യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 36 മണിക്കൂർ നീണ്ട ഇന്ത്യ സന്ദർശനത്തിന്റെ അനന്തരഫലം നാം കണക്കാക്കിവരുന്നതേയുള്ളൂ. അവസാന കണക്കുകൾ എന്തുതന്നെയായാലും ലോകം അതിനെ സഹർഷം സ്വാഗതം ചെയ്തുവെന്നത് ഇന്ത്യയ്ക്കും സന്തോഷത്തിനു വക നൽകുന്നു. ലോകവേദികളിൽ ഇന്ത്യ ഒറ്റപ്പെടുന്നുവെന്ന കിംവദന്തിക്ക് അറുതിവരുത്താനും പരിമിതമായ തോതിലെങ്കിലും ചില വാണിജ്യ കരാറുകളിലെത്താനും സന്ദർശനം ഉപകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയൊരു തലത്തിലേക്കു വളർത്തുന്നതിനുള്ള നിർണായക ചർച്ചകൾക്കു തുടക്കമിടാനും കഴിഞ്ഞു. തീർച്ചയായും ട്രംപിന്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ അത് വർധിപ്പിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനു മുന്നോടിയായി അമേരിക്കയും താലിബാനും തമ്മിലുണ്ടാക്കിയ കരാറും സ്വാഭാവികമായി ചർച്ച ചെയ്യപ്പെട്ടു. ഈ കരാറിന്റെ ആത്യന്തിക ഫലം എന്തുതന്നെയായാലും ഇന്ത്യയും അതിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കരാറിനു മുന്നോടിയായി നടന്ന ചർച്ചകളിൽ ഇന്ത്യയ്ക്ക് പങ്കാളിത്തം ഉണ്ടായിരുന്നില്ല. എങ്കിലും താലിബാനെക്കുറിച്ചുള്ള മുൻ ധാരണകളെല്ലാം മാറ്റി അമേരിക്കയുടെ കൂടെ നിൽക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതു സുപ്രധാനമായ നയംമാറ്റമാണ്.

താലിബാൻ പാക്കിസ്ഥാന്റെ കയ്യാളാണെന്നും യുഎസ് സേന പിന്മാറുന്നതോടെ അഫ്ഗാനിസ്ഥാൻ പഴയപോലെ അരാജകത്വത്തിലേക്കു മടങ്ങുമെന്നുമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള കാഴ്ചപ്പാട്. എന്നാൽ, ഒത്തുതീർപ്പിന്റെ പാതയിലേക്കു മടങ്ങി രാജ്യത്ത് സമാധാനവും സുസ്ഥിരതയും സ്ഥാപിക്കാൻ അവർ മുൻകയ്യെടുക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യ നിശ്ശബ്ദം ചുവടുമാറുകയാണു ചെയ്തത്.
ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനു മുൻപുതന്നെ കരാർ വ്യവസ്ഥകൾ തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. പാക്കിസ്ഥാന്റെ ആവശ്യപ്രകാരമാവണം, ഇതിലൊന്നും ഇന്ത്യയ്ക്ക് പങ്കുണ്ടായിരുന്നുമില്ല. എങ്കിലും എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിൽ അമേരിക്കയോടു ചേർന്നു നിൽക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കിയത് മറ്റൊരു വഴിയും മുന്നിലില്ലെന്ന തിരിച്ചറിവുകൂടിയാവണം.
സത്യത്തിൽ ചരിത്രം ഇവിടെ ആവർത്തിക്കുകയാണ്. 1979 ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചപ്പോൾ ഇന്ത്യ അവരുടെ പക്ഷത്തായിരുന്നു. അവിടുത്തെ തർക്കങ്ങളിൽ കക്ഷിയല്ലാതിരുന്നിട്ടും ഇന്ത്യ സോവിയറ്റ് പക്ഷത്തു ചേർന്നതാണ് അമേരിക്കയുമായുള്ള ബന്ധം അന്നു വഷളാക്കിയത്. ഇന്ത്യ- പാക്ക് വൈരം അവിടെയും വിഷയമായി എന്നതാണു യാഥാർഥ്യം. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സൈന്യത്തിനെതിരായ താലിബാന്റെ വിജയം പിന്നീടു പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരായ യുദ്ധവിജയമായി ആഘോഷിക്കുകയും ചെയ്തു.

ഇത്തവണ അഫ്ഗാൻ സമാധാന കരാർ ഒപ്പുവച്ചപ്പോഴും ഇന്ത്യ ഒന്നാം നിരയിൽ കാഴ്ചക്കാരായി. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദോഹയിൽ സന്നിഹിതനായിരുന്നു. അതോടൊപ്പം, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി കാബൂൾ സന്ദർശിച്ച് പ്രസിഡന്റ് അഷ്റഫ് ഗനി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുകയും താലിബാനുമായി സമാധാന ചർച്ചയ്ക്കു തുടക്കമിടാൻ അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. ആ രാജ്യത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യ നടത്തിയ നിക്ഷേപങ്ങളുടെ സ്ഥിതി എന്താവുമെന്ന ആശങ്ക നിലനിൽക്കെയാണ് ഈ നിലപാട് സ്വീകരിക്കാൻ നാം നിർബന്ധിതരായത്. ഇക്കാര്യത്തിൽ ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കുകയെന്നതും ട്രംപിന്റെ സന്ദർശനോദ്ദേശ്യങ്ങളിൽ ഒന്നായിരുന്നു.
അൽഖായിദ ഭീകരർ 2001ൽ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിലെത്തിയ യുഎസ് സൈന്യത്തിന്, താലിബാൻ സർക്കാരിനെ പുറത്താക്കാൻ കഴിഞ്ഞുവെന്നല്ലാതെ മറ്റു ലക്ഷ്യങ്ങളൊന്നും നേടാനായില്ല. രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും താലിബാൻ ആധിപത്യം തുടർന്നു. 20 വർഷം നീണ്ട യുദ്ധം അമേരിക്കയ്ക്കു വൻ ബാധ്യതയാവുകയും ചെയ്തു. സൈനിക നടപടിയുടെ ലാഭനഷ്ടക്കണക്കുകൾ പ്രസിഡന്റ് ട്രംപ് വിലയിരുത്താൻ തുടങ്ങിയതോടെ അതിന്റെ പരിണാമം ഈ നിലയിലായിരിക്കുമെന്നും ഊഹിക്കാൻ കഴിയുമാരുന്നു. നാറ്റോ സഖ്യത്തിൽ പെട്ടവരെല്ലാം സൈനികച്ചെലവ് വഹിക്കണമെന്നു തുറന്നടിച്ച ട്രംപ് അന്ന് ഇന്ത്യ സൈന്യത്തെ അയയ്ക്കാത്തതിലെ നീരസം പ്രകടമാക്കുകയും ചെയ്തു. അമേരിക്ക യുദ്ധം ചെയ്ത് വശംകെടുമ്പോൾ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ പാർലമെന്റ് മന്ദിരവും ലൈബ്രറിയും നിർമിച്ചത് ട്രംപിനു സുഖിച്ചില്ല.

ദോഹ കരാറിലെ വ്യവസ്ഥപ്രകാരം മാർച്ച് 10ന് താലിബാൻ- അഫ്ഗാൻ ചർച്ച തുടങ്ങേണ്ടതായിരുന്നു. എന്നാൽ ചർച്ച തുടങ്ങും മുൻപ് താലിബാൻ തടവുകാരെ വിട്ടയയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ പ്രസിഡന്റ്് ഗനി തയാറായിട്ടില്ല. ഇതോടെ രാജ്യാവ്യാപകമായി സുരക്ഷാസേനയ്ക്കു നേരെ താലിബാൻ ആക്രമണം നടത്തി. ഒടുവിൽ ഘട്ടംഘട്ടമായി താലിബാൻ ഭീകരരെ വിടാമെന്ന് ഗനി സമ്മതിച്ചിട്ടുണ്ട്.
ഇന്ത്യയെ ഇതിൽ നിന്നെല്ലാം പുറത്തു നിർത്തുകയെന്നതാണു പാക്ക് തന്ത്രം. സമാധാനപ്രക്രിയയെ തുരങ്കം വയ്ക്കുന്ന നശീകരണ ശക്തികളെക്കുറിച്ച് പാക്ക് വിദേശകാര്യമന്ത്രി മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇത്തരക്കാരെ യുഎസ് ശ്രദ്ധിക്കണമെന്ന അവരുടെ വാക്കുകളിൽ ഇന്ത്യയോടുള്ള വിരോധമല്ലാതെ മറ്റൊന്നുമില്ല. എല്ലാവരെയും ഭാവി ചർച്ചകളിൽ കക്ഷിയാക്കുമെന്നു താലിബാൻ പറയുന്നുണ്ടെങ്കിലും അത് മുഖവിലയ്ക്ക് എടുത്തുകൂടാ.
ദോഹ കരാറിനെ 1973 ലെ പാരിസ് സമാധാന ഉടമ്പടിയുമായി താരതമ്യം ചെയ്യാം. അന്ന് വടക്കൻ വിയറ്റ്നാമുമായി അമേരിക്ക സന്ധി ചെയ്തത് സഖ്യകക്ഷിയായ തെക്കൻ വിയറ്റ്നാമിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു. റിച്ചാർഡ് നിക്സൻ ആ തീരുമാനമെടുത്തത് വിയറ്റ്നാം സമാധാനത്തിലേക്കു മടങ്ങുമെന്ന ഉറപ്പിൽ ആയിരുന്നില്ല. എങ്ങനെയും തടിയൂരുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
‘ഒന്നും തീർത്തുപറയാനാവില്ല, എല്ലാം കണ്ടറിയണം’ എന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണത്തിൽ ഇപ്പോഴത്തെ സന്ദിഗ്ധാവസ്ഥയുടെ നേർചിത്രമുണ്ട്. ഇന്ത്യ ഇരുട്ടിലേക്ക് ഊളിയിട്ടിരിക്കുകയാണെന്നു ചുരുക്കം. നല്ലതു വരുമെന്നു പ്രത്യാശിക്കാം.