തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേസിലെ സുപ്രീം കോടതി വിധി തിരുവിതാംകൂർ രാജകുടുംബവും അവരുടെ പരദേവതയും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചരിത്രവസ്തുതകൾക്കും സത്യത്തിനും കൈവന്ന വിജയമാണെന്നു പറയാം. ഭക്തജനങ്ങളുടെതാൽപര്യം മുൻനിർത്തി പരദേവതാ ക്ഷേത്രം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള രാജകുടുംബത്തിന്റെ സവിശേഷാധികാരത്തിനും ഉത്തരവാദിത്തത്തിനും അത് അടിവരയിടുന്നു. 1949 ൽ തിരു–കൊച്ചി സംസ്ഥാനവും ഇന്ത്യൻ യൂണിയനുമായി ഒപ്പുവച്ച കവനന്റിലൂടെ കുടുംബത്തലവനു സിദ്ധിച്ച ഊരായ്മയും (Trusteeship-ഷെബൈത്ത്) ശ്രീപത്മനാഭന്റെ മുഖ്യസേവകൻ എന്ന അദ്ദേഹത്തിന്റെ സ്ഥാനവും രാജ്യത്തിന്റെ പരമോന്നത നീതിപീഠം അസന്ദിഗ്ധമായി അംഗീകരിച്ചു. ഇതിനെല്ലാം ഉപരിയായി, ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജകുടുംബത്തിന്റെ മാത്രം പാരമ്പര്യാവകാശമായിരിക്കുമെന്നും കോടതി വിധിച്ചു.
ക്ഷേത്രസ്ഥാപകരായ രാജകുടുംബം സ്വയം ഉപേക്ഷിക്കാത്ത കാലത്തോളം ഈ അവകാശം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. കാലാന്തരത്തിൽ പുതിയൊരു സംവിധാനം ഉരുത്തിരിയുകയല്ലാതെ ഈ ഷെബൈത്ത് മാറ്റിമറിക്കാനോ ഭേദഗതി ചെയ്യാനോ കോടതികൾക്കും അധികാരമില്ല. കവനന്റ് ഒപ്പുവച്ച ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രത്തിന്റെ ഊരായ്മ സംസ്ഥാന സർക്കാരിനു കൈവന്നുവെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
ഊരായ്മയ്ക്ക് അധികാരത്തോടൊപ്പം ചുമതലകളുമുണ്ട്. പരമ്പരാഗത ആചാരങ്ങളും വ്യക്തിപരമായ വിശ്വാസങ്ങളും അതിൽ അന്തർലീനമായിട്ടുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഊരായ്മ തിരുവിതാംകൂർ രാജാക്കന്മാർക്ക് പാരമ്പര്യാവകാശമയി ലഭിച്ചുവന്നതാണ്. എങ്കിലും ക്ഷേത്രത്തെ സ്വകാര്യസ്വത്തായി കാണുന്നില്ലെന്നും അതിന്റെ ഭാരവാഹിത്വ അവകാശം മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും രാജകുടുംബം ബോധിപ്പിച്ചത് കോടതി അംഗീകരിച്ചു.
കവനന്റ് പ്രാബല്യത്തിൽ വരുന്ന സമയത്ത് ക്ഷേത്രത്തിന്റെ ഊരായ്മ ചിത്തിര തിരുനാൾ കൈവശംവച്ചിരുന്നത് തിരുവിതാംകൂറിന്റെ ഭരണാധികാരി എന്ന നിലയിൽ അല്ലെന്നു കോടതി വിശദീകരിച്ചു. കവനന്റിൽ ‘തിരുവിതാംകൂർ ഭരണാധികാരി’ എന്ന വിശേഷണം ആളെ തിരിച്ചറിയുന്നതിനാണ്. രാജാവിന്റെ ഔദ്യോഗിക ചുമതലയുമായി അതിനു ബന്ധമൊന്നുമില്ല.
കോടതിവിധിയുടെ യഥാർഥ ഗുണഭോക്താക്കൾ ഭക്തജനങ്ങളും പൊതുസമൂഹവുമാണെന്നാണ് രാജകുടുംബത്തിലെ മുതിർന്ന അംഗമായ പൂയം തിരുനാൾ ഗൗരി പാർവതി ഭായി അഭിപ്രായപ്പെട്ടത്. ഇതുകൊണ്ടു കൂടിയാവാം വിധിക്കെതിരേ അപ്പീൽ നൽകേണ്ടതില്ലെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ഏതാനും വർഷം മുമ്പ് ഒരു വാടക്കാരനോട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ഒഴിയാൻ ആവശ്യപ്പെട്ടതോടെയായിരുന്നു ഈ വ്യവഹാരങ്ങളുടെ തുടക്കം. രാജകുടുംബം നിയമിച്ച എക്സിക്യൂട്ടീവ് ഓഫിസർക്ക് തന്നെ ഒഴിപ്പിക്കാൻ അധികാരമില്ലെന്ന് അയാൾ വാദമുന്നയിച്ചു.
1971 ലെ ഭരണഘടനാ ഭേദഗതിയോടെ നാട്ടുരാജ്യങ്ങളുടെ പ്രത്യേകാധികാരങ്ങൾ ഇല്ലാതായി. കവനന്റിൽ ഒപ്പുവച്ച രാജാവിന്റെ കാലശേഷം ക്ഷേത്രത്തിലോ സ്വത്തുക്കളിലോ രാജകുടുംബത്തിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ക്ഷേത്രം ഏറ്റെടുക്കണമെന്നു ഹൈക്കോടതി വിധിച്ചത്. സംസ്ഥാനത്തെ മറ്റു ദേവസ്വം ബോർഡുകളുടെ മാതൃകയിലുള്ള ഭരണസംവിധാനം ഏർപ്പെടുത്തണമെന്നും നിഷ്ക്കർഷിച്ച ഹൈക്കോടതി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിക്കണമെന്നും 2011 ജനുവരി 31 ലെ വിധിയിൽ നിർദേശിച്ചു.
ഹൈക്കോടതി വിധിയുടെയും ഇപ്പോഴത്തെ സുപ്രീം കോടതി വിധിയുടെയും ഇടയ്ക്കുള്ള 9 വർഷം വിചിത്രമെന്നു തോന്നിപ്പിക്കുന്ന വാദങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും ശബ്ദകോലാഹലങ്ങളാൽ മുഖരിതമായിരുന്നു. രാജകുടുംബത്തെ അധിക്ഷേപിക്കാനും ആരാധനാലയത്തെ അപകീർത്തിപ്പെടുത്താനും നിക്ഷിപ്ത താൽപര്യക്കാർ ഈ അവസരം ഉപയോഗപ്പെടുത്തി. ക്ഷേത്രനിലവറയിലെ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ അസംഗതമായ ഒട്ടേറെ വിചിത്രവാദങ്ങൾ ഉന്നയിക്കപ്പെട്ടു. നിലവറകളിലെ സ്വർണവും രത്നവും എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ചും നിർദേശങ്ങൾ ഉയർന്നു. തീർപ്പിലെത്താൻ കഴിയാത്ത ഒന്നിലേറെ കണക്കെടുപ്പുകളും പരിശോധനകളും നടന്നു. ഈ കൊടുങ്കാറ്റുകൾക്കിടയിൽ ധൈര്യപൂർവം വിശ്വാസത്തിൽ ഉറച്ചു നിന്ന് രാജകുടുംബം നടത്തിയ നിയമയുദ്ധം പ്രശംസയർഹിക്കുന്നു.
ഇപ്പോഴത്തെ സുപ്രീം കോടതി വിധി പല കാരണങ്ങൾ കൊണ്ടു നിർണായകമാണ്. നാട്ടുരാജ്യങ്ങൾക്കുള്ള പ്രത്യോകാവകാശങ്ങൾ ഇല്ലാതായതോടെ രാജകുടുംബവും ക്ഷേത്രവുമായുള്ള ബന്ധം അവസാനിച്ചുവെന്ന സിദ്ധാന്തത്തിന് അത് അന്ത്യം കുറിച്ചു. ക്ഷേത്രഭരണത്തിന് രാജകുടുംബം നിർദേശിച്ച ദ്വിതല സംവിധാനം അംഗീകരിക്കപ്പെട്ടു. നിലവറകളിലെ അമൂല്യ സമ്പത്ത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ട്രസ്റ്റിക്കും ഭരണസമിതിക്കുമാണെന്നു വ്യക്തമാക്കപ്പെട്ടു. സർവോപരി, രാജ്യത്തെ സമാന സ്വഭാവമുള്ള മറ്റു ക്ഷേത്രങ്ങളുടെ ഊരായ്മയും ഭരണനിർവഹണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിധി വഴികാട്ടിയാകുമെന്നതിൽ തർക്കമില്ല.
ഇനി വ്യക്തിപരമായി ഏതാനും വരികൾ കൂടി ഇവിടെ കുറിക്കട്ടെ. ഈ ജനാധിപത്യ കാലഘട്ടത്തിലും തിരുവിതാംകൂർ രാജകുടുംബം മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരാണ്. ശ്രീപത്മനാഭനു വേണ്ടി സ്വയം സമർപ്പിച്ചവരാണ് അവരിൽ ഓരോരുത്തരുമെന്ന് എനിക്കറിയാം. പെരുമാറ്റത്തിലും ജീവിത രീതിയിലും ശ്രീ ചിത്തിര തിരുനാൾ കാട്ടിക്കൊടുത്ത മഹനീയവും ഉദാത്തവുമായ മാതൃക പിന്തുടരുന്ന രാജകുടുംബാംഗങ്ങൾ അങ്ങേയറ്റം ദയയുള്ളവരും സമൂഹത്തെക്കുറിച്ചു കരുതലുള്ളവരുമാണ്. ആധുനിക കാലത്തിനൊത്ത് സ്വയം മാറിയവരും എല്ലാ മാറ്റങ്ങളെയും അംഗീകരിക്കാൻ മനസ്സുള്ളവരുമായ അവരിൽ പലരും വിദേശ രാജ്യങ്ങളിൽ നമ്മുടെ നല്ല ആതിഥേയരാണെന്നു കൂടി ഓർമിക്കട്ടെ. ജനങ്ങൾ നൽകുന്ന പരിഗണനയും ആദരവും അവർ അർഹിക്കുന്നതാണെന്നു ഞാൻ കരുതുന്നു. അതുകൊണ്ടു തന്നെ പത്മനാഭ ദാസന്മാർ എന്ന നിലയിൽ അവരുടെ അവകാശങ്ങൾപുനഃസ്ഥാപിച്ച സുപ്രീം കോടതി വിധിയിൽ നമുക്കും ആഹ്ലാദിക്കാം.