കേരളത്തിലെ വ്യാവസായിക അന്തരീക്ഷം; ഒരു പുതിയ കാഴ്ചപ്പാട്

below-the-radar
SHARE

ന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് രാജിവച്ച് സംരംഭകനായി മാറി വിജയിച്ച പ്രതിഭാശാലിയാണ് സി.ബാലഗോപാൽ. അദ്ദേഹത്തിന്റെ സ്ഥാപനം ഉൽപാദിപ്പിച്ച ബ്ലഡ് ബാഗുകൾ ഗുണമേന്മ കൊണ്ട് ലോകമെങ്ങും വിപണി കീഴടക്കി. പിന്നീട് അതു വിട്ട് ‘മാനേജ്മെന്റ് ഗുരു’ എന്ന നിലയിൽ സുപരിചിതനായ ബാലഗോപാൽ ഫെഡറൽ ബാങ്കിന്റെ ചെയർമാനും ഡയറക്ടറുമായി. ഇതിനിടെ എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. 

ബാലഗോപാൽ രചിച്ച നാലാമത്തെ കൃതിയായ ‘ബിലോ ദ് റഡാർ’ (Below the Radar) അദ്ദേഹത്തിന്റെ വിജയകരമായ ജീവിതയാത്രയുടെ നേർച്ചിത്രമാണ്. ആ യാത്ര ഏകാകിയുടെ വിജയഗാഥയായിരുന്നില്ലെന്നു ഗ്രന്ഥകാരൻ പറയുന്നു. വിവിധ ഭരണാധികാരികളുടെ കാലത്ത് നമ്മുടെ സംസ്ഥാനത്തു രൂപപ്പെട്ട വ്യവസായങ്ങൾക്ക് അനുകൂലമായ ഭൗതിക സാഹചര്യമാണ് തന്റെ സംരംഭത്തെ വിജയതീരമണച്ചതെന്ന് അദ്ദേഹം തുറന്നുപറയുന്നു. അഥവാ അത്തരമൊരു അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നതായി അദ്ദേഹം സമർഥിക്കുന്നു.

സ്വന്തം അനുഭവവും ലോകനിലവാരത്തിലുള്ള ഒരു സ്റ്റീൽ കാസ്റ്റിങ് സ്ഥാപനം നടത്തുന്ന മറ്റൊരു സംരംഭകന്റെ ജൈത്രയാത്രയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ബാലഗോപാൽ അദ്ദേഹത്തിന്റെ വാദങ്ങൾ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിജയംവരിച്ച അമ്പത്തോളം മറ്റു സംരംഭങ്ങളും അദ്ദേഹം എടുത്തുപറയുന്നുണ്ട്. ഇവയിൽ മിക്കതും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സ്ഥാപനങ്ങളാണ്. ഇവയെല്ലാം നമ്മുടെ സർക്കാർ ദശകങ്ങൾ കൊണ്ട് രൂപം നൽകിയ പൊതുനയത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ അനുകൂല സാഹചര്യത്തിന്റെ സൃഷ്ടിയാണെന്ന് ഗ്രന്ഥകാരൻ വിശ്വസിക്കുന്നു. 

ബാലഗോപാൽ കണക്കുകൂട്ടിയതുപോലെ ‘റഡാറിനു കീഴെ’ വിപുലമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിമരുന്നിട്ടു. കേരളം സംരംഭകർക്ക് അനുകൂലമല്ലെന്ന പൊതുധാരണയെ നിരാകരിച്ചതാവാം അതിനു കാരണം. അഴിമതിയും സ്വജനപക്ഷപാതവും ട്രേഡ് യൂണിയനുകളുടെ മുഷ്ക്കും അടിക്കടിയുള്ള ഹർത്താലുകളും കേരളത്തെക്കുറിച്ചു നൽകുന്ന ചിത്രം അത്ര പ്രതീക്ഷ നൽകുന്നതല്ല. ഗൾഫിൽ നിന്ന് മടങ്ങിവന്ന ശേഷം ബസ് സർവീസ് തുടങ്ങുന്ന പ്രവാസിയുടെ ദുരനുഭവങ്ങൾ വർണിക്കുന്ന മോഹൻലാൽ ചിത്രമായ ‘വരവേൽപ്’ ഇപ്പോഴും സംരംഭക മനസ്സിൽ നീറുന്ന ഓർമയായി ബാക്കിനിൽക്കുന്നു. കേരളത്തിലെ വ്യവസായാന്തരീക്ഷത്തെ വിശേഷിപ്പിക്കാൻ നമ്മുടെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ് ഒരിക്കൽ ഈ ചിത്രത്തെക്കുറിച്ചു പരാമർശിച്ചിരുന്നു.

ഇതൊരു യാഥാർഥ്യമായിരുന്നുവെന്ന് ബാലഗോപാലും സമ്മതിക്കുന്നുണ്ട്. ആദ്യകാലത്ത് ഇത്തരം അനുഭവങ്ങളിലൂടെ തനിക്കും കടന്നുപോകേണ്ടിവന്നതായും അദ്ദേഹം പറയുന്നു. ഒരുപക്ഷേ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന മേലങ്കിയാകാം ഇത്തരം കടമ്പകൾ കടക്കാൻ സഹായിച്ചതെന്നും കരുതുന്നു. ബാലഗോപാലിന്റെ സ്ഥാപനത്തിലും ട്രേഡ് യൂണിയനുകൾ ഉണ്ടായിരുന്നു. എന്നാൽ, സമരംമൂലം ഒരു ദിവസം പോലും അദ്ദേഹത്തിനു നഷ്ടമായിട്ടില്ല. മറ്റ് സംരംഭകരും ഈ സ്ഥിതിവിശേഷത്തെ വിജയകരമായി കൈകാര്യം ചെയ്തവരാണ്. ‘‘ഇവിടെ മൊത്തം തൊഴിൽ പ്രശ്നങ്ങളാണെന്ന പൊതുധാരണ നിലവിലുണ്ട്. അതിൽ കുറച്ചു വസ്തുതകളുമുണ്ട്. എന്നാൽ, കഴിഞ്ഞ 30 വർഷത്തിനിടെ കാര്യങ്ങൾ ഒരുപാട് മാറിയിരിക്കുന്നു’’– ബാലഗോപാൽ പറയുന്നു.

വിജയകരമായ വ്യവസായാന്തരീക്ഷത്തിന് ഉദാഹരണമായി ബാലഗോപാൽ ചൂണ്ടിക്കാട്ടുന്ന സ്ഥാപനങ്ങൾ ഇവിടത്തെ പൊതുസ്ഥിതിക്ക് അപവാദമാണെന്ന് പുസ്തകത്തിന്റെ വിമർശകർ പറയുന്നു. ഒറ്റപ്പെട്ട ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അതു പൊതുസാഹചര്യമാണെന്നു വിലയിരുത്താനാവില്ലെന്നാണ് അവരുടെ വാദം.

എന്തുതന്നെയായാലും ബാലഗോപാലിന്റെ സിദ്ധാന്തം ഗൗരവാവഹമായ പഠനത്തിനു വിധേയമാക്കേണ്ടാതാണ്. കാരണം അദ്ദേഹത്തിന്റെ വാദം ശരിയാണെങ്കിൽ കേരളം വ്യവസായവൽക്കരണത്തിന്റെ പാതയിലാണ്. അനേകം പോരായ്മകളുണ്ടെങ്കിലും ഉന്നതസാങ്കേതികവിദ്യയിലൂന്നിയ വ്യവസായങ്ങൾക്കു വളരാൻ പറ്റിയ അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നു. ബാലഗോപാൽ ചൂണ്ടിക്കാട്ടുന്ന 50 സംരംഭങ്ങൾക്കു ചില പൊതുവായ സവിശേഷതകളുണ്ട്. അവയെല്ലാം ചെറിയ നിലയിൽ തുടങ്ങിയവയാണ്. എല്ലാത്തിനും തുടക്കത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായവയായിരുന്നു. വിദേശവിപണികൾ ലക്ഷ്യംവച്ച് തുടങ്ങിയ ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടിയവരായിരുന്നു. 

വ്യവസായ വികസനത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന് സ്ഥാപനത്തിന്റെ നിലനിൽപ്പാണ്. അൽപകാലം മാത്രം നിലനിൽക്കുന്ന വിജയകഥകൾ പുതിയ സംരംഭകർക്ക് ആത്മവിശ്വാസം നൽകില്ല. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ സാമർഥ്യം അനേകം പ്രതിഭാധനരായ ചെറുപ്പക്കാരെ നമ്മുടെ നാട്ടിലേക്ക് ആകർഷിച്ചു. കെൽട്രോൺ പോലുള്ള സ്ഥാപനങ്ങളുടെ പിറവി അങ്ങനെയായിരുന്നു. എന്നാൽ ഇന്ന്, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു സംഭരിക്കുന്ന വസ്തുക്കൾ സർക്കാർ വകുപ്പുകൾക്കു വിതരണം ചെയ്ത് കമ്മിഷൻ കൊണ്ട് കഴിഞ്ഞുകൂടുന്ന സ്ഥാപനമായി അതു മാറി. ഇന്ന് സംരംഭകത്വമനോഭാവമുള്ള ചെറുപ്പക്കാർ ഇങ്ങോട്ടുവരാൻ തയാറാണോ? ഇവിടത്തെ പൊതുനയങ്ങൾ വ്യവസായവൽക്കരണത്തിന് അനുകൂലമാണെങ്കിൽ ആരും വരാത്തത് എന്തുകൊണ്ടാണ് ?

വ്യവസായം തുടങ്ങാനിറങ്ങി സർവതും നഷ്ടപ്പെട്ടവരുടെ ഭീതിദമായ കഥകളാണ് പതിവായി ഇവിടെ കേൾക്കുന്നത്. സംരംഭക പ്രോത്സാഹനത്തിനായി വിദേശത്തു നടത്തുന്ന പരിപാടികളിൽ പോലും ഇത്തരം കഥകളാണ് പുറത്തുവരുന്നത്. ലാഭകരമായി നടത്തുന്ന സ്ഥാപനങ്ങൾ വരെ പൂട്ടിക്കെട്ടി അന്യസംസ്ഥാനങ്ങളിലേക്കു പോകേണ്ടിവരുന്ന കഥകളും നമുക്കറിയാം. വ്യവസായങ്ങൾക്ക് അനുകൂലമായ ഭൗതികസാഹചര്യം നിലനിർത്താനോ പരിപോഷിപ്പിക്കാനോ തുടർച്ചയായ ശ്രമം ഇവിടെ ഉണ്ടാകുന്നുണ്ടോ ? നമ്മുടെ സർക്കാരുകളുടെ മുൻഗണനാപട്ടികയിൽ ഇതു സ്ഥാനംപിടിക്കാറുണ്ടോ ?

വിദേശത്തേക്കു കുടിയേറി ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള ചെറുപ്പക്കാരുടെ നെട്ടോട്ടമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ആരും ഇങ്ങോട്ടു വരാൻ താൽപര്യപ്പെടുന്നതായി തോന്നുന്നില്ല. വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാർ അവിടെ ജോലി സ്വീകരിക്കുന്നതോടെ ഭാവിയിൽ പല തൊഴിൽ മേഖലകളിലും നമുക്ക് നൈപുണ്യമുള്ളവരെ ലഭിക്കാതാവുമെന്ന് ഉറപ്പാണ്. 

ബാലഗോപാലിന്റെ ഗ്രന്ഥം തീർച്ചയായും മറ്റുള്ളവർക്കു പ്രോത്സാഹനം നൽകുന്നതാണ്. അദ്ദേഹത്തിന്റെ നിഗമനങ്ങൾ സത്യസന്ധമാണെന്നതിൽ തർക്കമില്ല. എന്നാൽ, സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്ത ഏതാനും വ്യക്തികളുടെ വിജയഗാഥയെന്നേ അതിനെ നമുക്ക് വിശേഷിപ്പിക്കാനാവൂ. ഇവിടെ നിലനിൽക്കുന്ന സംവിധാനങ്ങളുടെ ദുഷിപ്പിനോടു പൊരുതി വിജയം നേടിയവരാണ് അവർ. എന്നാൽ മറ്റൊരു വിഭാഗം ഇവിടത്തെ ദുർഭരണത്തിന്റെ ഇരകളായ ഹതഭാഗ്യരാണ്. മാനവവികസനത്തിന്റെ പല സൂചകങ്ങളിലും ഇന്ത്യയിലെ മറ്റ് വ്യവസായ സൗഹ്യദ സംസ്ഥാനങ്ങളെക്കാൾ മുന്നിൽ നിൽക്കുമ്പോഴും വ്യവസായാന്തരീക്ഷത്തിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണെന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു.

കേരളത്തിലെ വ്യവസായാന്തരീക്ഷത്തിന് അനുകൂലവും പ്രതികൂലവുമായി നിലനിൽക്കുന്ന ഘടകങ്ങൾ വിശദമായി പഠിക്കേണ്ട വിഷയമാണ്. ബിലോ ദ് റഡാർ അതിനുള്ള കാഹളനാദമായി കണക്കാക്കാം. ഇവിടെ വ്യവസായ സൗഹൃദമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്നു കണ്ടെത്താൻ കഴിഞ്ഞാൽ അതിലേക്കു നയിച്ച സൂചനകൾ നൽകിയ ബാലഗോപാൽ നമ്മുടെ നാടിനു നൽകിയ വലിയൊരു സംഭാവനയായി ഈ കൃതിയെ കണക്കാക്കാം. നമ്മുടെ ടെക്നോപാർക്കുകളിലും മറ്റും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായി വളർന്നുവരുന്ന സാഹചര്യങ്ങളും ഇതോടൊപ്പം പഠനവിധേയമാക്കാവുന്നതാണ്.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS