സ്വകാര്യ സർവകലാശാലകളും സ്വയംഭരണ കോളജുകളും സ്ഥാപിച്ച് ഉന്നതവിദ്യാഭ്യാസരംഗം ഉദാരവൽക്കരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഭരണാധികാരിയായിരുന്നു കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വീക്ഷണം അടിസ്ഥാനമാക്കിയാണ് 2011 ൽ ഞാൻ വൈസ് ചെയർമാനായിരുന്ന കേരള സംസ്ഥാന ഹയർ എജ്യൂക്കേഷൻ കൗൺസിൽ ഇതു സംബന്ധിച്ച ദർശനരേഖ തയാറാക്കിയത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും അധ്യാപകരുടെ പരിശീലനവും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവുമെല്ലാം അതിൽ പ്രതിപാദിച്ചിരുന്നു.
സ്വയംഭരണ കോളജുകളും സ്വകാര്യ സർവകലാശാലകളും സ്ഥാപിച്ച് വിദ്യാഭ്യാസരംഗം രാജ്യാന്തരവൽക്കരിക്കാനും സമൂഹത്തിന് ഉപകാരപ്രദമായവിധം ഗവേഷണം മുന്നോട്ടുകൊണ്ടുപോകാനുമുള്ള നിർദേശങ്ങളും അതിലുണ്ടായിരുന്നു. ഈ ദർശനരേഖ അടിസ്ഥാനമാക്കി പ്രഫ. സിറിയക് തോമസ് അധ്യക്ഷനായ സമിതി സ്വകാര്യ സർവകലാശാലകൾസ്ഥാപിക്കുന്നതിനുള്ള കരട് ബില്ല് തയാറാക്കുകയും ചെയ്തു. കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തിൽ (എൻഇപി 2020) അന്നത്തെ ആശയങ്ങളിൽ പലതും ഉൾപ്പെടുന്നുവെന്നത് കൗതുകകരമാണ്.
2016 ജനുവരിയിൽ തിരുവനന്തപുരത്തു ചേർന്ന ‘ഗ്ലോബൽ എജ്യൂക്കേഷൻ മീറ്റ്’ കേരളത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിന് ഈ നിർദേശങ്ങൾ നടപ്പാക്കണമെന്നു ശുപാർശ ചെയ്തു. അക്കാദമിക് നഗരം, ഉന്നതവിദ്യാഭ്യാസ മേഖലകൾതുടങ്ങിയ ആശയങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുമൂലം അവയൊന്നും മുന്നോട്ടുപോയില്ല. അപ്പോഴേക്കും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലാവധി അവസാനിക്കുകയും ചെയ്തു. സ്വയംഭരണ കോളജുകളും വിദ്യാഭ്യാസ മേഖലകളും ഉൾപ്പെടെ അന്നത്തെ നിർദേശങ്ങളിൽ ചിലത് പഠനവിധേയമാക്കാൻ ഇപ്പോഴത്തെ സർക്കാർ അടുത്തിടെ തീരുമാനിച്ചിട്ടുണ്ട്.
നമ്മുടെ വിദ്യാഭ്യാസ പദ്ധതി പരിഷ്കരിച്ചിട്ട് 28 വർഷമായി. ഇതിനിടെ തിരിച്ചറിയാൻ കഴിയാത്തവിധം ലോകം മാറി. സാങ്കേതികവിദ്യയുടെ വളർച്ചയും വിജ്ഞാനത്തിന്റെ വ്യാപനവും യാത്രാസൗകര്യങ്ങളിൽ കൈവന്ന വേഗവും ശിക്ഷണവും ബോധനവും സംബന്ധിച്ചു നിലനിന്നിരുന്ന സങ്കൽപങ്ങളുടെ പൊളിച്ചെഴുത്ത് അനിവാര്യമാക്കി. മറ്റു രാജ്യങ്ങൾ അവരുടെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിച്ചു. എന്നാൽ നാം ഇപ്പോഴും പഴയമട്ടിൽ മുന്നോട്ടുപാകുകയാണ്. ഈ പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുതിയ വിദ്യാഭ്യാസ നയത്തെ ഉറച്ച ചുവടുവയ്പായി കണക്കാക്കാം. കാലാനുസൃതമായി ഈ രംഗത്ത് സമൂലമാറ്റം വരുത്തുന്നതിനുള്ള ശക്തമായ നിർദേശങ്ങൾ അതിലുണ്ട്. തൊഴിൽ സാധ്യതയുള്ള മികച്ചവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാൻ പുതിയ നയം വിഭാവനം ചെയ്യുന്നു.
പ്രീ പ്രൈമറി മുതൽ പിഎച്ച്ഡി വരെ അടിമുടി പരിഷ്കരിക്കാനാണ് ഡോ. കെ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിട്ടുള്ളത്. നൈപുണ്യവികസനത്തിനു നയരേഖയിൽ പ്രത്യേക ഊന്നലുണ്ട്. ഇത് ആസൂത്രിതമായി നടപ്പിലാക്കിയാൽ ലോകത്ത് മറ്റു രാജ്യങ്ങളിലെ മികച്ച മാതൃകകൾ പോലെ, ഉദാരമായ വിദ്യാഭ്യാസം ആവശ്യാനുസരണം ലഭ്യമാക്കാൻ നമുക്കും കഴിയും. കോവിഡിനു ശേഷമുള്ള കാലത്ത് വരാനിരിക്കുന്ന പുതിയ തൊഴിൽസാധ്യതകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായി കണ്ടറിഞ്ഞ് വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യാം. ഈ നൂറ്റാണ്ടിലെ ജോലിസാധ്യതകൾക്കനുസരിച്ച് പരിശീലനം നൽകി നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തിനാകെ ഉപകാരപ്രദമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ വിജ്ഞാനശാഖകളെ പരസ്പരബന്ധമില്ലാത്ത അറകളാക്കി പഠിപ്പിക്കുന്നതിനുപകരം ഒന്ന് മറ്റൊന്നിനു പൂരകമായവിധം സംയോജിപ്പിക്കാനാണ് പുതിയ നയം ഊന്നൽ നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിച്ച് മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമാക്കാനും വിജ്ഞാനത്തിന്റെ ഈ നൂറ്റാണ്ടിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനുംകഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതനാശങ്ങൾ പുതിയ സംരംഭങ്ങൾക്കു പ്രേരണയാകുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.
തൊഴിൽസാധ്യത, പരീക്ഷാരീതിയുടെ പോരായ്മ, പ്രായോഗികജ്ഞാനത്തിന്റെ അഭാവം, ഭാഷാ നയം, അനാവശ്യ നിയന്ത്രണങ്ങൾ, ഇടയ്ക്കു പഠനം നിർത്തേണ്ടിവരുന്നവരുടെ പ്രശ്നങ്ങൾ, ഗ്രേഡ് മെച്ചപ്പെടുത്താനുള്ള അവസരം, സ്വകാര്യ മുതൽമുടക്കിനുള്ളസാധ്യത തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പുതിയ നയം ചർച്ച ചെയ്യുന്നുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ കൂട്ടായ ചർച്ചകളിലൂടെ ഇതിനെല്ലാം പരിഹാരം കണ്ടെത്തണമെന്നും നയരേഖ നിർദേശിക്കുന്നു.
സ്കൂൾ തലത്തിൽ പാഠ്യക്രമം കൂടുതൽ എളുപ്പമാക്കാനാണ് ഉദ്ദേശിക്കുന്നത്. അടിസ്ഥാന വിജ്ഞാനഭാഗം ഒഴിവാക്കാതെ സിലബസ് ഭാരം കുറച്ച് പ്രായോഗിക പരീക്ഷണങ്ങൾക്കും വിമർശനപരമായ അപഗ്രഥനങ്ങൾക്കും ഊന്നൽ നൽകും.
1986 ൽ ആവിഷ്കരിച്ച 10+2 ഘടന മാറ്റി 5+3+3+4 രീതി സ്വീകരിക്കും. 3–8 വയസ്സ് കാലയളവ് ഫൗണ്ടേഷൻ സ്റ്റേജ് ആയും 8–11 കാലയളവ് പ്രിപ്പറേറ്ററി സ്റ്റേജ് ആയുംവിഭാവനം ചെയ്യുന്നു. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിൽ പഠിക്കണമെന്നു നിർദേശിക്കുന്ന നയത്തിൽ, കേന്ദ്രീയവിദ്യാലയങ്ങൾക്ക് ഇക്കാര്യത്തിൽ വേറിട്ട തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം നൽകുന്നുണ്ട്.
ടോപ് 100 പട്ടികയിലുള്ള വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കാൻ പുതിയ നയം അനുമതി നൽകുന്നുണ്ട്. ഇതിന് ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിനെയാവാം സർക്കാർ മാനദണ്ഡമാക്കുകയെന്നു തോന്നുന്നു. ഇക്കാര്യത്തിൽ സമഗ്രമായ നിയമം ആവശ്യമാണ്. ഇവിടെ നിന്നുള്ള ലാഭംപുറത്തേക്കു കൊണ്ടുപോകാൻ കഴിയില്ലെന്ന വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം അവരിൽ പലർക്കും ഇന്ത്യ ആകർഷകമായി തോന്നാനിടയില്ല. എന്നാൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകനിലവാരമുള്ള അനേകം സർവകലാശാലകളുണ്ട്.
രാജ്യത്തെ ഏതെങ്കിലും സർവകലാശാലയുമായി ചേർന്നു നടത്തുന്ന ചില്ലറ പ്രോഗ്രാമുകളിൽ ഒതുങ്ങുകയാണ് നമ്മുടെ വിദേശ വാഴ്സിറ്റി ബന്ധം. ഇത്തരത്തിൽ ഏതാണ്ട് 650 സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നാലു വർഷത്തെ ഡിഗ്രി പ്രോഗ്രാമാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ മറ്റൊരു പ്രധാന ഘടകം. ഇതിൽ ഓരോ വർഷവും പൂർത്തിയാക്കിയാൽ ആ നിലയിലുള്ള സർട്ടിഫിക്കറ്റും ഗ്രേഡും ലഭിക്കും. മൂന്നാം വർഷം പൂർത്തിയാകുന്നതോടെ ബിരുദവും 4 വർഷവും പൂർത്തിയാകുമ്പോൾ ഗവേഷണ യോഗ്യതയും ലഭിക്കും.
പുതിയ നയം നടപ്പാകുന്നതോടെ സർവകലാശാലകൾ മൾട്ടി ഡിസിപ്ലിനറി രീതിയിലേക്കു മാറും. ഐഐടികൾ പലതും ഇതിനകം തന്നെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. ഡൽഹി ഐഐടിയിൽ മാനവികവിഷയങ്ങളും ഖരക്പുരിൽ വൈദ്യശാസ്ത്രവും പഠിക്കാൻ അവസരമുണ്ട്. എൻജിനീയർമാർ പരിസ്ഥിതിയെക്കുറിച്ചും നിർമിതികളുടെ സാമൂഹിക ആഘാതത്തെക്കുറിച്ചും പഠിക്കുകതന്നെ വേണം. സംരംഭകരായി മാറുന്ന എൻജിനീയർമാർക്കു തീർച്ചയായും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് സാമാന്യജ്ഞാനം വേണം.
വിശാലാർഥത്തിൽ ദിശാബോധം നൽകാൻ ശ്രമിക്കുന്നതല്ലാതെ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുണ്ടെന്നിരിക്കെ, ഇരുകൂട്ടരും സഹകരിച്ചേ ഇതു വിജയത്തിലെത്തിക്കാനാകൂ. ഇതു ക്ഷിപ്രസാധ്യമല്ല. 2040 ആകുമ്പോഴേക്കും നയം പൂർണ രൂപത്തിൽ നടപ്പിലാക്കാനാവുമെന്നാണ് കേന്ദ്രം പ്രത്യാശിക്കുന്നത്. ഇതിനായി കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസ മന്ത്രിമാരെ ഉൾപ്പെടുത്തി വിവിധ സമിതികൾക്കു രൂപം നൽകും. പുതിയ നയം നടപ്പാക്കുന്നതിന് വലിയതോതിൽ മുതൽമുടക്ക് വേണ്ടിവരും. മൊത്തംആഭ്യന്തര ഉൽപാദനത്തിന്റെ 6% വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നത്.
പുതിയ നയത്തിനെതിരെ കാര്യമായ എതിർപ്പ് എവിടെനിന്നും ഉയർന്നിട്ടില്ല. എന്നാൽ, കേരളം സമർപ്പിച്ച നിർദേശങ്ങളൊന്നും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. പുതിയ നയം ഉയർന്ന സാമ്പത്തികശേഷിയുള്ള വിദ്യാർഥികളെ സഹായിക്കും വിധമാണെന്നും കേരളത്തിലെ ഭരണാധികാരികൾക്ക് അഭിപ്രായമുണ്ട്. ‘വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന’ എന്ന ആശയത്തെ കേരള ഹയർ എജ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ നിശിതമായി വിമർശിക്കുകയും ചെയ്തു. ഈ സമീപനം കോർപറേറ്റുകൾ മുതലെടുക്കുമെന്ന് അദ്ദേഹം കരുതുന്നു. പരമ്പരാഗത ജ്ഞാന സമ്പ്രദായം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ വിമർശിക്കുന്നവരുണ്ട്. സംസ്കൃതം പഠിപ്പിക്കുന്നത് കാവിവൽക്കരണ പദ്ധതിയുടെ ഭാഗമാണെന്നും അവർ പറയുന്നു. എന്നാൽ എല്ലാവരെയും ഒപ്പംകൂട്ടി പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് കേന്ദ്രം ആവർത്തിക്കുന്നത്.