കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്ക്കാരങ്ങൾ നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോൾ, ഈ രംഗത്ത് ആഗോളവൽക്കരണം നമ്മുടെ പടിവാതിലിലും എത്തി എന്നു കരുതി. മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഈ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പരിഷ്ക്കാരങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കാൻ ശ്രമിച്ച രാഷ്ട്രീയപാർട്ടിയുടെ മനസ്സ് മാറിയതായി തോന്നി.
സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നതും ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതും ഉൾപ്പെടെ സംസ്ഥാന ഹയർ എജ്യൂക്കേഷൻ കൗൺസിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ അന്ന് കേരള സമൂഹം വ്യാപകമായി ചർച്ച ചെയ്തിരുന്നു. കൂടുതൽ സ്വയംഭരണ കോളജുകൾ തുടങ്ങാനും സംസ്ഥാന തലത്തിൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ സമ്പ്രദായം നടപ്പാക്കാനുമുള്ള നിർദേശവും അന്ന് ചർച്ച ചെയ്യപ്പെട്ടു.
ഇടതു സർക്കാരിന്റെ ചുവടുമാറ്റം കണ്ടപ്പോൾ, വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന എന്ന നിർദേശത്തോട് സാമ്പ്രദായിക ഇടതു ബുദ്ധിജീവികൾക്കുള്ള എതിർപ്പ് കാലാന്തരത്തിൽ ഇല്ലാതായതായി തോന്നിച്ചിരുന്നു. എന്നാൽ, ഇത്തരം പരിഷ്ക്കാരങ്ങൾ നടപ്പാക്കാനുള്ള ആലോചനകൾ പോലും മന്ദീഭവിപ്പിക്കുന്ന സമീപമാണ് അധികാരകേന്ദ്രങ്ങൾ ഇപ്പോൾ സ്വീകരിച്ചുകാണുന്നത്. മാത്രമല്ല, അഴിമതിയും സ്വജനപക്ഷപാതവും നിലവാരത്തകർച്ചയും തടയുന്നതിനുള്ള കാവലാൾ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ചാൻസലറുടെ അധികാരം ഇല്ലാതാക്കാനുള്ള പദ്ധതികൾ അവർ നടപ്പിൽവരുത്തുകയും ചെയ്യുന്നു.

കാലത്തിനു മുന്നിൽ ചിന്തിച്ച് നൂതന ആശയങ്ങൾക്കും ചിന്തകൾക്കും പ്രാമുഖ്യം നൽകി അവ നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനു പകരം വൈസ് ചാൻസലർമാരും മറ്റ് ഉന്നതാധികാരികളും സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അവരുടെ ബുദ്ധിയും ഊർജവും മുഴുവൻ ചെലവിടേണ്ടിവരുന്നു എന്നതാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സർക്കാരിന്റെ സാമ്പത്തിക സഹായത്തെ മാത്രം ആശ്രയിച്ചു പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ സ്വാഭാവികമായും സർക്കാരിനറെ ആജ്ഞയും താൽപര്യങ്ങളും നടപ്പാക്കാൻ നിർബന്ധിതമാകുന്നു. പരിമിതമായി വിഭവങ്ങൾ ഉൽപാദനപരമല്ലാത്ത പദ്ധതികൾക്കുവേണ്ടി പാഴാക്കുന്നു.
വിദ്യാഭ്യാസരംഗത്തിന്റെ അലകുംപിടിയും മാറ്റുമെന്ന പ്രഖ്യാപനത്തിനു ശേഷവും സർക്കാർ അതു നടപ്പാക്കാനുള്ള ആലോചനകളിലേക്കു കടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസത്തിനായി അയൽരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഓരോവർഷവും വർധിച്ചുവരികയാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ബൗദ്ധികനിലവാരം അനുദിനം കുറഞ്ഞുവരുന്നു. നാക് അക്രഡിറ്റേഷൻ നേടുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നമ്മുടെ കോളജ് അധ്യാപകർ കൂടുതൽ സമയം ചെലവഴിക്കുന്നത്. സർക്കാരിനു കൂടുതൽ കൂടുതൽ വിധേയപ്പെടേണ്ടി വരുംവിധം വിവിധ കമ്മിറ്റികളിലും കമ്മിഷനുകളിലുമായി അവർ ചിന്താശേഷി പാഴാക്കുന്നു.
സർവകലാശാലകളിൽ ചാൻസലറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ഭരണാധികാരികളുടെ നീക്കം തീർത്തും നിർഭാഗ്യകരമാണ്. ഈ സ്ഥാപനങ്ങളുടെ അന്തസ്സും മഹിമയും സംരക്ഷിക്കുന്നതിനുള്ള കാവൽഭടനായാണ് ചാൻസലർ പദവിയെ വിഭാവനം ചെയ്തിട്ടുള്ളത്. യുജിസിയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് വിവിധ പ്രവർത്തന മേഖലകളിൽ ഗുണനിലവാരം ഉറപ്പാക്കാനും പരാതികൾക്കു പരിഹാരം കാണാനുമുള്ള ചുമതലയും അദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കുന്നു. എന്നാൽ, രാഷ്ട്രീയക്കാരുടെ കയ്യാളുകളായി സുപ്രധാന പദവികളിൽ നിയമനം തരപ്പെടുത്തുന്നവർ ചാൻസലറുടെ അധികാരത്തെ വെല്ലുവിളിക്കുന്നു. അദ്ദേഹം കൈക്കൊള്ളുന്ന തീരുമാനങ്ങളെ കോടതിയിൽ ചോദ്യംചെയ്യുന്നു. അവരെ സംരക്ഷിക്കാൻ നിയമങ്ങൾ ഭേദഗതി ചെയ്യുന്ന സർക്കാർ, ന്യായത്തിന്റെ കണികപോലും അവശേഷിക്കാത്തവിധം പാർശ്വവർത്തികളെ സകല പദവികളിലും തിരുകിക്കയറ്റുന്നു.

രാഷ്ട്രീയനേതൃത്വം സർവസീമകളും ലംഘിച്ച് വാഴ്സിറ്റികളുടെ സ്വയംഭരണാധികാരത്തിൽ കൈകടത്തുകയാണ്. മന്ത്രിമാരുടെയും മറ്റ് അധികാരകേന്ദ്രങ്ങളുടെയും കുടുംബാംഗങ്ങളുടെ മെറിറ്റിന് അനുയോജ്യമായ വിധം വിവിധ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ വേണ്ട അടിസ്ഥാനയോഗ്യതയിൽ മാറ്റം വരുത്തുന്നു. ഈ ക്രമക്കേടുകൾക്ക് നിയമപ്രാബല്യം നൽകുന്നതിനായി പിന്നീട് വ്യവസ്ഥകൾ പരിഷ്ക്കരിക്കുന്നു. നിയമവിരുദ്ധമായ നടപടികൾക്ക് കോടതികളിലൂടെ പരിഹാരം കാണാനുള്ള സാധ്യത പോലും ഇതോടെ ഇല്ലാതാവുകയാണ്.
ഉന്നതവിദ്യാഭ്യാസവും പൊതുജീവിതത്തിന്റെ വിവിധമേഖലകളിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയവുമുള്ളവരാണ് ഗവർണർ പദവിയിൽ എത്തുന്നത്. ഗവർണർക്ക് സർവകലാശാലകളുടെ ചാൻസലർ പദവി കൂടി നൽകിയാൽ അവരുടെ അറിവും അനുഭവസമ്പത്തും വിദ്യാഭ്യാസരംഗത്തിനു മുതൽക്കൂട്ടാകും എന്ന് നമ്മുടെ മുൻഗാമികൾ കണക്കുകൂട്ടി. എന്നാൽ, ഔപചാരികമായ ചടങ്ങുകളിൽ പങ്കെടുക്കാറുള്ളതല്ലാതെ മിക്ക ചാൻസലർമാരും സർവകലാശാലകളുടെ കാര്യത്തിൽ താൽപര്യം കാട്ടാറില്ല. ഈ പശ്ചാത്തലത്തിൽ, ഒരു ചാൻസലർ ഇക്കാര്യങ്ങളിലെല്ലാം താൽപര്യംകാട്ടി സ്വമേധയാ മുന്നോട്ടുവരുന്നതിനെ സർവാത്മനാ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അവയിൽ പലതും പലപ്പോഴും ലംഘിക്കപ്പെടാറുമുണ്ട്. ഇതിനെതിരെ ഉയരുന്ന പരാതികൾ കണ്ടില്ലെന്നു നടിക്കാൻ ചാൻസലർക്കു കഴിയില്ല. സർക്കാരും ചാൻസലറും ഏകമനസ്സോടെ പ്രവർത്തിച്ചാൽ സർവകലാശാലകളിൽ സ്ഥിതി മെച്ചപ്പെടുത്താൻ കഴിയും. ചാൻസലറും സർക്കാരും കൂടിയാലോചിച്ച് വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കണ്ട നിരവധി സംഭവങ്ങൾ നമ്മുടെ സർവകലാശാലകളിൽ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ട്.
വിദ്യാഭ്യാസകാര്യങ്ങളിൽ സവിശേഷ താൽപര്യമുള്ളയാളാണ് നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് പല നിർദേശങ്ങളും അദ്ദേഹം മുൻപ് നൽകിയിട്ടുണ്ട്. സർക്കാരിന്റെ പരിമിതികളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ട് ഒട്ടേറെ സന്ദർഭങ്ങളിൽ ഒത്തുതീർപ്പിന് വഴങ്ങിയിട്ടുമുണ്ട്. കണ്ണൂർ സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലറെ പുനർനിയമിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനു വിയോജിപ്പുണ്ടായിരുന്നു. എങ്കിലും കാര്യങ്ങൾ നല്ല നിലയിൽ പോകുമെങ്കിൽ അതാകട്ടെ എന്നു കരുതി വിട്ടുവീഴ്ചയ്ക്കു തയാറായി. എന്നാൽ, തുടർസംഭവങ്ങൾ അദ്ദേഹത്തിന്റെ സംശങ്ങൾ ശരിവയ്ക്കുന്നതായിരുന്നു. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി സർക്കാരിന്റെ ചട്ടുകമായി വൈസ് ചാൻസലർ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. യോഗ്യനായ ഉദ്യോഗാർഥിയെ ഒഴിവാക്കിക്കൊണ്ട് സർക്കാരിനു താൽപര്യമുള്ളവരെ നിയമിക്കാനുള്ള നീക്കം തിരുത്തണമെന്ന അദ്ദേഹത്തിന്റെ സന്ദേശം അധികാരകേന്ദ്രങ്ങൾ നിരാകരിച്ചു. അതിനുശേഷം ഗവർണറുടെ ചിറകരിയാനുള്ള നടപടികളുമായി മുന്നോട്ടുപോകുയാണ് അവർ ചെയ്തത്.
സർവകലാശാലകളിലെ രാഷ്ട്രീയപ്രേരിതമായ നടപടികളും നിയമനങ്ങളും കേരളത്തിൽ പുതിയ കാര്യമല്ല. എന്നാൽ, വിദഗ്ധ സമിതികളിൽ പോലും സ്വന്തക്കാരെ കുത്തിനിറയ്ക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സർക്കാർ മാറിയപ്പോൾ ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി. വിയോജിപ്പിന്റെ സ്വരം എവിടെയും അനുവദിക്കുന്നില്ല. കേഡർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ ഇത്തരം സംഭവങ്ങൾ വർധിച്ചു. പദവികൾ പാർട്ടിക്കാർക്കു മാത്രം എന്ന നിലയിലായി. ഇതിനെതിരെ വിരൽചൂണ്ടിയ ഗവർണറെ കുറ്റപ്പെടുത്തുന്നതിനു പകരം ഈ കീഴ്വഴക്കം അവസാനിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചു ബോധ്യമുള്ളവരൊക്കെ ഉപരിപഠനത്തിനായി അവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് അന്യസംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ പോകുന്നു. ഈ അവസ്ഥയ്ക്കു മാറ്റം വരുത്താൻ നമ്മുടെ വിദ്യാഭ്യാസരംഗം ആധുനികവൽക്കരിക്കുകയേ മാർഗമുള്ളൂ. ഇതിനായി രാഷ്ട്രീയ പാർട്ടികൾ കൂട്ടായി ചർച്ചനടത്തി തീരുമാനമെടുക്കണം. സ്വകാര്യമേഖലയുടെ പങ്കാളിത്തവും സ്വയംഭരണവും സാങ്കേതികവിദ്യയുടെ ഉപയോഗവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങളിൽ പൊതുധാരണ രൂപപ്പെടുത്തണം. ഈ പ്രക്രിയയിൽ ചാൻസലറെയും പങ്കാളിയാക്കണം. അല്ലാതെ അദ്ദേഹത്തെ ശത്രുവായിക്കണ്ട് പ്രതികാരനടപടികൾ സ്വീകരിക്കാനുള്ള നീക്കം ആശാസ്യമല്ല.
ഒത്തുതീർപ്പിന്റെ അന്തരീക്ഷം ഒരുക്കുന്നതിന് ചാൻസലർ ചൂണ്ടിക്കാട്ടിയ പിശകുകൾ തിരുത്താൻ സർക്കാർ തയാറാകണം. തുടർന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്ക്കരിക്കുന്നതിന് അദ്ദേഹത്തിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്ക്കരിക്കണം.
ഫെഡറൽ ഘടനയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസസമ്പ്രദായത്തിൽ ഗവർണറുടെ അധികാരത്തിന് സവിശേഷപ്രാധാന്യമുണ്ട്. അധികാരത്തിന്റെ സന്തുലനത്തിന് അത് അനിവാര്യവുമാണ്. ഇപ്പോഴത്തെ ഏറ്റുമുട്ടൽ ആർക്കും ഗുണം ചെയ്യില്ല. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളീയ സമൂഹത്തിന്റെ നല്ല ഭാവിക്ക് അത് ദോഷമായി ഭവിക്കുമെന്ന് വിനയപൂർവം ഓർമപ്പെടുത്തട്ടെ.