എഴുപത്തിയഞ്ചാം പിറന്നാളിൽ യുഎൻ പ്രതിസന്ധിയിൽ

IRAN-NUCLEAR/UN
SHARE

ഐക്യരാഷ്ട്ര സംഘടന (യുഎൻ) അടുത്ത മാസം 75 വയസ്സ് പൂർത്തിയാക്കാനിരിക്കെ, ഈയാഴ്ച ന്യൂയോർക്കിൽ തുടങ്ങുന്ന പൊതുസഭാ സമ്മേളനം വൻ ആഘോഷങ്ങൾക്കു വേദിയാകേണ്ടതായിരുന്നു. എന്നാൽ, ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരി യുഎൻ സമ്മേളനത്തിന്റെയും ശോഭ കെടുത്തി. കോവിഡിനു ശേഷമുള്ള പുതിയ ലോകക്രമത്തിൽ അപ്രസക്തമായേക്കാവുന്ന സ്ഥിതിയിലാണെങ്കിലും 75 ാം പിറന്നാൾ, ഒരു സംഘടനയുടെ കഴിഞ്ഞ കാലം വിമർശനാത്മകമായി പരിശോധിക്കാനുള്ള നല്ല അവസരമാണെന്നു തോന്നുന്നു.

മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുർഘടമായ പ്രതിസന്ധിക്കു മുന്നിൽ നിസ്സംഗരും നിഷ്ക്രിയരുമായി നിൽക്കുന്ന ഐക്യരാഷ്ട്ര സംഘടനയെയാണ് കഴിഞ്ഞ 7–8 മാസങ്ങളായി നാം കാണുന്നത്. നിമിഷം തോറും മരിച്ചുവീഴുന്ന നിരാലംബരായ മനുഷ്യർക്കു വേണ്ടി ചെറുവിരൽ പോലും അനക്കാതെ ചിട്ടവട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും നൂലാമാലകളെക്കുറിച്ചായിരുന്നു അവരുടെ ചർച്ച മുന്നേറിയത്. ആ കൊടുംപാപത്തിന്റെ ദുർഗന്ധം നീക്കാൻ അറേബ്യയിലെ മുഴുവൻ സുഗന്ധവും മതിയാകില്ല തന്നെ. നിർണായക ഘട്ടത്തിൽ ലോകത്തിനു വഴികാട്ടിയാകാൻ കഴിഞ്ഞിരുന്നുവെങ്കിൽ കഴിഞ്ഞ 75 വർഷവും യുഎന്നിനു സംഭവിച്ച വീഴ്ചകളും പോരായ്മകളും പൊറുക്കാമായിരുന്നു. 

united-nations

രണ്ടാം ലോകയുദ്ധത്തിൽ വിജയിച്ചവർ തയാറാക്കിയ നിയമാവലിയനുസരിച്ച് പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇപ്പോഴത്തെ രൂപത്തിൽ ആയുസ്സ് നീട്ടിനൽകണോ അതോ മറ്റൊരു പ്രവർത്തന പദ്ധതിയെക്കുറിച്ച് ആലോചിക്കണോ എന്നാണു ലോകം ചർച്ച ചെയ്യേണ്ടത്. കോവിഡിനു ശേഷമുള്ള ലോകത്ത് പരാജിതർ മാത്രമേയുള്ളൂവെന്നോർക്കണം. ഏറ്റവും കുറച്ച് ജീവൻ നഷ്ടമായവർക്കു വേണമെങ്കിൽ വിജയം അവകാശപ്പെടാം. എന്നാൽ, അതൊരു ശരിയായ അളവുകോലായി കണക്കാക്കാനാവില്ല. കാരണം ഓരോ ജീവൻ നഷ്ടമാകുന്നതും ആ രാജ്യത്തിന്റെ പരാജയമായി കണ്ടേ തീരൂ. ഭരണസംവിധാനങ്ങളുടെയും ആരോഗ്യശാസ്ത്രത്തിന്റെയും ക്ഷേമപദ്ധതികളുടെയും പരാജയം. പരിസ്ഥിതി സംരക്ഷണ നടപടികളിലെയും മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളിലെയും വീഴ്ച. ഇതുവരെ യുദ്ധം ഒഴിവാക്കുന്നതിൽ യുഎൻ പരാജയപ്പെട്ടു എന്ന കുറ്റപ്പെടുത്തലേ കേട്ടിരുന്നുള്ളൂ. ഇനി മുതൽ എല്ലാ ലക്ഷ്യങ്ങളിലും പരാജയപ്പെട്ടെന്ന വിമർശനം സംഘടന നേരിടേണ്ടിവന്നേക്കാം. 

united-nations-logo-image-2

ആണവ ഘടികാരം ടിക് ടിക് ശബ്ദം കേൾപ്പിക്കുന്നു. മനുഷ്യർ കണക്കുകൂട്ടിയതിലും നേരത്തെ പ്രകൃതി പ്രത്യാക്രമണം തുടങ്ങി. ഈ രണ്ട് പ്രതിസന്ധികളെയും ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ലോകക്രമത്തിനു മാത്രമേ മാനവരാശിയോടു നീതിപുലർത്താനാവൂ.

രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയോടെ 75 വർഷമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയെ ഒരു വീഴ്ചയുടെ പേരിൽ ദണ്ഡിക്കുന്നത് മര്യാദയല്ലെന്ന് പറയേണ്ടതില്ലല്ലോ. ഇക്കാലമത്രയും സംഘടന പ്രവർത്തിച്ചത് നിരന്തരമായ ചർച്ചകളുടെ വേദി എന്ന നിലയിലാണ്. അതിൽ അംഗത്വം ലഭിക്കുന്നത് ലോകത്തിന്റെ തന്നെ അംഗീകാരമായി കണക്കാക്കുന്ന രാഷ്ട്രങ്ങളുടെ എണ്ണം 50 ൽ നിന്ന് 193 ൽ എത്തി. യുദ്ധകാഹളം മുഴക്കി വന്നവരെ തണുപ്പിച്ച് അനുനയപാതയിലേക്കു കൊണ്ടുവരാനും സംഘർഷം ഒഴിവാക്കാനും നിരവധി സന്ദർഭങ്ങളിൽ യുഎന്നിനു കഴിഞ്ഞു. സമാധാനം സ്ഥാപിക്കാനും നിലനിർത്താനും മാത്രമല്ല, സ്ഥിരാംഗങ്ങൾ ഒരുമിച്ച നിന്ന ഘട്ടങ്ങളിലെല്ലാം അതു നടപ്പാക്കാനുമായി. വ്യക്തമായ നിയമാവലിയനുസരിച്ച് ലോകത്തിന്റെ നടത്തിപ്പിനു മേൽനോട്ടം വഹിക്കുന്ന സംവിധാനമെന്ന പ്രതിച്ഛായ ജനങ്ങൾക്ക് ആശ്വാസം പകർന്നു.

1945 ൽ തയാറാക്കിയ പ്രമാണങ്ങളിൽ നിന്നു വ്യത്യസ്തമായ സാഹചര്യങ്ങൾ രൂപപ്പെട്ടപ്പോൾ അതിന് അനുസൃതമായി പ്രവർത്തന മേഖല വിപുലീകരിക്കുന്നതിലും യുഎൻ വിജയിച്ചുവെന്നു കാണാം. ഭീകരതയും പരിസ്ഥിതി സംരക്ഷണവും എയ്ഡ്സ് തുടങ്ങിയ വിപത്തുകളും കൈകാര്യം ചെയ്യാവുന്ന ആഗോള സംവിധാനങ്ങൾ സംഘടന രൂപപ്പെടുത്തി. പുതിയ സഹസ്രാബ്ധത്തിലെ സുസ്ഥിര വികസന അജൻഡ നിശ്ചയിക്കുന്നതിൽ ലോകത്തിനു ദിശാബോധം നൽകി.

united-nations-logo-image-1

കോളനിവാഴ്ചയ്ക്ക് അന്ത്യം കുറിക്കുന്നതിനും ആണവ നിരായുധീകരണത്തിനും മനുഷ്യാവകാശങ്ങളെക്കുറിച്ച് ആഗോള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിലും സമത്വാധിഷ്ഠിതമായ സാമ്പത്തിക വികസനത്തിലും ഏകീകൃതമായ പരിസ്ഥിതി സംരക്ഷണ നയങ്ങൾ നടപ്പാക്കുന്നതിലും യുഎൻ വഹിച്ച പങ്ക് സ്തുത്യർഹമാണ്. കുവൈത്തിനെ മോചിപ്പിച്ചത് സംഘടനയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്താം. വർണവിവേചനം അവസാനിപ്പിക്കുന്നതിലും അറബ്– ഇസ്രയേൽ സംഘർഷം നിയന്ത്രിക്കുന്നതിലും കാര്യമായ പങ്കു വഹിച്ചത് മറ്റാരുമല്ല. ചുരുക്കത്തിൽ, യുഎൻ ഇല്ലായിരുന്നുവെങ്കിൽ ലോകം കൂടുതൽ ദരിദ്രമാകുമായിരുന്നു.

1945 നു ശേഷം ചെറുതും വലുതുമായ 800 യുദ്ധങ്ങൾക്കു ലോകം സാക്ഷ്യംവഹിച്ചു. മൂന്നാം ലോകയുദ്ധം ഒഴിവാക്കാൻ കഴിഞ്ഞു എന്നു പറയാറുണ്ടെങ്കിലും അത് ഉറപ്പിക്കാറായിട്ടില്ല. പിന്നീടുവന്ന തലമുറയെ യുദ്ധത്തിൽ നിന്നു മോചിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു കഴിഞ്ഞില്ലെന്നു സാരം. മാനവരാശിയുടെ മനഃസാക്ഷിയെന്ന നിലയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിലായിരുന്നു സംഘടനയുടെ സവിശേഷ ശ്രദ്ധ എന്നു കാണാം. സംഘർഷങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന് ചർച്ചയിലൂടെ സമാധാനം ഉറപ്പാക്കാനുള്ള നീക്കങ്ങളായിരുന്നു അതിൽ പ്രധാനം. സമാധാന സംരക്ഷണത്തിനിടെ നിരവധി യുഎൻ ദൗത്യസേനാംഗങ്ങൾക്ക് ജീവൻ വെടിയേണ്ടി വന്നു.

ശീതയുദ്ധം അവസാനിച്ചപ്പോൾ സംഘടനയുടെ പ്രവർത്തന പദ്ധതി പുനരവലോകനം ചെയ്യാനുള്ള അവസരം കൈവന്നതാണ്. നിരായുധീകരണവുമായി ബന്ധപ്പെട്ട് രക്ഷാ സമിതി അന്നൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, നിരായുധീകരണം രക്ഷാസമിതിയുടെ അധികാരപരിധിയിൽ വരില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സെക്രട്ടറി ജനറൽ ബുട്രോസ് ഗാലി അന്ന് പൊതുസഭയിൽ കുറേക്കൂടി ഗൗരവകരമായൊരു പ്രവർത്തന രൂപരേഖ മുന്നോട്ടുവച്ചു. ലോകത്ത് രാഷ്ട്രങ്ങളുടെ പരമാധികാരം എന്ന സങ്കൽപത്തിന്റെ കാലം കഴിഞ്ഞുവെന്നായിരുന്നു അദ്ദേഹം നിരീക്ഷിച്ചത്. ഐക്യരാഷ്ട്ര സംഘടനയ്ക്കു കൂടുതൽ മേൽനോട്ട അധികാരം നൽകണമെന്നും സെക്രട്ടറി ജനറൽ സർവസൈന്യാധിപനായി യുഎൻ സൈന്യം രൂപീകരിക്കണമെന്നും ഗാലി നിർദേശിച്ചു. എന്നാൽ സെക്രട്ടറി ജനറൽ സൈനിക ജനറൽ ആകേണ്ടെന്നായിരുന്നു അംഗരാജ്യങ്ങളുടെ മറുപടി.

ഐക്യരാഷ്ട്രസംഘടനയുടെ ഏറ്റവും വലിയ സംഭാവന എന്തെന്ന ചോദ്യത്തിന് കോടിക്കണക്കിനു കുട്ടികൾക്ക് വാക്സീൻ എത്തിക്കാൻ കഴിഞ്ഞു എന്നായിരുന്നു പിന്നീടു വന്ന സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ പ്രതികരണം. യുദ്ധവിപത്തിൽ നിന്നു വരുംതലമുറയെ രക്ഷിക്കാനായില്ലെങ്കിലും മാരകരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ യുഎൻ നിമിത്തമായി എന്നതു സത്യമാണ്. 

യുഎന്നിന്റെ വികസന പദ്ധതികൾ വികസിത രാജ്യങ്ങളെ സംബന്ധിച്ച് അപ്രസക്തമാണ്. കാരണം അത്തരം പദ്ധതികൾ ലക്ഷ്യമിടുന്നതിനപ്പുറം വികസനം കൈവരിച്ചവയാണ് ആ രാജ്യങ്ങൾ. പദ്ധതികളുടെ ഭാഗമായി വരുന്ന കൺസൽട്ടൻസികളും കരാറുകളും തൊഴിലവസരങ്ങളും മാത്രമേ അവർക്കു ഗുണപ്പെടാറുള്ളൂ. ഈയിനത്തിൽ കുറേയേറെ പണം നഷ്ടപ്പെടാറുണ്ടെങ്കിലും യുഎൻ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ ദരിദ്രരാഷ്ട്രങ്ങൾക്കു ഗുണപ്രദമാണ്.

UN-Security-Council

വിവിധ ചുമതല വഹിച്ച നേതാക്കളും നയതന്ത്രജ്ഞരും പലപ്പോഴായി യുഎന്നിന്റെ പ്രവർത്തനം കാലാനുസൃതമാക്കാൻ വിവിധ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ലോകത്തു സംഭവിച്ച മാറ്റങ്ങൾക്കനുസൃതമായി യുഎന്നിന്റെ ഘടനയിൽ മാറ്റംവരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. നവീനാശയങ്ങൾ പലതും സ്ഥിരാംഗങ്ങൾക്ക് ദഹിക്കുന്നവ ആയിരുന്നില്ല. പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരാൻ നടപ്പാക്കിയ പരിഷ്ക്കാരങ്ങളൊന്നും വൻശക്തികളുടെ അധികാരത്തിൽ ഒരു കുറവും വരുത്തിയതുമില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ലോകസാഹചര്യങ്ങൾ ഗണ്യമായി മാറിയെങ്കിലും യുഎന്നിന്റെ ഘടന അതേപടി തുടർന്നു.

കോവിഡ് മഹാമാരി തീർത്ത പ്രതിബന്ധങ്ങൾ സംഘടനയെ സ്തംഭനാവസ്ഥയിലെത്തിച്ചു. മിക്ക സമ്മേളനങ്ങളും ഓൺലൈനായാണു നടക്കുന്നത്. വരുംകാലത്തെപ്പറ്റി വ്യക്തമായ ധാരണയില്ലാതെ, എന്തു ചെയ്യണമെന്നറിയാതെ സംഘടന ഇരുട്ടിൽ തപ്പുന്നു എന്നു ചുരുക്കം. എല്ലാം കലങ്ങിത്തെളിയുമ്പോൾ ഗതി എന്താവുമെന്നറിയില്ല. പരിഷ്ക്കരിച്ച് ഒപ്പം കൊണ്ടുപോകാനായിരിക്കുമോ അംഗരാജ്യങ്ങളുടെ തീരുമാനം ? അതോ വഴിയിൽ ഉപേക്ഷിച്ച് അവർ പുതിയ പാത തേടുമോ? കാത്തിരുന്നു കാണാം.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.