യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ– കമല ഹാരിസ് ടീം നേടിയ വിജയം ഇന്ത്യയിൽ പലവിധ ഊഹാപോഹങ്ങൾക്കു കാരണമായിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചങ്ങാത്തം രാജ്യത്തിനു നേട്ടമായിരുന്നുവെന്നും ഡെമോക്രാറ്റിക് പാർട്ടിക്കാരായ പുതിയ ഭരണാധികാരികൾ കശ്മീർ പ്രശ്നം ഉൾപ്പെടെ കുത്തിപ്പൊക്കി മുൻകാലങ്ങളിൽ ഇന്ത്യയ്ക്ക് അലോസരം സൃഷ്ടിച്ചവരാണെന്നും ഒരുവിഭാഗം കരുതുന്നു. എന്നാൽ ഇന്ത്യ– യുഎസ് ബന്ധത്തെ അവിടത്തെ നേതൃമാറ്റം ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.
പാർട്ടികൾ തമ്മിലുള്ള നയവ്യത്യാസങ്ങൾക്കും വ്യക്തിതാൽപര്യങ്ങൾക്കും ഉപരിയായി, ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് അതിനെ മുന്നോട്ടു നയിച്ചിട്ടുള്ളത്. ഇരുരാജ്യങ്ങളുടെയും ദേശീയതാൽപര്യത്തിൽ അധിഷ്ഠിതമായ മുൻഗണനകൾ ആ ബന്ധത്തിനു വളവും വെള്ളവുമായിരുന്നു.

ആദ്യം ശീതയുദ്ധവും പിൽക്കാലത്തു രൂപപ്പെട്ട ഏകധ്രുവലോകവുമെല്ലാം ഇതിൽ നാഴികക്കല്ലുകളായി. ആഗോള ഭീകരതയും കാലാവസ്ഥാ വ്യതിയാനവും ചൈന ഉയർത്തുന്ന ഭീഷണിയും ഒടുവിൽ കൊറോണ വൈറസും അതിനെ നല്ലതുപോലെ സ്വാധീനിച്ചുവെന്നു കാണാം.
ഇന്ത്യക്കാർ പൊതുവെ ഡെമോക്രാറ്റിക് പാർട്ടിയോട് അനുഭാവം പുലർത്തുന്നവരാണെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്കാരായ പ്രസിഡന്റുമാരിലും നമുക്കു നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. ജോൺ എഫ്. കെന്നഡിയും ബിൽ ക്ലിന്റനും ബരാക് ഒബാമയും മാത്രമല്ല ജോർജ് ബുഷും ഇന്ത്യയുമായി നല്ല ബന്ധം പുലർത്തി.
ജോ ബൈഡൻ– കമല ടീമിന്റെ വിജയം ലോകത്തിനാകെ ആശ്വാസമാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത വാക്കും പ്രവൃത്തിയും ഏവരെയും അസ്വസ്ഥരാക്കിയിരുന്നു.
ശീതയുദ്ധാനന്തര ലോകക്രമം തച്ചുടച്ച ട്രംപ് രാജ്യാന്തര ഉടമ്പടികളിൽ നിന്നുപോലും പിന്മാറി അമേരിക്കയെ പരിഹാസപാത്രമാക്കി. റഷ്യയെയും ചൈനയെയും മാത്രമല്ല യൂറോപ്പിലെ സഖ്യരാജ്യങ്ങളെയും വെറുപ്പിച്ച് ശത്രുക്കളാക്കി. ഭരണത്തിന്റെ അവസാന മാസങ്ങളിൽ കോവിഡ് മഹാമാരി അശാസ്ത്രീയമായി കൈകാര്യം ചെയ്ത് ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയും സമ്പദ്‍രംഗം താറുമാറാക്കുകയും ചെയ്തു. വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കറുത്തവർഗക്കാരനെ നടുറോഡിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയപ്പോൾ പക്ഷം ചേർന്ന പ്രസിഡന്റ്, രാജ്യത്താകെ വിദ്വേഷത്തിന്റെ വിഷക്കാറ്റ് പടർത്തി. അങ്ങനെ ചാർത്തിക്കിട്ടിയ ജനശത്രുവെന്ന പ്രതിഛായയാണ് അദ്ദേഹത്തിന്റെ പരാജയത്തിൽ കലാശിച്ചത്.

പ്രവചനാതീതമായി പ്രവർത്തിക്കുന്ന പ്രസിഡന്റ് സ്ഥാനമൊഴിയുന്നത് ഇന്ത്യയ്ക്കും ആശ്വാസമാണ്. നിയുക്ത പ്രസിഡന്റ് ബൈഡന്റെ പൊതുരംഗത്തെ ദീർഘകാല അനുഭവസമ്പത്തും ആണവകരാർ പോലുള്ള നിർണായക വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച അനുഭാവപൂർണമായ നിലപാടും മോദിക്കും ആശ്വാസകരം തന്നെ. പുതിയ ടീമിന് ഇന്ത്യയിലുള്ള വ്യക്തിപരമായ സൗഹൃദങ്ങൾക്ക് അതിലധികം പ്രാധാന്യമില്ല. ബന്ധം മെച്ചപ്പടുന്നതിന് അതു വിലങ്ങുതടിയാകില്ലെന്നു മാത്രം.
കോവിഡ് നിയന്ത്രണവും ഇന്തോ– പസിഫിക് മേഖലയിലെ ചൈനയുടെ ഭീഷണിയുമാണ് ബൈഡനു മുന്നിലുള്ള ആദ്യ വെല്ലുവിളി. ഇവ രണ്ടും ഇന്ത്യയ്ക്കും ആശങ്ക സൃഷ്ടിക്കുന്നതാണ്. ചൈനയുടെ കാര്യത്തിൽ ബൈഡൻ ട്രംപിനേപ്പോലെ പരുക്കനാവില്ല. പക്ഷേ, നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയാറാവില്ലെന്നുറപ്പാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈയിടെ 2+2 സമ്മേളനത്തിൽ ഒപ്പുവച്ച തന്ത്രപ്രധാന കരാറിനു പുതിയ പ്രസിഡന്റ് പിന്തുണ നൽകും. ചൈനയുടെ കടന്നുകയറ്റം പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ചതുർരാഷ്ട്ര സഖ്യത്തെക്കുറിച്ചും (quad) അദ്ദേഹത്തിന്റെ നിലപാട് വ്യത്യസ്തമാകാൻ ഇടയില്ല.
‘എന്തുകൊണ്ട് അമേരിക്ക വീണ്ടും നയിക്കണം’ എന്ന ശീർഷകത്തിൽ ഈ വർഷമാദ്യം ബൈഡൻ വിദേശനയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചിരുന്നു. അടുത്ത ജനുവരിയിൽ നിലനിൽക്കുന്ന അവസ്ഥയിലാകും പുതിയ യുഎസ് പ്രസിഡന്റ് ലോകത്തെ അഭിമുഖീകരിക്കേണ്ടിവരികയെന്നും ചിന്നിച്ചിതറിയ കഷണങ്ങൾ പെറുക്കിക്കൂട്ടുന്ന ജോലി അതീവ ശ്രമകരമായിരിക്കുമെന്നും അദ്ദേഹം അന്നേ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനും സഖ്യരാഷ്ട്രങ്ങളുടെ വിശ്വാസമാർജിച്ച് ലോകനേതൃത്വം തിരികെപ്പിടിക്കാനും പുതിയ ഭരണാധികാരി അത്യധ്വാനം ചെയ്യേണ്ടിവരുമെന്നും ബൈഡൻ വിലയിരുത്തി.

ഇന്തോ– പസിഫിക് മേഖലയിൽ അമേരിക്കയുടെ സ്വാധീനവും സമാധാനവും നിലനിർത്താൻ യൂറോപ്പിനു പുറത്തുള്ള സഖ്യരാഷ്ട്രങ്ങളായ ഓസ്ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയുമായി കൈകോർക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യ മുതൽ ഇന്തൊനീഷ്യ വരെയുള്ള രാജ്യങ്ങളുമായുള്ള സൗഹൃദത്തിന് ഊന്നൽ നൽകണമെന്നും ഒരേ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന ഇത്തരം രാജ്യങ്ങളുമായുള്ള ബന്ധങ്ങളായിരിക്കും അമേരിക്കയുടെ ഭാവി തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പാരിസ് ഉടമ്പടിയിൽ വീണ്ടും പങ്കാളിയാകുമെന്ന ബൈഡന്റെ പ്രഖ്യാപനം ലോകമാകെ സ്വാഗതം ചെയ്തിട്ടുണ്ട്. 2050 ആകുമ്പോഴേക്കും അമേരിക്കയെ കാർബൺ മുക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ മാതൃക സ്വീകരിക്കാൻ പക്ഷേ, ഇന്ത്യയ്ക്ക് എളുപ്പമല്ല. നമുക്ക് കുറച്ചുകാലം കൂടി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കേണ്ടിവരും. അപ്പോഴും പരിസ്ഥിതി സംരക്ഷണം എന്ന അജണ്ടയിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകാൻ ഇരുരാജ്യങ്ങൾക്കും കഴിയും. ഹരിതഗ്രഹവാതകങ്ങളുടെ നിഗമനം കുറയ്ക്കാൻ ഇന്ത്യ എന്തെല്ലാം ചെയ്യുന്നുവെന്നത് ഇക്കാര്യത്തിൽ നിർണായകമാണ്.

കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 74 ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് യുഎസിലെ ഇന്ത്യൻ സമൂഹത്ത അഭിവാദ്യംചെയ്ത സന്ദർഭത്തിൽ ബൈഡൻ പറഞ്ഞതും ശ്രദ്ധേയമായിരുന്നു. അതിർത്തികളിലും മേഖലയിലും ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവ മറികടക്കാൻ ഒപ്പം നിൽക്കുമെന്ന പ്രഖ്യാപിത നിലപാടിൽ ഉറച്ചുനിൽക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ഇന്ത്യ– യുഎസ് ആണവ കരാർ അംഗീകരിക്കുന്നതിൽ 2005 ൽ താൻ വഹിച്ച നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കമല ഹാരിസിന്റെ ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ചു പരാമർശിക്കവെ, ഇന്ത്യയും യുഎസും ഒരുമിച്ചു നിന്നാൽ ലോകം കൂടുതൽ സുരക്ഷിതമാകുമെന്നു താൻ 15 വർഷം മുമ്പും പറഞ്ഞിരുന്നതാതും അനുസ്മരിച്ചു.
പാക്കിസ്ഥാനുമായി ജോ ബൈഡനു മികച്ച ബന്ധമായിരുന്നു. അവരുടെ രണ്ടാമത്തെ ഉന്നത സിവിലിയൻ ബഹുമതിയായ ‘ഹിലാൽ ഇ പാക്കിസ്ഥാൻ’ അദ്ദേഹത്തിനു നൽകിയിട്ടുണ്ട്. അതെല്ലാം ഇന്നു പഴങ്കഥയാണെങ്കിലും അഫ്ഗാനിസ്ഥിനിൽ 20 വർഷമായി തുടരുന്ന യുഎസ് സൈന്യത്തെ പിൻവലിക്കാൻ ബൈഡനു പാക്കിസ്ഥാന്റെ പിന്തുണ കൂടിയേതീരൂ. അതു പക്ഷേ, ഇന്ത്യയുമായുള്ള ബന്ധത്തെ സ്വാധീനിക്കില്ല. ഇരുരാജ്യങ്ങളുമായുള്ള പങ്കാളിത്തത്തെ യുഎസ് വ്യത്യസ്ത തലത്തിലാണ് കാണുന്നതെന്നു ചുരുക്കം. ശീതയുദ്ധകാലത്തും പിന്നീട് ആഗോളഭീകരതയ്ക്കെതിരായ പോരാട്ടത്തിലും സഖ്യരാജ്യമായിരുന്നുവെന്ന പരിഗണന ഇനി പാക്കിസ്ഥാനു ലഭിക്കില്ല. എന്നാൽ ട്രംപിനേപ്പോലെ ബൈഡൻ പാക്കിസ്ഥാനെ അവഹേളിക്കില്ല.

ട്രംപിന്റെ കാലയളവിൽ വാണിജ്യം എപ്പോഴും തർക്കവിഷയമായിരുന്നു. ഇന്ത്യയ്ക്കു നൽകിയിരുന്ന പല ഇളവുകളും അദ്ദേഹം പിൻവലിച്ചു. അവയൊക്കെ വരുംമാസങ്ങളിൽ തന്നെ പുനഃസ്ഥാപിക്കുമെന്ന് കരുതാൻ ന്യായമില്ല. അതിബൃഹത്തായ ഇന്ത്യൻ വിപണിയിൽ എങ്ങനെ കടന്നുകയറാമെന്നതിനെക്കുറിച്ചാവും പുതിയ ഭരണകൂടവും ആദ്യം ആലോചിക്കുന്നത്. അതേസമയം, ചൈനയെ കഴിവതും ഒഴിവാക്കി ഇന്ത്യൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെ ബൈഡൻ പ്രോത്സാഹിപ്പിച്ചേക്കും. ഇന്ത്യയിൽ നിന്നുള്ള പ്രഫഷനലുകൾക്ക് ഗുണകരമായവിധം വീസ നയം ഉദാരമാക്കുമെന്നു പ്രതീക്ഷിക്കാം.
മനുഷ്യാവകാശ, മതസ്വാതന്ത്ര്യ വിഷയങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടി പൊതുവെയും ബൈഡനും കമലയും വിശേഷിച്ചും സ്വീകരിച്ചുവരുന്ന ‘ആക്ടിവിസ്റ്റ്’ നിലപാട് ഇന്ത്യയ്ക്ക് അൽപം അസ്വസ്ഥത സൃഷ്ടിച്ചേക്കും. ഇക്കാര്യങ്ങളൊന്നും ട്രംപിനു വിഷയമായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി അവസാനം അദ്ദേഹം രാഷ്ട്രപതി ഭവനിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ പൗരത്വ നിയമത്തിന്റെ പേരിൽ ഡൽഹിയിൽ കലാപമായിരുന്നു. സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ഇന്ത്യ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിൽ ബൈഡനും കമലയും മുഖം കറുപ്പിക്കും.

നയങ്ങളിലും പ്രവൃത്തികളിലും സ്ഥിരതയുള്ള, വിവേകപൂർവം പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള ഭരണാധികാരികളെയാണ് യുഎസിൽ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഉഭയകക്ഷി ബന്ധത്തിൽ പരിഹരിക്കാൻ ഒട്ടേറെ വിഷയങ്ങളുണ്ട്. അതു കഴിയണമെങ്കിൽ അനുരഞ്ജനത്തിന്റെയും സഹകരണത്തിന്റെയും പാതയിൽ മുന്നോട്ടുപോകണം. രാജ്യാന്തര ബന്ധങ്ങളുടെ അടിസ്ഥാന ഘടകവും അതുതന്നെയാണ്.