‘എനിക്ക് ശ്വാസംമുട്ടുന്നു’ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ഷോവന്റെ കാൽമുട്ടിനടിൽ കഴുത്ത് ഞെരിയുമ്പോൾ, ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ ഇടറുന്ന സ്വരത്തിൽ പറഞ്ഞു. എന്നാൽ ഷോവനോ നടുറോഡിൽ ഈ കൃത്യം കണ്ടുനിന്ന അയാളുടെ സഹപ്രവർത്തകനോ മനസ്സലിഞ്ഞില്ല. അരോഗദൃഢഗാത്രനായ അവന്റെ ഹൃദയം 8 മിനിറ്റ് 46 സെക്കന്റിനു ശേഷം നിലച്ചുവെന്ന് ഉറപ്പാക്കിയേ ഷോവൻ മുട്ടിൽ നിന്ന് എഴുന്നേറ്റുള്ളൂ. നിഷ്ഠുരമായ കൊലപാതകം എന്നല്ലാതെ മറ്റൊരു പദവും ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിക്കാൻ ഇല്ല.
അമേരിക്കയുടെ ചരിത്രത്തിൽ ഇത് ആദ്യസംഭവമൊന്നുമല്ല. എന്നാൽ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുന്ന ഒരാൾ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോൾ മഹാമാരിയും വംശീയ അക്രമവും വൻദുരന്തമായി മാറാവുന്ന മിശ്രിതം കൂടിയാവുന്നു. ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് രാജ്യവ്യാപകമായിപൊട്ടിപ്പുറപ്പെട്ട കലാപം 10 ദിവസത്തിനു ശേഷവും നിയന്ത്രണവിധേയമായിട്ടില്ല. വാഷിങ്ടനിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പോലും സുരക്ഷിതമല്ലെന്നു വന്നതോടെ പ്രസിഡന്റ് ട്രംപിനും കുടുംബത്തിനും ഭൂഗർഭ ബങ്കറിൽ അഭയം തേടേണ്ടിവന്നു. ഇതിനിടെ, പ്രതിഷേധം അമർച്ച ചെയ്യാൻ സൈന്യത്തെ വിളിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം സ്ഥിതി കൂടുതൽ വഷളാക്കി. പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്കിയശേഷം ബൈബിൾ കയ്യിലേന്തി സമീപത്തെ പള്ളിയിലേക്കു നടക്കുന്ന പ്രസിഡന്റിന്റെ ചിത്രം മാധ്യമങ്ങൾക്ക് ആഘോഷമായെങ്കിലും എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയായി.
രാജ്യത്തെ വെള്ളക്കാരുടെയും കറുത്ത വർഗക്കാരുടെയും സാമൂഹികാവസ്ഥ വ്യക്തമാക്കുന്നൊരു പഴംചൊല്ലുണ്ട്. ‘വെള്ളക്കാർക്കു ജലദോഷം വന്നാൽ കറുത്ത വർഗക്കാർക്കു ന്യൂമോണിയയായിരിക്കും’. പക്ഷേ, ഇത്തവണ അത് ജലദോഷമല്ല. കൊറോണ വൈറസ് സമസ്ത മേഖലകളെയും തരിപ്പണമാക്കി. ഇതിനകം 1,10,000 പേർക്ക് ജീവൻ നഷ്ടമായി. 19 ലക്ഷത്തിലേറെപ്പേർ രോഗബാധിതരായി. 4 കോടി ജനങ്ങൾ തൊഴിൽരഹിതരായി. ഇതിന്റെയെല്ലാം ആഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടി വന്നത് സാമ്പത്തിക സ്ഥിതിയും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും നാമമാത്രമായ കറുത്ത വർഗക്കാരാണ്. മരിച്ചവരുടെ പട്ടിക ശ്രദ്ധിച്ചാൽ ഇതു കൂടുതൽ വ്യക്തമാകും. മദ്യപാനവും ലഹരിപദാർഥങ്ങളുടെ ഉപയോഗവുമാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്നു പഴിക്കാമെങ്കിലും വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും വംശീയതയുടെ അടിസ്ഥാനത്തിലുള്ള വിവേചനവുമാണ് അടിസ്ഥാന പ്രശ്നമെന്നു കാണാം.
വംശവെറിയുടെ അന്ധത ബാധിച്ച പ്രസിഡന്റിന്റെ വാക്കുകളും പ്രവൃത്തികളും പ്രകോപനപരമാണ്. ലോക്ഡൗണിനെതിരെ തെരുവിലിറങ്ങിയ വെള്ളക്കാർ അദ്ദേഹത്തിന് മര്യാദാ പുരുഷന്മാരാണ്. ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചവർ തെമ്മാടികളും. ‘കണ്ണിനു കണ്ണ്, പല്ലിനു പല്ല്’ എന്ന സംസ്കാരശൂന്യമായ പോർവിളിയുടെ ശൈലിയിൽ ‘കൊള്ള തുടങ്ങുമ്പോൾ വെടിവയ്പും തുടങ്ങും’ എന്നു പ്രസിഡന്റ് ട്വീറ്റ് ചെയ്തതിൽ നിന്നു തന്നെ അദ്ദേഹത്തിന്റെ മനോഭാവം വ്യക്തമാണ്. പ്രസിഡന്റിന്റെ ‘ട്വീറ്റ് നയതന്ത്ര’ത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ട്വിറ്ററിനു പോലും അദ്ദേഹം അക്രമത്തെ മഹത്വവൽക്കരിക്കുകയാണെന്ന് വിമർശനം ഉന്നയിക്കേണ്ടി വന്നു.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗക്കാരനായ ഒരാൾ തുടർച്ചയായി രണ്ടു തവണ പ്രസിഡന്റ് പദം അലങ്കരിച്ചതിനു തൊട്ടുപിന്നാലെയാണ് ഈദുര്യോഗം. ബറാക് ഒബാമയുടെ ആരോഹണം രാജ്യത്തെ മുഴുവൻ കറുത്ത വർഗക്കാരുടെയും കീഴാളരുടെയും പ്രതീകാത്മക വിജയമാണ് കണക്കാക്കപ്പെട്ടത്. അദ്ദേഹം കറുത്തവരുടെ മാത്രം പ്രതിനിധിയായി അറിയപ്പെടാനോ അവരുടെ വക്താവാകാനോ ആഗ്രഹിച്ചില്ല. വംശീയ വിഷയങ്ങളിൽ സ്വതന്ത്ര മധ്യസ്ഥന്റെ നിലപാടു സ്വീകരിച്ചഒബാമ ഇരുവിഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടൽ കൂടുതൽ ആത്മാർഥതയും അടുപ്പവുംതോന്നുംവിധമായിരുന്നു.
ഫ്ലോറിയയിൽ അയൽവാസിയുടെ വെടിയേറ്റു മരിച്ച സ്കൂൾ വിദ്യാർഥി ട്രായ്‍വൻ മാർട്ടിനെക്കുറിച്ച് ഒബാമ പറഞ്ഞത്, തനിക്കൊരു മകനുണ്ടായിരുന്നെങ്കിൽ അവനേപ്പോലെയിരുന്നേനെ എന്നായിരുന്നു. വെടിയേറ്റു മരിച്ച ആഫ്രോ അമേരിക്കൻ സുവിശേഷകന്റെ സംസ്കാര ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രസംഗം മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ശൈലിയിലായിരുന്നു.
വംശീയ ബന്ധത്തിന്റെ കാര്യത്തിൽ മാത്രമല്ല, സങ്കീർണമായ ആഗോള പ്രശ്നങ്ങളിലും പരിവർത്തനത്തിന്റെ അഗ്രഗാമിയാകാൻ ഒബാമ ശ്രമിച്ചു. ഇറാനും ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ആണവ നയത്തിലും ആരോഗ്യരക്ഷാ പദ്ധതിയിലും നിർണായക പരിഷ്കാരം വരുത്താനും മുൻകയ്യെടുത്തു. എന്നാൽ ലോകത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് വിപ്ലവകരമായി എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തുടങ്ങിവച്ചവ പോലും പിൻഗാമിയുടെ വംശവെറിക്കു മുന്നിൽ അട്ടമറിക്കപ്പെടുകയും ചെയ്തു. ചരിത്രം നീതിയുടെ പക്ഷത്തേക്കു വളയുമെന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ നിരീക്ഷണം യാഥാർഥ്യമാകാൻ കൊതിച്ച ഒബാമയ്ക്ക്, ആ വളവ് വിപരീത ദിശയിലാകുന്നതാണു കാണേണ്ടി വന്നത്.
ട്രംപ് അധികാരത്തിൽ വന്നതോടെ വിവിധ വംശീയ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുൻപുതന്നെ അതു വ്യക്തമായിരുന്നു. എന്നാൽ ഇതൊന്നും കണ്ടതായി ഭാവിക്കാൻപോലും പ്രസിഡന്റ് തയാറായിരുന്നില്ല. ‘ജയിക്കാനായി ജനിച്ചവൻ’ എന്ന വിചാരം അദ്ദേഹത്തെ ആവേശിച്ചു. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന വിലാപം സത്യത്തിൽ ജോർജ് ഫ്ലോയ്ഡിന്റേതു മാത്രമായിരുന്നില്ല. വെന്റിലേറ്റർ ലഭിക്കാത്ത കോവിഡ് രോഗികളുടേതും തകർന്നടിഞ്ഞ സമ്പദ്ഘടനയുടേതും കൂടിയായിരുന്നു.
അമേരിക്കയിലെ പ്രക്ഷോഭം മറ്റു രാജ്യങ്ങളിലും അനുരണനങ്ങളുണ്ടാക്കി. പ്രസ്താവനകളുടെയും ഐക്യദാർഢ്യ റാലികളുടെയും രൂപത്തിൽ ലോകം പ്രതികരിച്ചെങ്കിലും ഇന്ത്യയിൽ സർക്കാരോ മനുഷ്യാവകാശ സംഘടനകളോ ഇതൊന്നും അറിഞ്ഞമട്ടില്ല. ആസന്നമായ വിപത്തിനെക്കുറിച്ച് അറിയാതെ നമ്മൾ മറ്റൊരു ലോകത്താണെന്നു തോന്നുന്നു.