കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗണിനും മറ്റ് നിയന്ത്രണങ്ങൾക്കുമെതിരെ ചൈനയിൽ ഉയർന്നുവന്ന വ്യാപക പ്രതിഷേധം ഒരു കലാപത്തിന്റെ വക്കോളമെത്തുകയും അധികൃതരെ ആശങ്കയുടെ മുൾമുനയിൽ നിർത്തുകയും ചെയ്തു. അവിചാരിതവും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കാൻ ഇടയുള്ളതുമായ ഇത്തരം കലാപങ്ങൾക്കു രാജ്യത്തു സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും നാലു വർഷം മുൻപ് പ്രസിഡന്റ് ഷി ചിൻപിങ് മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് പാർട്ടി സെൻട്രൽ സ്കൂളിൽ നടത്തിയ സുപ്രധാന പ്രസംഗത്തിൽ, ചൈനയുടെ ദേശീയ സുരക്ഷ ബാഹ്യവും ആഭ്യന്തരവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നതായി അദ്ദേഹം പറഞ്ഞു. അവിചാരിത സംഭവങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും തീർത്തും നിസ്സാരമെന്നു തോന്നാവുന്ന പ്രതിസന്ധികൾ പോലും അവഗണിക്കരുതെന്നും ഷി പാർട്ടി കേഡർമാരെ ഉപദേശിച്ചു. അദ്ദേഹം അന്ന് പ്രകടിപ്പിച്ച ആപൽസൂചനകളാണ് ഇപ്പോൾ കോവിഡ് നിയന്ത്രങ്ങൾക്ക് എതിരായ പ്രതിഷേധത്തിന്റെ രൂപത്തിൽ യാഥാർഥ്യമായത്.
കോവിഡ് മഹാമാരി സംഹാരഭാവം കൈവരിക്കുന്നതു തടയുന്നതിനാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. മൂന്നു വർഷത്തോളമായി ഏറിയും കുറഞ്ഞും പലതരം നിയന്ത്രണങ്ങൾ തുടരുന്ന ചൈനയിൽ അതിൽ പുതുമയൊന്നും ഉണ്ടായിരുന്നുമില്ല. എന്നാൽ, വാക്സിനേഷനും വ്യാപക പരിശോധനയും വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ നടപടിയായി യുവാക്കൾ കണക്കാക്കിയത് പ്രസിഡന്റിനെ ഞെട്ടിച്ചിട്ടുണ്ടാവും. യുഎസിലും മറ്റും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇങ്ങനെ ചെയ്തവരിൽ ചിലരെല്ലാം അതിന്റെ വിലയായി ജീവൻതന്നെ നൽകേണ്ടിവന്നതും ചൈനയിലെ ചെറുപ്പക്കാർ അറിയാതിരിക്കില്ല.

മൂന്നാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷി ഔദ്യോഗികമായി ചുമതലയേറ്റിട്ട് അധികദിവസമായിട്ടില്ല. അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്ര ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഇന്തോനീഷ്യയിലെ ബാലിയിലേക്കായിരുന്നു. ബാലിയിലെ മുഖ്യശ്രദ്ധാകേന്ദ്രവും അദ്ദേഹമായിരുന്നു. മുൻനിര രാജ്യങ്ങളുടെ ലോകവേദിയിൽ ഒരു ചക്രവർത്തിയെപ്പോലെ വിളങ്ങിയ ഷിയുമായി പരിചയം പുതുക്കാനും ഉപചാരം പറയാനും നേതാക്കൾ മത്സരിച്ചു. ഇതിനിടെ, സ്വകാര്യമായി പറഞ്ഞ വിവരം മാധ്യമങ്ങളോടു വെളിപ്പെടുത്തിയതിന് കാനഡയുടെ പ്രധാനമന്ത്രിയെ അദ്ദേഹം പരസ്യമായി ശാസിക്കുകയും ചെയ്തു. വിജയകരമായ ഈ യാത്രയ്ക്കു ശേഷം രാജ്യത്തു മടങ്ങിയെത്തിയപ്പോഴാണ് കോവിഡ് വിരുദ്ധ പ്രതിഷേധം സംഹാരരൂപം കൈവരിച്ചതായി കണ്ടത്. 1989 ൽ നൂറുകണക്കിനു യുവാക്കളുടെ കൂട്ടക്കൊലയിൽ കലാശിച്ച ടിയനൻമെൻസ്ക്വയർ പ്രക്ഷോഭത്തിനു സമാനമായിരുന്നു സാഹചര്യം.
ഒക്ടോബർ 13 ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. നിർമാണത്തൊഴിലാളിയുടെ വേഷത്തിലെത്തിയ പ്രക്ഷോഭകാരി ഗുവാങ്സോ നഗരത്തിലെ പാലങ്ങളിൽ ഷിയുടെ കോവിഡ് നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പതിച്ചു. അജ്ഞാതനായ ഈ യുവാവിനെ മാധ്യമങ്ങൾ ‘ബ്രിഡ്ജ്മാൻ’ എന്ന് വിശേഷിപ്പിച്ചു. 1989 ൽ ടിയനൻമെൻസ്ക്വയറിൽ പട്ടാള ടാങ്കുകൾക്കു മുന്നിൽ കയറിനിന്ന് തടയാൻ ശ്രമിച്ച് ആഗോളശ്രദ്ധ നേടിയ ടാങ്ക്മാന്റെ പുതിയപതിപ്പായിരുന്നു ആ യുവാവ്.

ദിവസങ്ങൾക്കുള്ളിൽ പ്രക്ഷോഭം മറ്റു നഗരങ്ങളിലേക്കു വ്യാപിച്ചു. കോവിഡ് നിയന്ത്രണം സ്വാതന്ത്ര്യനിഷേധമായി വ്യാഖ്യാനിച്ച് പ്രസിഡന്റിന് എതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. വെറും നേതാവിനെയല്ല, ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന നേതാവിനെയാണ് ഞങ്ങൾക്കു വേണ്ടതെന്ന് ആൾക്കൂട്ടം വിളിച്ചുപറഞ്ഞു.
നവംബർ 24 ന് ദാരുണമായ മറ്റൊരു സംഭവത്തിനു ചൈന സാക്ഷ്യം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് 10 പേർ മരിച്ചു. പുറത്തിറങ്ങാനുള്ള മാർഗങ്ങൾ അടച്ചിരുന്നതുകൊണ്ടാണ് 10 ജീവനുകൾ നഷ്ടപ്പെട്ടതെന്ന് ആരോപണമുയർന്നു. പ്രതിഷേധം ആളിക്കത്താൻ ഇതു ധാരാളമായിരുന്നു.
പ്രക്ഷോഭത്തെ നേരിടാൻ ഉരുക്കുമുഷ്ടി പ്രയോഗിച്ച ഭരണകൂടം ചൈനീസ് പൗരന്മാർക്ക് പാസ്പോർട്ട് നൽകുന്നതും നിർത്തിവച്ചു. ദോഹയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ പദ്ധതിയിട്ടിരുന്ന യുവാക്കളെ അത് നിരാശരാക്കി. കോവിഡ് വ്യാപനം തടയാൻ എന്ന പേരിൽ വലിയ സ്ക്രീനുകൾ വച്ച് കൂട്ടമായിരുന്ന് കളി കാണുന്നതും തടഞ്ഞു.

പ്രതിഷേധം കൂടുതൽ ശക്തമാകുന്നതാണ് വരുംദിവസങ്ങളിൽ കണ്ടത്. സോവിയറ്റ് യൂണിയനിൽ മുൻപ് പ്രക്ഷോഭകാരികൾ സ്വീകരിച്ച സമരമാർഗം പതിറ്റാണ്ടുകൾക്കു ശേഷം ചൈനീസ് യുവാക്കൾ അനുകരിച്ചു. ഒന്നുമെഴുതാത്ത വെള്ളക്കടലാസുകൾ ഉയർത്തിപ്പിടിച്ചാണ് ഒട്ടേറെ ക്യാംപസുകളിൽ അവർ അണിനിരന്നത്. ആവശ്യങ്ങൾ ഏവർക്കും വ്യക്തമായതിനാൽ പ്രത്യേക മുദ്രാവാക്യത്തിന്റെ ആവശ്യമില്ലെന്ന് ആ ചെറുപ്പക്കാർ പറയാതെ പറഞ്ഞു. തന്ത്രപരമായ ഈ രീതി പൊലീസിനെ അരിശംകൊള്ളിച്ചെങ്കിലും നിയമലംഘനമില്ലാത്തതിനാൽ അവർക്കെതിരെ നടപടിയെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ഷാങ്ഹായിയിലും ബെയ്ജിങ്ങിലും നടന്ന പ്രകടനങ്ങളിൽ ജനാധിപത്യവും നിയമവാഴ്ചയും മുദ്രാവാക്യങ്ങളായി.
സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ഭരണകൂടം ദ്രുതഗതിയിൽ പ്രവർത്തിച്ചു. പ്രക്ഷോഭകരെ അനുനയിപ്പിക്കാനും വിവിധമാർഗങ്ങൾ തേടി. അറസ്റ്റിനും ബലപ്രയോഗത്തിനും പിന്നാലെ കോവിഡ് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചു. 2012 ൽ അധികാരമേറ്റതു മുതൽ ഷി ഭരണകൂടം കൈക്കൊണ്ട പല നടപടികളും ഇതിനിടെ ചർച്ച ചെയ്യപ്പെട്ടു.
ഈ സമരത്തിന് നേതാക്കളില്ലെന്നതാണ് മറ്റൊരു സവിശേഷത. ആരാണ് അവരെ നിയന്ത്രിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലോക്ഡൗൺ മൂലം പൊറുതിമുട്ടുന്നിടങ്ങളിൽ എല്ലാം ജനക്കൂട്ടം സംഘടിക്കുന്നുണ്ട്. ഇന്റർനെറ്റിലും അതിന്റെ അനുരണനങ്ങൾ വ്യക്തമാണ്. എന്നാൽ, 1989 ലേതിനു സമാനമായ കലാപത്തിലേക്ക് അതു പോകുമെന്നു തോന്നുന്നില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിക്കഴിഞ്ഞു. പ്രസിഡന്റ് ഷി മുൻനിശ്ചയപ്രകാരം സൗദി സന്ദർശനത്തിനു പുറപ്പെട്ടത് അതിന്റെ സൂചനയാണ്.

നിയന്ത്രണങ്ങളിൽ ചില്ലറ ഇളവുകൾ നൽകിയതുകൊണ്ടും കോവിഡ് വ്യാപനം യാഥാർഥ്യമാണെന്നു ജനങ്ങൾക്കും ബോധ്യമുള്ളതുകൊണ്ടും സമരക്കാർ ഒരുചുവട് പിന്നോട്ടുവച്ചിട്ടുണ്ട്. അതിനർഥം സ്ഥിതിഗതികൾ തീർത്തും ശാന്തമാണെന്നല്ല. നിയന്ത്രണങ്ങളിൽ അൽപം ഇളവു ലഭിച്ചത് സമരക്കാരുടെ വിജയമായി കണക്കാക്കി പ്രക്ഷോഭകാരികൾ ആവേശഭരിതരാകാം. കൂടുതൽ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടിയുള്ള മറ്റൊരു സമരത്തിന് അത് ഊർജം പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ, അവർക്കു മുന്നിലുള്ളത് കഠിനപാതയാണ്. ഭരണകൂടത്തിന്റെ സർവമേഖലകളിലെ വിശ്വസ്തരെ അവരോധിച്ച ഷി ജിൻപിങ് ഇതെല്ലാം മുൻകൂട്ടി കാണാൻ ശേഷിയുള്ള നേതാവാണ്. അപ്രതീക്ഷിത കലാപങ്ങളും പ്രതിവിപ്ലവ ശ്രമങ്ങളും മുൻകൂട്ടി മനസ്സിലാക്കാനും വേണ്ടപോലെ കൈകാര്യം ചെയ്യാനും അദ്ദേഹം മടികാണിക്കുമെന്ന് കരുതാനാവില്ല. ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെ അൽപം ‘റിസ്ക്’ എടുക്കാൻ സ്വാതന്ത്ര്യദാഹികളും ശ്രമിച്ചുകൂടെന്നില്ല.
രാഷ്ട്രീയഘടനയെ കർശനമായി നിയന്ത്രിച്ചുകൊണ്ട് മൂലധനശക്തികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകുന്നതുമൂലമുള്ള പ്രയാസങ്ങൾ ചൈന വളരെക്കാലമായി അനുഭവിച്ചുവരുന്നതാണ്. അതുകൊണ്ട്, മൂലധനത്തെയും നിയന്ത്രിച്ച് രാഷ്ട്രീയഘടനയെ വരുതിയിൽ നിർത്തുകയെന്ന കഠിനപാതയാണ് ഇനി ഷി ജിൻപിങ്ങിനു മുന്നിലുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് മൂലധനശക്തികളെ നിയന്ത്രിക്കേണ്ടിവരുമെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഷി വ്യക്തമാക്കിയിരുന്നു. അതിനുള്ള നടപടികൾ മുന്നോട്ടുപോയാൽ സാമ്പത്തിക നിയന്ത്രണങ്ങൾ കർശനമാക്കേണ്ടിവരും.
സാമ്പത്തിക– രാഷ്ട്രീയ മേഖലകളെ സന്തുലിതമായി നിയന്ത്രിച്ചുകൊണ്ട് ജനക്ഷേമം ഉറപ്പുവരുത്താൻ ഷി ഭരണകൂടത്തിന് എത്രകണ്ട് കഴിയുമെന്നതിനെ ആശ്രയിച്ചായിരിക്കും ചൈനയുടെ ഭാവി നിർണയിക്കപ്പെടുക.