കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയൊരു അധ്യായം

Pinarayi-Vijayan-and-Arif-Mohammed-Khan-2
പിണറായി വിജയൻ, ആരിഫ് മുഹമ്മദ് ഖാൻ
SHARE

കേരള സർക്കാരും സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറും തമ്മിലുള്ള തർക്കവും തുടർന്നു നടന്ന സംവാദങ്ങളും ശുഭാന്ത്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് ഒടുവിൽ പുറത്തുവരുന്നത്. ഇരുകൂട്ടർക്കും തൃപ്തികരമായ പ്രശ്നപരിഹാരം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും ഗുണകരമായേക്കും.

സർവകലാശാലകളുടെ കാര്യങ്ങളിൽ സർക്കാർ രാഷ്ട്രീയമായി ഇടപെടില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ചാൻസലറായി തുടരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മതിച്ചിട്ടുള്ളത്. സർക്കാരിന്റെ ഏതെങ്കിലും നിർദേശം നടപ്പിൽവരുത്താൻ രാഷ്ട്രീയ സമ്മർദം ചെലുത്തില്ലെന്നാണ് ആ ഉറപ്പിന്റെ അന്തഃസത്ത. നമ്മുടെ വാഴ്സിറ്റികളിൽ നിയമവാഴ്ച ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ താൻ മേലിൽ കൂടുതൽ കർശന സമീപനം സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കിക്കഴിഞ്ഞു.

ചാൻസലറും സർക്കാരും തമ്മിലുള്ള സംവാദം എന്നതിൽ ഉപരിയായി വാഴ്സിറ്റികളുടെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഈ ഘട്ടത്തിൽ ചർച്ചാവിഷയമായി. ജനപ്രതിനിധിസഭയോട് സമാധാനം പറയാൻ ബാധ്യസ്ഥരായ സർക്കാർ സ്ഥാപനങ്ങളെയാണ് കൂടുതൽ വിശ്വസിക്കാവുന്നതെന്നു കരുതുന്ന വലിയൊരു വിഭാഗം ജനങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട്. ഏതു സർക്കാർ സ്ഥാപനവും സ്വകാര്യ മേഖലയെ അപേക്ഷിച്ച് കൂടുതൽ പ്രതിബദ്ധത കാണിക്കുമെന്ന് അവർ കരുതുന്നു. എന്നാൽ, നമ്മുടെ  അനുഭവം അങ്ങനെയല്ല. മത്സരാധിഷ്ഠിതമായ മേഖലകളിൽ പിടിച്ചുനിൽക്കാനും കൂടുതൽ ലാഭം നേടാനും വേണ്ടി സ്വകാര്യസ്ഥാപനങ്ങളും മികച്ചനിലയിൽ പ്രവർത്തിക്കുന്നുണ്ട്. അവയുടെ പ്രഫഷണലിസം ഫലത്തിൽ സമൂഹത്തിനു ഗുണമായി ഭവിക്കുന്നു. 

university-of-kerala-and-arif-mohammed-khan

യുഎസിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച നിലയിൽ പ്രവർത്തിക്കുന്നവയാണ്. എന്നാൽ, ധനസഹായത്തിനുവേണ്ടി അവയുടെ വൈസ് ചാൻസലർമാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കാൽക്കീഴിൽ നിൽക്കുന്ന സ്ഥിതിയാണുള്ളത്. അക്കാദമിക് സ്വാതന്ത്ര്യത്തെക്കുറിച്ച് അവർ കാര്യമായി ചിന്തിക്കാറില്ലെന്നു തോന്നുന്നു. പണം നൽകുന്നവർ കാര്യങ്ങൾ തീരുമാനിക്കുന്നു. ഇവിടെയും റൂസ പദ്ധതിവഴി 

വാഴ്സിറ്റികൾക്ക്  നേരിട്ടു ഫണ്ട് അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ, അതിന്റെ നിയന്ത്രണം കൈക്കലാക്കാൻ സംസ്ഥാന സർക്കാർ കരുക്കൾ നീക്കി.

സംസ്ഥാനത്തെ വാഴ്സിറ്റികളിലെ വൈസ് ചാൻസലർമാരുടെ നിയമനം ഉൾപ്പെടെ ഈ ദിവസങ്ങളിൽ ചർച്ചാവിഷയമായി. പലയിടങ്ങളിലും വ്യവസ്ഥകൾ കാറ്റിൽപറത്തിയതായും വ്യക്തമായി. രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾക്കായി പദവികൾ വീതംവച്ചപ്പോൾ, നിയമന അധികാരിക്ക് മിക്കപ്പോഴും സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിവന്നു.  ഇത്തരം നിരവധി നിയമനപത്രങ്ങളിൽ ഒപ്പുവയ്ക്കേണ്ടി വന്നപ്പോഴും ചാൻസലർ എതിർത്തില്ല. ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യത സർക്കാരിനാണല്ലോയെന്ന് അദ്ദേഹം കണക്കുകൂട്ടി. എന്നാൽ, മേലിൽ അങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. എല്ലാ തീരുമാനങ്ങളും വിശദമായി പരിശോധനകൾക്കു ശേഷമായിരിക്കും. സർവകലാശാലകളിലെ എല്ലാ പദവികളിലും നീതിപൂർവമായ വിധം നിയമനങ്ങൾ നടത്താനുള്ള സുവർണാവസരമാണ് സംജാതമായിട്ടുള്ളത്.

മറ്റ് നിരവധി ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്. കേരളത്തിലെ വിദ്യാർഥികൾ എന്തുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും മികച്ച സ്ഥാപനങ്ങൾ തേടിപ്പോകുന്നത് ? എന്തുകൊണ്ടാണ് കേരളത്തിലെ സ്ഥാപനങ്ങളെക്കുറിച്ച് അവർക്കു മതിപ്പു തോന്നാത്തത് ? നമ്മുടെ സർവകലാശാലകളിൽ മികവിനും സാമർഥ്യത്തിനും വിലയില്ല എന്നതാണ് അതിനുത്തരമായി പറയാനുള്ളത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി നടപ്പാക്കേണ്ട പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ (2011– 16) സമർപ്പിച്ച വിശദമായ പഠനറിപ്പോർട്ട് ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അധ്യാപക പരിശീലനവും സാങ്കേതിക വിദ്യയുടെ ഉപയോഗവും സ്വയംഭരണവും സ്വകാര്യയൂണിവേഴ്സിറ്റികളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട സമീപനവുമെല്ലാം ഈ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തിരുന്നു. 

PTI05_18_2021_000267A
**EDS: TWITTER IMAGE POSTED BY @vijayanpinarayi ON TUESDAY, MAY 18, 2021** Kerala: Kerala CM Pinarayi Vijayan with Governor Arif Mohammed Khan. (PTI Photo)(PTI05_18_2021_000267A)

സ്റ്റേറ്റ് അക്രഡിറ്റേഷൻ ആൻഡ് അസസ്മെന്റ് കൗൺസിൽ സ്ഥാപിക്കാനും കൂടുതൽ കോളജുകൾക്ക് സ്വയംഭരണപദവി നൽകാനുമുള്ള നീക്കം ഇപ്പോഴത്തെ സർക്കാർ നടത്തിയതായി കാണാം.  സ്വകാര്യ– കൽപിത സർവകലാശാലകളുടെ കാര്യത്തിലും താമസിയാതെ തീരുമാനമുണ്ടായേക്കാം. ചാൻസലർക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചാൽ ഇത്തരം പരിഷ്ക്കാരങ്ങളെല്ലാം കൂടുതൽ വേഗത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞേക്കും.

2020 ൽ കേന്ദ്രം മുന്നോട്ടുവച്ച ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കാൻ നമുക്കു കഴിയുമോ എന്നതാണ് കാതലായ മറ്റൊരു ചോദ്യം. ഉദാരവൽക്കരണവും ആഗോളവൽക്കരണവും കമ്പോളവൽക്കരണവും നടപ്പാക്കാനുള്ള പദ്ധതിയാണിതെന്ന നമ്മുടെ വാദം തീർത്തും സാങ്കൽപികമാണ്. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാൻ കഴിയുംവിധം വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതൽ സ്വതന്ത്രമാക്കാനാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്. കോഴ്സുകൾ ഇടയ്ക്കു വച്ച് നിർത്താനും അന്നത്തെ സ്കോർ നിലനിർത്തിക്കൊണ്ട് പിന്നീടൊരു ഘട്ടത്തിൽ തുടർന്നു പഠിക്കാനും അവസരം ലഭിക്കുന്ന വിധമുള്ള പരിഷ്ക്കാരങ്ങൾ സ്വാഗതാർഹമാണ്.  ഗവേഷണത്തിലും നവീന ആശയങ്ങളിലും ഊന്നൽ നൽകുന്ന വിധം വാഴ്സിറ്റികളുടെ ഘടന മാറ്റും. വ്യക്തമായ ഭാഷാനയവും തുടക്കത്തിൽ തന്നെ വൊക്കേഷണൽ കോഴ്സുകളിലേക്ക് മാറാനുള്ള അവസരവുമെല്ലാം ലളിതമായ പ്രവർത്തന ഘടനയിലൂടെ നടപ്പാക്കാനാണ് പുതിയ നയം നിർദേശിക്കുന്നത്. 2040 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 6 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കാനും കേന്ദ്രം ഉദ്ദേശിക്കുന്നു. വിജ്ഞാനത്തിൽ അധിഷ്ഠിതമായ സമ്പദ്ഘടനയുടെ വളർച്ചയും അതിലൂടെ കൈവരുന്ന പൊതുസമൃദ്ധിയുമാണ് നമ്മുടെ വിദ്യാഭ്യാസ വിദഗ്ധർ മുന്നിൽ കാണുന്നത്. ഈ നിർദേശങ്ങൾ സർവാത്മനാ സ്വീകരിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരം കൈവരിക്കാനാണ് നമ്മുടെ വാഴ്സിറ്റികളും ഭരണാധിപന്മാരും പരിശ്രമിക്കേണ്ടത്.

PTI05_03_2021_000212A

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനപരമായ ചില കാഴ്ചപ്പാടുകളെക്കുറിച്ച് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഏകാഭിപ്രായം രൂപപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, വിവിധ ഘട്ടങ്ങളിലെ പഠനമാധ്യമം, സ്വയംഭരണം, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക്, സാങ്കേതികവിദ്യയുടെ ഉപയോഗം, രാജ്യാന്തരവൽക്കരണം തുടങ്ങിയ കാര്യങ്ങളിൽ നമ്മുടെ നാട്ടിലെ പാർട്ടികൾ തമ്മിൽ പ്രകടമായ ഭിന്നതയുണ്ട്. അവ ചർച്ച ചെയ്ത് പൊതു അഭിപ്രായം രൂപപ്പെടുത്തിയശേഷം മുന്നോട്ടു പോയില്ലെന്നിങ്കിൽ നടപ്പാക്കാൻ എളുപ്പമാവില്ല. 

ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും ചാൻസലറുടെ ചുമതലകളും വേർതിരിച്ച് ഇത്തരമൊരു ചർച്ചയ്ക്ക് അവസരമൊരുക്കിയതിന് കേരള സമൂഹം ആരിഫ് മുഹമ്മദ് ഖാനോട് കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ ദുഃസ്ഥിതിയിൽ നിന്നു മോചിപ്പിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമം ശ്ലാഘനീയമാണ്. അദ്ദേഹത്തിന്റെ നിലപാട് ഉറച്ചതും ഋജുവുമായിരുന്നു. വ്യവസ്ഥിതിയിലെ ന്യൂനതകൾ തുറന്നുപറഞ്ഞതിനും തെറ്റായ തീരുമാനങ്ങൾ അംഗീകരിച്ചശേഷം അതിനെ വിമർശിച്ചതിനും അദ്ദേഹത്തിനു പഴി കേൾക്കേണ്ടിവന്നു. മോശമായ ഭാഷയിൽ എഴുതിയ കത്തും അത് തയാറാക്കിയ രീതിയുമെല്ലാം ഇതിനിടെ ചർച്ചാവിഷയമായി. എങ്കിലും സർക്കാരിന്റെ വാക്ക് വിശ്വസിച്ച് പദവിയിൽ തുടരാൻ എടുത്ത തീരുമാനവും കാര്യങ്ങൾ തുറന്നുപറയാൻ കാണിച്ച ധൈര്യവും ഉദ്ദേശ്യശുദ്ധിയും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾക്ക് ഈ ചർച്ചകൾ കാരണമാകുമെങ്കിൽ ചാൻസലറോടാണ് നാം കടപ്പെട്ടിരിക്കുന്നത്.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS