ടെക്സാസിലെ സ്കൂളിൽ 19 കൗമാരക്കാരെ പതിനെട്ടുകാരനായ അക്രമി വെടിവച്ചുവീഴ്ത്തിയ സംഭവം അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ നടുക്കി. മുൻഗാമികളെപ്പോലെ പ്രസിഡന്റെ ജോ ബൈഡനും ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചു. വൻ അധികാര കേന്ദ്രമായി മാറിക്കഴിഞ്ഞ തോക്ക് നിർമാതാക്കളുടെ ലോബിക്കെതിരെ ചെറുവിരൽ പോലും അനക്കാൻ കഴിയാത്തതിലുള്ള നിരാശ അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു.
ലോകത്തെ ഏറ്റവും ശക്തമായ രാജ്യം സ്വന്തം പൗരന്മാരെ മര്യാദ പഠിപ്പിക്കാൻ കഴിയാതെ നട്ടംതിരിയുന്ന കാഴ്ചയാണ് നാം കാണുന്നത്. അനിയന്ത്രിതമായ തോക്ക് ഉപയോഗം അമേരിക്കയിലാകെ ഭീതിയും അരക്ഷിതബോധവും സൃഷ്ടിക്കുന്നു. കുട്ടികൾ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയിലാണ് രക്ഷിതാക്കൾ അവരെ സ്കൂളുകളിൽ അയയ്ക്കുന്നത്. എന്നാൽ, പലതരം തോക്കുകൾ കയ്യിലിരുന്നാലേ സുരക്ഷാബോധം തോന്നൂ എന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പിടിവാശിയിൽ ഭരണാധികാരികളും നിസ്സഹായരാകുന്നു. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കാൻ മാത്രമേ പ്രസിഡന്റിനു പോലും കഴിയുന്നുള്ളൂ.
രണ്ടാം ഭരണഘടനാ ഭേദഗതിയാണ് ആയുധങ്ങൾ കൈവശംവയ്ക്കാൻ അമേരിക്കൻ പൗരന്മാർക്ക് അധികാരം നൽകിയത്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ മൂന്നിലൊന്നും സ്വന്തമായി തോക്കുള്ളവരാണ്. എന്നാൽ, ഇത്തരം ആയുധങ്ങളുടെ ഉപയോഗവും നിയന്ത്രണവും സംബന്ധിച്ച് വ്യക്തമായ ഫെഡറൽ നിയമം രൂപീകരിച്ചിരുന്നില്ല. സ്വരക്ഷയ്ക്കും പരമ്പരാഗതമായ മറ്റ് ആവശ്യങ്ങൾക്കും തോക്കുകൾ ഉപയോഗിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി പിന്നീടു തീർപ്പുകൽപ്പിച്ചു. നാട്ടുസേനയുടെയോ സ്വകാര്യ സൈന്യത്തിന്റെയോ ഭാഗമായല്ലാതെ തോക്ക് ഉപയോഗിക്കാനുള്ള അവകാശം ഇതോടെ എല്ലാ യുഎസ് പൗരന്മാർക്കും കൈവന്നു.
കഴിഞ്ഞയാഴ്ച ടെക്സാസിലെ ഉവൽദേ പ്രൈമറി സ്കൂളിൽ 10 വയസ്സിൽ താഴെയുള്ള 19 കുട്ടികളെയും 2 അധ്യാപകരെയും കൊലപ്പെടുത്തിയ സാൽവദോർ റാമോസിനെ സുരക്ഷാസേന വെടിവച്ചുകൊന്നു. അക്രമി സ്കൂളിൽ കയറിയ ഉടൻ കുട്ടികൾ കരഞ്ഞുവിളിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടാൻ വൈകിയെന്ന ആരോപണം പിന്നീട് വിവാദമായി. ഈ സംഭവത്തിന് ഒരാഴ്ച മുൻപ് ന്യൂയോർക്കിലെ ബഫല്ലോയിൽ സൂപ്പർ മാർക്കറ്റിൽ കടന്നുകയറി 10 പേരെ വധിച്ചതും മറ്റൊരു പതിനെട്ടുകാരനായിരുന്നു.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇടയ്ക്കിടെ കേൾക്കുന്ന ഇത്തരം കൊലപാതകങ്ങളെല്ലാം ഏതാണ്ട് സമാന രീതിയിലാണ് സംഭവിച്ചിട്ടുള്ളത്. ഓരോ തവണയും നേതാക്കളും സാധാരണക്കാരും രോഷവും ആശങ്കയും പ്രകടിപ്പിക്കുകയും തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള നിയമത്തിന്റെ അനിവാര്യതയെക്കുറിച്ച് വാഗ്ധോരണി മുഴക്കുകയും ചെയ്യും. എന്നാൽ, അവസാന മൃതദേഹം മറവു ചെയ്യുന്നതിനു മുൻപ് അവരെല്ലാം പറഞ്ഞതു മറക്കും. കുരുതിക്കളങ്ങളിലെ ചോരപ്പാടുകൾ മായും മുൻപ് പൊതുസമൂഹത്തിൽ നിന്ന് സംഭവം വിസ്മൃതമാകും. രാജ്യത്തിന്റെ മറ്റേതെങ്കിലും മൂലയിൽ വീണ്ടും കുഞ്ഞുങ്ങളുടെ രോദനം ഉയരുമ്പോൾ അനുഷ്ഠാനം പോലെ അവർ പഴയ പല്ലവി ആവർത്തിക്കും.
തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള നിയമത്തെക്കുറിച്ച് ഇതിനകം ഏറെ പറഞ്ഞുകഴിഞ്ഞു. ആരാണ് അതിനു തടസ്സം നിൽക്കുന്നതെന്നും ചർച്ച ചെയ്യപ്പെട്ടു. സമീപ ഭാവിയിലെങ്ങും അത്തരമൊരു നിയമം വരാനിടയില്ലെന്നും ഏറക്കുറെ വ്യക്തമാണ്. എന്നാൽ, അത്തരമൊരു നിയമം വരാത്ത കാലത്തോളം കുരുതികൾ ആവർത്തിക്കും. നിയമപാലകർ ഒഴികെ ആരെയും തോക്ക് ഉപയോഗിക്കാൻ അനുവദിക്കാത്ത ശക്തവും സമഗ്രവുമായ നിയമത്തിനു മാത്രമേ അമേരിക്കൻ ജനതയെ ഈ ശാപത്തിൽ നിന്നു മുക്തരാക്കാൻ കഴിയൂ.
പരമമായ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗീർവാണങ്ങളാണ് ഇത്തരമൊരു നിയമനിർമാണത്തെക്കുറിച്ചുള്ള സംവാദ സദസ്സുകളിൽ മുഴങ്ങിക്കേൾക്കുന്നത്. പകർച്ചവ്യാധികൾക്കെതിരെ വാക്സീൻ സ്വീകരിക്കാനും സമൂഹത്തിന്റെ മൊത്തം സുരക്ഷയെ മുൻനിർത്തി മാസ്ക് ധരിക്കാനും നിർദേശിക്കുമ്പോഴും ഈ വാദം ഉയരാറുണ്ട്. പക്ഷേ, ഈ വാദം ഉന്നയിക്കുന്നത് ജനങ്ങളിൽ വലിയൊരു വിഭാഗമാണെന്നതു പലപ്പോഴും അവിശ്വസനീയമായി തോന്നാറുണ്ട്.
സ്വന്തമായി തോക്കുള്ള അമേരിക്കക്കാരുടെ സവിശേഷതകളും രാഷ്ട്രീയ നിലപാടും വിചിത്രവും അദ്ഭുതകരവുമാണ്. റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽ 44 ശതമാനം പേർ തോക്ക് കൈവശം വയ്ക്കുമ്പോൾ ഡെമോക്രാറ്റുകളിൽ 20 ശതമാനത്തിനേ ഈ അഭിനിവേശമുള്ളൂ. പുരുഷന്മാരിൽ 39 ശതമാനത്തിനും സ്ത്രീകളിൽ 22 ശതമാനത്തിനും സ്വയരക്ഷയ്ക്ക് ആയുധമുണ്ട്. ഗ്രാമീണരിൽ നൂറിൽ 41 പേരും ഇടത്തരം നഗരങ്ങളിൽ നൂറിൽ 29 പേരും നഗരവാസികളിൽ 10 പേരും തോക്കുള്ളവരാണ്. ലോകം നിശ്ചലമായ മഹാമാരിയുടെ നാളുകളിൽ തോക്ക് വിൽപന കൂടി. അതേസമയം, അമേരിക്കൻ ജനതയിൽ 53 ശതമാനം ശക്തമായ നിയന്ത്രണ നിയമം വേണമെന്നു വാദിക്കുന്നവരാണ്.
ഇത്തരം നിയന്ത്രണം കൊണ്ട് ഇപ്പോൾ സംഭവിക്കുന്നതുപോലുള്ള കൂട്ടക്കൊലകൾ തടയാൻ കഴിയുമോയെന്ന കാര്യത്തിലും ജനങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. കൊലയാളികൾ മനോദൗർബല്യമുള്ളവരും നിയമം അനുസരിക്കാത്തവരുമാണെന്നാണ് അവരുടെ വാദം.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തോക്ക് ലോബിയുടെ പക്ഷത്തായിരുന്നു. പലതവണ അദ്ദേഹം പരസ്യമായി അക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ, നിയന്ത്രണത്തിനു വേണ്ടി ശബ്ദമുയർത്തിയിരുന്ന ബറാക് ഒബാമയ്ക്കും നിയമനിർമാണമെന്ന പരിഹാരത്തിലേക്ക് എത്താനായില്ല. ഇരുവരും ഈ വഴിക്ക് ചില ശ്രമങ്ങൾ നടത്തിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. അവസാനത്തെ കൂട്ടക്കൊലയെ പരാമർശിച്ച് ട്രംപ് പറഞ്ഞത്, ആളുകൾക്ക് ആയുധം നൽകുകയാണ്, നിരായുധരാക്കുകയല്ല വേണ്ടതെന്നാണ്. സമൂഹത്തിൽ തിന്മ നിലനിൽക്കുന്ന കാലത്തോളം ജനങ്ങൾക്ക് ആയുധമെടുക്കേണ്ടിവരുമെന്ന് നാഷനൽ റൈഫിൾ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റമറ്റ സുരക്ഷാസംവിധാനത്തിനു രൂപം നൽകണമെന്നാണ് ട്രംപിന്റെ അഭിപ്രായം.
ടെക്സസിലെ കൂട്ടക്കൊലയ്ക്കു ശേഷം പ്രസിഡന്റ് ബൈഡൻ വളരെ വികാരപരമായി സംസാരിക്കുകയും ആയുധനിയന്ത്രണത്തെ എതിർക്കുന്നവരുടെ മനുഷ്യത്വരഹിത സമീപനത്തെ വിമർശിക്കുകയും ചെയ്തു. എന്തെങ്കിലും ചെയ്യേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഒന്നും വാഗ്ദാനം ചെയ്തില്ല. ‘‘ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രചണ്ഡ പ്രചാരണത്തിലൂടെ തോക്ക് ലോബി രാജ്യത്തെ പ്രബലശക്തിയായി മാറിക്കഴിഞ്ഞു. വൻലാഭം നൽകുന്ന വ്യവസായമായി അതു വളർന്നു. ദൈവത്തെയോർത്ത്, അവർക്കെതിരെ നിൽക്കാനുള്ള ധൈര്യം നമ്മൾ കാട്ടണം. ഭൂരിപക്ഷം അമേരിക്കക്കാരും നമ്മുടെ കൂടെ നിൽക്കും’’– ബൈഡൻ പറഞ്ഞു.
നിസ്സീമമായ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കൽപനകളും തോക്ക് വ്യവസായ ലോബിയുടെ ദുരയും സഹജീവികളോടുള്ള ഭയവും വേട്ടയാടാനുള്ള താൽപര്യവും അലസതയും അനാസ്ഥയും കൂട്ടക്കൊലയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പ്രതികരണങ്ങളിൽ വ്യക്തമായി കാണാം. നിയന്ത്രണനിയമം വരും മുൻപ് എത്ര കുഞ്ഞുങ്ങൾ കൂടി കുരുതികൊടുക്കപ്പെടുമെന്ന് ദൈവത്തിനു മാത്രം അറിയാം. ലോകത്തെ ഒരേയൊരു വൻശക്തി രാഷ്ട്രം ദുർഘടസന്ധിയിൽ നടുങ്ങിത്തരിച്ചു നിൽക്കുമ്പോൾ മറ്റുള്ളവർക്കും നിസ്സഹായരായി നോക്കിനിൽക്കാനേ കഴിയൂ.