നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും ഒരേതൂവൽ പക്ഷികൾ

image
ചിത്രങ്ങൾ: Frederick M. Brown/Getty Images/AFP Michael loccisano/Getty Images via AFP
SHARE

നയതന്ത്രജ്ഞരുടെയും മാധ്യമപ്രവർത്തകരുടെയും പ്രവർത്തനമേഖല തീർത്തും അനന്യവും സവിശേഷവുമായി തോന്നാം. നയതന്ത്രജ്ഞർ സർക്കാർ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും ആയതുകൊണ്ട് കൂടിയാണ് ഇങ്ങനെ തോന്നുന്നത്. എന്നാൽ, രാജ്യാന്തര വിഷയങ്ങളിൽ ഈ രണ്ട് മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒരേതൂവൽ പക്ഷികളാണ്. രണ്ടുകൂട്ടരും ഏറക്കുറെ ഒരേ ജോലിയാണ് ചെയ്യുന്നത്– വിവരങ്ങൾ ശേഖരിക്കുക, അത് റിപ്പോർട്ട് ചെയ്യുക, സംഭവങ്ങളെ വിശകലനം ചെയ്യുക, അതിനനുസരിച്ച് നയങ്ങൾ രൂപപ്പെടുത്താൻ ശുപാർശ ചെയ്യുക.

മാധ്യമപ്രവർത്തകർ എഴുതുന്നതും വിശകലനം ചെയ്യുന്നതും ലോകമെങ്ങും പൊതുജനങ്ങൾക്കു കൂടി വായിക്കാനും കേൾക്കാനും വിലയിരുത്താനും കഴിയുന്നുവെന്നതാണ് രണ്ടുകൂട്ടരുടെയും ജോലികൾ തമ്മിലുള്ള വ്യത്യാസം. ഞങ്ങൾ, നയതന്ത്രജ്ഞരുടെ റിപ്പോർട്ടുകളും വിശകലനങ്ങളും വായിച്ച ശേഷമോ പലപ്പോഴും വായിക്കാതെയോ ചരിത്രരേഖകൾ സൂക്ഷിക്കുന്ന ഗ്രന്ഥപ്പുരകളിലേക്കു പോകുന്നു. രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതിൽ ഇത്തരം റിപ്പോർട്ടുകളും വിശകലനങ്ങളും എത്രകണ്ട് സ്വാധീനം ചെലുത്തുന്നുവെന്ന് വ്യക്തമല്ല. വിദേശകാര്യ സർവീസിൽ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ 15 വർഷത്തിനകം ഞാൻ 8 പുസ്തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചു. അതിനു മുൻപ് സർവീസിൽ ഇരുന്ന 37 വർഷത്തിനിടെ ഒരു ഡസനിലേറെ വിദേശ രാജ്യങ്ങളിൽ ജോലിചെയ്തപ്പോൾ, വിവിധ വിഷയങ്ങളെക്കുറിച്ച് തയാറാക്കിയ റിപ്പോർട്ടുകളും വിശകലനങ്ങളും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത് എത്ര വിപുലമായൊരു ഗ്രന്ഥസഞ്ചയം ആകുമായിരുന്നു.

മാധ്യമപ്രവർത്തകർ വിവരങ്ങളും സംഭവങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ, ഞങ്ങൾ കളത്തിലിറങ്ങി പ്രവർത്തിക്കുന്നു എന്നതാണ് രണ്ടു പ്രഫഷനുകളും തമ്മിലുള്ള മറ്റൊരു വ്യത്യാസം. പലപ്പോഴും മന്ത്രാലയത്തിൽ നിന്നുള്ള നിർദേശം ലഭിക്കുന്നതിനു മുൻപുതന്നെ ഞങ്ങൾ തൽസമയം നടപടി സ്വീകരിക്കേണ്ടിവരുന്നു. നടപടിയെടുത്ത ശേഷം മുകളിലേക്ക് റിപ്പോർട്ട് ചെയ്യുകയും നിർദേശം സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണ് അടിയന്തരഘട്ടത്തിൽ അനുവർത്തിക്കുന്നത്. സ്ഥിതി വിലയിരുത്തി ഞങ്ങൾ ചെയ്തതിനെ അടിസ്ഥാനമാക്കി നൽകുന്ന റിപ്പോർട്ടുകളും ഇതേക്കുറിച്ച് മാധ്യമങ്ങൾ ആദ്യം നൽകുന്ന വാർത്തകളും വ്യത്യസ്തമായിരിക്കും. ഇതു രണ്ടും ഒരുപോലെയാണെങ്കിൽ ഞങ്ങളുടെ റിപ്പോർട്ടിന് കൂടുതൽ വിശ്വാസ്യത ലഭിക്കും. അതല്ലെങ്കിൽ കൂടുതൽ വിവരശേഖരണവും അന്തമില്ലാത്ത ചർച്ചകളും വേണ്ടിവരും. മാധ്യമ നയതന്ത്രം രാജ്യാന്തര ബന്ധങ്ങളുടെ മുഖ്യഘടകമായി മാറിക്കഴിഞ്ഞു. 

സാധാരണജനങ്ങൾക്ക് രാജ്യാന്തരവിഷയങ്ങളെക്കുറിച്ച് പ്രാഥമിക ധാരണ ലഭിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. അവർ ചുറ്റും നടക്കുന്നതിനെക്കുറിച്ച് ഉടനടി വാർത്തകളും വിശകലനങ്ങളും നൽകുന്നു. നയതന്ത്രജ്ഞരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വളരെ കുറച്ചുമാത്രമേ സാധാരണക്കാർ അറിയുന്നുള്ളൂ. 

പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതൃത്വവും അവരുടെ റിപ്പോർട്ടുകളിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. അതല്ലാതെ അവർ തമ്മിൽ ഒരിക്കലും നേരിട്ട് അറിയണമെന്നില്ല. ക്രിസ്റ്റൈൻ അമൻപൊറിനെയും ഫരീദ് സക്കറിയയെയും പോലുള്ള മാധ്യമപ്രവർത്തകർ മികച്ച നയതന്ത്രജ്ഞരേക്കാൾ ഈ രംഗത്തു പ്രകമ്പനം സൃഷ്ടിച്ചവരാണ്. ഇവരുടെ ഇടപെടലിലൂടെ പൊതുസമൂഹം ചർച്ച ചെയ്ത വിഷയങ്ങൾ പലപ്പോഴും വിദേശകാര്യമന്ത്രാലയത്തിലെ അകത്തളങ്ങളിൽ നടന്ന ചർച്ചകളെക്കാൽ കൂടുതലായി നയരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്.

വാർത്താവിനിമയ രംഗത്തെ കുത്തിച്ചുചാട്ടം ഇക്കാര്യത്തിൽ പലപ്പോഴും നയതന്ത്രജ്ഞരുടെ മേൽക്കൈ നഷ്ടമാക്കി. ഞൊടിയിടയിൽ വിവരം ജനങ്ങളിലേക്കെത്തുമ്പോൾ അവരുടെ അഭിപ്രായങ്ങളും വികാരങ്ങളും രാജ്യത്തിന്റെ നയതന്ത്രനിലപാടുകളിലും പ്രതിഫലിക്കുന്നു.

മാധ്യമപ്രവർത്തകരുമായി പതിവായി ബന്ധപ്പെടുന്നത് നയതന്ത്രപ്രവർത്തകർക്കും ഏറെ സഹായകമാണ്. പങ്കുവയ്ക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ അൽപം മുൻകരുതൽ വേണമെന്നു മാത്രം. വിവരങ്ങൾ പങ്കുവയ്ക്കുകയും അഭിപ്രായം വ്യക്തമായി പറയുകയും ചെയ്യുന്ന നിരവധി മാധ്യമപ്രവർത്തകർ എനിക്ക് സുഹൃത്തുക്കളായുണ്ടായിരുന്നു. ടോക്കിയോയിൽ ആയിരുന്നപ്പോൾ കെ.വി.നാരായണും മോസ്കോയിൽ പി.ഉണ്ണികൃഷ്ണനും വാഷിങ്ടണിൽ ചിദാനന്ദ് രാജ്ഘട്ടയും കെ.പി.നായരും അസീസ് ഹനീഫയുമെല്ലാം ഇവരിൽ ഉൾപ്പെടുന്നു. ഇവരൊക്കെ വലിയ സഹായികൾ ആയിരുന്നപ്പോൾത്തന്നെ അവരുടെ ജോലിയിൽ അങ്ങേയറ്റം ജാഗ്രരൂകരായിരുന്നു. നയതന്ത്രജ്ഞരുടെ വീഴ്ചയോ നയവ്യതിയാനമോ ചൂണ്ടിക്കാട്ടാൻ അവർ ഒരിക്കലും മടിക്കാറില്ല. മാധ്യമ റിപ്പോർട്ടുകളുടെ പേരിൽ നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമല്ല, അംബാസഡർ പോലും വെള്ളംകുടിക്കേണ്ടി വന്ന സന്ദർഭങ്ങളുണ്ട്.

മാധ്യമപ്രവർത്തകർ താമസംവിനാ സെൻസേഷണൽ റിപ്പോർട്ടുകളുടെ പിന്നാലെ പായുമ്പോൾ, ഇന്ത്യയെ ആ സംഭവം എങ്ങനെ ബാധിക്കുമെന്ന വിധത്തിലുള്ള വിശകലങ്ങളാണ് ഞങ്ങൾ നൽകാറുള്ളത്. ഇതിനിടയിലെ കാലവിളംബം വിദേശകാര്യമന്ത്രാലയത്തിൽ പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. എങ്കിലും കാമ്പുള്ളതും സമഗ്രവുമായ വിശകലനങ്ങൾ ലഭിക്കുമ്പോൾ അവർ അഭിനന്ദനം അറിയിക്കും.

മുൻപ് സോവിയറ്റ് കാലഘട്ടത്തിൽ മോസ്കോയിൽ നിന്നു വന്ന ഇത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് ഈ സന്ദർഭത്തിൽ ഓർത്തുപോകുന്നു. പ്രസിഡന്റ് ബ്രഷ്നേവ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് അവധിയിൽ പ്രവേശിച്ചുവെന്ന ആ റിപ്പോർട്ട് നൽകിയത് നമ്മുടെ ഒരു മാധ്യമപ്രവർത്തകൻ ആയിരുന്നു. ലോകം മുഴുവൻ ഈ വാർത്ത കാട്ടുതീ പോലെ പടർന്നു. സോവിയറ്റ് ഭരണകൂടത്തിന്റെ അകത്തളങ്ങളിൽ മികച്ച ബന്ധവും നിരവധി വാർത്താസ്രോതസ്സുകളുമുണ്ടായിരുന്ന നമ്മുടെ അംബാസഡർ ഡി.പി.ധർ പക്ഷേ, ഇതു നിഷേധിച്ചു. എങ്കിലും ഡൽഹിയിൽ നിന്നു ചോദ്യശരങ്ങൾ തന്നെ അദ്ദേഹത്തിനു നേരിടേണ്ടിവന്നു. വാർത്ത എന്തുകൊണ്ട് അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല, അത് വരാനിടയായ സാഹചര്യം എന്താണെന്നു കൂടി അദ്ദേഹത്തിനു വിശദീകരിക്കേണ്ടിവന്നു. ക്രെംലിനിലെ തൽപരകക്ഷികൾ ആ റിപ്പോർട്ടറെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് വ്യക്തമായി. ബ്രഷ്നേവ് ഏതാനും ദിവസം അവധിയെടുത്തു എന്നത് വസ്തുതയായിരുന്നു. അദ്ദേഹം ചുമതലയൊഴിഞ്ഞു എന്നത് അവാസ്തവമാണെന്നു തെളിഞ്ഞു. 

ആപൽസന്ധികളിൽ നയതന്ത്രപ്രതിനിധികൾക്ക് ന്യൂഡൽഹിയുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ മാധ്യമപ്രവർത്തകരെയാണ് സർക്കാർ ആശ്രയിക്കാറുള്ളത്. ഫിജിയിൽ അധികാരം പിടിച്ച സൈനികഭരണകൂടം ഇന്ത്യൻ സമൂഹത്തിനെതിരെ തിരിയുകയും നമ്മുടെ എംബസിയിലേക്കുള്ള വാർത്താവിനിമയ ബന്ധങ്ങൾ 3 ദിവസത്തേക്ക് വിച്ഛേദിക്കുകയും ചെയ്തു. മേലധികാരികളിൽ നിന്നുള്ള നിർദേശം ലഭിക്കുംവരെ നിഷ്പക്ഷനായി തുടരാനായിരുന്നു എന്റെ തീരുമാനം. ഗവർണർ ജനറലുമായി ബന്ധം നിലനിർത്തുകയും ചെയ്തു. എന്നാൽ, ഇതറിയാത്ത മാധ്യമങ്ങൾ ഇന്ത്യൻ കാര്യാലയത്തിന്റെ നിഷ്ക്രിയത്വത്തെ അപലപിച്ചു. തുടർന്ന് വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ഇന്ത്യൻ സമൂഹത്തെ പരസ്യമായി പിന്തുണയ്ക്കാനായിരുന്നു എനിക്കു ലഭിച്ച നിർദേശം. ശേഷം അവിടെ സംഭവിച്ചതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. നമ്മുടെ നയതന്ത്രകാര്യാലയം അവർ അടച്ചുപൂട്ടുകയും എന്നെ പുറത്താക്കുകയും ചെയ്തു. തുടർന്ന് ഫിജിക്കെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വാണിജ്യ ഉപരോധം അവിടത്തെ ഇന്ത്യൻ സമൂഹത്തെ പ്രതിസന്ധിയിലാക്കി. അന്ന് യഥാസമയം ന്യൂഡൽഹിയുമായി ബന്ധപ്പെടാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യയുടെ പ്രതികരണം അൽപംകൂടി മയപ്പെടുത്താനാകുമായിരുന്നു. ഇരുകൂട്ടരെയും അനുനയിപ്പിച്ചുള്ള പരിഹാരത്തിന് ശ്രമിക്കുമായിരുന്നു. അത് സാധ്യമാകും മുൻപ് മാധ്യമറിപ്പോർട്ടുകൾ സർക്കാരിനെ സ്വാധീനിച്ചു. പിന്നീട് 10 വർഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് ഫിജിയിൽ നയതന്ത്രകാര്യാലയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.

ന്യൂഡൽഹിയിൽ എത്തുമ്പോൾ മാധ്യമങ്ങളെ അൽപം കൂടി സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നാണ് അനുഭവം പഠിപ്പിക്കുന്നത്. സാധാരണനിലയിൽ മാധ്യമങ്ങൾക്ക് മറുപടി നൽകുന്നത് വിദേശകാര്യ വക്താവാണെങ്കിലും മുതിർന്ന ജേണലിസ്റ്റുകൾ നയതന്ത്രജ്ഞരുമായി നേരിട്ട് ബന്ധം പുലർത്താറുണ്ട്. വിദേശനയവുമായി ബന്ധപ്പെട്ട സ്കൂപ്പുകൾക്കും രാജ്യാന്തര സംഭവങ്ങളെക്കുറിച്ചുള്ള ജനവികാരം നേരിട്ട് അറിയിക്കുന്നതിനും വേണ്ടിയാണ് അവർ ഈ ബന്ധം ഉപയോഗിക്കാറുള്ളത്. 1978– 80 ൽ വിദേശകാര്യ മന്ത്രാലയത്തിൽ സ്പെഷൽ അസിസ്റ്റന്റായി പ്രവർത്തിച്ച കാലത്ത് ജി.കെ. റെഡ്ഡി, ഇന്ദർ മൽഹോത്ര, സുഭാഷ് ചക്രവർത്തി തുടങ്ങിയ പ്രഗത്ഭ പത്രപ്രവർത്തകരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. ഇവരുമായുള്ള സംഭാഷണത്തിൽ ഔദ്യോഗിക വിവരങ്ങളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടാതിരിക്കാൻ ഞാൻ പ്രത്യേക ജാഗ്രത പാലിച്ചിരുന്നു. അവരും അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നയപരമായ കാര്യങ്ങളിൽ നിലപാടറിയാൻ അവർ വിദേശകാര്യ സെക്രട്ടറിയെത്തന്നെ ആശ്രയിച്ചു. 

ഇക്കാലത്ത് അംബാസഡർമാരുടെ നിയമനം സംബന്ധിച്ച ഒരു വാർത്ത ചില പത്രങ്ങൾ ചോർത്തി റിപ്പോർട്ട് ചെയ്തു. വിഷയം അത്ര പ്രധാനമല്ലെങ്കിലും വിവരം അനധികൃതമായി പുറത്തുപോയതിൽ പിഎംഒ നീരസം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ആ രേഖകൾ കൈകാര്യം ചെയ്ത ഏറ്റവും ജൂനിയറായ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇന്റലിജൻസ് ബ്യൂറോ നടത്തിയ അന്വേഷണം എനിക്കു നേരെയും നീണ്ടു. വിവരം ചോർന്നത് ഉന്നതങ്ങളിൽ നിന്നാണെന്ന് വ്യക്തമായതോടെ അത് അവസാനിക്കുകയും ചെയ്തു.  

ഈ വാർത്ത കൊടുത്ത മുതിർന്ന ലേഖകനോട് ഇത്തരം നിയമന വാർത്തകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നത് എന്തിനാണെന്നു ഞാൻ പിന്നീട് തിരക്കി. വാർത്ത ശരിയാണെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിലും വായനക്കാർക്കിടയിലും തന്റെ വിശ്വാസ്യത കൂടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മാധ്യമപ്രവർത്തനവും നയതന്ത്രപ്രവർത്തനവും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാനാണ് ചില സംഭവങ്ങൾ ഇവിടെ പരാമർശിച്ചത്. ഈ രണ്ട് മേഖലകളും രാജ്യതാൽപര്യത്തിന് അനുസൃതമായി പരസ്പര പൂരകമായി പ്രവർത്തിക്കുന്നു. 

ഇന്ന് ഞാൻ വേലിക്ക് ഇപ്പുറത്തു നിന്നാണ് ഇതിനെയെല്ലാം നോക്കിക്കാണുന്നത്. അച്ചടി മാധ്യമരംഗത്തും ടിവി ചർച്ചകളിലും സജീവമായി ഇടപെടുന്ന എനിക്ക് ഈ രണ്ട് തൊഴിൽ മേഖലകളുടെയും പാരസ്പര്യത്തെക്കുറിച്ച് 

ഇപ്പോൾ മുൻപത്തേക്കാൾ ധാരണയുണ്ട്. 

(പ്രശസ്ത മാധ്യമപ്രവർത്തകരൻ രാജ്ദീപ് സർദേശായിക്ക് എൻ.രാമചന്ദ്രൻ ജേണലിസം അവാർഡ് സമ്മാനിക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ നിന്ന്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിച്ചു.)

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}