കൊക്കാട്ട് ശങ്കരപ്പിള്ള– ഇന്ത്യയുടെ ആദ്യ നയതന്ത്ര രക്തസാക്ഷി

K-Sankara-Pillai
SHARE

ഭീകരപ്രവർത്തനവും അക്രമവും നയതന്ത്ര ജീവിതത്തിലെ പരിചിത പദങ്ങളാകുന്നതിനു മുൻപ് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിൽ വച്ച് അക്രമിയുടെ തോക്കിനിരയായ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനാണ് മലയാളിയും എന്റെ നാട്ടുകാരനുമായ കൊക്കാട്ട് ശങ്കരപ്പിള്ള. 1961 ഏപ്രിൽ 19 ന് ആയിരുന്നു നയതന്ത്ര ലോകത്തെയും ഞങ്ങളുടെ നാടിനെയും ഞെട്ടിച്ച ക്രൂരസംഭവം. ഓഫിസിൽ തന്റെ മുന്നിലെത്തിയ അജ്ഞാതനു ഹസ്തദാനം നൽകാൻ എഴുന്നേറ്റ ഡപ്യൂട്ടി ഹൈക്കമ്മിഷണർക്കു നേരേ, ഷാനി ഫെരിസി എന്ന കൊലയാളി തൊട്ടുമുന്നിൽ നിന്ന് നിറയൊഴിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

ഇന്ത്യൻ ഫോറിൻ സർവീസ് ആദ്യ ബാച്ച് (1948) ഉദ്യോഗസ്ഥനായ ശങ്കരപ്പിള്ള കൊളംബോയിലും ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലും ന്യൂഡൽഹിയിലും സേവനമനുഷ്ഠിച്ച ശേഷമാണ് ഒട്ടാവയിൽ നിയമിക്കപ്പെട്ടത്. അവിടെയെത്തി 6 മാസത്തിനകം അദ്ദേഹം കൊലചെയ്യപ്പെട്ടു. ഇന്ത്യ നേരത്തെ കരിമ്പട്ടികയിൽ പെടുത്തി വീസ നിഷേധിച്ച യൂഗോസ്ലാവ്യൻ വംശജനായ ഷാനി ഫെരിസി അന്ന് ഹൈക്കമ്മിഷണറെ ലക്ഷ്യം വച്ചാണ് തോക്കുമായി ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽ എത്തിയത്. അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാൽ, മുന്നിൽ കിട്ടിയ ശങ്കരപ്പിള്ളയ്ക്കു നേരെ നിറയൊഴിച്ചു. മനോരോഗിയായ ഇയാളെ മുൻപൊരിക്കലും പിള്ള കണ്ടിരുന്നില്ല. അയാൾക്ക് വീസ നിഷേധിച്ചതിനെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. രാജ്യത്തിനു വിലപ്പെട്ട സംഭാവന നൽകാൻ കഴിയുമായിരുന്ന പ്രഗത്ഭനായ യുവനയതന്ത്രജ്ഞന്റെ കൊലയാളിയെ മനോരോഗ ചികിത്സാകേന്ദ്രത്തിൽ പാർപ്പിക്കാനായിരുന്നു കാനഡയിലെ കോടതിയുടെ തീർപ്പ്. 

60 വർഷം മുൻപത്തെ ആ ദുർദിനം ഇപ്പോഴും ഞാൻ ഓർക്കുന്നു. അന്ന് ഞങ്ങളുടെ നാട്ടിൽ കാക്കനാട് അമ്പലത്തിൽ ഉത്സവമായിരുന്നു. കായംകുളത്തെ എന്റെ തറവാട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേ അങ്ങോട്ടുള്ളൂ. ഉത്സവത്തിനെത്തിയവർക്കെല്ലാം കാനഡയിൽ നിന്നുള്ള വാർത്ത വെള്ളിടിയായി. കാരണംകൊക്കാട്ട് തറവാട്ടിലെ സമർഥനായ ചെറുപ്പക്കാരൻ എന്ന നിലയിലും കരപ്രമാണിയും ജന്മിയുമായ അമ്പലപ്പുഴ ദാമാദരൻ ആശാന്റെ ജാമാതാവ് എന്ന നിലയിലും അദ്ദേഹം നാട്ടുകാർക്ക് സുപരിചിതനും പ്രിയങ്കരനുമായിരുന്നു. പിള്ളയും കുടുംബവും ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കെയാണ് കൊലയാളി ആ ജീവൻ അപഹരിച്ചത്. 

സംഭവദിവസം മലയാള മനോരമയുടെ ലേഖകൻ കൊക്കാട്ട് തറവാട്ടിൽ എത്തിയിരുന്നതായി പിന്നീട് അറിഞ്ഞു. എന്നാൽ കാനഡയിൽ നിന്നുള്ള ദുരന്തവാർത്തവീട്ടുകാർ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് മറ്റൊന്നും പറയാതെ അദ്ദേഹം ശങ്കരപ്പിള്ളയുടെ കുടുംബ ഫോട്ടോ വാങ്ങിക്കൊണ്ടുപോയി. പ്രഗത്ഭവ്യക്തികളുടെ പടങ്ങൾ ഫയലിൽ സൂക്ഷിക്കാറണ്ടെന്നു പറഞ്ഞാണ് അതു സംഘടിപ്പിച്ചത്. പിന്നീട് പത്രത്തിൽ അച്ചടിച്ചതും അതേ ചിത്രമാണ്. 

ശങ്കരപ്പിള്ളയുടെ ആകസ്മിക മരണം എന്റെ അച്ഛന് വലിയൊരു ആഘാതമായിരുന്നു. സമർഥനായ പിള്ള യൂണിവേഴ്സിറ്റി കോളജ് അധ്യാപകനായിരുന്നപ്പോഴും സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുമ്പോഴും തെല്ലൊരു ആരാധനയോടെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് പ്രധാനമന്ത്രി നേരിട്ട് ഇന്റർവ്യൂ നടത്തിയാണ് ഐഎഫ്എസിലേക്ക് സിലക്ട് ചെയ്തിരുന്നത്. 

ശങ്കരപ്പിള്ള ആ കടമ്പ കടന്നപ്പോൾ അച്ഛൻ ഏറെ സന്തോഷിച്ചു. അദ്ദേഹത്തിന് ഐഎഫ്എസ് കിട്ടുമ്പോൾ എനിക്ക് 4 വയസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിൽക്കാലത്ത് ഈ രംഗത്തേക്കു വരാൻ എന്നെ പ്രോത്സാഹിപ്പിച്ച അച്ഛൻ, മാതൃകയാക്കാൻ നിർദേശിച്ചതും മറ്റാരെയുമല്ല. കെഎസ്പിയുടെ വായനാശീലനും കഠിനാധ്വാന ശേഷിയും എന്നിലേക്കു പ്രസരിപ്പിക്കാൻ അച്ഛൻ ആവതു ശ്രമിച്ചു. 1967 ൽ ഞാൻ അദ്ദേഹത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കി. ഞാൻ മാത്രമല്ല, എന്റെ അനുജൻ സീതാറാമും 1980 ൽ ഇതേവഴിയിൽ വിദേശകാര്യ സർവീസി‍ൽ എത്തി. എന്നേക്കാൾ 12 വയസ്സ് ഇളയവനായ സീതാറാമിന് പഠനകാര്യങ്ങളിൽ ഉപദേശ, നിർദേശങ്ങൾ നൽകിയിരുന്നത് ഞാൻ ആയിരുന്നുവെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും വഴികാട്ടിയായത് കെഎസ്പി തന്നെയായിരുന്നു. 

കെഎസ്പിയോടുള്ള ആരാധന വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ നയതന്ത്രപ്രതിനിധികൾ നേരിടേണ്ടി വരാറുള്ള ഭീഷണികളെക്കുറിച്ചും അച്ഛനെ ബോധവാനാക്കി. അത് പലപ്പോഴും അദ്ദേഹത്തെ ആശങ്കാകുലനാക്കുകയും ചെയ്തു. ഞാൻ ഫിജിയിൽ ജോലി ചെയ്യുമ്പോഴാണ് അവിടെ പട്ടാളം ഭരണം പിടിച്ചത്. തുടർന്നുണ്ടായ അരാജകത്വത്തിനിടെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറുടെ കാറിനു നേരെ ആരോ നിറയൊഴിച്ചു. എന്തൊക്കെയൊ ദുഷ്ചിന്തകൾ മൂലം വ്യാകുലചിത്തനായ അച്ഛന് ഞാൻ ഫോണിൽ നേരിട്ടുവിളിച്ച ശേഷമാണ് സമാധാനമായത്. 

പിതാവിന്റെ സ്വപ്നം സാക്ഷാത്കരിണമെന്ന നിർബന്ധബുദ്ധിയാണ് പലരെയും അത്യുന്നതങ്ങളിൽ എത്തിച്ചതെന്നാണ് ചരിത്രം നൽകുന്ന പാ​ഠം. ‘എ ഫാദേഴ്സ് ഡ്രീം’ എന്ന ആത്മകഥയിൽ യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമ ഊന്നിപ്പറയാൻ ശ്രമിക്കുന്നതും അതു തന്നെയാണ്. എന്റെ കാര്യത്തിലും അതുതന്നെയാണെങ്കിലും അത്തരമൊരു സ്വപ്നം കാണാൻ അച്ഛനു പ്രചോദനമായത് ശങ്കരപ്പിള്ളയാണ്. ആ നിലയ്ക്ക് അദ്ദേഹം എനിക്കു ഗുരുതുല്യൻ തന്നെ. ഏകലവ്യനു ദ്രോണാചാര്യൻ എന്ന പോലെ ഞാൻ അദ്ദേഹത്തെ കൃതജ്ഞതാപൂർവം സ്മരിക്കുന്നു.

ശങ്കരപ്പിള്ളയുടെ 60 ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും സംഘടിപ്പിച്ച ചടങ്ങിൽ ഓർമകൾ പങ്കുവയ്ക്കുമ്പോൾ ഞാൻ ആ ഗുരുദക്ഷിണ അർപ്പിക്കുകയാണ്. അതിന് അവസരം തന്ന കുടുംബത്തിനു സ്നേഹപൂർവം നന്ദി പറയുന്നു. അകാലത്തിൽ വിടപറഞ്ഞ ഈ പ്രതിഭാശാലിക്ക് ഇന്ത്യ അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന ദുഃഖം ബാക്കിനിൽക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടായിട്ടും അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവന്നില്ല. ഡൽഹിയിൽ നിന്നുള്ള നിർദേശപ്രകാരം ബോംബെയിലെത്തിയ കുടുംബാംഗങ്ങളെ സ്വീകരിക്കാൻ അന്ന് വിമാനത്താവളത്തിൽ എത്തിയത് കേന്ദ്ര സർക്കാരിന്റെ ഗസ്റ്റ് ഹൗസ് മാനേജരായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകളിലെ നിർവികാരമായ സംഭവ വിവരണം വർഷങ്ങൾക്കു ശേഷം കാണാൻ ഇടയായപ്പോൾ അതിലേറെ വേദനയുളവാക്കി. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.