‍ചെറിയകാര്യങ്ങളുടെ ദേവത

Lakshmi-Menon4
SHARE

കേരളത്തെ മഹാപ്രളയം തകർത്തെറിഞ്ഞ 2018 ൽ ഇടനാടിലെയും മലമ്പ്രദേശങ്ങളിലെയും ജനതയ്ക്ക് സഹായഹസ്തവുമായി എത്തിയത് തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളായിരുന്നു. നാവികസേനയും വ്യോമസേനയും എത്തുംമുൻപ് അവർ നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിച്ചു. അവരുടെ സേവനത്തെ പ്രകീർത്തിക്കാൻ നൊബേൽ സമ്മാനം നൽകണമെന്നു തുടങ്ങി ഒട്ടേറെ പാഴ‍് വാക്കുകൾ രാഷ്ട്രീയക്കാർ പുലമ്പി. അതേസമയം, കൂലംകുത്തിയൊഴുകുന്ന പുഴകളിലൂടെ നൂറുകണക്കിന് കടലാസു തോണികൾ ഒഴുക്കിക്കൊണ്ടാണ് ഒരു വനിത അവരോടുള്ള നന്ദിയും കടപ്പാടും പ്രകടമാക്കിയത്. കടലിൽ ചെന്നെത്തി അലിഞ്ഞുചേരാനുള്ള വെറും കടലാസ് മാത്രമായിരുന്നില്ല ആ തോണികൾ. അവയിൽ നിറയെ പലതരം മരങ്ങളുടെ വിത്തുകളായിരുന്നു. മലവെള്ളം ഇറങ്ങുമ്പോൾ തീരങ്ങളിൽ എവിടെയെങ്കിലും ചെന്നടിഞ്ഞ് അവ മുളപൊട്ടുമെന്ന് അവർ കണക്കുകൂട്ടി. 

എറണാകുളം ജില്ലയിലെ പറവൂർ ചേന്ദമംഗലത്തെ പരമ്പരാഗത നെയ്ത്തുകാരുടെ ആയിരക്കണക്കിനു പുടവകളാണ്  ആ മഹാപ്രളയത്തിൽ ചെളിവെള്ളത്തിൽ മുങ്ങിയത്. ഓണവിപണി കണക്കാക്കി വിൽപനയ്ക്കു തയാറാക്കിവച്ചിരുന്ന കസവുപുടവകളായിരുന്നു അവയിലേറെയും. വെള്ളം ഇറങ്ങിയതോടെ അവ എങ്ങനെ ഒഴിവാക്കുമെന്ന ചിന്തയിൽ നെയ്ത്തുകാർ അന്തംവിട്ടുനിന്നപ്പോൾ, ഇതേവനിത പുതിയൊരു ആശയം അവരുടെ മുന്നിൽ അവതരിപ്പിച്ചു. ചെളിപുരണ്ട കസവുപുടവകളെല്ലാം പിന്നീടുള്ള ദിവസങ്ങളിൽ മനോഹരമായ പാവക്കുട്ടികളായി മാറി. അവർ അതിന് ‘ചെക്കുട്ടിപ്പാവ’ എന്നു പേരു നൽകി. സമൂഹം ഉദാരമായി ആ സംരംഭത്തോടു പ്രതികരിച്ചതോടെ ചെക്കുട്ടിപ്പാവകൾ വിപണിയിൽ ഹിറ്റായി. കസവു മുണ്ടുകളെക്കാൽ ഉയർന്ന വിലയ്ക്ക് അവയിൽ പലതും പ്രദർശനശാലകളിൽ വിറ്റഴിഞ്ഞു. അവ ഓഫിസുകളുടെയും ഭവനങ്ങളുടെയും സ്വീകരണ മുറികളെ ആകർഷകമാക്കി. ലണ്ടനിലും പാരിസിലും ന്യൂയോർക്കിലും വരെ ചെക്കുട്ടിപ്പാവകൾ ആകർഷകമായ കൗതുകവസ്തുവായി മാറി.

Lakshmi-Menon1

വിത്ത് പേനകൾ ആയിരുന്നു അവരുടെ മനസ്സിൽ രൂപം കൊണ്ട പുതിയ ആശയം. ഉപയോഗശൂന്യമായി ചവറുകൂമ്പാരത്തിലേക്കു വലിച്ചെറിയുന്ന കടലാസ് പേനകളിൽ ഔഷധസസ്യങ്ങളുടെ വിത്തുനിറച്ച് അവർ നാട്ടുകാരിലെത്തിച്ചു. അവ പൊട്ടിമുളച്ച് കേരളത്തിന്റെ മണ്ണ് ഹരിതാഭമാക്കുമെന്ന സ്വപ്നങ്ങളോടെ. പ്രായാധിക്യം മൂലം മറ്റു ജോലികളൊന്നും ചെയ്യാൻ കഴിയാത്ത അമ്മൂമ്മമാരിലാണ് അടുത്തതായി ആ മഹിളയുടെ ശ്രദ്ധപതിഞ്ഞത്. ചുക്കിച്ചുളുങ്ങി ബലഹീനമായ കൈകൾ കൊണ്ട്  അമ്മൂമ്മമാർ തെറുക്കുന്ന തിരികൾ മലയാള നാട്ടിലെ ശ്രീകോവിലുകളിലും പൂജാമുറികളിലും ചെന്നെത്തി. പ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും ലക്ഷക്കണക്കിനു തിരികൾ അവർ നൽകി. പ്രസാധകരായ ഡിസി ബുക്സ് കർക്കടക മാസത്തിൽ വിൽപനയ്ക്കു വച്ച രാമായണത്തോടൊപ്പം അമ്മൂമ്മത്തിരികളുമുണ്ടായിരുന്നു. അമ്മൂമ്മമാർ സൃഷ്ടിച്ച ഓളം ബോളിവുഡിലും എത്തി. സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ ബിബിസിക്കു വേണ്ടി മുംബൈയിൽ തയാറാക്കിയ പ്രോഗ്രാമിൽ അതിഥികളായി അമ്മൂമ്മത്തിരിയുടെ പ്രയോക്താവിനെയും അവരുടെ അമ്മൂമ്മയെയും ക്ഷണിച്ചു.

കോവിഡ് –19 മഹാമാരിക്കാലത്തും ഇതേ വനിത  ‘കോവീട് ’ എന്ന മറ്റൊരു നവീന ആശയവുമായെത്തി. ലോക‍്ഡൗൺ മൂലം ദുരിതത്തിലായവർക്കു വേണ്ടി മിഠായികളും അവശ്യവസ്തുക്കളും നിറച്ച ചെറിയ കടലാസു വീടുകൾ. മഹാമാരി പിടിപെടുമെന്ന ആശങ്കയിൽ വീടുകൾക്കുള്ളിൽ അടച്ചിരിക്കാൻ നിർബന്ധിതരായ നിരവധി പേർക്ക് അത് ആശ്വാസത്തിന്റെ അമ്മൂമ്മത്തിരിയിൽ നിന്നു പ്രസരിച്ച പ്രകാശ കിരണങ്ങളായിരുന്നു. ആ കഠിനമായ നാളുകളിൽ പാഴ‍് വസ്തുക്കൾകൊണ്ട് അവർ തയാറാക്കിയ കിടക്കകൾ ‘ശയ്യ’ എന്ന പേരിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ഇടംപിടിച്ചു.

ഈ ആശയങ്ങളുടെയും സംരംഭങ്ങളുടെയുമെല്ലാം പിന്നിൽ അഭിജാത കുടുംബത്തിൽ ജനിച്ച കൊച്ചി സ്വദേശിയായ ലക്ഷ്മി മേനോൻ ആയിരുന്നു. ഫാഷൻ ഡിസൈനറും ആഭരണ നിർമാതാവുമായി യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ജോലി ചെയ്തിരുന്ന ലക്ഷ്മി, അശരണരും ആലംബഹീനരുമായ നാട്ടുകാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് നാട്ടിലേക്കു തിരികെ വന്നത്. 

ലക്ഷ്മിയുടെ എല്ലാ ആശയങ്ങളുടെയും സംരംഭങ്ങളുടെയും സവിശേഷത അവ ചെറുതായിരുന്നു എന്നതാണ്. എന്നാൽ അതു സൃഷ്ടിച്ച ഫലം വലതും ദൂരവ്യാപകവുമായിരുന്നു.  പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ അവരുടെ സംരംഭങ്ങൾ സൃഷ്ടിച്ച ഫലശേഷി ഗ്രേറ്റ ട്യൂൺബെർഗിന്റെ പ്രവർത്തനങ്ങളെയും അതിലംഘിക്കുന്നതായി. അവരുടെ ഓരോ ആശയങ്ങളും സംരംഭങ്ങളും സമൂഹത്തിന്റെ അടിത്തട്ടിൽ പരിസ്ഥിതിസംരക്ഷണത്തിന് അനുകൂലമായ മനോഭാവം വളർത്തിയെടുക്കാനും ഗുണഫലം സൃഷ്ടിക്കാനും പര്യാപ്തമായിരുന്നു. നൊബേൽ പുരസ്കാരം ലക്ഷ്യംവച്ച് ലോകനേതാക്കളുടെ മുഖത്തുനോക്കി ആക്രോശിച്ച ഗ്രേറ്റയെക്കാൾ അതിന് അർഹതയുള്ളത് ലക്ഷ്മിക്കാണെന്നു ഞാൻ കരുതുന്നു. 

Lakshmi-Menon3

നിരവധി വ്യക്തികളുടെയും കോർപറേറ്റ് സ്ഥാപനങ്ങളുടെയും പിന്തുണ ലക്ഷ്മിക്കു ലഭിക്കുന്നുണ്ട്. ‘ടി വിത്ത് ടിപിആർ’ എന്ന യുട്യൂബ് ചാനലിൽ ഞാൻ അവരെ ഇന്റർവ്യൂ ചെയ്ത ശേഷം കേരളത്തിലെ ചില കോർപറേറ്റ് സ്ഥാപനങ്ങൾ അവർക്കു പിന്തുണയുമായി മുന്നോട്ടുവന്നു. എന്നാൽ, ദൗർഭാഗ്യകരമെന്നു പറയട്ടെ കേരളത്തിലെയോ കേന്ദ്രത്തിലെയോ സർക്കാരുകൾ ഇതുവരെ ഇതൊന്നു കണ്ട മട്ടില്ല. സർക്കാർ സ്ഥാപനങ്ങൾ ലക്ഷ്മിയുടെ ഉൽപന്നങ്ങളോടു മുഖംതിരിച്ചു നിൽക്കുന്നത് അവർ കമ്മിഷൻ നൽകാൻ തയാറാകാത്തതുകൊണ്ടാവാം. 

കേരളത്തിന്റെ മൂലയിൽ തുടങ്ങിയ ഈ സംരംഭങ്ങൾ പരിസ്ഥിതി രംഗത്ത് ആഗോളതലത്തിൽത്തന്നെ വളരെ വലിയ മാറ്റങ്ങൾക്കു വഴിതെളിച്ചേക്കാം. 2070 ആകുമ്പോഴേക്കും ഇന്ത്യയിലെ കാർബൺ ബഹിർഗമനതോത് പൂജ്യത്തിൽ എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സഫലീകരിക്കാനുള്ള യത്നത്തിന് അവ വലിയൊരളവിൽ ഊർജം പകരുമെന്ന് ഉറപ്പാണ്.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS