ആർക്കും വഞ്ചിക്കാവുന്ന വരേണ്യവർഗം; വെളിവാകുന്നത് മലയാളിയുടെ ദൗർബല്യം

Monson-Mavunkal-house
SHARE

സ്വർണക്കടത്തും ബാങ്ക് തട്ടിപ്പും ബലാത്സംഗവും ഗാർഹിക പീഡനവും കേരളത്തിൽ നിന്നുള്ള സ്ഥിരം വാർത്താ പംക്തികളാകാൻ തുടങ്ങിയതോടെ നമ്മുടെ പ്രതിച്ഛായ വളരെ മോശമായിരുന്നു. ആരെയും വശത്താക്കി ലക്ഷ്യം നേടുന്ന വിലാസവതികളായ സ്ത്രീകളും ആവർത്തിക്കുന്ന കൂട്ട ആത്മഹത്യകളും ഇവിടെ സ്ഥിരം വാർത്തകളാണല്ലോ. എന്നാൽ, ഇതിനെയെല്ലാം ലജ്ജിപ്പിക്കുന്ന തട്ടിപ്പാണ് പുരാവസ്തുക്കച്ചവടത്തിന്റെ പേരിൽ നടന്നതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസവും ഉദ്യോഗവും സാമ്പത്തിക സ്ഥിതിയുമുള്ള കേരളത്തിലെ വരേണ്യവർഗം ആർക്കും വഞ്ചിക്കാവുന്ന പൊട്ടന്മാരാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുകയാണ്. 

മോശയുടെ അംശവടിയും ശ്രീകൃഷ്ണൻ വെണ്ണ കട്ടുതിന്നിരുന്ന കുടവും യൂദാസിന്റെ വെള്ളിക്കാശും ക്രിസ്തുദേവന്റെ ശവക്കച്ചയും ഉൾപ്പെടെയുള്ള ‘പുരാവസ്തു’ക്കളോട് ഇക്കൂട്ടർ കാണിച്ച താൽപര്യവും അഭിനിവേശവും ആരാധനയും അദ്ഭുതാവഹമായിരുന്നു. സ്വർഗത്തിൽ ഹവ്വ ഉടുക്കുന്ന അത്തിയില മാത്രമേ അക്കൂട്ടത്തിൽ കാണാതിരുന്നുള്ളൂ. ചുളുങ്ങിയ ഒരിലയ്ക്കും ഒരുപക്ഷേ കോടികൾ വില ലഭിക്കുമായിരുന്നു. 

Monson-Walking-Stcik

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ചങ്ങാതിമാരും രക്ഷാധികാരികളുമാക്കി, ഡോക്ടറായും പ്രചോദനാത്മക പ്രസംഗകനായും സാംസ്കാരിക പ്രവർത്തകനായും കലോപാസകനായും വേഷംകെട്ടിയ ഒരാൾ നമ്മുടെ സമൂഹത്തെ വർഷങ്ങളോളം വിഡ്ഢികളാക്കി. ഹോളിവുഡിലെയും ബോളിവുഡിലെയും ക്രൈം ത്രില്ലറുകളെ വെല്ലുന്നകുറ്റകൃത്യമാണ് ഇവിടെ അരങ്ങേറിയത്. പുരാവസ്തുക്കൾ വില കൂട്ടി വിറ്റു നടത്തിയ തട്ടിപ്പുകളെക്കുറിച്ച് മുമ്പും കേട്ടിട്ടുണ്ട്. എന്നാൽ, ചരിത്രാതീതകാലത്തെ വസ്തുക്കൾ കൃത്രിമമായി നിർമിച്ചു വിൽപന നടത്തിയതും അതിന്സമൂഹത്തിലെ ഉന്നതശ്രേണിയിൽ വിഹരിക്കുന്നവരെ കൂട്ടുപിടിച്ചതും ക്രൈം ത്രില്ലറുകൾക്കുപോലും പ്രമേയമായിട്ടില്ല. 

monson-ivory-1248
വ്യാജക്കൊമ്പ്: മോൻസൻ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ഇരിപ്പിടത്തിന് ഇരുവശവും സ്ഥാപിച്ചിരുന്ന ആനക്കൊമ്പു പോലെയുള്ള വസ്തു. ഇത് ആനക്കൊമ്പല്ലെന്ന് വനംവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞു.

തട്ടിപ്പുകാരനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടും ന‌‌ടപടി സ്വീകരിക്കാതിരുന്ന പൊലീസിന് ഒടുവിൽ കോടതിയുടെ ഇടപെടലിനെത്തുടർന്ന് പ്രതിയെഅറസ്റ്റ് ചെയ്യേണ്ടിവന്നു. അതിനു മുൻപ് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ അയാളുടെ അപദാനങ്ങൾ വാഴ്ത്തുന്ന ആഘോഷങ്ങളും അരങ്ങുതകർത്തു. ബോളിവുഡ് സ്റ്റൈലിൽത്തന്നെ! 

തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയതോടെ, ഇയാളുടെ ഒപ്പംനിന്നു പടമെടുക്കാൻ മത്സരിച്ച മാന്യന്മാർ സൂത്രത്തിൽ അണിയറയിലേക്കു പിന്മാറി. 

മറ്റെല്ലാ തട്ടിപ്പുകളുടെയും പരിസമാപ്തിയേ ഇവിടെയും സംഭവിക്കാനിടയുള്ളൂ. ഇപ്പോഴത്തെ ബഹളവും മാധ്യമശ്രദ്ധയും അധികദിവസമുണ്ടാവില്ല. അതു കഴിയുമ്പോൾ മുഖ്യപ്രതിക്ക് ഏതെങ്കിലും കേസുകൾ ഏതാനും വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചേക്കാം. ഇതിനെല്ലാം കൂട്ടുനിന്നവർ തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കപ്പെടും. കേസന്വേഷണത്തിൽ കേരളസർക്കാരിന്റെ തണുപ്പൻ നയം ഒന്നും അറിയാതെയല്ല. കൂടുതൽ ആവേശം കുഴപ്പമാകുമെന്ന് അവർക്കറിയാം. പ്രതിപക്ഷം മാത്രമല്ല, സർക്കാർ നിയമിച്ച ചിലരും പെട്ടുപോയേക്കാം. 

monson-mavunkal-house

നിയമപാലനത്തിന്റെ ചുമതലയുള്ള ഉന്നതരും ഏതാനും രാഷ്ട്രീയ നേതാക്കളും ഈ തട്ടിപ്പിന് ഇരയായി എന്നതാണ് എന്നെ അസ്വസ്ഥനാക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അവരെന്നോർക്കണം. ഈ തട്ടിപ്പുകാരനെക്കുറിച്ച് അവർക്കു സംശയം തോന്നിയില്ലെന്നത് അവിശ്വസിനീയമാണ്. പ്രതിയുടെ പലവിധ ആനുകൂല്യം കൈപ്പറ്റിയാണോ ഇവർ അയാൾക്കു സംരക്ഷണമൊരുക്കിയതെന്ന ആശങ്ക ഇവിടെ ബാക്കിയാകുന്നു. 

കേരളത്തിലെ ഉയർന്ന സാക്ഷരതയെയും നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരുടെ പ്രതിച്ഛായയെയും ഈ വിവാദം കളങ്കപ്പെടുത്തി. 

ഡൽഹിയിലെ കോളജുകളിൽ പ്രവേശനം തേടിയ നമ്മുടെ കുട്ടികൾ ഇതിന് ഇരയായതായി കാണാം. പല കോളജുകളും ഇവിടെ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ സംശയത്തോടെയാണ് കണ്ടത്. അനർഹമായി ലഭിച്ചതെന്ന മുൻവിധിയോടെ, ഇവിടെ നിന്ന് അപേക്ഷിച്ച കുട്ടികളുടെ മാർക്ക് കുറച്ചാണ് ചില കോളജുകൾ റാങ്ക് ലിസ്റ്റ് തയാറാക്കിയത്. 100% മാർക്ക് ലഭിച്ചിട്ടും ഡൽഹിയിലെമികച്ച കോളജിൽ മകൾക്കു പ്രവേശനം ലഭിച്ചില്ലെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. ഈ ചീത്തപ്പേരിന്റെ പ്രത്യാഘാതം ഉടൻ അവസാനിക്കുന്നതല്ല. നമ്മുടെ ചെറുപ്പക്കാർക്ക് മറുനാട്ടിൽ മികച്ച ജോലി കിട്ടുന്നതിന് ഇതു തടസ്സമായേക്കാം. 

monson-vadi

ഇത്തരം വിവാദങ്ങളും തട്ടിപ്പുകളും ഇവിടത്തെ ബിസിനസുകളെയും പ്രതികൂലമായിബാധിക്കും. വിശ്വസിക്കാൻ കൊള്ളാത്തവർ എന്നു വന്നാൽ, നമ്മുടെ സംരംഭകരുമായി കൂട്ടുചേരാൻ മറ്റുള്ളവർ മടിക്കും. ഇവിടെ എന്നും ചാകരയാണെന്ന് കരുതുന്ന അന്യനാടുകളിലെ തട്ടിപ്പുകാർ കേരളം ആസ്ഥാനമാക്കുകയും ചെയ്യും. എങ്ങനെയും പണമുണ്ടാക്കാൻ വേണ്ടി എന്തും ചെയ്യുന്നവരാണ് കേരളത്തിലുള്ളതെന്ന പ്രതിച്ഛായ, നാം ഇതിനകം നേടിയ എല്ലാ മേന്മകളെയും സാമൂഹിക വികാസത്തിന്റെ സൂചകങ്ങളെയും അപ്രസക്തമാക്കും. ഏതാനും വ്യക്തികളുടെ ദുഷ്ടബുദ്ധി നമ്മുടെ സമൂഹത്തെയാകെ കളങ്കപ്പെടുത്തും. 

തീരുമാനമെടുക്കാൻ കഴിവില്ലാവരാണ് നമ്മുടെ നാട്ടുകാരെന്ന് മലയാളി തന്നെയായ ഒരു ചരിത്രകാരൻ എന്നോടു പറഞ്ഞു. സമർഥരായ ധാരാളംപേർ ഇവിടെയുണ്ട്. പക്ഷ, നാളെ എന്തെന്നു ചിന്തിക്കാതെയാണ് നാം തീരുമാനങ്ങളെടുക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉയർന്ന ബുദ്ധിശേഷിയും വിദ്യാഭ്യാസവുമുള്ളവർ നാടുവിട്ടുപോകുന്നതു മൂലമുള്ള മസ്തിഷ്ക ചോർച്ച മാത്രമല്ല, നൈപുണ്യ ശോഷണം കൂടിയാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് ഒരു ബഹുരാഷ്ട്ര സ്ഥാപനത്തിലെ സാമ്പത്തിക വിദഗ്ധൻ അഭിപ്രായപ്പെട്ടു. മത്സരശേഷിയില്ലാത്ത, കഴിവുകെട്ട ഒരു യുവതലമുറയാണ് ഇവിടെ വളർന്നുവരുന്നത്. 

Monson-Mavunkal-Loknath-Behera-1248-27
മോൻസൺ മാവുങ്കൽ (ഇടത്), ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും മോൻസന്റെ മ്യൂസിയത്തിൽ എത്തിയപ്പോൾ (വലത്)

ഇപ്പോഴത്തെ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ അല്ല അവർ ഇങ്ങനെ പറഞ്ഞത്. പുരാവസ്തു തട്ടിപ്പും മറ്റും ഒറ്റപ്പെട്ട സംഭവങ്ങളായേക്കാം. പക്ഷേ, ഇവയുടെയെല്ലാം ഫലസൂചനയായി കണക്കാക്കാവുന്നത്, ആർക്കും എളുപ്പം വഞ്ചിക്കാവുന്ന ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു എന്നതാണ്. സാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച കാലത്തും കൊച്ചിയിലെ വീട്ടിൽ പ്രദർശിപ്പിച്ചിരുന്ന പുരാവസ്തുക്കൾ യഥാർഥമാണോ എന്ന് ആരും യുക്തിപൂർവം ചിന്തിച്ചില്ല. ഒരു സാങ്കേതിക വിദഗ്ധനും ഇവിടെ സത്യാന്വേഷകനായില്ല. ഈ കളങ്കം എളുപ്പം മായില്ല. കേരളത്തിലെ വരേണ്യവർഗം ഇത്രയേറെ തുറന്നുകാട്ടപ്പെട്ട മറ്റൊരു സന്ദർഭം ഇതിനു മുൻപുണ്ടായിട്ടില്ല. 

പുരാവസ്തുക്കളുടെ പേരിലുള്ള തട്ടിപ്പ് ഇവിടെ മാത്രമല്ലെന്നതാണ് മലയാളിക്ക് ആശ്വാസം പകരുന്നത്. ന്യൂയോർക്കിൽ വർഷങ്ങളായി വ്യാജപുരാവസ്തുക്കൾകച്ചവടം ചെയ്തിരുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കേരളത്തിലേപ്പോലെ ലക്ഷണമൊത്ത തട്ടിപ്പുതന്നെ. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA