ക്ലാസിക് കമ്യൂണിസത്തെ പുൽകാൻ വീണ്ടും ചൈന

china
SHARE

നാൽപതു വർഷം മുതലാളിത്ത– മൂലധനശക്തികളെ കയറൂരിവിട്ട് ലോകത്തു രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളർന്ന ചൈന ‘പൊതുസമൃദ്ധി’യുടെ മേന്മ തിരിച്ചറിയുന്നു. സമ്പദ്ഘടനയുടെ നിർണായക മേഖലകളിൽ ഭരണകൂടത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചും പടുകൂറ്റൻ വ്യവസായ സ്ഥാപനങ്ങളുടെ ചിറകരിഞ്ഞും അവർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങൾ ഈ നിഗമനത്തിലേക്കാണ് വിരൽചൂണ്ടുന്നത്. രാജ്യത്തു നിലവിലുള്ള അഭൂതപൂർവമായ സാമ്പത്തിക കുഴപ്പങ്ങളാണോ അവരെ ഇതിനു നിർബന്ധിതരാക്കിയതെന്നു വ്യക്തമല്ല. 

വളർച്ചാ മാന്ദ്യവും റിയൽ എസ്റ്റേറ്റ് തകർച്ചയും വൈദ്യുതി പ്രതിസന്ധിയും കമ്യൂണിസ്റ്റ് പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം പ്രസിഡന്റ് ഷി ചിൻ പിങ്ങിന്റെയും സഹപ്രവർത്തകരുടെയും ഉറക്കം കെടുത്തുന്നുണ്ട്. കോവിഡ് മഹാമാരിയും ഇന്തോ– പസിഫിക് മേഖലയിലെ പ്രശ്നങ്ങളും ലഡാക്കിലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും തായ്‍വാനെ കീഴടക്കാനുള്ള നീക്കവും ഹോങ്കോങ്ങിലെ ഏകാധിപത്യ നടപടികളുമെല്ലാം ചൈനീസ് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മൂന്നാം ഊഴത്തിനു ശ്രമിക്കുന്ന ഷി നേരിടുന്ന മറ്റു വെല്ലുവിളികളാണ്. 

china-flag

ചൈനയി‍ൽ നിന്നു കേൾക്കുന്ന കഥ ഇങ്ങനെയാണ്: കഴിഞ്ഞ ജൂണിൽ പ്രസിഡന്റ് ഷി ഏതാനും സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചപ്പോൾ സ്വകാര്യ ടൂഷനു വേണ്ടിവരുന്ന ഭീമമായ ചെലവ് ചർച്ചയായി. ഇത് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പൊതുവിദ്യാലയങ്ങളിലെ അധ്യയന സംവിധാനത്തെ അപ്രസക്തമാക്കിക്കൊണ്ട് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ വളരുന്നതു തടയുന്നതിനുള്ള നടപടികൾക്കു തുടക്കമിട്ടത് അവിടെ നിന്നാണ്. 

ഇതുമായി ബന്ധപ്പെട്ട വൻ സ്ഥാപനങ്ങൾക്കെതിരെ താമസിയാതെ രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ കടുപ്പിച്ചു. ട്യൂഷൻ സ്ഥാപനങ്ങൾ ലാഭരഹിതമായി പ്രവർത്തിക്കണമെന്ന നിയമഭേദഗതി അവയുടെ നട്ടെല്ലൊടിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ച വമ്പന്മാർ കിട്ടിയ വിലയ്ക്ക് ഓഹരികൾ വിറ്റഴിച്ചതോടെ ചൈനീസ് ഓഹരിവിപണിക്കുണ്ടായ നഷ്ടം ഒന്നരലക്ഷം കോടി ഡോളറായിരുന്നു. 

china-flag

സമൂഹത്തിൽ കുറച്ചുപേർക്ക് കൂടുതൽ പണമുണ്ടായതു കൊണ്ട് കുഴപ്പമൊന്നുമില്ലെന്ന ഡെങ് സിയാവോ പിങ്ങിന്റെ കാഴ്ചപ്പാടാണ് ചൈന തിരുത്താൻ ശ്രമിക്കുന്നത്. ദേശീയ സുരക്ഷയ്ക്കു മുൻഗണന നൽകിക്കൊണ്ടുള്ള പൊതുസമൃദ്ധി എന്ന നിലയിലേക്ക് ഗോൾ പോസ്റ്റ് മാറ്റാനാണ് അവർ ശ്രമിക്കുന്നതെന്ന് കരുതുന്നു. 

കമ്യൂണിസ്റ്റ് ഭരണാധിപന്മാരുടെ അടുത്ത ലക്ഷ്യം ‘മൂന്നു വൻമല’കളാണെന്നു പറയപ്പെടുന്നു. ഭരണകൂടത്തിനു നിയന്ത്രിക്കാൻ കഴിയാത്ത വിധം കുതിച്ചുയരുന്ന വിദ്യാഭ്യാസ ചെലവിനു കടിഞ്ഞാണിടുക, സാധാരണക്കാരന്റെ നടുവൊടിക്കുന്ന ചികിത്സാചെലവ് നിയന്ത്രിക്കുക, ആർക്കും പിടിതരാതെ പായുന്ന റിയൽ എസ്റ്റേറ്റ് ലോബിയെ നിലയ്ക്കു നിർത്തുക എന്നിവയാണ് ആ ലക്ഷ്യങ്ങൾ. അവ നേടുന്നതിനായി അതിവേഗം വളരുന്ന ടെക് കമ്പനികളെ നിയമമൂലം നിയന്ത്രിക്കാനും വേണ്ടിവന്നാൽ രാജ്യത്തുനിന്നു തന്നെ പുറത്താക്കാനും ചൈന മടിക്കില്ലെന്നാണ് സൂചന. ഡേറ്റ സുരക്ഷയുടെ പേരിൽ ആലിബാബ പോലുള്ള ബഹുരാഷ്ട്രഭീമന്മാരെ നിലയ്ക്കു നിർത്താൻ ശ്രമിക്കുന്ന യാഥാസ്ഥിതിക കമ്യൂണിസ്റ്റ് സമീപനം ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നു കരുതണം. മധ്യവർഗത്തിന്റെ പാർപ്പിട സ്വപ്നങ്ങൾ തകർക്കുന്ന റിയൽ എസ്റ്റേറ്റ് കുതിപ്പിനെതിരായ നടപടിയാണ് എവർഗ്രാൻഡെ പോലുള്ള വമ്പൻ നിർമാണ സ്ഥാപനത്തിനെതിരായ നടപടിയിൽ കലാശിച്ചത്. അത് അവരെ കടക്കെണിയുടെ നിലയില്ലാക്കയത്തിലാക്കുകയും ചെയ്തു. 

മൂന്ന് മുൻഗണനകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് വികസനത്തിന്റെ പുതിയൊരു ഘട്ടം തുടങ്ങുന്നുവെന്നാണ് ചൈനയുടെ പ്രഖ്യാപനം. ദേശീയ സുരക്ഷ, സ്വയം പര്യാപ്തത, പൊതു സമൃദ്ധി എന്നീ മുൻഗണനകൾ ഭാവിവികസനത്തിന്റെ ആണിക്കല്ലാകും. മൂലധനത്തിന്റെ ക്രമരഹിതമായ വികാസം ഭരണാധികാരികളുടെ കണക്കുകൂട്ടലുകൾക്കപ്പുറത്താണെന്ന് അടുത്ത കാലത്ത് ഷിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ആസൂത്രണ വിദഗ്ധരുടെ യോഗം വിലയിരുത്തിയിരുന്നു. 

china FLAG

സംരംഭകരുടെയും അവരെ തുണയ്ക്കുന്ന മൂലധനശക്തികളുടെയും താൽപര്യങ്ങൾ കണക്കിലെടുക്കാതെ ഭരണകൂടത്തിനു പൂർണനിയന്ത്രണമുള്ള ആസൂത്രണ രീതിയിലേക്ക് ചൈന തിരികെപ്പോയേക്കാം. സ്വയംപര്യാപ്തത ലക്ഷ്യംവയ്ക്കുന്ന മേഖലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾ ഒരുപക്ഷേ രാജ്യം വിടേണ്ടിവരും. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അവർക്കു പൂർണബോധ്യമുണ്ട്. ഈ രംഗത്ത് ലക്ഷ്യം നേടുന്നതിന് വലിയതോതിൽ വിദേശസഹായം വേണ്ടിവരുമെന്നാണ് ചൈനയുടെയും കാഴ്ചപ്പാട്. 2050 ൽ കാർബൺ രഹിതമാകണമെന്ന ലക്ഷ്യം നേടുന്നതിനുള്ള നടപടികൾ ബെയ്ജിങ് ഒളിമ്പിക്സിന്റെ കാലത്തുതന്നെ അവർ ആരംഭിച്ചതാണ്. വികസത്തിനു വേഗം അൽപം കുറഞ്ഞാലും കൽക്കരിയുടെയും ഗ്യാസിന്റെയും ഉപഭോഗം കുറയ്ക്കണമെന്ന ദൃഢനിശ്ചയമാണ് ചൈനീസ് ഭരണാധികാരികൾക്കുള്ളതെന്നു കരുതുന്നു. 

ഷി സംഘത്തിന്റെ ലക്ഷ്യം വ്യക്തമാണ്. എന്നാൽ പ്രത്യാഘാതം കണക്കുകൂട്ടലുകൾക്കും അപ്പുറമായേക്കാം. ഒരുപക്ഷേ തീരുമാനം പുനഃപരിശോധക്കാനും നിർബന്ധിതരായേക്കും. സാമ്പത്തിക വളർച്ചാ നിരക്ക് നിലനിർത്തുന്നതിൽ വിജയിക്കാൻ കഴിഞ്ഞാലും എല്ലാവരുടെയും അഭ്യുന്നതി (പൊതുസമൃദ്ധി) എന്ന ലക്ഷ്യം പലതവണ പുനർനിർണയിക്കേണ്ടിവരും. കുറഞ്ഞ ലാഭമെന്ന നിബന്ധന അംഗീകരിക്കാൻ സംരംഭകരും നിക്ഷേപകരും തയാറായേക്കും. 

യുഎസിലേക്കുള്ള കയറ്റുമതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം അത്ര എളുപ്പമല്ല. വിദേശ നിക്ഷേപത്തെയും വിപണികളെയും ഇനിയും ഏറെക്കാലം ചൈനയ്ക്ക് ആശ്രയിക്കേണ്ടിവരും. കോവിഡ് മഹാമാരിയെ അതിജീവിച്ച് ആഗോള സമ്പദ്ഘടന കൂടുതൽ ചലനാത്മകമാവുകയും ഷി ചിൻ പിങ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്താൽ നിക്ഷേപകർ ഒരിക്കൽക്കൂടി ചൈനയിലേക്ക് ആകർഷിക്കപ്പെട്ടേക്കാം. വിപണി സമ്പദ്‍വ്യവസ്ഥയുടെ രക്തം രുചിച്ചാൽ കമ്യൂണിസ്റ്റുകാർക്കു പോലും അതിൽ നിന്ന് മോചനമില്ല. 

ഇപ്പോഴത്തെ പരിഷ്ക്കാര നടപടികളിൽ ചിലതിന്റെ പ്രതികരണങ്ങൾ ഇന്ത്യയ്ക്കും സന്ദേശമാകും. വമ്പൻ മുതൽ മുടക്കുള്ള സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ പൊതുവിദ്യാഭ്യാസത്തെ ദുർബലമാക്കുന്നതിനെതിരായ നടപടി ചൈനീസ് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നമുക്കും പാഠമാക്കാവുന്നതാണ്. ചൈനയെപ്പോലെ നമുക്കും ആത്മനിർഭർ മുഖ്യ വികസന അജണ്ടയാണ്. 

ചൈനീസ് വ്യാളി ഭീമാകാരം പൂണ്ടാലും തീ തുപ്പിയാലും തളർന്നാലും ലോകം അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. അവിടത്തെ മാറ്റങ്ങൾ ഏവരും സാകൂതം വീക്ഷിക്കുകയാണ്. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS