വിവാദ പരാമർശം: ഇന്ത്യ - ജിസിസി മുറിവുണങ്ങുന്നു

20190824RC_C097565
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി യുഎഇയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടൊപ്പം (ഫയൽ ചിത്രം).
SHARE

ബിജെപിയുടെ രണ്ട് മുൻ വക്താക്കൾ നടത്തിയ പ്രവാചക വിരുദ്ധ പരാമർശം മുസ്‍ലിം രാഷ്ട്രങ്ങളിൽ സൃഷ്ടിച്ച അസ്വസ്ഥതയും ക്ഷോഭവും ഗവൺമെന്റുകൾ തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തിയതോടെ വലിയൊരളവോളം അടങ്ങിയെന്നു പറയാം. അവസരം മുതലെടുക്കാൻ തക്കംപാർത്തിരിക്കുന്ന മതമൗലികവാദികളുടെയും ഭീകരസംഘങ്ങളുടെയും ചില്ലറ ഭീഷണി മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.

ബിജെപി വക്താക്കളുടെ പരാമർശങ്ങൾ അപലപിക്കാൻ നമ്മുടെ ഭാഷകളിലെ ഒരുവാക്കും മതിയാകില്ല. പാർട്ടിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കി ഇരുവർക്കുമെതിരെ അധികൃതർ ക്രിമിനൽ നടപടി സ്വീകരിച്ചിട്ടുണ്ട്. അവർ നടത്തിയത് ഇന്ത്യൻ ഭരണഘടനയുടെയും ഹൈന്ദവ മൂല്യസങ്കൽപങ്ങളുടെയും ലംഘനമാണെന്നു മാത്രമല്ല അന്തസ്സും മാന്യതയുമുള്ളവരിൽ നിന്നു പരിഷ്കൃത സമൂഹം ഒരിക്കലും പ്രതീക്ഷിക്കാത്തതുമാണ്. അവർക്കു നിയമാനുസൃതം തക്ക ശിക്ഷ നൽകണമെന്നതിൽ രണ്ടഭിപ്രായമില്ല.

20190824RC_C096325

നൂറ്റാണ്ടുകളായി ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തിവന്ന പല ഗൾഫ് രാജ്യങ്ങളെയും ഈ സംഭവം വല്ലാതെ നിരാശപ്പെടുത്തി. പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ഇടപെടലുകളിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് വളർത്തിയെടുത്ത ഉഭയകക്ഷി ബന്ധത്തിൽ അത് അവിശ്വാസത്തിന്റെയും വെറുപ്പിന്റെയും കാളിമ പടർത്തി. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർ അവരുടെ വിശ്വാസവും ആചാരങ്ങളും പാലിച്ചുകൊണ്ട് പതിറ്റാണ്ടുകളായി അന്നാട്ടിൽ കഴിയുന്നതുതന്നെ അറബ് സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ തെളിവാണ്. അബുദാബിയിലെ സ്വാമിനാരായൺ ക്ഷേത്രം ഇന്ത്യയും യുഎഇയുമായി ഈ നിലയിലുള്ള മികച്ച ബന്ധത്തിന്റെ മകുടോദാഹരണമാണ്. 

ഇന്ത്യയുടെ വിദേശനയം തീർത്തും മതനിരപേക്ഷമാണ്. രാജ്യാന്തര ബന്ധങ്ങളിൽ അതിന് അപവാദമായ ഒരു സംഭവവും ഇന്നുവരെ ഉണ്ടായിട്ടില്ല. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമാണ് ഇന്ത്യയും യുഎഇയുമായുള്ള ബന്ധം ഈ നിലയിൽ വളർന്നത്. അത് മറ്റ് പല രാജ്യങ്ങൾക്കും മാതൃക സൃഷ്ടിക്കുന്നു. ആ ബന്ധത്തെ പുതിയൊരു തലത്തിലേക്കു വളർത്താൻ പുതിയൊരു ചതുർരാഷ്ട്ര സഖ്യം കൂടി രൂപം കൊണ്ടിരിക്കുന്നു. ഇന്ത്യയും യുഎഇയും യുഎസും ഇസ്രയേലും ഉൾപ്പെട്ട പുതിയ കൂട്ടായ്മ (ഐ2യു2) മേഖലയുടെ സുസ്ഥിരതയ്ക്കും സമ്പൽസമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. 

doha-modi

ലോകത്തെ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും വരവേറ്റ രാജ്യമാണ് ഇന്ത്യ. ആർക്കും തടസ്സം കൂടാതെ അവരുടെ വിശ്വാസങ്ങൾ അനുഷ്ഠിക്കാൻ നാം അനുമതി നൽകി. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ അടിസ്ഥാനം മതവും രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളുമല്ലെന്നാണ് ഇതിലൂടെ തെളിയിക്കപ്പെട്ടത്. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇരുകൂട്ടർക്കും ഒഴിച്ചുകൂടാനാവാത്തതാണ്. വാണിജ്യ– ഊർജ മേഖലകളിലും സാങ്കേതികവിദ്യയുടെയും മനുഷ്യവിഭവശേഷിയുടെയും കാര്യത്തിലും ഈ ബന്ധം പടർന്നു പന്തലിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളും ഒരേ മനസ്സോടെയാണ് മുന്നോട്ടുപോകുന്നത്. രണ്ട് വ്യക്തികളുടെ ദുഷ്പ്രവൃത്തി ഈ ബന്ധത്തിനുമേൽ കരിനിഴൽവീഴ്ത്താൻ അനുവദിച്ചുകൂടാ. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടത്. 

ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. ഇവരാരും ആ രാജ്യങ്ങളിലെ രാഷ്ട്രീയത്തിലോ മതപരമായ പ്രവർത്തനങ്ങളിലോ ഇടപെടാറില്ല. തികച്ചും സൗഹാർദപരമായ തൊഴിലന്തരീക്ഷം അവരെ കൂടുതൽ ഉൽപാദനപരമായി ജോലി ചെയ്യാൻ സഹായിക്കുന്നു. അവരുടെ ജോലിക്ക് യാതൊരു തടസ്സവും വരാരെ ആ രാജ്യത്തെ ഭരണസംവിധാനങ്ങൾ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്യുന്നു. 

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളുടെ വരുമാനം ഗണ്യമായൊരു സംഖ്യയാണ്. അതിനെ ആശ്രയിച്ച് നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനു കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നു. അതുകൊണ്ട് അവിടത്തെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട കിംവദന്തികൾ പോലും നമ്മുടെ സമൂഹത്തെ അസ്വസ്ഥരാക്കും. 

ഓരോ രാജ്യത്തിന്റെയും സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് വേണ്ടത്ര മനസ്സിലാക്കാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ സമൂഹത്തിൽ അസ്വസ്ഥതയും വിദ്വേഷവും സൃഷ്ടിക്കുന്നത് അപൂർവമല്ല. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ചില വിദേശ രാജ്യങ്ങളിലെ ചെരുപ്പുകളിൽ ഞാൻ കണ്ടിട്ടുണ്ട്. ഇത് അനിഷ്ടകരവും വേദനാജനകവുമായി തോന്നാമെങ്കിലും അതിന്റെ പേരിൽ എവിടെയും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കാരണം അതെല്ലാം ആ സമൂഹത്തിന്റെ പൊതുവിചാരം അല്ലെന്നും ഏതാനും വ്യക്തികളുടെ മനോവൈകല്യമാണെന്നും വിവേകപൂർവം ചിന്തിക്കുന്നവർക്കു മനസ്സിലാകും. മഹാത്മജി പഠിപ്പിച്ചതുപോലെ, കണ്ണിനു പകരം കണ്ണെന്ന സമീപനം ഈ ലോകത്തെ മുഴുവൻ അന്ധമാക്കും.

PTI11_30_2018_000071A
Buenos Aires: Prime Minister Narendra Modi shakes hands with Saudi Crown Prince Mohammed bin Salman on the sidelines of G20 Summit, in Buenos Aires, Argentina, Thursday, Nov. 29, 2018. (PIB Photo via PTI)(PTI11_30_2018_000071A)

ഒരുരാജ്യത്തിന്റെയും ആഭ്യന്തര നയം അവരുടെ രാജ്യാന്തര ബന്ധങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താറില്ല. എന്നാൽ, പാശ്ചാത്യ രാജ്യങ്ങളിൽ പലതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട് വിധി കൽപ്പിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോർട്ടുകൾ ഈ മട്ടിലുള്ളതാണ്. ഇവ തയാറാക്കുന്നത് അതതു രാജ്യത്തുനിന്നുള്ള മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്.

ജനാധിപത്യവും സ്വതന്ത്ര മാധ്യമങ്ങളും നിലനിൽക്കുന്ന രാജ്യങ്ങളിൽ പലപ്പോഴും മാധ്യമങ്ങൾ സർക്കാരുകൾക്ക് എതിരാകാറുണ്ട്. അതുകൊണ്ടു തന്നെ സർക്കാർ വിരുദ്ധ വാർത്തകളെ അതേപടി വിശ്വസിക്കരുതാത്തതാണ്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പലപ്പോഴും രാഷ്ട്രീയ സ്വഭാവമുള്ളതാണ്. അതിനെയും അതേപടി വിഴുങ്ങുന്നതു യുക്തിസഹമല്ല. ഇതെല്ലാം അറിയാവുന്നതുകൊണ്ടാകണം ഉഭയകക്ഷി ബന്ധങ്ങളെ ഇത്തരം റിപ്പോർട്ടുകളിലെ വിലയിരുത്തലുകളുമായി യുഎസ് കൂട്ടിക്കുഴയ്ക്കാറില്ല.  

20190824RMDSC03346

ഭരണകക്ഷിയുമായി ബന്ധപ്പെട്ട രണ്ട് വ്യക്തികൾ വരുത്തിവച്ച ദോഷം തീർക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു. ഈയിടെ ഇന്ത്യ സന്ദർശിച്ച ഇറാൻ വിദേശകാര്യമന്ത്രിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതായി കരുതാം. വെറുപ്പും പകയുമല്ല, അറിവില്ലായ്മയും നോട്ടക്കുറവുമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് അവർ തിരിച്ചറിഞ്ഞു കാണുമെന്നു പ്രതീക്ഷിക്കാം. 

ഹിന്ദു– ഇസ്‍ലാം സംസ്കാരങ്ങളുടെ സഹവർത്തിത്വം നൂറ്റാണ്ടുകളായി തുടരുന്നതാണ്. ഇന്നത്തെ സങ്കീർണ ലോകസാഹചര്യത്തിൽ ഇരു സംസ്കാരങ്ങളുടെയും നിലനിൽപ്പിനും വളർച്ചയ്ക്കും അത് അനിവാര്യവുമാണ്. ഇരുകൂട്ടരുടെയും താൽപര്യങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള, സൗമനസ്യത്തിന്റെയും സംവാദത്തിന്റെയും അന്തരീക്ഷത്തിൽ സംഘർഷം ഇല്ലതന്നെ. ഗൾഫ് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അവിടെ സമാധാനജീവിതം നയിക്കാനും സുരക്ഷിതബോധത്തോടെ പണിയെടുക്കാനും കഴിയുന്ന സാഹചര്യം നിലനിർത്തുകതന്നെ വേണം.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS