കിടയിൽ ലോക കേരളസഭ വീണ്ടും സമ്മേളിച്ചപ്പോൾ കേന്ദ്രം അതുമായി നിസ്സഹകരിച്ചതും മന്ത്രി തന്നെ അതിനെ തള്ളിപ്പറഞ്ഞതുമാണ് പ്രവാസികളെ കൂടുതൽ അസ്വസ്ഥരാക്കുന്നത്. വിദേശകാര്യമന്ത്രിയെയും സഹമന്ത്രിയെയും സമ്മേളനത്തിലേക്കു ക്ഷണിച്ചിരുന്നുവെന്നല്ലാതെ സമ്മേളനത്തിന്റ അജൻഡ മന്ത്രാലയവുമായി മുൻകൂട്ടി ചർച്ച ചെയ്യാനോ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനോ സംസ്ഥാന സർക്കാർ ഒന്നും ചെയ്തതുമില്ല.

കേന്ദ്രവും സംസ്ഥാനവും അതതുകാലത്തെ അവരുടെ രാഷ്ട്രീയതാൽപര്യങ്ങൾക്കനുസരിച്ച് ചില്ലറ പരിപാടികളൊക്കെ നടത്തുന്നതല്ലാതെ സമഗ്രമായ നയത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത പ്രവാസിക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് ഖേദകരമായ യാഥാർഥ്യം. ഈ സാഹചര്യം നിലനിൽക്കെ, പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വേണ്ട അഭിപ്രായ ഐക്യം തീർത്തും ഇല്ലാതായി എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ ദോഷവശമായി കാണേണ്ടത്. ഇതു നൽകുന്ന തെറ്റായ സന്ദേശം പ്രവാസികൾക്കു ഗുണം ചെയ്യില്ലെന്നു ചിന്തിക്കാനുള്ള വിവേകം നമ്മുടെ ഭരണാധികാരികൾക്കുണ്ടാകേണ്ടതാണ്. ലക്ഷക്കണക്കിനു മലയാളികൾ ജോലിചെയ്യുന്ന ഗൾഫ് രാജ്യങ്ങളും മറ്റും ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവരാണ്. എന്നാൽ, വിദേശകാര്യ വകുപ്പിന്റെ ചുമതലക്കാരായ കേന്ദ്രഭരണാധികാരികളുടെ ഇഷ്ടത്തിനു വിരുദ്ധമായി സംസ്ഥാനവുമായി നേരിട്ടു ബന്ധപ്പെടാൻ അവരാരെങ്കിലും തയാറാകുമെന്നു കരുതുന്നത് അബദ്ധമായിരിക്കും. സംസ്ഥാനത്തിനു നേരിട്ട് പ്രവാസിക്ഷേമം കൈകാര്യം ചെയ്യാമെന്നു കരുതുന്നതും മണ്ടത്തരമാവും. വിദേശകാര്യവകുപ്പിന്റെ സഹായമില്ലാതെ മുന്നോട്ടുപോകില്ലെന്ന സ്ഥിതിയിലാണ് യുപിഎ സർക്കാരിന്റെ കാലത്തു രൂപം നൽകിയ പ്രവാസികാര്യ വകുപ്പിനെ പിന്നീട് അതുമായി സംയോജിപ്പിച്ചത്.

pinarayi-loka-kerala-sabha

പ്രവാസികളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കിയുള്ള ജനാധിപത്യവേദി എന്ന ലക്ഷ്യം നേടുന്നതിൽ ലോക കേരളസഭ പരാജയപ്പെട്ടുവെന്ന വിമർശനം അടിസ്ഥാനരഹിതമല്ല. ഈ സഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി സ്വേച്ഛാപരവും അതാര്യവുമാണ്. വിവിധ മേഖലകളിൽ സമഗ്രസംഭാവനകൾ നൽകിയ വൈവിധ്യപൂർണമായ പശ്ചാത്തലത്തിൽ നിന്നുള്ളവരെ പ്രായ, ലിംഗ, വർഗാടിസ്ഥാനത്തിൽ പരിഗണിച്ച് പങ്കാളിത്തം നൽകണമെന്ന പ്രഖ്യാപിതലക്ഷ്യം എവിടെയെത്തി നിൽക്കുന്നുവെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കുന്നതു നന്നായിരിക്കും. ജാതി, മത, രാഷ്ട്രീയ, പ്രാദേശിക പരിഗണനകളുടെ മാത്രം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ ഈ ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തരാണോ എന്നുകൂടി ആലോചിക്കേണ്ടതാണ്. നേതൃത്വമില്ലാത്ത ആൾക്കൂട്ടമാണോ മറ്റു നാട്ടുകാർ രൂപംനൽകിയിട്ടുള്ള സമാന വേദികളെന്നും അന്വേഷിക്കാൻ ഇവരെ തിരഞ്ഞെടുക്കുന്നവർ തയാറാകണം.

ലക്ഷ്യബോധമുള്ള നേതൃഘടന ഇല്ലാത്തതു മൂലം സമ്മേളനം അവസാനിക്കുന്നതോട അതു ചർച്ച ചെയ്ത വിഷയങ്ങൾ വിസ്മൃതിയിലാവും. വീണ്ടും അടുത്ത സമ്മേളനം ഇതേവിഷയം ചർച്ച ചെയ്യും. അതല്ലെങ്കിൽ അന്നു സ്വാധീനമുള്ളവർ മറ്റൊരു അജൻഡ മുന്നോട്ടുവയ്ക്കും. ഇതിനിടെ സ്വന്തം അജൻഡയുമായി വേറെ ചിലർ രംഗത്തുവരും. സ്വകീയ താൽപര്യങ്ങൾ മാറ്റിവച്ച് പൊതുവിൽ ഗുണപ്രദമായ ചർച്ചകളിലേക്കു വരാൻ മുഖ്യമന്ത്രിക്ക് ഇത്തവണ താക്കീതിന്റെ സ്വരത്തിൽ പറയേണ്ടിവന്നത് ഈ ദുരവസ്ഥയുടെ പ്രതിഫലനമാണ്.

സ്വാതന്ത്യ്രം നേടി 7 പതിറ്റാണ്ടു കഴിഞ്ഞിട്ടും വിദേശത്തുള്ള ഇന്ത്യക്കാരുടെ കൃത്യം കണക്കുപോലും കേന്ദ്രത്തിന്റെയോ സംസ്ഥാനങ്ങളുടെയോ കൈവശമില്ല. ഇതിനായി പലതവണ ശ്രമിച്ചിട്ടുള്ളതാണ്. എന്നാൽ, ആവശ്യം വരുമ്പോൾ മാത്രമേ പ്രവാസികൾ അന്നാട്ടിലെ ഇന്ത്യൻ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടാറുള്ളൂ. ഇനി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സമ്പൂർണ പട്ടിക തയാറാക്കാൻ സംസ്ഥാന പദ്ധതിയിടുന്നതായി കണ്ടു. ഇതും നടപ്പാകാൻ പോകുന്നില്ല. കാരണം, ഇതിനുവേണ്ടിവരുന്ന ഭീമമായ ചെലവു താങ്ങാൻ നമുക്കു കഴിയില്ല. വിദേശകാര്യമന്ത്രാലയം കനിയാതെ ഇത്തരം ശ്രമങ്ങളൊന്നും ഫലപ്രദമാവില്ല.

പൗരത്വനിയമത്തിനെതിരായ വ്യാപക പ്രക്ഷോഭവും കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയും പ്രതിപക്ഷ ബഹിഷ്കരണവും കലുഷിതമാക്കിയ സഭയിൽ രാഹുൽ ഗാന്ധിയുടെ അഭിനന്ദന സന്ദേശം തമാശയായി കണക്കാക്കാം. ആത്യന്തിക ഫലം എന്തുതന്നെയായാലും സമ്മേളനം ശുഭകരമായി പര്യവസാനിച്ചപ്പോൾ പ്രവാസികൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ