മധ്യപൂർവദേശത്ത് അമേരിക്ക തിരികെയെത്തുന്നു

SAUDI-US-POLITICS-DIPLOMACY
Saudi Crown Prince Mohammed bin Salman (R) meeting with US President Joe Biden at Al-Salam Palace in the Red Sea port of Jeddah. Photo by Bandar AL-JALOUD / Saudi Royal Palace / AFP
SHARE

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഈയിടെ കഴിഞ്ഞ മധ്യപൂർവദേശ സന്ദർശനത്തെ ‘മല മുഹമ്മദിനടുത്തേക്ക്’ പോയതുപോലെയാണ് നയതന്ത്രലോകം വിലയിരുത്തിയത്. എണ്ണവില വർധനയും നാണ്യപ്പെരുപ്പവും  മൂലം സ്വസ്ഥത നഷ്ടപ്പെട്ട പ്രസിഡന്റിന്, വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് പഴയ സഖ്യകക്ഷികളുമായുള്ള ബന്ധം പൂർവസ്ഥിതിയിലാക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. അറബ്– ഇസ്രയേൽ ബന്ധം പഴയനിലയിലാക്കുമെന്ന പ്രഖ്യാപിത ലക്ഷ്യവും ഈ സന്ദർശനത്തിനുണ്ടായിരുന്നു.

ഇന്തോ– പസിഫിക് മേഖലയിലും യുറേഷ്യയിലും വൻസുരക്ഷാപ്രശ്നങ്ങളാണ് യൂഎസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലും മധ്യപൂർവദേശത്തെ പ്രശ്നങ്ങൾ അവഗണിക്കില്ലെന്ന സന്ദേശമാണ് ബൈഡന്റെ സന്ദർശനത്തിലൂടെ അവർ ലോകത്തിനു നൽകാൻ ശ്രമിച്ചതെന്നു തോന്നുന്നു. ബൈഡന്റെ സന്ദർശനത്തിന്റെ ഫലശ്രുതിയെക്കുറിച്ച് നയതന്ത്രനിരീക്ഷകർ ആരും ഇതുവരെ വലിയ പ്രതീക്ഷയോടെയല്ല സംസാരിച്ചുകണ്ടത്. എന്നാൽ, മേഖലയെ ‘നാഥനില്ലാക്കളരി’യാകാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിൽ ബൈഡൻ അൽപം സാഹസികമായി പ്രവർത്തിക്കുകയായിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അഥവാ ചൈനയോ റഷ്യയോ ഇറാനോ ഈ മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നിൽ കാണുന്നു. 

jeddah-security-and-development-summit-usa-biden

പ്രസിഡന്റിന്റെ സന്ദർശത്തെക്കുറിച്ച് യുഎസ് ജനതയും മാധ്യമങ്ങളും പൂർണതൃപ്തിയോടെയല്ല പ്രതികരിച്ചത്. ചൈനയിൽ നിന്നുള്ള പ്രതികരണങ്ങളിൽ അൽപം പരിഹാസം സ്ഫുരിക്കുകയും ചെയ്തു. ലക്ഷ്യം നേടാൻ കഴിയാതെ അമേരിക്കൻ പ്രസിഡന്റെ വെറുംകയ്യോടെ മടങ്ങിയെന്ന സൂചനയായിരുന്നു അവരുടെ വാക്കുകളിൽ പ്രകടമായത്.

ഈ മേഖലയിലെ അമേരിക്കയുടെ ഏറ്റവും പ്രധാനസഖ്യകക്ഷി ഇസ്രയേലാണ്. അവരുടെ സുരക്ഷാ ആശങ്കകൾ പരിഹരിച്ച് ബന്ധം അരക്കിട്ടുറപ്പിക്കാനാണ് ബൈഡൻ ലക്ഷ്യമിട്ടത്. ജന്മം കൊണ്ട് യഹൂദൻ അല്ലെങ്കിലും താനും സിയോണിസ്റ്റ് ആണെന്നാണ് ബൈഡൻ സ്വയം വിശേഷിപ്പിക്കാറുള്ളത്. യുഎസ്– ഇസ്രയേൽ ബന്ധം അസ്ഥിയോളം ആഴത്തിലുള്ളതാണെന്നും (bone deep) അദ്ദേഹം വിശേഷിപ്പിച്ചു. 

പലസ്തീന് എന്തെങ്കിലും ഇളവുകൾ നൽകണമെന്ന് ബൈഡൻ ആവശ്യപ്പെട്ടില്ലെന്നതു ശ്രദ്ധേയമാണ്. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബാസിനെ സന്ദർശിച്ച ബൈഡൻ, വെസ്റ്റ് ബാങ്കിലെ അവരുടെ ആശുപത്രികൾക്ക് 10 കോടി ഡോളർ സഹായം പ്രഖ്യാപിക്കുകയും ചെയ്തു. ചിരവൈരികളായ രണ്ട് ജനതകൾക്കിടയിൽ സന്തുലന സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാവാം, പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ സെറ്റിൽമെന്റുകളെക്കുറിച്ച് അദ്ദേഹം തണുപ്പൻ സമീപനം സ്വീകരിച്ചു. 

SAUDI-US-GCC-POLITICS-DIPLOMACY
US President Joe Biden (behind) and Saudi Crown Prince Mohammed bin Salman (front) arrive for the family photo during the Jeddah Security and Development Summit (GCC+3) at a hotel in Saudi Arabia's Red Sea coastal city of Jeddah on July 16, 2022. (Photo by MANDEL NGAN / POOL / AFP)

ഇറാനെതിരെ വിശാലസഖ്യം രൂപപ്പെടുത്തുകയായിരുന്നു ബൈഡന്റെ പ്രധാനദൗത്യം. ഇറാനെ ആണവശക്തിയാകാൻ ഒരിക്കലും അനുവദിക്കില്ലെന്ന് യുഎസും ഇസ്രയേലും സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി. ഇതേസമയം, നയതന്ത്രമാർഗത്തിൽ ഇറാൻ ഇതിന് വഴങ്ങില്ലെന്നും ബലപ്രയോഗം വേണ്ടിവരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി യയ്ർ ലപീദ് തുറന്നുപറഞ്ഞു. ബലപ്രയോഗം അവസാനമാർഗമാണെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. സന്ദർശനം പൂർത്തിയാക്കി ബൈഡൻ തിരിച്ചുപോയ ഉടൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇറാൻ സന്ദർശിച്ചത് ആപത് സൂചനയായി കാണുകതന്നെ വേണം.

യുഎസും ഇസ്രയേലും ഇന്ത്യയും യുഎഇയും ഉൾപ്പെട്ട ഐ2യു2 സഖ്യത്തിന്റെ പ്രഥമ ഉച്ചകോടി വെർച്വലായി നടത്തി. ‘വെസ്റ്റേൺ ക്വാഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സഖ്യത്തിൽ ഈജിപ്തും സൗദി അറേബ്യയും താമസിയാതെ അംഗമാകുമെന്നു കരുതുന്നു. ഊർജം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സംയുക്തസംരംഭങ്ങൾ തുടങ്ങാനും ലക്ഷ്യമിടുന്ന കൂട്ടായ്മയുടെ ഭാഗമായി യുഎഇ ഇന്ത്യയിൽ 200 കോടി ഡോളർ മുതൽമുടക്കും. രാജ്യവ്യാപകമായി സംയോജിത ഫുഡ്പാർക്കുകൾ ആരംഭിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങളും ഇന്ത്യയിൽ വിവിധ മേഖലയിൽ നിക്ഷേപപദ്ധതികൾ തുടങ്ങുമെന്നു പ്രതീക്ഷിക്കാം. കൂട്ടായ്മ കൂടുതൽ സജീവമാകുന്നതോടെ സുരക്ഷാചർച്ചകളും ആരംഭിക്കും.  

സൗദി അറേബ്യ സന്ദർശനവും ജിസിസി പ്ലസ് 3 രാജ്യങ്ങളുമായുള്ള ചർച്ചകളുമായിരുന്നു ബൈഡന്റെ സന്ദർശനത്തിന്റെ ഏറ്റവും പ്രധാനഘട്ടം. ഇറാനെ നിലയ്ക്കു നിർത്താനും എണ്ണ ഉൽപാദനം വർധിപ്പിച്ച് റഷ്യയെ വിപണിയിൽ നിന്നു പുറത്താക്കി കൂടുതൽ ഒറ്റപ്പെടുത്താനുമുള്ള യുഎസ് പദ്ധതി പക്ഷേ, വേണ്ടത്ര ഫലിച്ചതായി സൂചനയില്ല. സൗദി ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങളെല്ലാം ഇക്കാര്യത്തിൽ യുഎസിനെയും ചൈനയെയും മോസ്കോയെയും സന്തുലിതമായി കാണുന്ന സമീപനമാണ് സ്വീകരിച്ചത്. യുഎസിന്റെ സ്വാർഥ താൽപര്യങ്ങൾക്കു പ്രഥമപരിഗണന നൽകിയിട്ടുള്ള ഇത്തരം നീക്കങ്ങളിൽ അവരിൽ പലരും വിയോജിപ്പു പ്രകടിപ്പിച്ചതായും സൂചനയുണ്ട്. എണ്ണ ഉൽപാദം വർധിപ്പിക്കുന്നതു സംബന്ധിച്ച് ബൈഡന് യാതൊരു ഉറപ്പും ലഭിച്ചില്ല. ഇറാനെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവും ആരും ചെവിക്കൊണ്ടില്ല. എന്നാൽ ഇക്കാര്യത്തിലെല്ലാം താൻ ശുഭാപ്തിവിശ്വാസിയാണെന്നാണ് ബൈഡൻ പ്രതികരിച്ചത്.

jeddah-security-and-development-summit-saudi

സൗദി കിരിടാവകാശി മുഹമ്മദ് ബിൽ സൽമാനും ബൈഡനുമായുള്ള കൂടിക്കാഴ്ച അദ്ദേഹം വാഷിങ്ടനിൽ നിന്നു യാത്രതിരിക്കും മുൻപു തന്നെ വിവാദമായിരുന്നു. സൗദി ഭരണകൂടത്തിന്റെ വിമർശകനും മാധ്യമപ്രവർത്തകനുമായിരുന്ന ജമാൽ ഖഷോഷി ഇസ്തംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽ വച്ച് കൊലചെയ്യപ്പെട്ട സംഭവത്തിൽ സൽമാന് ഉത്തരവാദിത്തമുണ്ടെന്നു ബൈഡൻ മുൻപ് ആരോപിച്ചിരുന്നു. ആരോപണവിധേയനായ കിരീടാവകാശിയെ കണ്ട് ചർച്ച നടത്തുന്നത് ശരിയാണോയെന്ന ചോദ്യം അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ചർച്ചയിൽ ഖഷോഗി പ്രശ്നം ഉന്നയിക്കുമോയെന്ന ചോദ്യവും ഉയർന്നു. 

സൽമാൻ രാജകുമാരനെ കാണുമെന്നു പ്രഖ്യാപിച്ച ബൈഡൻ, മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടാതിരിക്കാൻ യുഎസ് ഭരണാധികാരിക്ക് കഴിയില്ലെന്നു വ്യക്തമാക്കി. എങ്കിലും ഇരുവരും തമ്മിൽ കണ്ടപ്പോൾ മുഷ്ടികൾ കൂട്ടിമുട്ടിച്ച് സൗഹാർദം പങ്കിട്ടതും ഊഷ്മളമായി പെരുമാറിയതും യുഎസ് മാധ്യമങ്ങളിൽ വൻവിമർശനത്തിനു കാരണമായി. മുഹമ്മദ് ബിൽ സൽമാനുമായുള്ള മുഖാമുഖ ചർച്ചയിൽ ഖഷോഗി പ്രശ്നം ഉന്നയിച്ചതായി ബൈഡൻ സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച പരാമർശങ്ങൾക്കു മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ രാജകുമാരൻ, കുറ്റക്കാരെ നിയമാനുസൃതം ശിക്ഷിച്ചതായി അറിയിച്ചു. ഇത്തരം സംഭവങ്ങൾ മറ്റു രാജ്യങ്ങളിലും നടക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. അമേരിക്കയുടെ നിയന്ത്രണത്തിലിരിക്കെ, ഇറാഖിലെ അബു ഗാരിബ് ജയിലിൽ കലാപകാരികൾ തടവുപുള്ളികളെ കൊലപ്പെടുത്തിയ സംഭവം സൽമാൻ ബൈഡനെ ഓർമിപ്പിച്ചു. ഈ വിധം അൽപമൊക്കെ അസ്വാരസ്യങ്ങൾ നിറഞ്ഞതായിരുന്നുവെങ്കിലും യുഎസ്– സൗദി ബന്ധം പുനഃക്രമീകരിക്കാൻ പ്രസിഡന്റിന്റെ സന്ദർശനത്തിനു കഴിഞ്ഞു. എന്നാൽ, അമേരിക്ക ഉദ്ദേശിച്ച അർഥത്തിൽ അത് വിജയകരമായെന്നു പറയാനാവില്ല.

SAUDI-US-POLITICS-DIPLOMACY
A handout picture released by the Saudi Royal Palace on July 15, 2022, shows Saudi Crown Prince Mohammed bin Salman (R) greeting US President Joe Biden (2nd-R), in the presence of Saudi Minister of State for Foreign Affairs Adel al-Jubeir (C-L) and US Secretary of State Antony Blinken (L), at Al-Salam Palace in the Red Sea port of Jeddah. (Photo by Bandar AL-JALOUD / Saudi Royal Palace / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / SAUDI ROYAL PALACE/BANDAR ALGALOUD" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

പ്രസിഡന്റ് ബൈഡൻ നാട്ടിൽ തിരികെയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ജനസമ്മതിയുടെ സൂചിക വീണ്ടും ഇടിഞ്ഞിരുന്നു. പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയർന്നു. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയസാധ്യത വീണ്ടും കുറഞ്ഞു. എങ്കിലും മധ്യപൂർവദേശത്ത് അമേരിക്ക വീണ്ടും സജീവമായെന്ന ധാരണ സൃഷ്ടിക്കാൻ ഈ സന്ദർശനത്തിനു കഴിഞ്ഞു. എന്നാൽ, ചൈനയും റഷ്യയുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ അമേരിക്കയുമായുള്ള സൗഹാർദം തുടരാമെന്ന നിലപാടാണ് അറബ് രാജ്യങ്ങൾ വ്യക്തമാക്കിയത്.

English Summary : America is back in the Middle East

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}