ഋഷി സുനക്: നിർവചനങ്ങൾ തിരുത്തിക്കുറിച്ച പ്രധാനമന്ത്രി

Rishi-Sunak-uk
ഋഷി സുനക്. ചിത്രം: ഫെയ്സ്ബുക്ക്.
SHARE

‘വെള്ളക്കാരനല്ലാത്ത ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി’ എന്നാണ് ബ്രിട്ടിഷുകാർ ഋഷി സുനക്കിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കാർക്ക് അദ്ദേഹം യുകെയിൽ പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന ആദ്യ ഭാരതീയനാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ സംരംഭകകുടുംബങ്ങളിലൊന്നിൽ നിന്ന് വിവാഹിതനായ സമർഥനായ ചെറുപ്പക്കാരൻ. ചിലർ ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തെ വിളിക്കുമ്പോൾ വേറെ കുറേപ്പേർക്ക് യുവപ്രധാനമന്ത്രിയാണ്. ഫാഷൻ പ്രേമികൾക്ക് ലക്ഷണം തികഞ്ഞ പുരുഷ മോഡലാണ് ഋഷി. എന്നാൽ, ഈ നിർവചനങ്ങളെയും വിശേഷണങ്ങളെയുമെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് അദ്ദേഹം നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ പടി കയറിയത്. അത്യഗാധമായ സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന ബ്രിട്ടനെ കരകയറ്റാൻ ഋഷി സുനക്കിനെപ്പോലെ പ്രഗത്ഭനും പരിചയസമ്പന്നനുമായ മറ്റൊരു സാമ്പത്തിക വിദഗ്ധൻ കൺസർവേറ്റീവ് പാർട്ടിയിൽ വേറെ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്.

rishi-sunak-pm

രാജ്യത്തും വിദേശത്തുമുള്ള മുഴുവൻ ഇന്ത്യക്കാരും ഋഷിയുടെ ആരോഹണത്തിൽ ആഹ്ലാദചിത്തരാണ്. ഇന്ത്യയിൽ നിന്നു കുടിയേറിയവരോ അവരുടെ സന്തതികളോ വിദേശരാജ്യങ്ങളിൽ അധികാരത്തിലെത്തുന്നത് ഇത് ആദ്യമല്ല. എന്നാൽ, യുഎസിലും യുകെയിലും അവർ ഭരണത്തിന്റെ ഉന്നതപദവികളിൽ എത്തിയപ്പോൾ അത് ജൈത്രയാത്രയായി കൊണ്ടാടപ്പെട്ടു. ഒരുകാലത്ത് ഇന്ത്യ അടക്കിഭരിച്ചിരുന്ന വെള്ളക്കാരെ കാലങ്ങൾക്കു ശേഷം നാം കീഴടക്കിയതായി അവകാശവാദം ഉയർന്നു. ബ്രിട്ടനിലെ ഭരണമാറ്റത്തെ പരാമർശിച്ച്, പ്ലാസി യുദ്ധത്തിലെ പരാജയത്തിന് നാം പകരം ചോദിച്ചതായി ചിലർ വീമ്പു പറഞ്ഞു. അതോടൊപ്പം ജാലിയൻവാലാബാഗും ഇന്ത്യ വിഭജനവുമെല്ലാം ചർച്ചയായി. 

rishi-new

എന്നാൽ, ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ട പരമാർഥം മറ്റൊന്നാണ്. എല്ലാ പടിഞ്ഞാറൻ ജനാധിപത്യരാജ്യങ്ങളും അവസരങ്ങളുടെ വിളനിലമാണ്. ജാതിയോ മതമോ വർണമോ മറ്റ് സാമൂഹിക പശ്ചാത്തലമോ യോഗ്യനായ ഒരാളുടെ ആരോഹണത്തിനും ഉന്നമനത്തിനും അവിടെ പ്രതിബന്ധമാകാറില്ല. അഥവാ യോഗ്യനായ വ്യക്തി അർഹമായ സ്ഥാനത്ത് ഉചിതമായ സമയത്ത് എത്തിയിരിക്കും. അതിനെ തടയാൻ ആർക്കും കഴിയില്ല തന്നെ. ആൽഫബറ്റിലും മൈക്രോസോഫ്റ്റിലും ട്വിറ്ററിലും അഡോബിലും നേരത്തെ തെളിയിക്കപ്പെട്ട ഈ സത്യം ഇപ്പോൾ യുഎസിലെയും യുകെയിലെയും അധികാരകേന്ദ്രങ്ങളിലും വ്യക്തമായെന്നു മാത്രം. 

Rishi-Sunak-uk-pm

കൺസർവേറ്റീവ് പാർട്ടിയിലെ അധികാരമത്സരത്തിൽ ഋഷി സുനക് പരാജയപ്പെട്ടത് രണ്ട് മാസം മുൻപ് മാത്രമാണ്. അന്ന് ബ്രിട്ടിഷുകാർ തിരഞ്ഞെടുത്ത ലിസ് ട്രസ് സാമ്പത്തികനയങ്ങളിലെ പാളിച്ചയെത്തുടർന്ന് അധികാരമൊഴിയേണ്ടിവന്നപ്പോൾ അവസരം ഋഷിയെ തേടിവന്നു. സാമ്പത്തികനില ഭദ്രമാകുന്നതിനു മുൻപ് നികുതികൾ കുറയ്ക്കരുതെന്ന് ഋഷി നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നതാണ്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ ആർക്കും ഇപ്പോഴത്തെ സന്ദിഗ്ധാവസ്ഥയിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ കഴിയില്ലെന്ന തോന്നലാണ് ഈ രംഗത്ത് ഇതിനകം കഴിവു തെളിയിച്ച ഋഷിയെ ചുമതലയേൽപ്പിക്കാൻ അവരെ നിർബന്ധിതരാക്കിയത്. ഈ തീരുമാനത്തിലേക്ക് എത്തുംവിധം പാർട്ടിയിൽ നടന്ന അനുരഞ്ജന ചർച്ചകളും ഉൾപാർട്ടി നീക്കങ്ങളും ലോകത്തിലെ ജനാധിപത്യചരിത്രത്തിൽത്തന്നെ അപൂർവസംഭവമാണ്. 

Rishi Sunak (Phtoo: AFP)
ഋഷി സുനക് (Photo: ISABEL INFANTES / AFP)

സാമാന്യം സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ ജനിച്ച് ഓക്സ്ഫർഡിലും സ്റ്റാൻഫർഡിലും വിദ്യാഭ്യാസം നേടിയ സുനക് 2015 ലാണ് റിച്മൻഡിൽ നിന്ന് ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2017 ലും 2019 ലും അദ്ദേഹം വീണ്ടും വിജയിച്ചു. സാമ്പത്തികരംഗത്തെക്കുറിച്ചുള്ള അവഗാഹവും അനുഭവസമ്പത്തും കണക്കിലെടുത്താണ് ബോറിസ് ജോൺസൻ അദ്ദേഹത്തെ ധനമന്ത്രിയായി തിരഞ്ഞെടുത്തത്. അല്ലാതെ ന്യൂനപക്ഷ സമുദായാംഗം എന്ന പരിഗണനയിൽ അല്ല. ഉറച്ച ഹിന്ദുമത വിശ്വാസിയായ ഋഷി ഭഗവദ്ഗീത വായിക്കുമെന്നും ദീപാവലി ആഘോഷിക്കുമെന്നും യുകെയിലെ ഇന്ത്യൻ സമൂഹം പോലും അറിഞ്ഞിരുന്നില്ല. ഭാര്യ അക്ഷതയുടെ ഇന്ത്യൻ പാസ്പോർട്ട് ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയവളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നു തോന്നി. ആ പദവി ഉപയോഗിച്ച് അവർ നികുതിയിളവ് തരപ്പെടുത്തുന്നതായി ബ്രിട്ടിഷ് ജനത സംശയിച്ചു.

Prime Minister Rishi Sunak uk
Britain's newly appointed Prime Minister Rishi Sunak arrives to deliver a speech outside 10 Downing Street in central London. Photo by JUSTIN TALLIS / AFP

പ്രധാനമന്ത്രിയെന്ന നിലയിൽ ഋഷി സുനക് ഇന്ത്യയോട് അനുഭാവം കാട്ടുമെന്നും കോഹിനൂർ രത്നം തിരിച്ചുതരുന്നത് ഉൾപ്പെടെ ചില നടപടികളുണ്ടാകുമെന്നും ചിലർ കരുതുന്നു. അത്തരം പ്രതീക്ഷകൾക്കൊന്നും അടിസ്ഥാനമില്ല. ബ്രിട്ടന്റെ ഉത്തമ ദേശീയതാൽപര്യം മുൻനിർത്തി മാത്രമേ അദ്ദേഹത്തിനു ചുമതല നിർവഹിക്കാൻ കഴിയൂ. ഇന്ത്യയെ അനുകൂലിക്കുന്നതായി സംശയം ജനിപ്പിക്കുന്ന ഒരു നടപടിയെയും അദ്ദേഹത്തിന് അനുകൂലിക്കാൻ കഴിയില്ല. ഇപ്പോൾ ചർച്ചയുടെ ഘട്ടത്തിലുള്ള ഉഭയകക്ഷി വാണിജ്യ ഉടമ്പടി ഉൾപ്പെടെ ഈ നിലയിലുള്ള സൂക്ഷ്മപരിശോധനയ്ക്കു ശേഷമേ യാഥാർഥമാകൂ. ഇന്ത്യക്കാരുടെ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇന്ത്യൻ വേരുകളുള്ള മന്ത്രിക്ക് അദ്ദേഹം പുനർനിയമനം നൽകിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. 

rishi-sunak-wife-akshita
ഋഷി സുനകും ഭാര്യ അക്ഷിതയും. Image. Facebook/rishisunak

ബ്രിട്ടിഷ് കോളനിവാഴ്ചയ്ക്കെതിരായ വിമർശനവും കൊളോണിയൽ കാലഘട്ടത്തിലെ കൊള്ളരുതായ്മകളുടെ കണക്കെടുപ്പും ഇന്ത്യയിൽ ഫാഷനായി വളരുന്ന നാളുകളിലാണ് ഋഷി ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തിയതെന്നതാണ് കൗതുകകരം. രണ്ട് നൂറ്റാണ്ടിനിടെ അവർ കൊള്ളയടിച്ച സമ്പത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്. സ്വാതന്ത്ര്യം നൽകുന്നതോടെ ഇത്തരം നഷ്ടപരിഹാരത്തിനൊന്നും പിന്നീട് അവകാശമുണ്ടാവില്ലെന്നാണ് പൊതുതത്വം. ബ്രിട്ടിഷ് സർക്കാരിനെക്കൊണ്ട് പലവിധത്തിൽ ഗുണമുണ്ടായവരാണ് ഇപ്പോൾ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത്. ആ പഴയ അടുപ്പം മറയ്ക്കാൻ ശക്തമായ കൊളോണിയൽ വിരുദ്ധനിലപാട് അവർക്ക് സഹായകമാകുന്നുണ്ടാവും.

rishi-sunak-profile2

കോളനിവാഴ്ചക്കാലത്തെ ക്രൂരതകളെക്കുറിച്ചുള്ള ആരോപണങ്ങൾക്കോ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിനോ ഋഷി മറുപടി നൽകാനിടയില്ല. ഇന്ത്യക്കാർ ഇപ്പോൾ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതുപോലും അദ്ദേഹത്തിനു വിഷമകരമാകും. ഇന്ത്യ സന്ദർശനത്തിനിടെ ഒരു തവണ ജാലിയൻവാലാബാഗ് സന്ദർശിച്ച എലിസബത്ത് രാജ്ഞി അവിടെ രക്താസാക്ഷികളായവർക്ക് ആദരാഞ്ജലിയർപ്പിച്ചിരുന്നു.

rishi-sunak-profile1

ബ്രിട്ടനിൽ ഋഷി സുനക് പ്രധാനമന്ത്രിയായതു ചൂണ്ടിക്കാട്ടി നമ്മുടെ ജനാധിപത്യസംവിധാനത്തെ ഒന്നു തോണ്ടാൻ ചിലർ ശ്രമിച്ചു കണ്ടത് ആശ്ചര്യകരമായി തോന്നി. ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരാളെ ഇത്തരത്തിൽ തിരഞ്ഞെടുക്കാൻ നമുക്ക് കഴിയുമോ എന്നായിരുന്നു അവരുടെ ചോദ്യം. ഇന്ത്യയുടെ പരമോന്നത പദവികളിൽ ഒന്നിലേറെത്തവണ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവർ അവരോധിതരായി. ന്യൂനപക്ഷമായ സിഖ് സമുദായത്തിൽ നിന്ന് നമുക്കൊരു പ്രധാനമന്ത്രിയുണ്ടായി എന്നോർക്കണം. 

rishi-sunak-profile

ഇന്ത്യക്കാർക്ക്, വിശേഷിച്ച് പ്രവാസികളായ ഇന്ത്യക്കാർക്ക് ആഹ്ലാദത്തിനു വക നൽകുന്ന അസുലഭ മുഹൂർത്തമാണിത് എന്നതിൽ സംശയമില്ല. പ്രവാസി ഭാരതീയരുടെ വളർച്ചയിൽ ഇതൊരു ചരിത്രഘട്ടമാണ്. ഇന്ത്യൻ കുടിയേറ്റക്കാരുടെ സവിശേഷ പ്രതിഭയുടെ ഉദാഹരണമായാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പോലും ഋഷിയുടെ സ്ഥാനാരോഹണത്തെ വിശേഷിപ്പിച്ചത്. കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും സമാനമായ ചർച്ചകൾ ഉയർന്നുവന്നിരുന്നു. എന്നാൽ, ദോശ ഇഷ്ടമാണെന്നതൊഴിച്ചാൽ തന്റെ ആഫ്രോ അമേരിക്കൻ വേരുകളുമായി ചേർന്നുനിൽക്കാനാണ് കമല താൽപര്യപ്പെടുന്നത്. പുതിയ പദവിയിൽ എത്തിയശേഷം ഇന്ത്യയെ നിശിതമായി വിമർശിക്കാൻ അവർ മടികാട്ടാറുമില്ല. 

rishi-sunak-11
ഋഷി സുനക്, ലിസ് ട്രസ്

ലോകമെങ്ങും ഇന്ത്യക്കാരായ കുടിയേറ്റക്കാർ പലവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവയിൽ മാറ്റം വരുത്താൻ ഋഷിയുടെ സ്ഥാനലബ്ധി സഹായകമാകുമെന്ന് തോന്നുന്നില്ല. എങ്കിലും പ്രതിഭാശാലികളായ നമ്മുടെ നാട്ടുകാർക്ക് ലോകത്ത് എവിടെയും ഉയർച്ചയും അംഗീകാരവും ലഭിക്കുമെന്നതിൽ സംശയമില്ല.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS