ഇന്ത്യൻ വിദേശകാര്യ സർവീസിലെ എന്റെ സഹോദരങ്ങളുടെ ജീവൻ കോവിഡ് മഹാമാരിയിൽ തുടരെത്തുടരെ പൊലിയുന്നതു ഹൃദയഭേദകമാണ്.
വിദേശകാര്യ സർവീസ് താരതമ്യേന ചെറിയ വകുപ്പാണെങ്കിലും ജോലിയുടെ സവിശേഷത കൊണ്ട് ഞങ്ങൾ എല്ലാവരും പരസ്പരം കാണാറില്ല. ഞങ്ങളിൽ ഒരേ വിദേശ നയതന്ത്രകാര്യാലയത്തിൽ ഒരുമിച്ചു ജോലി ചെയ്തിട്ടുള്ളവർ ആത്മമിത്രങ്ങളായിരിക്കും. ഡൽഹിയിൽ ജോലി ചെയ്യുമ്പോൾ മിക്കവരും തമ്മിൽ ഔപചാരിക ബന്ധങ്ങളുണ്ടാവും. അതല്ലെങ്കിൽ സമ്മേളനങ്ങളിലോ മറ്റേതെങ്കിലും കൂട്ടായ്മകളിലോ വച്ച് ഉപചാരം പറഞ്ഞിട്ടുണ്ടാവാം. കുറെയേറെപ്പേരെ അറിയുന്നത്അവർ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അയയ്ക്കുന്ന റിപ്പോർട്ടുകളുടെ പേരിലായിരിക്കും. ഇങ്ങനെ പലതലങ്ങളിലുള്ള സൗഹൃദങ്ങൾ ആണെങ്കിലും ആരും അപരിചിതരാണെന്നു തോന്നാത്തവിധം ഞങ്ങൾക്കിടയിൽ പരസ്പര സ്നേഹവും ബഹുമാനവും ഐക്യവും നിലനിൽക്കുന്നു.
മരണത്തിന്റെയും രോഗങ്ങളുടെയും വാർത്തകൾ ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ഞങ്ങളുടെ ഗ്രൂപ്പ് മെയിലുകൾ ഞാൻ ഈയിടെ തുറക്കുന്നത് ചങ്കിടിപ്പോടെയാണ്. കോവിഡ് മരണങ്ങൾ വെറുങ്ങലിച്ച മനസ്സോടെ ഉൾക്കൊള്ളുമ്പോൾത്തന്നെ, അതോടൊപ്പമുള്ള ചില നമ്പറുകൾ കാണുമ്പോൾ ദേഹത്തു തരിപ്പുകയറാൻ തുടങ്ങും. ഓർമകൾ തിരമാലകൾ പോലെ ആഞ്ഞടിക്കും. യാത്രപറഞ്ഞ സഹജീവിയും കുടുംബവുമായുള്ള ഹൃദയബന്ധം നടുക്കവും സഹതാപമായി മാറും. പ്രകൃതിയുടെ എല്ലാ ക്രമവും അതിലംഘിച്ചുള്ള മരണത്തിന്റെ താണ്ഡവം കഥാവശേഷനാക്കിയത് ഇളംമുറക്കാരനാണെങ്കിൽ ദുഃഖവും നിസ്സഹായതയും ബാക്കിയാവും.

ബ്രൂണൈയിലെയും മൊസാംബിക്കിലെയും അൽജീരിയയിലെയും അംബാസഡറായിരുന്ന അശോക് അമ്രോഹിയുടെ മരണവാർത്ത ഇക്കൂട്ടത്തിൽ കണ്ടപ്പോൾ എനിക്കൊരു നടുക്കമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെങ്കിലും പൊതുസുഹൃത്തുക്കൾ വഴി പരസ്പരം അറിയാം. അദ്ദേഹം എന്നെക്കാൾ ചെറുപ്പമാണ്. കർമശേഷിയും വ്യക്തിവൈശിഷ്ട്യവും ഫലിതബോധവും മനുഷ്യത്വവും കൊണ്ട് ശ്രദ്ധേയനായയാൾ. പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ഞാനും സന്ദേശം അയച്ചു.
അശോകിന്റെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിറ്റേന്നാണ് അറിഞ്ഞത്. കോവിഡ് ലക്ഷണങ്ങൾ ഗുരുതരമായപ്പോൾ അദ്ദേഹത്തെ ഭാര്യയും മകനും ചേർന്ന് തലസ്ഥാന നഗരത്തിലെ പ്രശസ്ത സ്വകാര്യ ആശുപത്രിയായ മെദാന്തയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തിയശേഷം ഭാര്യ അശോകിനോടൊപ്പം പാർക്കിങ്ങിൽ കാറിൽ ഇരുന്നു. മകൻ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ റിസപ്ഷനിലേക്കു പോയി.
ആശുപത്രി അധികൃതരുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖമാണ് പിന്നീടു കണ്ടത്. കോവിഡ് രോഗിയെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ മകൻ തലങ്ങും വിലങ്ങും ഓടേണ്ടിവന്നു. ഇതിനെല്ലാം വേണ്ടിവന്നത് നിർണായകമായ 5 മണിക്കൂർ. കോവിഡ് ടെസ്റ്റ് നടത്താൻ മാത്രം ഒരു മണിക്കൂർ കാത്തുനിൽക്കേണ്ടിവന്നു. ഒടുവിൽ എല്ലാം പൂർത്തിയാക്കി അശോകിനെ ആശുപത്രിയുടെ അകത്തേക്കു പ്രവേശിപ്പിക്കുമ്പോഴേക്കും പ്രാണവായു കിട്ടാതെ ആ ജീവൻ പറന്നകന്നിരുന്നു. വിദഗ്ധ പരിചരണത്തിനായി മുറിയിലേക്കല്ല, ജീവൻപോയ നിലയിൽ മോർച്ചറിയിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.

ഇതിനിടെ കാറിൽ അശോകിനെ തനിച്ചിരുത്തി ഭാര്യ യാമിനി 3 തവണ ആശുപത്രി അധികൃതരുടെ മുന്നിലെത്തി അദ്ദേഹത്തിന്റെ രോഗാവസ്ഥ ബോധ്യപ്പെടുത്തി. പ്രവേശനനടപടി പൂർത്തിയാക്കാതെ ഡോക്ടർമാർ പരിശോധിക്കില്ലെന്ന നിലപാടിൽ അധികൃതർ ഉറച്ചുനിന്നതോടെ അവർ കരയുകയും ബഹളംവയ്ക്കുകയും ചെയ്തു. ഏറെ നേരത്തിനുശേഷം ആശുപത്രിക്കാർ നൽകിയ ഓക്സിജൻ സിലിണ്ടർ യാമിനി കൊണ്ടുപോയി ഘടിപ്പിച്ചെങ്കിലും എല്ലാം വൈകിപ്പോയിരുന്നു.
അശോകിന്റെത് ഒറ്റപ്പെട്ട സംഭവമല്ല. ലോകത്താകെ ആയിരക്കണക്കിനാളുകൾ ഈ വിധം ജീവൻ വെടിയേണ്ടിവന്നു. അവരിൽ സമ്പന്നരും ദരിദ്രരും യുവാക്കളും പ്രായമായവരുമുണ്ട്. കോവിഡിന്റെ ആദ്യ തരംഗം ഇന്ത്യ സാമാന്യം നന്നായി കൈകാര്യം ചെയ്തെങ്കിലും രണ്ടാം തരംഗത്തെക്കുറിച്ച് നമുക്കു വേണ്ടത്ര ധാരണയുണ്ടായില്ല. മഹാമാരി നേരിടാൻ വേണ്ട അവശ്യവസ്തുക്കളൊന്നും നമ്മുടെ കൈവശമില്ലാത്ത സ്ഥിതിയാണ്. മൃതദേഹങ്ങൾ മാന്യമായി സംസ്കരിക്കാൻ പോലും സൗകര്യങ്ങളില്ല. ഏതാനും മാസം മുൻപ് 92 രാജ്യങ്ങൾക്കു കോവിഡ് മരുന്നുകളും ഉപകരണങ്ങളും നൽകി ലോകത്തിന്റെ ഔഷധശാലയെന്ന സൽപ്പേര് നേടിയ രാജ്യത്തിന്റെ സ്ഥിതിയാണ് ഇതെന്നോർക്കണം. ഉത്തരേന്ത്യയിലെ ചില ശ്മശാനങ്ങളുടെ ചിത്രം ഡാന്റേ വിശേഷിപ്പിച്ച നരകത്തെ ഓർമിപ്പിക്കുന്നു.
സർവീസിൽ നിന്നു പിരിഞ്ഞ നയതന്ത്ര ഉദ്യോഗസ്ഥന്റെ ശിഷ്ടജീവിതത്തെക്കുറിച്ച് ചിന്തിക്കാനും ഇതൊരു അവസരമാണ്. 30 വർഷത്തോളം ലോകത്തിന്റെ പല ഭാഗങ്ങളിലായി ജോലി ചെയ്യേണ്ടിവരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന് അതിനകം നാട്ടിലെ ബന്ധങ്ങളെല്ലാം നഷ്ടമായിട്ടുണ്ടാകും. ഇക്കാലയളവിൽ വിദേശരാജ്യങ്ങളിൽ നിരവധി സൗഹൃദങ്ങൾ ലഭിക്കുമെങ്കിലും സർവീസിൽ നിന്നു പിരിയുന്നതോടെ അതുകൊണ്ടൊന്നും പ്രയോജനമുണ്ടാവില്ല. വീണ്ടും നാട്ടിലെത്തി താമസം തുടങ്ങുമ്പോൾ അടിസ്ഥാന വിഭവങ്ങളുണ്ടാവുമെങ്കിലും വാർധക്യകാലം സമാധാനത്തോടെ കഴിയാൻ അതുമാത്രം മതിയാവില്ല.
നയതന്ത്രപദവി നഷ്ടപ്പെടുന്നതോടെ മറ്റൊരു സ്ഥാനവും നേടിയെടുക്കാനായില്ലെങ്കിൽ ആരും ഗൗനിക്കില്ല. അല്ലെങ്കിൽ പണം അത്രയേറെ കൈവശമുണ്ടാകുകയോ അതിനുള്ള വഴി കണ്ടെത്തുകയോ വേണം. ഡൽഹിയിൽ അധികാരവും പണവുമില്ലാത്ത ആരും ആദരിക്കപ്പെടില്ല. മറ്റുള്ളവർ സർക്കാർ നൽകുന്ന പരിമിത സൗകര്യങ്ങളിൽ ഒതുങ്ങി മുഖ്യധാരയിൽ നിന്നകന്ന് ഏകാന്തജീവിതം നയിക്കേണ്ടിവരും.

സർവീസിൽ നല്ലൊരു കാലയളവ് ലോകത്തിന്റെ പല ഭാഗത്തായി ജോലി ചെയ്യേണ്ടിവരുന്ന നയതന്ത്ര ഉദ്യോഗസ്ഥൻ വിരുദ്ധ കാലാവസ്ഥയിൽ ജീവിച്ചേ മതിയാകൂ. മനസ്സിനും ശരീരത്തിനും തീരെ ഇണങ്ങാത്ത ഭക്ഷണക്രമവും ഇതിനിടെ ശീലിക്കേണ്ടിവരും. ഭിന്നസംസ്കാരങ്ങളുമായുള്ള ഇടപഴകലും ഒട്ടും എളുപ്പമല്ല. വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥരുടെ ആയുർദൈർഘ്യവും മരണനിരക്കും അതിർത്തിയിൽ ജോലിയെടുക്കുന്ന സൈനികരുടേതിനു തൊട്ടുതാഴെയാണെന്നു പറയപ്പെടുന്നു.
സർവീസ് കാലയളവിൽ സായുധ ആക്രമണങ്ങൾ നേരിടേണ്ടിവരുന്നവരും കുറവല്ല. ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ചികിത്സയും ഇവരുടെ വാർധക്യം ദുരിതപൂർണമാക്കുന്നു. കെനിയയിൽ വച്ച് രാഷ്ട്രീയ പ്രേരിതമായ സായുധാക്രമണത്തിനിരയായ എന്റെ കാലിലും കയ്യിലും ഇപ്പോഴും ലോഹപ്ലേറ്റുകളുണ്ട്. ന്യൂയോർക്കിൽ എസ്.വി. പുരുഷോത്തം എന്ന യുവ ഓഫിസർ അകാലത്തിൽ മരിക്കാൻ ഇടയാക്കിയത് നിരന്തര യാത്രകൾ മൂലമുള്ള ജെറ്റ് ലാഗ് വരുത്തിവച്ച ശാരീരിക പ്രശ്നങ്ങളായിരുന്നു. അതുകൊണ്ടു തന്നെ വിരമിച്ച നയതന്ത്ര ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം വിവേചനമായി ആരുംകരുതില്ലെന്ന് ആശിക്കാം.

അശോകിന്റെ മരണം സർക്കാരിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇന്ത്യൻ ഫോറിൻ സർവീസ് അസോസിയേഷൻ ഇതിനുള്ള നിർദേശങ്ങൾ തയാറാക്കുന്നുണ്ടെങ്കിലും അതു നടപ്പാവണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പൂർണപങ്കാളിത്തം വേണം. സർവീസിൽ നിന്നു പിരിഞ്ഞ സൈനികോദ്യോഗസ്ഥരും പൊലീസുകാരും ഇക്കാര്യത്തിൽ കൂടുതൽ ഭാഗ്യവാന്മാരാണ്. സർവീസിലുള്ള ഉദ്യോഗസ്ഥർ പിരിഞ്ഞുപോയ മുതിർന്നവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സദാ സന്നദ്ധതയുള്ളവരാണ്. സമാനമായ ഒരു സംവിധാനം നയതന്ത്ര ഉദ്യോഗസ്ഥരുടെ കാര്യത്തിലും രൂപപ്പെടണം.
അശോകിന്റെ മരണം നരഹത്യയല്ലാതെ മറ്റൊന്നല്ല. മെദാന്ത ആശുപത്രിയിൽ ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം. ഇതിനു പുറമേ, അദ്ദേഹത്തിന്റെ ആശ്രിതർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം. ഈ വൈകിയ വേളയിൽ അതെങ്കിലും ആ കുടുംബത്തിന് ആശ്വാസമേകട്ടെ.