ഇന്ത്യ– റഷ്യ ബന്ധം ഉലയുന്നു

modi-putin
SHARE

‘രാജ്യാന്തര ബന്ധങ്ങളിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥായിയായ താൽപര്യങ്ങളേയുള്ളൂ’ എന്ന പ്രമാണത്തിന് അപവാദമാണ് ഇന്ത്യ– റഷ്യ സൗഹൃദമെന്നുകരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, ആഗോള ശാക്തിക ബന്ധങ്ങളിലെ കമ്പനങ്ങൾ ഈ സൗഹൃദത്തിലും വിള്ളലുകൾ വീഴ്ത്തുന്നു. 

സഖ്യം അരക്കിട്ടുറപ്പിച്ച ചരിത്രപശ്ചാത്തലത്തിന്റെ സവിശേഷതയും ഇരുരാജ്യങ്ങൾക്കും ഇപ്പോഴും പരസ്പരം ആശ്രയിക്കാതിരിക്കാൻ കഴിയാത്ത ആഗോള സാഹചര്യവും മൂലം ഇന്ത്യയും റഷ്യയും സൗഹാർദത്തിൽ തുടരാൻ തന്നെയാണ് സാധ്യത. ഇതിനിടയിൽ ഇരുകൂട്ടരും മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളും സഖ്യങ്ങളും വിപുലപ്പെടുത്തിയേക്കും. 

ശീതയുദ്ധകാലത്തെ ഇന്ത്യ– സോവിയറ്റ് സഹകരണത്തിന്റെ ഫലങ്ങൾ നമ്മുടെ ചരിത്രത്തിൽ നിന്നു മായ്ക്കാവുന്നതല്ല. സോഷ്യലിസത്തോടും ആസൂത്രിത വികസനത്തോടുമുള്ള പണ്ഡിറ്റ് നെഹ്റുവിന്റെ അഭിനിവേശമാണ് സോവിയറ്റ് യൂണിയനുമായുള്ള രാഷ്ട്രീയ– സാമ്പത്തിക ബന്ധത്തിന്റെ ആണിക്കല്ലായത്. അമ്പതുകളിൽ തുടങ്ങിയ ഈ ബന്ധം അറുപതുകളിൽ സൈനിക സഹകരണമായി. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിന് അസ്തിവാരമിട്ട സുപ്രധാന പദ്ധതികളും സ്ഥാപനങ്ങളും തുടങ്ങാനായത് സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ്. അരനൂറ്റാണ്ടിനു ശേഷവും അവ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു. 

modi-putin

സോവിയറ്റ് യൂണിയൻ നൽകിയ രാഷ്ട്രീയ പിന്തുണ ശക്തമായിരുന്നു. ആദ്യം കശ്മീർ പ്രശ്നത്തിലും പിന്നീട് ഇന്ത്യയുടെ ആണവ പദ്ധതിക്കും അവർ സർവാത്മനാ പിന്തുണ നൽകി. ബംഗ്ലദേശ് വിമോചനയുദ്ധത്തിൽ ഇന്ത്യയ്ക്കു കരുത്തായതും സൈനിക സഖ്യത്തോളം വളർന്ന ആ പിന്തുണയായിരുന്നു. കശ്മീർ, ഗോവ, ബംഗ്ലദേശ് പ്രശ്നങ്ങൾയുഎൻ വേദിയിൽ ഉന്നയിക്കപ്പെട്ടപ്പോൾ സോവിയറ്റ് യൂണിയൻ വീറ്റോ അധികാരം പ്രയോഗിച്ചതും മറക്കാവുന്നതല്ല. 

ഇന്ത്യയും ഇതിനെല്ലാം പ്രത്യുപകാരം ചെയ്തു. ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും അഫ്ഗാനിസ്ഥാനിലും സോവിയറ്റ് യൂണിയൻ സൈനികമായി ഇടപെട്ടപ്പോൾ നാം മൗനം പാലിച്ചു. ഈ നിർണായക സന്ധികളിൽ അവരെ പിന്തുണച്ച സോവിയറ്റ് ചേരിയിൽ ഉൾപ്പെടാത്ത ഏകരാജ്യം ഇന്ത്യയായിരുന്നു. അഫ്ഗാൻ പ്രശ്നത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാട് അമേരിക്കയെ മാത്രമല്ല, ഒട്ടേറെ ചേരിചേരാ രാജ്യങ്ങളെയും അലോസരപ്പെടുത്തി. 

ഇന്ത്യ– സോവിയറ്റ് സൗഹൃദത്തിന്റെ പ്രതാപകാലത്ത് 1974 മുതൽ 1977 വരെ ഞാൻമോസ്കോയിലുണ്ടായിരുന്നു. ഇക്കാലയളവിൽ 1974 ൽ ഇന്ത്യ ആണവപരീക്ഷണം നടത്തുകയും 1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. 1977 ൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി ജനതാപാർട്ടി അധികാരത്തിൽ വന്നത് സോവിയറ്റ് യൂണിയന് ആഘാതമായിരുന്നു. എങ്കിലും ഇവയൊന്നും ഉഭയകക്ഷി ബന്ധത്തെ ഉലച്ചില്ല. 

Vladimir Putin, Narendra Modi

ആണവപരീക്ഷണത്തിനു ശേഷമുള്ള തുടർവികസനത്തിൽ നിന്ന് ഇന്ത്യയെ വിലക്കാ‍ൻ സോവിയറ്റ് യൂണിയനും ആണവോപകരണ രാഷ്ട്ര സംഘത്തോടൊപ്പം ചേർന്നെങ്കിലും ഉഭയകക്ഷി സൗഹൃദം അഭംഗുരം തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് അവർ ഇന്ദിരാഗാന്ധിക്കു പൂർണപിന്തുണ നൽകി. ജനതാസർക്കാരിനെപ്പറ്റി മതിപ്പില്ലായിരുന്നുവെങ്കിലും വളരെവേഗം യാഥാർഥ്യം അംഗീകരിച്ച് സഹകരിച്ചു. മൊറാർജി ദേശായി സർക്കാർ ഇരു ശാക്തിക ചേരികളോടും സമദൂരം പാലിച്ച് ‘യഥാർഥ ചേരിചേരാ’ രാഷ്ട്രമായി നിലകൊള്ളാൻ ശ്രമിച്ചുനോക്കി. പക്ഷേ, ഫലത്തിൽ ഒന്നുമുണ്ടായില്ല. 

1979 ൽ മൊറാർജി മോസ്കോവിൽ പോയപ്പോൾ ഞാനും ഒപ്പമുണ്ടായിരുന്നു. മുൻ സർക്കാർ ഒപ്പുവച്ച ഇന്ത്യ– സോവിയറ്റ് ഉടമ്പടിയെ തള്ളിപ്പറയാൻ അദ്ദേഹം അന്ന്ശ്രമിച്ചു. എന്നാൽ, സോവിയറ്റ് യൂണിയനുമായുള്ള സൗഹൃദം നിർണായമാണെന്ന തിരിച്ചറിവോടെയായിരുന്നു മടക്കയാത്ര. ഇന്ത്യൻ ഗഗനചാരിയെ ബഹിരാകാശത്ത് അയയ്ക്കാമെന്ന വാഗ്ദാനം മൊറാർജി നിരസിച്ചതു മാത്രമായിരുന്നു അന്നത്തെ എടുത്തുപറയാവുന്ന സംഭവം. 

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ റഷ്യ നിലനിൽപ്പിനായി അമേരിക്കയുമായി ഒത്തുതീർപ്പിനു തയാറായി. ഇന്ത്യ– റഷ്യ ബന്ധത്തിലെ തണുപ്പൻ കാലഘട്ടമായിരുന്നു അത്. അപ്പോഴും ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികളും അനുബന്ധ ഉപകരണങ്ങളും അവർ നൽകിയിരുന്നു. വ്‍ളാഡിമിർ പുടിന്റെ നേതൃത്വത്തിൽ റഷ്യ ഉയർത്തെഴുന്നേറ്റതോടെ ബന്ധം വീണ്ടും ശക്തിപ്രാപിച്ചു. തൊണ്ണൂറുകളിൽ നമ്മുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അവരായിരുന്നു. 1998 ഇന്ത്യ വീണ്ടും ആണവപരീക്ഷണം നടത്തിയപ്പോൾ റഷ്യയും വിമർശനമുന്നയിച്ചെങ്കിലുംകരാറനുസരിച്ച് കൂടംകുളം നിലയം പൂർത്തിയാക്കുന്നതിൽ നിന്ന് അവർ പിന്മാറിയില്ല. ഒരു ആണവ അന്തർവാഹിനി ഇന്ത്യയ്ക്കു പാട്ടത്തിനു നൽകുകയും ചെയ്തു. 

Vladimir-Putin-and-Narendra-Modi

ഇന്ത്യ–യുഎസ് സിവിൽ ആണവകരാർ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടാൻ നമ്മെ സഹായിച്ചെങ്കിലും അതിന്റെ യഥാർഥ ഗുണഭോക്താക്കൾ റഷ്യയായിരുന്നു. ആണവ അപകടങ്ങൾ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാൻ നിർമാതാക്കളെ നിർബന്ധിതമാക്കുന്ന ‘ബാധ്യതാ കരാർ’ അംഗീകരിക്കാൻ മറ്റാരും തയാറായില്ല. അപ്പോഴും നേരത്തെ നിലവിലുണ്ടായിരുന്ന കരാറുകളുടെ അടിസ്ഥാനത്തിൽ റഷ്യയ്ക്ക് ഇളവു ലഭിച്ചു. 

പ്രതിരോധരംഗത്തു യുഎസുമായി സഹകരിക്കാൻ ഇന്ത്യ തീരുമാനിച്ചത് റഷ്യയ്ക്കും ചൈനയ്ക്കും തലവേദനയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇതിന്റെ പ്രചാരകനായത് അവർക്ക് അംഗീകരിക്കാനായില്ല. അതിന്റെ ആദ്യസൂചന പുറത്തുവന്നത് അമൃത്‍സറിൽ നടന്ന ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിലായിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനമല്ല, ഐഎസും അൽ ഖായിദയുമാണ് മുഖ്യഭീഷണിയെന്ന റഷ്യൻ പ്രതിനിധിയുടെ നിലപാടിൽ ആ നയംമാറ്റം പ്രതിഫലിച്ചു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി സഹകരിക്കാൻ റഷ്യ ഇന്ത്യയെ പ്രേരിപ്പിച്ചു. പുടിനും മോദിയുമായി സോച്ചിയിൽ നടത്തിയ ഉച്ചകോടിക്കോ വ്ലാഡിവോസ്റ്റോക്കിൽ മോദി നടത്തിയ സന്ദർശനത്തിനോ പാക്കിസ്ഥാനും ചൈനയുമായി അടുക്കാനുള്ള റഷ്യയുടെ തീരുമാനത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. 

കോവിഡ് സൃഷ്ടിച്ച സവിശേഷ പരിതസ്ഥിതിയിൽ റഷ്യ ചൈനയുമായി കൂടുതൽ അടുത്തു. പാക്കിസ്ഥാന് അവർ ആയുധങ്ങൾ നൽകാൻ തുടങ്ങി. പാക്കിസ്ഥാനുമായി ചേർന്ന് അവർ ഇന്ത്യൻ സമുദ്രത്തിൽ സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തി. ഇന്ത്യ– റഷ്യ വാർഷിക ഉച്ചകോടി കഴിഞ്ഞവർഷം നടന്നില്ല. ഇതേസമയം, ചൈനയുമായുള്ള ബന്ധം എക്കാലത്തെയുംമികച്ച നിലയിലാണെന്നു റഷ്യ വിശേഷിപ്പിച്ചു. 

ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ചൈന ആക്രമണം നടത്തിയപ്പോൾ റഷ്യ മധ്യസ്ഥതയ്ക്കു ശ്രമിച്ചിരുന്നു. എന്നാൽ, ഇന്ത്യയെ പിന്തുണയ്ക്കാൻ തയാറായില്ല. ചൈനയ്ക്കെതിരെ ആക്രമണോത്സുക നിലപാട് സ്വീകരിക്കുന്ന പാശ്ചാത്യരാഷ്ട്രങ്ങളോടൊപ്പമാണ് ഇന്ത്യ എന്നാണ് അവരുടെ വിലയിരുത്തൽ. യുഎസുംജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും ചേർന്ന് പുതുതായി രൂപംനൽകിയ ചതുർരാഷ്ട്രസഖ്യം (ക്വാഡ്) റഷ്യയെ പൂർണമായി ചൈനീസ് ക്യാംപിൽ എത്തിച്ചു. ക്വാഡ് ഏഷ്യയിലെ നാറ്റോ അല്ലാതെ മറ്റൊന്നല്ലെന്നാണ് ഇരുരാജ്യങ്ങളുടെയും നിലപാട്. ചുരുക്കത്തിൽ, ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തെയോ പാക്കിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനങ്ങളെയോ എതിർക്കാത്ത വിധം ചൈന, റഷ്യ, പാക്കിസ്ഥാൻ ബന്ധം വളർന്നുകഴിഞ്ഞിരിക്കുന്നു. 

Narendra-Modi-Vladimir-Putin

ഈ പശ്ചാത്തലത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‍റോവ് ഇന്ത്യയും പാക്കിസ്ഥാനും സന്ദർശിച്ചത്. ഇന്ത്യയിൽ നിന്നു പാക്കിസ്ഥാനിലേക്കു പോയ ലാവ്‍റോവ് കൂടുതൽ സമയം ചെലവഴിച്ചത് അവിടെയാണ്. ഇന്ത്യ–റഷ്യ സൗഹൃദം ശക്തവും പുരോഗമനപരവും കാലഘട്ടത്തിന്റെ വെല്ലുവിളി അതിജീവിച്ചതുമാണെന്ന് നമ്മുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വിശേഷിപ്പിച്ചപ്പോൾ, ഊഷ്മളവും സമഗ്രവും ഉൽപാദനപരവുമാണെന്നായിരുന്നു ലാവ്റോവിന്റെ വാക്കുകൾ.

അമേരിക്കയുടെ എതിർപ്പ് കണക്കിലെടുക്കാതെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള തീരുമാനവും പ്രസിഡന്റ് പുടിന്റെ ഇന്ത്യ സന്ദർശനവും റഷ്യയെ സന്തോഷിപ്പിച്ചേക്കാം. എങ്കിലും ഇന്ത്യ– റഷ്യ ബന്ധംഅത്ര നല്ല നിലയിലല്ലെന്ന് ലാവ്റോവിന്റെ വാക്കുകൾ സൂചന നൽകുന്നു. 

റഷ്യൻ വിദേശകാര്യമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിൽക്കാതെ പ്രധാനമന്ത്രിനരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. ഇസ്‍ലാമാബാദിലെത്തിയ ശേഷം ഇന്ത്യ–പാക്ക് ബന്ധം മെച്ചപ്പെടുത്താൻ ചർച്ചകൾ നടക്കുന്നതായി ലാവ്റോവ്വെളിപ്പെടുത്തി. ഇന്ത്യ ഇതു രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. 

ഉക്രൈൻ , ക്രീമിയ പ്രശ്നങ്ങളുടെ പേരിൽ റഷ്യ അമേരിക്കയുടെ സമ്മർദം നേരിടുന്നുണ്ട്. ഇതിന്റെ പേരിൽ ജോ ബൈഡൻ സർക്കാർ റഷ്യൻ നയതന്ത്രപ്രതിനിധികൾക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിനു പുറമേയാണ് പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ. ഇവയെല്ലാം അതിജീവിക്കണമെങ്കിൽ റഷ്യയ്ക്കു പുതിയ സഖ്യങ്ങളും പങ്കാളികളും കൂടിയേ തീരൂ. അതുപോലെ ഇന്ത്യയും പുതിയ പങ്കാളികളെ തേടുകയാണ്. 

മഹാമാരി സൃഷ്ടിച്ച സന്ദിഗ്ധാവസ്ഥ ലോകമെങ്ങും നിലനിൽക്കുകയാണ്. കലങ്ങിത്തെളിയാൻ സമയമെടുക്കും. അപ്പോഴും പഴയ ബന്ധങ്ങളും സമാന താൽപര്യങ്ങളുടെ പാരസ്പര്യവും അവശേഷിക്കുമെന്ന് കരുതാം.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.