ലക്ഷദ്വീപ്: സുരക്ഷാ ആശങ്കകൾ പ്രസക്തം

lakshadweep
SHARE

രിസ്ഥിതി സംരക്ഷണവും വികസനസങ്കൽപങ്ങളും തമ്മിലുള്ള വൈരുദ്ധവും സംഘർഷവുമാണ് ലക്ഷദ്വീപിനെക്കുറിച്ച് നടക്കുന്ന ചർച്ചകളുടെയും വിവാദത്തിന്റെയും അടിസ്ഥാനം. ദ്വീപുനിവാസികളുടെ സാംസ്കാരികത്തനിമയും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന ആവശ്യത്തിലൂന്നി കേരളത്തിലും സംവാദം കൊഴുക്കുന്നു. വികസനത്തിന്റെ പേരിലുള്ള ഏതു നിയന്ത്രണവും നാട്ടുകാരെ ബാധിക്കുന്നതാണെങ്കിൽ അവരുടെ സമ്മതത്തോടെ വേണമെന്നതിൽ തർക്കമില്ല. അവിടത്തെജനാധിപത്യ സ്ഥാപനങ്ങളുമായി ചർച്ചചെയ്ത ശേഷം മാത്രമേ അത്തരം കാര്യങ്ങളിൽ അവസാന തീരുമാനമെടുക്കാവൂ. 

പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മിൽ സന്തുലനം അനിവാര്യമാണ്. ഒരു ജനതയുടെ നൈസർഗിക ശേഷി അവരുടെ ജീവിതരീതിയെയും ഭക്ഷണ സംസ്കാരത്തെയും ഭാഷയെയുംആശ്രയിച്ചിരിക്കുന്നുവെന്ന വസ്തുത മറക്കരുത്. ദ്വീപുനിവാസികളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പരിഷ്ക്കാരങ്ങൾ നടപ്പാക്കുമ്പോഴും ഇക്കാര്യം ഭരണാധികാരികളുടെ മനസ്സിലുണ്ടാവണം. ജനാഭിലാഷം അറിഞ്ഞാൽ മാത്രമേ ഏതു പരിഷ്ക്കാരവും ഫലവത്താകൂ. 

ഇന്ത്യൻ മഹാസമുദ്രത്തിലെ ‘ബ്യൂട്ടി സ്പോട്ട്’ ആയി കണക്കാക്കാവുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. രാജ്യം സ്വതന്ത്രമായതോടൊപ്പം ബ്രിട്ടിഷുകാർ വിട്ടുതന്ന ഈ ഭൂപ്രദേശം നമ്മുടെ രാജ്യത്തിന്റെ തുടർച്ച തന്നെയാണ്. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെപ്പോലെ വികസനപദ്ധതികൾ അവിടെയും നടപ്പാക്കണം. കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന പ്രദേശമെന്ന നിലയിൽ ഇക്കാര്യത്തിൽ അവർക്കു മുൻഗണന നൽകുകയാണു വേണ്ടത്. ജനസംഖ്യ കുറവായതിനാൽ ചെറിയ മുതൽമുടക്കു പോലും വലിയതോതിൽ അവർക്കു ഗുണംചെയ്യും. 

Lakshadweep

36 ദ്വീപുകളിൽ 10 എണ്ണത്തിൽ മാത്രമേ ജനവാസമുള്ളൂ. ആകെ ജനസംഖ്യ വെറും 65,000. നമ്മുടെ ഒരു ജില്ലാ ആസ്ഥാനത്തെ ശരാശരി സംഖ്യ. ജനസംഖ്യാ വളർച്ച 6% മാത്രം. ദേശീയ ശരാശരി 17% ആണെന്നോർക്കണം. അതേസമയം, ദ്വീപുകളുടെ തീരപ്രദേശം 20,000 കിലോമീറ്റർ വരും. ദ്വീപുകളുടെ ചുറ്റുമുള്ള 4 ലക്ഷം കിലോമീറ്റർ പ്രദേശം നമ്മുടെ രാജ്യത്തിന്റെ ‘എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ’ ആണ്. 

സുരക്ഷാകാരണങ്ങളാൽ അടുത്തകാലത്തു ലക്ഷദ്വീപിന് സവിശേഷ പ്രാധാന്യം കൈവന്നു. ആഗോള തലത്തിൽ ചൈന നേടിയ വൻ വളർച്ചയും ഇന്ത്യൻ മഹാസമുദ്രത്തിലും പസിഫിക്കിലും ആധിപത്യമുറപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളുമാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. നിർണായകമായ ഈ ഘട്ടത്തിൽ കിഴക്കൻ സമുദ്രത്തിൽ ആൻഡമാനും പ‌ടിഞ്ഞാറ് ലക്ഷദ്വീപും നമ്മുടെ ദിക്പാലകരായി നിലകൊള്ളുന്നു. ഫലത്തിൽ അവ രണ്ടും ഇന്ത്യയുടെ 2 വിമാനവാഹിനികളാണ്. വൻ നാവികത്താവളങ്ങളായി ഈ ദ്വീപുകൾ വികസിപ്പിക്കാൻ നമുക്കു കഴിയും. 

ലക്ഷദ്വീപിൽ ഇപ്പോൾ നാവികസേനയ്ക്ക് പരിമിതമായ സൗകര്യങ്ങളേയുള്ളൂ. പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ അതു മതിയാകില്ല. ചൈനയെ നേരിടാനെന്നവണ്ണം ഇന്ത്യയും യുഎസും ജപ്പാനും ഓസ്ട്രേലിയയും ചേർന്ന് രൂപം നൽകിയിട്ടുള്ള ചതുർരാഷ്ട്ര സഖ്യത്തിന് (ക്വാഡ്) സംയുക്ത സൈനികാഭ്യാസങ്ങൾ നടത്താനും വേണ്ടസമയത്തു വിന്യസിക്കാൻ തക്കവണ്ണം സാമഗ്രികൾ സൂക്ഷിക്കാനും സൗകര്യങ്ങൾ ഒരുക്കണം. അതു ലഭ്യമാക്കിയാൽ മാത്രമേ ഇത്തരമൊരു സഖ്യം കൊണ്ട് നമ്മുടെ രാജ്യത്തിനു ഗുണം ലഭിക്കൂ. 

Lakshadweep

രാജ്യാന്തര തലത്തിൽ ‘9 ഡിഗ്രി ചാനൽ’ എന്നറിയപ്പെടുന്ന സമുദ്ര വാർത്താവിനിമയ സംവിധാനം ദ്വീപുകൾക്ക് സമീപത്താണ്. ഫണലിന്റെ രൂപത്തിൽ 200 കിലോമീറ്ററോളം വിസ്താരം വരുന്ന ഈ പ്രദേശം പേർഷ്യൻ ഗൾഫിനെയും ഈസ്റ്റ് ഏഷ്യയെയും ബന്ധിപ്പിക്കുന്ന നിർണായക സ്ഥാനമാണ്. കൊച്ചി ആസ്ഥാനമായുള്ള ഇന്ത്യയുടെ സൗത്ത് വെസ്റ്റേൺ നേവൽ കമാൻഡ് ഈ മേഖലയിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളെ സദാ നിരീക്ഷിക്കുന്നു. കടൽക്കൊള്ളയും മറ്റ് നിയമവിരുദ്ധ നീക്കങ്ങളും അവരുടെ കണ്ണിൽപെടാതെ പോകില്ല. 

യുഎസ് നാവികസേനയുടെ ഏഴാം കപ്പൽപടയിലെ ഒരു വ്യൂഹം അടുത്തകാലത്തു ലക്ഷദ്വീപിനു 130 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തുകൂടി കടന്നുപോയി. നമ്മുടെ സമുദ്ര പരിധി ലംഘിച്ചു നടത്തിയ ഈ കപ്പൽപരേഡ്, സമുദ്രയാത്രാ സ്വാതന്ത്ര്യം നിലനിർത്താനുള്ള നടപടികളുടെ ഭാഗമാണെന്നായിരുന്നു അവരുടെ വിശദീകരണം. ഇത്തരമൊരു നടപടിക്കു മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന ഇന്ത്യയുടെ നിബന്ധനരാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമല്ലെന്നും അവർ വാദിച്ചു. ഒരു ഭാഗത്ത് ബന്ധം മെച്ചപ്പെടുന്നതിനിടെ യുഎസ് സേന നടത്തിയ ഈ കടന്നുകയറ്റം ഇന്ത്യയെ അലോസരപ്പെടുത്തി. നയതന്ത്രതലത്തിൽ ഇതിലുള്ള നീരസം അറിയിക്കുകയും ചെയ്തു. 

സമുദ്രാതിർത്തി സംബന്ധിച്ച് സമാന നിലപാടുള്ള ചൈനയ്ക്ക് ഒരു മുന്നറിയിപ്പ് നൽകുകയായിരുന്നു യുഎസ് എന്ന വാദവും ഇതിനിടെ ഉയർന്നു. അങ്ങനെയെങ്കിൽപ്പോലും അതിന് ഇന്ത്യയെ കരുവാക്കുന്നതിനെ എതിർക്കുകതന്നെ വേണം. രാജ്യാന്തര നിയമം അനുവദിക്കുന്ന എവിടെയും വിമാനങ്ങൾ പറത്താനും കപ്പലോടിക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു ജോ ബൈഡൻ സർക്കാരിന്റെ വിശദീകരണം. മല്ലത്തരം ന്യായീകരിക്കാൻ അമേരിക്ക ചൂണ്ടിക്കാട്ടുന്ന രാജ്യാന്തര സമുദ്രനിയമത്തിൽ അവർ ഒപ്പുവച്ചിട്ടില്ലെന്നതാണ് വൈരുദ്ധ്യം. ഈ സംഭവവും ലക്ഷദ്വീപിന്റെ തന്ത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. 

ദക്ഷിണ ചൈന കടലിൽ ആധിപത്യം സ്ഥാപിക്കാ‍ൻ ശ്രമിക്കുന്ന ചൈന അവിടെ കഴിയുന്നത്ര കൃത്രിമ ദ്വീപുകൾ നിർമിക്കാനുള്ള യത്നത്തിലാണ്. ഇവയുടെയെല്ലാം തീരവും എക്സ്ക്ലൂസീവ് ഇക്കണോമിക് സോണും (സാമ്പത്തികാധികാര മേഖല) ചേരുമ്പോൾ സമുദ്രമാകെ കൈപ്പിടിയിലാക്കി നിയന്ത്രിക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. ഇതേ ലക്ഷ്യങ്ങളോടെ ലക്ഷദ്വീപിനു സമീപത്തായി പുതിയ ദ്വീപുകൾ നിർമിക്കുന്നതിനെക്കുറിച്ച് നമുക്കും ആലോചിക്കാവുന്നതാണ്. കുറഞ്ഞപക്ഷം ലക്ഷദ്വീപ് ഒരു നാവികകേന്ദ്രമായി വികസിപ്പിക്കുകയെങ്കിലും വേണം. ഇതിലൂടെ കൈവരുന്ന തൊഴിലവസരങ്ങൾ ദ്വീപുനിവാസികൾക്കും ഗുണം ചെയ്യും. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ അവരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തും. പസിഫിക്കിലെയും കരീബിയൻ മേഖലയിലെയും പല ദ്വീപുകളും ഇപ്പോഴും പഴയ കൊളോണിയൽ യജമാനന്മാർ തന്നെഭരിക്കുന്നതിനു കാരണം സ്വതന്ത്രരാജ്യമായി അവർക്കു നിലനിൽക്കാൻ കഴിയാത്തതുകൊണ്ടാണ്. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങളുടെ നിലപാട് എക്കാലത്തും ഇരട്ടത്താപ്പാണ്. അവർ ചെയ്തതുപോലെ ചെയ്യരുതെന്നാണ് ഉപദേശിക്കുന്നത്. പകരം അവരുടെ നിർദേശം അനുസരിച്ച് നാം ചെയ്യണം. അവർ പുറന്തള്ളുന്ന വ്യവസായ മാലിന്യങ്ങളും ഹരിതഗൃഹവാതകങ്ങളും ആഗിരണം ചെയ്ത് നിർവീര്യമാക്കാനുള്ള കേന്ദ്രങ്ങളായി നമ്മുടെ നിത്യഹരിതവനങ്ങളും ജലസ്രോതസ്സുകളും നിലനിൽക്കണം. ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള അവരുടെ സമ്പദ്ഘടനയെ താങ്ങിനിർത്താനും പരിപോഷിപ്പിക്കാനും അന്നാടുകളിലെ ഉയർന്ന ജീവിതനിലവാരം മുന്നോട്ടുകൊണ്ടുപോകാനും അതേ വഴിയുള്ളൂ. ഭൂട്ടാൻ രാജാവ് മുമ്പൊരിക്കൻ ഒരു പാശ്ചാത്യവിദഗ്ധനോട് പറഞ്ഞത് ഞാൻ ഓർത്തുപോകുകയാണ്. ‘മൃഗശാലയിലെ ജീവികളെ പേടികൂടാതെ കാണുന്നതിനുവേണ്ടി ചുറ്റും വേലികെട്ടാൻ പറയുന്നതിനു തുല്യമാണ് നിങ്ങളുടെ ഉപദേശം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

പക്ഷേ, ഭൂട്ടാൻ സ്വീകരിച്ച സുസ്ഥിര വികസന മാതൃക ശ്രദ്ധേയമായിരുന്നു. കാർബൺ രഹിത ബഹുമതി നേടിയ ഏക രാജ്യമാണ് അവർ. ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇതേ മാതൃക നമുക്കു സ്വീകരിക്കാം. ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ ജനങ്ങളുടെ താൽപര്യവും രാജ്യത്തിന്റെ സുരക്ഷയും മുൻനിർത്തിയാകട്ടെ തീരുമാനങ്ങൾ.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.