യുഎൻ സമ്മേളനം കേരളത്തിൽ!

UN-Replica-with-images2
SHARE

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നൂറോളം സ്കൂൾ–കോളജ് വിദ്യാർഥികൾ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച് വെർച്വലായി സമ്മേളിച്ചപ്പോൾ, പൊതുസഭയും രക്ഷാസമിതിയും ഇത്തവണ ഇവിടെ ചേർന്ന പ്രതീതിയായിരുന്നു. നമ്മുടെ മുൻ രാഷ്ട്രപതിയായിരുന്ന, ആണവശാസ്ത്രജ്ഞൻ ഡോ. എ. പി. ജെ. അബ്ദുൽ കലാമിനെ അനുസ്മരിക്കുന്നതിനും ഐക്യരാഷ്ട്ര സംഘടനയുടെ 75–ാം വാർഷികം ആഘോഷിക്കുന്നതിനുമായി കലാം സ്മൃതി ഇന്റർനാഷനൽ ആണ് യുഎൻ സമ്മേളനത്തിന്റെ തനിപ്പകർപ്പ് അവതരിപ്പിച്ചത്. യുഎന്നിന്റെ മുഖ്യ ഉപസംഘടനകളിലൊന്നായ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ (ഇക്കോസോക്) സ്പെഷൽ കൺസൽട്ടേറ്റീവ് പദവി കലാം സ്മൃതിക്കു ലഭിച്ചത് ആഘോഷമാക്കാനും ഈ പരിപാടിയിലൂടെ ഉദ്ദേശിച്ചിരുന്നു. 

ശരിക്കു പറഞ്ഞാൽ യുഎന്നിലെ നിയമങ്ങളും ചട്ടങ്ങളും കീഴ്‍വഴക്കങ്ങളും കണിശമായി പാലിച്ചുകൊണ്ടുള്ള ഒരു നാടകമായിരുന്നു അത്. പങ്കെടുത്ത കുട്ടികൾ ഓരോരുത്തരും ഓരോ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അന്നാട്ടിലെ പരമ്പരാഗത വസ്ത്രങ്ങളോ സ്യൂട്ടോ ധരിച്ചു. യുഎൻ സമ്മേളനങ്ങളിലെപ്പോലെ അവർ മറ്റുള്ളവരെ ‘ബഹുമാനപ്പെട്ട പ്രതിനിധി’ എന്ന് അഭിസംബോധന ചെയ്തു. ഇതിനെല്ലാം ഉപരിയായി ഈ കുട്ടികൾ എല്ലാവരും അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ആചാരമര്യാദകളും പഠിക്കുകയും വിവിധ രാജ്യാന്തര വിഷയങ്ങളിൽ മാതൃരാജ്യത്തിന്റെ പ്രഖ്യാപിത നിലപാട് അതിഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തു.

UN-Replica-with-images

രാജ്യാന്തര സമൂഹം ആശങ്കയോടെ കാണുന്ന ആനുകാലിക പ്രശ്നങ്ങൾ തന്നെയാണ് പൊതുസഭയും രക്ഷാസമിതിയും ഇവിടെയും ചർച്ച ചെയ്തത്. പൊതുസഭയിൽ ആഗോള കാലാവസ്ഥാ വ്യതിയാനവും രക്ഷാസമിതിയിൽ അഫ്ഗാനിസ്ഥാനിലെ സ്ഫോടനാത്മകമായ സ്ഥിതിയും ചർച്ചയായി. സംവാദങ്ങൾ യഥാതഥമായിരുന്നു. എന്നാൽ പ്രതിനിധികൾ അവരുടെ നിലപാടിന് കരുത്തുപകരാൻ കൂടുതൽ ആക്രമണോത്സുകത പ്രകടിപ്പിച്ചു. സംയമനപൂർണമായ നിലപാടുകൾ എന്ന യുഎൻ പാരമ്പര്യം പലരും വിസ്മരിച്ചു. അതുകൊണ്ട് ചർച്ചയ്ക്കു പലപ്പോഴും പുതിയ മാനം കൈവന്നു.

വിഷയത്തിന്റെ ഗൗരവവും വൈകാരിക പ്രാധാന്യവും മനസ്സിലാക്കാതെയല്ല അവർ അത്തരമൊരു സമീപനം സ്വീകരിച്ചത്. മറിച്ച് പുതുതലമുറ കൂടുതൽ ആധുനികമായൊരു കാഴ്ചപ്പാടിൽ ഊന്നി ഇത്തരം വിഷയങ്ങളെ നോക്കിക്കാണണമെന്നും കർശനമായ നിലപാടും ഉറച്ച അഭിപ്രായവും പ്രകടിപ്പിക്കണമെന്നുമുള്ള സന്ദേശമാണ് അവിടെ പ്രകടമായത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിച്ചവർ പ്രശസ്ത ആക്ടിവിസ്റ്റ് ഗ്രെറ്റ ട്യൂൺബെർഗിനെയും കടത്തിവെട്ടുന്ന വിധം കർശന സമീപനം സ്വീകരിച്ചു.

എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും ഭീകര വിരുദ്ധവുമായൊരു ഭരണകൂടം അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ വരണമെന്ന അഭിപ്രായം അവർ പങ്കുവച്ചു. അതേസമയം, ഈ വിഷയത്തിൽ ചൈനയും പാക്കിസ്ഥാനും ഇറാനും സ്വീകരിച്ചിരിക്കുന്ന ഭിന്നനിലപാടുകൾ ചർച്ചയിൽ പ്രതിഫലിച്ചു. പ്രമേയങ്ങൾ പൊതുസഭയും രക്ഷാസമിതിയും അംഗീകരിച്ചവയുടെ ചുവടുപിടിച്ചായിരുന്നു. അതിലെ ഓരോ പദങ്ങളുടെയും പേരിൽ ചൈനയുടെയും ഫ്രാൻസിന്റെയും പ്രതിനിധികൾ തർക്കത്തിലേ‍ർപ്പെട്ടു.

സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സ്കൂളുകളും കോളജുകളും അവധാനതയോടെ പ്രതിനിധികളെ തിരഞ്ഞെടുത്തതുകൊണ്ട് ചർച്ചകളെല്ലാം ഉന്നതനിലവാരം പുലർത്തി. അവരിൽ 90 ശതമാനവും പെൺകുട്ടികൾ ആയിരുന്നുവെന്നത് മറ്റൊരു സവിശേഷതയായി. വീടുകളിലിരുന്നു പങ്കെടുത്തതുകൊണ്ടുകൂടിയാവണം അവർ എല്ലാവരും നിർഭയം മടികൂടാതെ അഭിപ്രായങ്ങൾ പറഞ്ഞു.

യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും രക്ഷാസമിതി മുൻ അധ്യക്ഷനുമായ ടി.എസ്.തിരുമൂർത്തി മാതൃകാ സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗം കുട്ടികളെ ആവേശം കൊള്ളിച്ചു. രാജ്യാന്തര വിഷയങ്ങളി‍ൽ പുതിയ ഉൾക്കാഴ്ച നൽകുന്നതായിരുന്നു ആ വാക്കുകൾ. ചോദ്യോത്തരങ്ങൾ അവരെ കൂടുതൽ ഉദ്ബുധരാക്കി. ഗാന്ധിജിയെക്കുറിച്ചുള്ള നാടകത്തിൽ സാക്ഷാൽ മഹാത്മാഗാന്ധി അഭിനയിക്കുന്നതുപോലെയായി തിരുമൂർത്തിയുടെ സാന്നിധ്യമെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.

UN-Replica-with-images1

സമ്മേളനത്തിന്റെ തയാറെടുപ്പുകൾക്കും പരിശീലനത്തിനുമായി ഞാൻ കുട്ടികളോടൊപ്പം മണിക്കൂറുകൾ ചെലവഴിച്ചു. തികച്ചും യാഥാസ്ഥിതികമായ സംഘടനയാണ് യുഎൻ എന്നും പഴയകാല പെരുമാറ്റ മര്യാദകളും ഉപചാരങ്ങളുമാണ് അതിന്റെ തനതു പ്രവർത്തനരീതിയെന്നും അവരെ മനസ്സിലാക്കിക്കൊടുക്കാനാണ് ഈ ദിവസങ്ങളിൽ ഞാൻ ശ്രമിച്ചത്. സംഘടന രൂപംകൊണ്ട കാലവും ശീതയുദ്ധകാലത്തെ കാഴ്ചപ്പാടുകളും അടിമുടി മാറിയെങ്കിലും യുഎന്നിന്റെ അടിസ്ഥാന ഘടന അതേപടി നിലനിൽക്കുകയാണ്. അതായത് നയതന്ത്രജ്ഞരുടെ സോഫ്റ്റ്‍വെയർ മാറിയെങ്കിലും ഹാർഡ്‍വെയർ മാറിയിട്ടില്ലെന്നു ചുരുക്കം. ഈ നിർദേശം സമ്മേളനത്തിൽ പങ്കെടുത്ത കുട്ടികൾ വേണ്ടവിധം ഉൾക്കൊണ്ടുവെന്ന് അവരുടെ പെരുമാറ്റവും പ്രസംഗവും ബോധ്യപ്പെടുത്തി.

പൊതുസഭയിലും രക്ഷാസമിതിയിലും വേദിയിൽ കയറി ചർച്ചകളിൽ പങ്കെടുക്കാൻ പ്രതിനിധികൾ ഉത്സാഹിച്ചു. ഈ വേദിയും വെർച്വൽ ആയിരുന്നുവെങ്കിലും ആധുനിക സാങ്കേതികവിദ്യ അതിന് യഥാർഥ യുഎൻ വേദിയുടെ രൂപവും ഗാംഭീര്യവും നൽകി. പൊതുസഭാ ഹാളിലെ വേദിക്ക് സുവർണ പശ്ചാത്തലമാണുള്ളത്. രക്ഷാസമിതിയുടെ വേദി അലങ്കരിക്കുന്ന ചുമർചിത്രം 1952 ൽ നോർവെ സമ്മാനിച്ചതാണ്. അതിന്റെ സവിശേഷതകൾ ഞാൻ കുട്ടികളോട് പറഞ്ഞിരുന്നു. അതിജീവനത്തിന്റെ പ്രതീകമായ ഫീനിക്സ് പക്ഷിയും സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ ചില അമൂർത്ത ബിംബങ്ങളുമാണ് അതിന്റെ കൽപനയെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ലോകവും യുഎന്നും നേരിടേണ്ടിവരാറുള്ള ആകുലതകളുടെയും പ്രതിസന്ധിയുടെയും പ്രതിബിംബമായി അതിനെ വിശദീകരിക്കുന്നവരുമുണ്ട്. നമ്മുടെ സമ്മേളനത്തിനു വേണ്ടി ആർട്ട് ഡയറക്ടറും സാങ്കേതിക വിദഗ്ധനുമായ സജീവ് നായർ തയാറാക്കിയ വേദിക്കു മുന്നിൽ നിന്നു ചിത്രങ്ങളെടുക്കാൻ കുട്ടികൾ മത്സരിച്ചു.

ലേബർ ഇന്ത്യയുടെ രാജേഷ് കുളങ്ങരയാണ് വെർച്വൽ യുഎൻ സമ്മേളനം എന്ന ആശയം സാക്ഷാത്ക്കരിക്കാൻ എന്റെ വലംകയ്യായി പ്രവർത്തിച്ചത്. ഒരു എജ്യൂക്കേഷൻ ടൂൾ എന്ന നിലയിലാണ് ഞങ്ങൾ അതു വിഭാവനം ചെയ്തത്. യഥാർഥ യുഎൻ സമ്മേളനത്തിന്റെ നേരനുഭവം പ്രതിനിധികൾക്കു പകർന്നു നൽകാൻ അതിനു കഴിഞ്ഞു. സംവാദത്തിന്റെ പാഠങ്ങൾ ശീലിക്കാനുള്ള സർവകലാശാലയാണ് യുഎൻ. ഈ കുട്ടികളിൽ ആർക്കെങ്കിലും ഭാവിയിൽ ന്യൂയോർക്കിൽ യഥാർഥ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞാൽ രണ്ടാമത്തെ സമ്മേളനമെന്ന അനുഭവമാകും അവർക്കുണ്ടാകുക എന്നുറപ്പാണ്. 

യുഎൻ സമ്മേളനത്തിന്റെ മാതൃകകൾ ഇതിനു മുൻപും കേരളത്തിലും പുറത്തും സംഘടിപ്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സെറ്റിട്ടാണ് വേദി തയാറാക്കിയിരുന്നത്. വെർച്വൽ വേദിക്ക് അതിലേറെ ആധികാരികത നൽകാൻ കഴിഞ്ഞു. സമ്മേളനത്തിന്റെ വിജകരമായ നടത്തിപ്പിന് അഹോരാത്രം പ്രവർത്തിച്ച ഡെയ്‍ൽ വ്യൂ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനും അതിന്റെ സാരഥികളായ ഷാജി ഡേവിഡ് ആൽഫിയും ദീന ദാസും പ്രശംസ അർഹിക്കുന്നു. കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കാം. ഐക്യരാഷ്ട്ര സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള യഥാർഥ വിവരങ്ങൾ നമ്മുടെ യുവതലമുറ മനസ്സിലാക്കട്ടെ. മഹത്തായ പ്രസ്ഥാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പടരാതിരിക്കാനുള്ള ഉത്തമമാർഗം അതുതന്നെയാണ്.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS